ഇരു മുഖന്‍ – 6

ഞാന്‍ അവനേ പറ്റി ഒരുപാടു കുത്തി കുത്തി ചോദിച്ചു. അവള്‍ എന്നോട് ഒന്നും വിട്ടുപറയുന്നില്ല. പറഞ്ഞത് തന്നെ ഒരുമാതിരി അലവുധീന്‍ അത്ഭുതവിളക്കെടുക്കാന്‍ പോകുമ്പോ പറഞ്ഞു വിട്ടപോലെ എന്തൊക്കെയോ കെട്ടുകഥ.

ഏതായാലും അവള്‍ ഇപ്പൊ പറയുന്നത്, ഏട്ടനെ സ്നേഹിക്കുന്ന പെണ്ണ് കൂടെ ഉണ്ടെങ്കില്‍ മാത്രേ അവനെ കാണാൻ പറ്റുള്ളത്രേ, അതും പൗര്‍ണമീടന്നു രാത്രി ചന്ദ്രന്‍റെ വെളിച്ചത്തില്‍. പിന്നെ ശെരിക്കുമുള്ള സ്ഥലം അവള്‍ പറഞ്ഞുതരില്ലാന്നു പറഞ്ഞു. ആര്യേച്ചി തള്ളിയതാണോ സത്യമനാണോ അറിയില്ല.

പക്ഷേ പണ്ടവൾ പറഞ്ഞത് ഞാനും ചുമ്മാ പേര് വിളിച്ചാ അവന്‍ വരും കാണാം എന്നൊക്കെയല്ലേ. പിന്നെന്താ ഇപ്പൊ ഇങ്ങനെയൊക്കെ മാറ്റി പറയുന്നത്. എങ്കിലും അന്നവനെ പേര് വിളിച്ചു വരുത്തുക എന്ന എന്‍റെ പരീക്ഷണം പരാജയ മായിരുന്നല്ലോ. ചിലപ്പോ ഇതാവും സത്യം. ആർക്കറിയാം.
ചുരുക്കത്തിൽ പറഞ്ഞ അവളുടെ സഹായം ഇല്ലാതെ എനിക്കവനെ കാണാൻ പറ്റില്ല, അവളോട്ടു സഹായിക്കേം ഇല്ല. പക്ഷെ ആ അമ്പത്തിനു അവൾ പ്രതക്ഷണം വെച്ചപ്പോൾ ആ ചുറ്റുവിളക്കിന്റെ വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ

“”എന്റെ പെണ്ണ്, എന്റെ പെണ്ണ്””

എന്ന് മനസ് പറയാൻ തുടങ്ങി. പതിവിൽ കവിഞ്ഞൊരു ആവേശം, എനിക്കപ്പൊ തന്നെ ഇഷ്ടം പറയാൻ തോന്നി. ഇന്നെന്താണോ എനിക്ക് പറ്റിയത്. ഞാൻ വേഗം അവളുടെ പുറകെ കൂട്ടിൽ ഇട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിച്ചു.

“”ഇന്നൊന്നു മിണ്ടാൻ തുടങ്ങിയതേ ഉള്ളു അതിനു മുൻപ് പോയി ആവേശം കാണിക്കല്ലേടാ പൊട്ടാ””

എന്ന് എന്റെ മനസ് പറഞ്ഞു കേക്കണ്ട താമസം ഞാൻ യു ടെൺ എടുത്തു. എന്റെ ആ വെപ്രാളം കണ്ടിട്ടാണോ അവളൊന്നു ചിരിക്കണ ഞാൻ കണ്ടു.

“”ആകെ മോശായി അവളിപ്പോ എന്ത് വിചാരിച്ചു കാണും. ചേ, ഇപ്പൊ എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നേ നേരത്തെ ആക്കിയതിന്റെ ബാക്കി കിട്ടിയേനെ “”

എങ്കിലും ആര്യേച്ചിയുടെ പിന്നീടുള്ള സംസാരത്തിൽ ഞാൻ ആ പിന്നാലെ നടന്നതും പൂത്തുലഞ്ഞതും അവൾ അറിഞ്ഞിട്ടു പോലുമില്ലന്ന് തോന്നി. അത് മസാലയപ്പോൾ ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്റെ മുകളിന്ന് താഴോട്ട് വീണ അവസ്ഥ. എന്തെല്ലാം ആയിരുന്നു ചിരിക്കുന്നു, പുറകെ മണപ്പിച്ചുനടക്കുന്നു എല്ലാം ഇപ്പൊ ശെരിയായില്ലേ.

