കടുംകെട്ട് – 2 1

” What the hell, താൻ എവിടെ നോക്കി ആടോ ഓടിക്കുന്നത്??” അയാൾ ഡ്രൈവറിനെ നോക്കി അലറി.

“അത് പിന്നെ സർ ഒരു പട്ടി വട്ടം ചാടി ” ഡ്രൈവർ പറഞ്ഞു,

അയാൾ വീണ്ടും എന്തൊക്കയോ പറഞ്ഞ് കൊണ്ട് കർചീഫ് എടുത്തു മുഖം ഒക്കെ തുടക്കുവാണ്, ആ കോലം കണ്ടപ്പോ എനിക്ക് ശരിക്കും ചിരി പൊട്ടി, കുടിക്കാൻ നോക്കിയ വെള്ളം മുഴുവൻ മുഖത്തും ദേഹത്തും ഒക്കെ ആയി ഒരുമാതിരി നനഞ്ഞ പൂച്ചയെ പോലെ ഇരിക്കുന്നു. ഞാൻ ചിരിക്കുന്ന കണ്ടാൽ എന്നെ കാറിൽ നിന്ന് പുറത്തേക്ക് എറിയാനും മടിക്കില്ലന്ന് തോന്നിയ കൊണ്ട് കഷ്ട്ടപെട്ടു ചിരി അടക്കി.

പുള്ളിക്കാരൻ ആ ബോട്ടിലിൽ വെള്ളം വല്ലോം ബാക്കി ഉണ്ടോന്ന് നോക്കി, ഇല്ലാന്ന് കണ്ടപ്പോൾ കലിപ്പിൽ കുപ്പി കൈ കൊണ്ട് ഞെരുക്കി ചളുക്കി, ഞാൻ എന്റെ കയ്യിൽ ഇരുന്ന ബോട്ടിൽ പുള്ളിയുടെ നേരെ നീട്ടി, പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയതല്ലാതെ പുള്ളി അനങ്ങിയില്ല. ഞാൻ വെള്ളം പുള്ളിയുടെ കയ്യിൽ വെച്ചു കൊടുത്തു.

” Don’t touch me ” ഒരു അലർച്ച ആയിരുന്നു. ഞാൻ ഞെട്ടി പുറകോട്ട് ആയി, ഡ്രൈവർ ഇതെന്ത് ന്ന ഭാവത്തിൽ നോക്കുന്നു. അയാൾ രണ്ടു വിരൽ കൊണ്ട് ഞാൻ കൊടുത്ത ബോട്ടിൽ എടുത്ത് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് എറിഞ്ഞു. പിന്നെ കയ്യ് കർചീഫ് കൊണ്ട് തുടച്ചു. ആ പ്രവർത്തിയിൽ നിന്ന് തന്നെ പുള്ളിക്ക് എന്നോട് ഉള്ള വെറുപ്പ് എത്ര ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുഖം കാറിന്റെ ഗ്ലാസ്സിലേക്ക് ചാരി കണ്ണുകൾ അടച്ചു.

