അവൻ തന്റെ അടുത്ത് വള്ളി പൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പി എടുത്തു അവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തത്തെ അടിയിൽ ചളുങ്ങിപോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചു വീണു. എന്തോ മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ . അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.
അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരുങ്കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽ തന്നായിരുന്നു.
കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യ തന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി പക്ഷേ ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽ തന്നെ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.
“”ആര്യേച്ചീ ഇച്ചിരി മോരും വെള്ളം .“”
അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ കുതിർന്ന കവിളിൽ ഒരു ചെറു ചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നു ചിരിച്ചു.
പക്ഷേ ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നാവളുടെ മുഖം കൂടുതൽ ഇരുണ്ടു അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.
“”ആ ജോൺസൻ വാ കേറിവാടോ “”
ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷെണിച്ചിരുത്തി.
“” ദേവേട്ടാ ഞാൻ വന്നത് എനിക്കൊരു കാര്യം പറയാനുണ്ട്. “”
അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.
“”എന്താ ജോൺസാ എന്താടാ?”’
മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാദി തെളിഞ്ഞുവന്നു.
“”അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രെക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടി വിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലാന്നാ കരുതിയത്.
ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ“”
“”ജോൺസാ ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ? “”
“” ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ… “”
അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.
“” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെ കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.””
“”ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ….””
“”ദേവേട്ടാ നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നത് എങ്കിലോ . അല്ല ഇനി വരില്ലെന്ന് ആര് കണ്ടു.””
“”ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമയുണ്ടോ? “”
അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചു കയറി.
“”അല്ല …ഞാൻ പറഞ്ഞത് അതല്ല.””
അയാള്‍ തന്‍റെ വായില്‍ നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .
“”ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്…..””