ഞങ്ങൾ തിരിച്ചു വരുമ്പോൾ അവൾ എന്നോട് എന്തോ പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട് പക്ഷേ എനിക്ക് നല്ല ധൈര്യം ആയോണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

ആയിടെ വേറെ ഒരു അത്ഭുതം കൂടെ ഉണ്ടായി . ഞാൻ അന്ന് ആര്യേച്ചിയെ തൊപ്പിച്ചു നേടിയ ആ പരുക്ക് പറ്റിയ ട്രോഫിക്ക് അവളുടെ സെക്കന്റിന്റെ ട്രോഫി താങ്ങു കൊടുത്തു ഞങ്ങടെ ഷോക്കേസിൽ സ്ഥാനം പിടിച്ചു. അവളുടെ ആ ട്രോഫി എടുത്തു മാറ്റിയ എന്റെത് താഴെ വീഴും അതുമല്ല ചളുങ്ങി ഇരിക്കുന്നത് കൊണ്ട് അവൾ സീക്യൻസ് കൊണ്ടും അക്രിലതിക്ക് പെയിന്റ് കൊണ്ടും അതൊന്നും പുറത്തു കാണാത്തവിധം ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. അമ്മയാണ് അതെനിക്ക് കാട്ടി തന്നത്. പക്ഷേ അമ്മ പറയുമ്പോലെ എന്നെ ഇഷ്ടം ആയിട്ടൊന്നും ആകില്ല പക്ഷേ അവൾ അതുവഴി എല്ലാരോടും എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കും തോന്നി. ഒരു ചേച്ചിയുടെ സ്നേഹം ആണോ കാമുകിയുടെ പ്രേമമാണോ? എനിക്കതിനു ഉത്തരമില്ല.
പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ വേറൊരു കുരിശ്.

“”വിഷ്‌ണു….””

അരുണിമേച്ചി അങ്ങനെ വിളിച്ചോണ്ട് എന്റ പുറകെ വന്നു. എന്തിനാ ഇങ്ങനെ ഇപ്പൊ എന്നേ ഇടക്കിടക്ക് ഏട്ടന്റെ പേര് വിളിക്കണേന്നറിയില്ല. എന്നേ തന്നെയാണെന്ന് മനസിലാക്കിയിട്ടും ഞാൻ നിന്നില്ല. ഇതിപ്പോ മൂന്നലഴ്ച്ചയായി എന്‍റെ പുറകെ കൂടീട്ട്. അന്നാ കാറിൽ നിന്നു വലിച്ചിട്ടു തല്ലിയതില്‍ പിന്നെ ഞങ്ങൾ മിണ്ടീട്ടില്ല. എന്നേ തല്ലിയത് അവളുടെ ഏട്ടൻ തന്നാണെന്ന് ആരോ പറയണകേട്ടു അതിന്റെ കലിപ്പുങ്കൂടെ ഉണ്ടെന്ന് കൂട്ടിക്കോ.

ഇതിനിടയിൽ അവൻ പണ്ട് ഗോപിക പറഞ്ഞ ആര്യേച്ചിയെ ശല്യം ചെയ്യാറുള്ള അരുൺ ആണെന്നും, അവന്‍ ഭൂലോക പെണ്ണ് പിടിയനും സ്ത്രീലമ്പടനും തല്ലുകൊള്ളിയുമൊക്കെയാണെന്ന് ആ കിടക്കയിൽ എന്നേ കാണാൻ വന്ന പലരുടെയും വാക്കുകളിൽ നിന്ന് മനസിലായി. അല്ലേലും ഒരുപാട് പണമുള്ള കുടുംബങ്ങളിൽ ഇതുപോലെ ഒന്ന് കാണൂലോ . അങ്ങനെ ഒരുത്തനു ഞാൻ അരുണിമേച്ചിയോടുകൂടെ ഷവർമ കഴിക്കാൻ പോയതിൽ ഇത്ര പൊള്ളാനെന്താ? അല്ലേലും ഞാൻ ആ ചേച്ചിയേ എന്റെ സ്വൊന്തം ചേച്ചിയുടെ സ്ഥാനത്തല്ലേ കണ്ടിരിക്കണത്. എന്നാലും അവൻ എന്തിനാ എന്നേ തല്ലിയത്? അതായിരുന്നു എന്‍റെ ഉള്ളില്‍ കൂടെ ഓടിയിരുന്ന പ്രധാന ചോദ്യം! മഞ്ഞപിത്തമുള്ളോര്‍ക്ക് കാണുന്ന എല്ലാം മഞ്ഞ ആണല്ലോ, അതാവും.

