ആന്മരിയ – 5 1

“ടാ നിനക്ക് ഒരു ചീത്ത സ്വഭാവം ഉണ്ട്. ഈ ലോകത്തിലെ എല്ലാവരെയും സഹായിക്കണം അത് നിന്റെ കടമയാണ് എന്നൊരു ചിന്ത.ആരൊക്കെ നിന്നെ എന്തൊക്കെ ചെയ്താലും അവർക്ക് നല്ലത് വരാനല്ലാതെ ചീത്തത് വരാൻ നീ ചിന്തിക്കില്ല.എല്ലാരും നിന്നെ പോലെ അല്ല ഈ ലോകത്ത്. നിന്നോട് ചിരിച്ചു നിന്റെ പുറത്തിട്ടു കുത്തുന്ന ടീംസ് ആണ് മുഴുവനും അത് നീ മനസിലാക്കിയാൽ നന്ന്”
“എന്നെ കുറിച് നിനക്കെങ്ങനെ അറിയാം..?. നിനക്കെന്നെ കുറിച് ഒന്നും അറിയില്ല ”

“എനിക്ക് നിന്നെ കുറിച് നല്ലോണം അറിയാം.നീ ഉള്ളിന്റെ ഉള്ളിൽ നല്ലവനാ. സ്വാർത്ഥത തീരെ ഇല്ലാത്തവൻ.അത് മാറ്റുവാണെങ്കിൽ എന്റെ മോന് നല്ല രീതിയിൽ ജീവിക്കാം. ഇല്ലേൽ ഇങ്ങനെ ആവുശ്യമില്ലാത്ത ഓരോ എടാകുടത്തിൽ വന്നു ചാടും.”

എനിക്ക് അവളോട് തർക്കിക്കാൻ തോന്നിയില്ല. അവള് പറയുന്നതിലും കാര്യമുണ്ട്. ഇതെല്ലാം എന്റെ ഏഴയലത്തു കൂടെ പോകേണ്ട പ്രശ്നങ്ങളല്ല ഞാനായിട്ട് എടുത്ത് തലയിൽ വച്ചതാ.

“ഞാനിനി എന്താ ചെയ്യാ അനീഷ.എനിക്ക് അറിയില്ല”

“നീ ഒന്നും ചെയ്യാൻ ഇല്ല. അവൾക് കുറച്ചു ഭേദമാകുമ്പോ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി അവളുടെ കുടുംബക്കാരുടെ പേരിൽ ഒരു റെസ്ട്രിക്ഷൻ ഓർഡർ ഉണ്ടാക്കാൻ നോക്ക്. അത് കഴിഞ്ഞു അവളെ അവളുടെ പാടിന് വിട്ടേക് അവൾ നിന്റെ ആരും അല്ല. നിനക്ക് അവളെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടും. നിന്റെ വില എന്തെന്ന് അറിയുന്ന ഒരുത്തി. ഇത് ഒരുമാതിരി ഭൂമിയിൽ വേറെ ഒരു പെണ്ണും ഇല്ലാത്ത പോലെ അവളുടെ പിന്നാലെ ഒലിപ്പിച്ചു നടക്കാൻ നീയും അത് മുതലെടുക്കാൻ അവളും. കഷ്ടം.”

എനിക്ക് ഇവൾ പറയുന്നതെന്താണെന്നു മനസിലാവുന്നുണ്ട്. ഞാൻ അവൾ വിളിച്ചിടത്തൊക്കെ വാലാട്ടി പോയി. പുറത്തു നിന്നു നോക്കുന്നവർക് ഞാൻ പ്രേമത്തിൽ മുങ്ങി അവൾ പറഞ്ഞ കുഴിയിലൊക്കെ ചാടി എന്നെ കാണുകയൊള്ളു. എനിക്ക് മാത്രമേ അറിയൂ ഞാൻ മുങ്ങിയ കുഴികളുടെ ആയം മറ്റുള്ളവർ അനുഭവിക്കാതിരിക്കാനാണ് ഞാൻ അവരെ സഹായിക്കുന്നത് എന്ന്. ഞാൻ ഓരോ തവണ മുങ്ങുമ്പോഴും മനസ് നീറി പ്രാർത്ഥിക്കാറുണ്ട് ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന്. അപ്പൊ ആരും ഉണ്ടായിരുന്നില്ല. എന്നെ സഹായിക്കാനോ, ഭക്ഷണം തരാനോ,സങ്കടം കേൾകാനോ, ആശുപത്രിയിൽ കൊണ്ടുപോകാനോ,

