അല്ലെങ്കിൽ സ്വന്തം മോനെ ഒറ്റയ്ക്ക് ആക്കിയിട്ട് നിങ്ങൾ വേറെ കല്യാണം കഴിക്കാൻ സമ്മതിക്കോ…? അത് പറഞ്ഞപോൾ എനിക്ക് സങ്കടം കൊണ്ട് ശബ്ദം ഇടറിയിരുന്നു. കണ്ണ് രണ്ടും നിറഞ്ഞൊഴുകിയിരുന്നു.
ഉമ്മ കുറച്ച് നേരം നിശബ്ദയായി പിന്നെ എന്നെ നോക്കി ചിരിച്ചു. ആദ്യം പതിയെ ചിരിച്ചു പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.
എനിക്ക് ഉമ്മാന്റെ ചിരി കണ്ടിട്ട് നല്ല സങ്കടവും അതിലേറെ ദേഷ്യവും വന്നു..
കളിയാക്കണ്ട. എനിക്ക് എല്ലാം അറിയാം നിങ്ങളും ആ ആന്റോ എന്ന് പറയുന്ന ആളും തമ്മിൽ വഴി വിട്ട ബന്ധം ഉണ്ടെന്ന് എനിക്ക് അറിയാം.. ഞാൻ ഉമ്മയുടെ വായ് അടപ്പിക്കാൻ വേണ്ടി കുറച്ച് ഉച്ചത്തിൽ തന്നെ പറഞ്ഞു.
അത് കൊള്ളേണ്ട പോലെ തന്നെ കൊണ്ടു. ഉമ്മാന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു…
എന്താ നീ പറഞ്ഞത്… ഉമ്മ ഞാൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തത് പോലെ പുരികം ചുളിച്ച് ചോദിച്ചു.
ഇന്നലെ നിങ്ങൾ കാർ പഠിക്കാൻ എന്ന് പറഞ്ഞ് നേരം വൈകി വന്നപ്പോൾ നിങ്ങളുടെ സാരിയൊക്കെ സ്ഥാനം തെറ്റി കിടന്നത് എങ്ങനെയാ.. പിന്നെ ഞാൻ ഫോൺ വിളിച്ചപ്പോൾ നിങ്ങൾ എന്തിനായിരുന്നു കരഞ്ഞത്… ഇതൊക്കെ കണ്ടാലും കേട്ടാലും മനസിലാക്കാൻ ഉള്ള പ്രായമൊക്കെ എനിക്ക് ആയിട്ടുണ്ട്… ഒലിക്കുന്ന കണ്ണീരും ഇടറുന്ന ശബ്ദവും വകവെക്കാതെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
പറഞ്ഞ് തീർന്നതും പടക്കം പൊട്ടുന്ന പോലൊരു അടിയായിരുന്നു ഉമ്മാന്റെ മറുപടി.
അടിച്ചോ… നിങ്ങൾക്ക് എന്നെ വേണ്ടങ്കിൽ എന്നെ അടിച്ച് കൊന്നൊ.. എന്നാലും ഞാൻ കണ്ടത് ഞാൻ പറയും…
ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്ക് ഉമ്മയ്ക്കും സങ്കടം വന്ന് കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ എനിക്ക് അധികം വിഷമം തോന്നി ഞാൻ ഉമ്മയെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി.
ഉമ്മ എന്നെ വിട്ട് പോവല്ലേ ഉമ്മാ.. ഉമ്മ പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്. ഉമ്മ പോയാൽ ഞാൻ ഉറപ്പായിട്ടും ചാവും..
എന്റെ വാക്കുകൾ കേട്ടിട്ടോ എന്റെ കരച്ചിൽ കണ്ടിട്ടോ ആയിരിക്കാം ഉമ്മയും എന്നെ മുറുകെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു…
നീ എന്തൊക്കെയാടാ പറയുന്നത്. നീ എന്തൊക്കെയോ തെറ്റുധരിച്ചു വെച്ചിരിക്കുകയാണ്. അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നുമില്ല.
അപ്പൊ ജെസി ചേച്ചി പറഞ്ഞതോ… ഉമ്മയെ പെണ്ണ് കാണാൻ വന്നതാണെന്ന്…
അതവൾ വെറുതെ പറഞ്ഞതടാ പൊട്ടാ…
പിന്നെ എന്തിനാ അവര് വന്നത്.
അവര് ഈ വഴി പോയപ്പോ വെറുതെ കേറിയതാണ്. ജെസി അവരുടെ ക്ലോസ് റിലേറ്റീവ് ആണ്. ആ അമ്മച്ചിയോട് ഇവൾ എപ്പോഴും എന്നെ പറ്റി പറയാറുണ്ട് അപ്പൊ ആ അമ്മച്ചിക്ക് എന്നെ കാണാൻ ഒരു ആഗ്രഹം. ഇന്ന് ഇതുവഴി പോയപ്പോ എന്നെ ഒന്ന് കാണാം എന്ന് പറഞ്ഞ് വന്നതാണ് ഇങ്ങോട്ട്. അല്ലാതെ എന്നെ കെട്ടി കൊണ്ട് പോവാൻ ഒന്നും അല്ല. ആ സാറിന്റെ കൂടെ രണ്ട് കുട്ടികളെ നീ കണ്ടില്ലെ അതിൽ ഒന്ന് അയാളുടെ കുട്ടി തന്നെയാണ്. എന്നെക്കാളും ഒരു സുന്ദരി അച്ഛയത്തി അങ്ങേരുടെ വീട്ടിൽ ഉണ്ട്. പിന്നെ എന്തിനാ അയാൾക്ക് എന്നെ…
അപ്പൊ ഇന്നലെയോ… ഞാൻ മടിച്ച് മടിച്ചാണെങ്കിലും എന്റെ സംശയം ക്ലിയർ ചെയ്യാൻ വേണ്ടി ചോദിച്ചു.
ഞാൻ നിന്നോട് പറഞ്ഞില്ലേ ജെസിയും കൂടെ ഉണ്ടായിരുന്നു എന്ന്. ഞങ്ങൾ കുറച്ച് നേരം കാർ ഓടിച്ച് പഠിച്ചിട്ട് പിന്നെ അവളുടെ കുഞ്ഞിനെ സ്കൂളിൽ നിന്ന് കൂട്ടി വന്നു അവൾ എന്റെ മടിയിൽ ഇരുന്ന് കുത്തി മറിഞ്ഞോണ്ടാണ് സാരിയൊക്കെ സ്ഥാനം തെറ്റി ഇരുന്നത്. നീ വിളിച്ചപോൾ എല്ലാം ഫോൺ അവളുടെ കയ്യിൽ ആയിരുന്നു ഞാൻ ചോദിച്ചിട്ട് തരുന്നുമില്ല. പിന്നെ ജെസി ദേഷ്യപ്പെട്ടപോൾ ആണ് അവൾ ഫോൺ എനിക്ക് തന്നത്. നീയുമായി സംസാരിച്ചോണ്ടിരുന്നപ്പോൾ അവൾ എന്റെ കൈയ്യിന്ന് ഫോൺ വീണ്ടും തട്ടി പറിക്കാൻ നോക്കിയപ്പോൾ അവൾ ഫോണിന്റെ കൂടെ എന്റെ മുടിയും കൂടെ കൂട്ടിയാണ് പിടിച്ചത്. അതാണ് നീ കേട്ട കരച്ചിൽ. അല്ലാതെ… ഉമ്മ സങ്കടത്തോടെയാണെങ്കിലും എല്ലാം എനിക്ക് വിശദീകരിച്ചു തന്നു.