“”എന്താ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞത്?””

ഓടി വന്നു എനിക്ക് വട്ടം നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

“”എന്റെ പേര് ശ്രീഹരി എന്നാണ്. പിന്നെ എനിക്ക് ചേച്ചിയോട് ഒന്നും മിണ്ടാനും ഇല്ല.””

ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ പറഞ്ഞോഴിഞ്ഞു.

“”അവൻ തല്ലിയതു കൊണ്ടാണോ?””

അല്പം കുറ്റബോധത്തോടെ ആണ് അവളുടെ ആ ചോദ്യം

“”ആണന്നു തന്നെ കൂട്ടിക്കോ. ഞാൻ,.. ഞാനെ ചേച്ചിയേ കണ്ടതെ എന്റെ സ്വന്തം ചേച്ചീടെ സ്ഥാനത്താ. അതാ എന്നേ വിളിച്ചോണ്ട് പോയപ്പോ കൂടെ വന്നതും.””

എന്‍റെ മനസ്സില്‍ തോന്നിയത് ഞാന്‍ വെട്ടി തുറന്നു പറഞ്ഞു, ഇനി അവള്‍ക്കും അങ്ങനെ വല്ല സംശയവും ഉണ്ടങ്കില്‍ അങ്ങ് തീരട്ടേന്നു കരുതി.

“”അതിനിപ്പോ ഞാൻ അല്ലെന്നു പറഞ്ഞില്ലല്ലോ.””

ഹാവൂ സമാധാനമായി, ഇനിയിപ്പൊ ആ ചേച്ചിയും എന്നെ തെറ്റിദരിച്ചോ എന്നൊരു പേടി ഉണ്ടായിരുന്നു ഉള്ളിൽ.

“”ആ അതാ ചേട്ടനോടും കൂടെ പറഞ്ഞു മനസിലാക്കിക്കണം. എല്ലാരും ആ ചേട്ടനെ പോലെ അല്ലെന്നും പറയണം. ആ ചേട്ടനെ പറ്റി ഞാൻ ഇപ്പൊ കൊറേ കേട്ടിരിക്കുന്നു, എന്തിനു അയാള്‍ പണ്ടെന്റെ ആര്യേച്ചിയെ ശല്യം ചെയ്തലേ. അന്നാ ജോൺസൻ പോലിസ് അയാളെ വഴക്ക് പറഞ്ഞു വിട്ടന്നറിഞ്ഞോണ്ടാ അത് ഞാൻ പിന്നെ വീട്ടിൽ പറഞ്ഞൊരു പ്രശ്നമാക്കാഞ്ഞേ. എന്നിട്ടിപ്പോ ഞാൻ ചേച്ചീടെകൂടെ കഴിക്കാൻ വന്നതിനു എന്നേ തല്ലിയേക്കുന്നു. എല്ലാർക്കും പൊള്ളും അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ മറ്റാരേലും ശല്യപ്പെടുത്തുമ്പോ.””
“”നീ എല്ലാം പറഞ്ഞു കഴിഞ്ഞോ? ഇനി എനിക്കിച്ചിരി പറയാൻ സമയം തരോ?””

എന്‍റെ നീണ്ട പ്രസംഗം കെട്ടുനിന്നിട്ടവള്‍ തിരിച്ചടിച്ചു.

“”എന്താ പറയാൻ… “”

“”നീ ചൂടാവല്ലേ. ആ അടി നിനക്കുള്ളതാവില്ല, നിന്റെ വിഷ്ണുവേട്ടന് തിരിച്ചു കൊടുക്കാൻ പറ്റാഞ്ഞോണ്ട് നിനക്കിട്ടു കിട്ടി അത്രേള്ളു.””

“”എന്താന്ന്? “”

“”ആന്നേ നിന്റെ ആര്യേച്ചിയെ ശല്യം ചെയ്തതിന്റെ അന്ന് നിന്റെ വിഷ്ണുവേട്ടൻ അവനിരുപ്പതു കൊടുത്തിരുന്നു. “”

Leave a Reply

Your email address will not be published. Required fields are marked *