പൈസ തരാനോ, കൈ പിടിച്ചു കയറ്റാനോ ഒന്നിനും ആരും ഉണ്ടായിരുന്നില്ല. ആ അവസ്ഥ ഒരു വല്ലാത്ത അവസ്ഥയാണ്. ഞാൻ സ്നേഹിക്കുന്നവർ ആ അവസ്ഥ അനുഭവിക്കരുത് എന്നാണ് എനിക്കുള്ളത്. ഞാൻ അനുഭവിച്ചത് അവർ അനുഭവിക്കരുത് എന്ന്. ഞാൻ ഒരാളെ എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ഞാൻ ആഗ്രഹിക്കും അയാൾ ഞാൻ മുങ്ങിയ കുഴിയിൽ ആരും സഹായിക്കാനില്ലാതെ മുങ്ങരുത് എന്ന്. ഇനി അവർ മുങ്ങുമ്പോൾ കണ്ടു നിക്കാനും ആവില്ല. അത് കൊണ്ടാണ് മരിയയുടെ പ്രശ്നങ്ങൾ എനിക്ക് തള്ളി കളയാൻ പറ്റാത്തത്.
അവൾക് ഇപ്പൊ വേണ്ടത് സഹായിക്കാൻ കപ്പാസിറ്റി ഉള്ള ഒരാൾ ആണ്.ഞാൻ പ്രശ്നങ്ങളിൽ വീഴുമ്പോൾ ഏറെ ആഗ്രഹിച്ചിട്ടുള്ളതും അത് തന്നെ.അങ്ങനെ ഒരാളെ കിട്ടിയാൽ ഉണ്ടാകുന്ന സമാധാനത്തിനു കണക്കില്ല. ആ സമാധാനം ആണ് ഞാൻ ഇപ്പൊ മരിയക്ക് കൊടുക്കുന്നത്. ഞാൻ ഏറെ എനിക്ക് ലഭിക്കാൻ ആഗ്രഹിച്ചിട്ടുള്ള സമാധാനം. ഇതൊന്നും ഇവളെ പറഞ്ഞു മനസിലാക്കാൻ എനിക്കാവില്ല. അവൾ പറയുന്നത് തന്നെയാണ് ശെരി.ഈ സ്വഭാവം തന്നെ ആണ് എന്റെ ശാപം അത് മാറ്റാൻ സമയം ആയി.ഞാൻ പയ്യെ തല ഉയർത്തി അവളെ നോക്കി.

“നീ പറയുന്നതിലും കാര്യമുണ്ടെടി. പക്ഷെ എനിക്കെന്റെതായ തീരുമാനങ്ങൾ ഉണ്ട്. അതെ ഞാൻ പാലിക്കു. ഞാൻ പുറത്തുണ്ടാകും. മരിയ്ക്ക് എങ്ങനെ ഉണ്ട്?”

“മ്മ്… നീ എന്താണെന്നു വച്ചാൽ ചെയ്യൂ. അവൾക് കുഴപ്പം ഒന്നും ഇല്ല.പക്ഷെ അവളെ ഇങ്ങനെ ചെയ്ത വീട്ടുകാരെ നീ വെറുതെ വിട്ടു എന്ന് കേട്ടപ്പോൾ അതിശയം തോന്നി.ഒരു പെണ്ണെന്ന നിലക്ക് അവളുടെ അവസ്ഥ കാണുമ്പോ വല്ലാത്ത സങ്കടം ഉണ്ട്, എന്നാൽ അവൾ നിന്നോട് കാണിക്കുന്നത് ഫെയർ അല്ല.”

Leave a Reply

Your email address will not be published. Required fields are marked *