ഞാൻ ആരതി, ആരതി ഗോപകുമാർ, ഇപ്പൊ ആരതി അർജുൻ. അച്ഛൻ ഗോപകുമാർ ഒരു ഓട്ടോ ഡ്രൈവർ ആണ്, അമ്മ ശ്രീദേവി, ഒരു സാധാ ഹൌസ്വൈഫ് ആണ് അമ്മ, പിന്നെ അത്യാവശ്യം തയ്യൽ പണിയൊക്കെ ചെയ്യും. ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ, അവൾ ഇപ്പൊ +1 ന് പഠിക്കുന്നു. ഇത്രയും ആണ് എന്റെ കുടുംബം. ദൈവം സഹായിച്ചു വേറെ ബന്ധുക്കൾ ഒന്നുമില്ല, അമ്മയും അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്, നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു ചേക്കേറിയവർ അതുകൊണ്ട് തന്നെ മുത്തശ്ശി, മുത്തശ്ശൻ, തുടങ്ങിയ ബന്ധുമിത്രാദി കളെ കുറിച്ചുള്ള കേട്ടു കേൾവി മാത്രേ എനിക്കും ആതുവിനും ഉള്ളു.
ഒരു കഷ്ടപ്പാടും അറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ബാധ്യതകൾ ഒന്നുമില്ലാതെ സ്വന്തമായി ഒരു വീടും സ്ഥലവും അച്ഛൻ ഓട്ടോ ഓടി സമ്പാദിച്ചിരുന്നു, ഒരു അല്ലലും അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല. പക്ഷെ എല്ലാം എപ്പോഴും ഒരേ പോലെ ആവില്ല ല്ലോ മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റ് ഉണ്ടായി. അച്ഛന്റെ ഓട്ടോ ഒന്ന് മറിഞ്ഞു കാലു റോഡിന്റെയും ഓട്ടോയുടേം ഇടയിൽ ആയി പോയി. റോട്ടിൽ ഉരഞ്ഞു അച്ഛന്റെ കാലിലെ മാംസം കുറെ പോയി ഒന്ന് രണ്ട് വെയിനും കട്ട്‌ ആയി. ഓപ്പറേഷനും പിന്നെ എട്ടുമാസത്തെ റെസ്റ്റും ഒക്കെ ആയപ്പോ വീട് കടത്തിൽ ആയി, പത്തു പതിനഞ്ചു ലക്ഷത്തിന്റെ അടുത്ത് ബാധ്യത വന്നു. എങ്കിലും അതൊന്നും അച്ഛനെ തളർത്തിയില്ല കാലു ശരിയായപ്പോൾ നൈറ്റും ഒക്കെ ഓടി എല്ലാം ഏകദേശം ഒരു കരക്ക് അടുപ്പിച്ചു. ഇനി വീടിന്റെ ആധാരം കൂടിയെ എടുക്കാനുള്ളു, പിന്നെ പണയം വെച്ച സ്ഥാപനത്തിലെ മുതലാളി സത്യനാഥ്‌ സർ അദ്ദേഹത്തിന്റെ മോനെ പോലെ ഒരു ദുഷ്ടൻ അല്ലാത്ത കൊണ്ട് പലിശ യുടെ പേരും പറഞ്ഞ് ശല്യം ചെയ്യാറില്ല.

അച്ഛൻ കഷ്ട്ടപ്പെടുന്ന കണ്ട് വളർന്നത് കൊണ്ട് നല്ല നിലയിൽ എത്തണം, അച്ഛന് താങ്ങ് ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം പക്ഷെ ജാതകദോഷം, ഇയാളുടെ ഭീഷണി ഒക്കെ കൊണ്ട് ഇന്ന് എന്റെ അച്ഛന് വേണ്ടി എന്തേലും ചെയ്യുന്നതിന് മുമ്പേ എന്റെ വീട്ടിൽ നിന്ന് പടി ഇറങ്ങേണ്ടി വന്നിരിക്കുന്നു.

ഒരു കൊല്ലം മുമ്പ് ആണ് ഇയാളെ ഞാൻ ആദ്യമായി കാണുന്നത്, കോളേജ് ഫ്രഷേസ് ഡേയുടെ അന്ന്. പ്രിൻസി ടെ അറുബോറൻ പ്രസംഗം സഹിച് ഇരിക്കുമ്പോഴാണ് സ്റ്റേജിന്റെ സൈഡിൽ ഇരിക്കുന്ന കുറച്ചു ചേട്ടന്മാരെ ശ്രദ്ധിച്ചത്, സീനിയർസ് ആവണം എല്ലാരും പെൺകുട്ടികളുടെ എണ്ണം എടുക്കുകയാണ് അപ്പോഴാ ആ കൂട്ടത്തിൽ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല എന്നമട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. ഒരുതരം ലാസ ഭാവത്തിൽ ഫോണിൽ കുത്തി കൊണ്ട് ഇരുന്ന അയാളെ കണ്ടപ്പോഴെ ഒരുമാതിരി അടിവയറ്റിൽ മഞ്ഞു വീഴുക എന്ന് പറയൂല്ലേ ആ ഒരു ഫീൽ. ആദ്യമായി ആണ് ഇങ്ങനെ, അയാളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല. കുറ്റി താടി, ജിം ബോഡി ഒക്കെ ആയി ഒരു ചുള്ളൻ. കൂട്ടുകാർ ഒക്കെ ആരയോ ഒക്കെ ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട് പക്ഷെ ഒരുതരം പുച്ഛമായിരുന്നു പുള്ളിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *