കണ്ണന്റെ അനുപമ – 10

“അച്ഛമ്മ, എന്നെ ഒരു മോശം ചെക്കനായി കാണരുത് ട്ടോ.. ”

ഞാൻ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ കൈ എന്റെ കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും ആ മുഖത്തേക്ക് നോക്കാൻ ഞാൻ അശക്തനായിരുന്നു.

“ഒക്കെ അന്റമ്മ പറഞ്ഞു… തെറ്റ് പറ്റ്യേത് ഇക്കാണ്.. ചെറിയ മകനല്ലേന്ന് കരുതി കൊഞ്ചിച്ചത്‌ കൊറച്ചേറി…. “
ഉണ്ണിമാമയെ പറ്റി പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“ആ പെണ്ണിനെ നല്ലോണം നോക്കണട്ടോ…
പച്ചപ്പാവാണത്.. !

എന്റെ നെറുകിൽ തലോടിക്കൊണ്ട് അച്ഛമ്മ തുടർന്നു.

“ഓള് എന്നെ പൊന്ന് പൊലെ നോക്കും അച്ഛമ്മാ..”

ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അച്ഛമ്മയുടെ മടിയിലേക്ക് തലവെച്ചു.മനസ്സിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നി എനിക്ക്. പിറകിൽ നിന്ന് കാൽപ്പെരുമാറ്റം കേട്ടപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ അമ്മു കണ്ണ് നിറച്ച് വാതിൽ പടിയിൽ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്.ഒരു തേങ്ങലോടെ പാഞ്ഞു വന്ന് അവൾ അച്ഛമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

“എന്തിനാ പെണ്ണെ ഇജ്ജ് കരയ്ണെ ഇജ്ജൊരു തെറ്റും ചെയ്തിട്ടില്ലല്ലോ “.

അവളുടെ പുറത്ത് തലോടിക്കൊണ്ട് അച്ഛമ്മ നിർവികാരതയോടെ പറഞ്ഞു.
അമ്മു എന്നിട്ടും കരച്ചില് നിർത്തീട്ടില്ല. പണ്ടേ തൊട്ടാവാടി ആണല്ലോ..

“അന്നോട് കരയല്ലെന്നാ പറഞ്ഞത്..
നിർത്തിട്ടില്ലെങ്കി ന്റെ കുണ്ടൻ വടീനെക്കൊണ്ട് ഒന്ന് തരും !
നല്ലോണം കര്തിക്കോ… “

അച്ഛമ്മ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചെഴുന്നേല്പിച്ചു.

“പരമാവധി സഹിച്ചതാ . തീരെ കഴിയാഞ്ഞപ്പഴാ ഞാൻ… “

അവൾ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് അച്ഛമ്മയെ നോക്കി..

“ഒക്കെ ഇക്കറിയാ…മകന്റെ ഭാര്യ ആണെങ്കിലും ഇന്റെ പേരക്കുട്ടി ആവണ്ട പ്രായൊള്ളൂ അണക്ക്..
ഇജ്ജെന്തിനാ വെർതെ ജീവിതം കളയ്ണത്… ”

“ഇജ്ജ് കണ്ണന് വേണ്ടി ജനിച്ച പെണ്ണാണ്.
ഇങ്ങള് തമ്മില് കണ്ട് മുട്ടാൻ ഉണ്ണി ഒരു കാരണായീന്നൊള്ളൂ… ”

അച്ഛമ്മ രണ്ട് പേരുടെയും തലയിൽ കൈവെച്ചാണത് പറഞ്ഞത്.അച്ഛമ്മയുടെ വാക്കുകൾ കേട്ട് മനം നിറഞ്ഞ അമ്മു എന്നെ ഒളികണ്ണിട്ട് നോക്കി. ഞാൻ കവിള് വീർപ്പിച്ച്
അവളെ നോക്കി കോക്രി കാട്ടി.

“കണ്ണീർ സീരിയല് കഴിഞ്ഞെങ്കി
എല്ലാരും വന്ന് ചായ കുടിച്ച് പാത്രം ഒഴിവാക്കി തന്നാ വല്യ ഉപകാരം.. !

ഉമ്മറത്തെ വാതിൽപ്പടിയിൻമേൽ ഇതൊക്കെ കണ്ടാസ്വദിച്ചു നിക്കാണ് ലച്ചു.

“ഇതിനും മാത്രം കണ്ണീര് അണക്കെവിടുന്ന പെണ്ണെ ഞങ്ങക്കാർക്കും ഇല്ലല്ലോ “..

ലച്ചു ലാലേട്ടന്റെ ഡയലോഗിന്റെ ശൈലിയിൽ അമ്മുവിനോടായി പറഞ്ഞു ചിരിച്ചു.

അമ്മു അതിഷ്ടപ്പെടാത്ത മട്ടിൽ ചുണ്ട് കോട്ടി ചിണുങ്ങി കൊണ്ട് ലച്ചുവിന്റെ നേരെ കുണുങ്ങി ചെന്നു.അപ്പഴേക്കും ലച്ചു ചിരിയോടെ അവളെ വരിഞ്ഞു മുറുക്കിയിരുന്നു.
“ന്റെ കാന്താരിക്ക് ഇപ്പൊ സമാധാനായീലെ…?

“ഉം.. ”

അമ്മു ഒന്ന് മൂളിയതേ ഒള്ളൂ…

ലച്ചു ചിരിയോടെ അമ്മുവിന്റെ പുറത്ത് തലോടിക്കൊണ്ട് അവളെ ഒന്നൂടെ മുറുക്കി.പിന്നെ അവളെ ചേർത്തണച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് നടന്നു.ഇവര് കഴിഞ്ഞ ജന്മത്തില് അമ്മയും മകളും ആയിരുന്നോ എന്നെനിക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.ഇതൊക്കെ എന്നും ഉണ്ടായാൽ മതിയായിരുന്നു.

ചായകുടി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് മനു വിളിക്കുന്നത്.

“എന്നാലും റാങ്ക് കിട്ടീട്ട് ഇത്രേം ദിവസായിട്ട് ഒരു മുട്ടായി.. ഏ ഹേ”

പരാതി പറയാൻ വിളിച്ചതാണ് തെണ്ടി.

“നീ കൂടുതൽ കെടന്ന് മെഴുകണ്ട
ഏതാ വേണ്ടെന്ന് പറ….. ”

അവന്റെ ഉദ്ദേശം മനസ്സിലായ ഞാൻ ചിരിയോടെ പറഞ്ഞു.ജിഷ്ണുവിന്റേയും സുധിയുടെയും ശബ്ദം ഒക്കെ കോറസായിട്ട് കേൾക്കാമായിരുന്നു.

“ചോദിക്കാനുണ്ടോ വൈറ്റ് റം ഏതാണേലും വാങ്ങിക്കോ… ”
അവൻ ഒറ്റയടിക്ക് ഉത്തരം നൽകി

“പോയി വാങ്ങാൻ പറ്റൂല എത്രയാന്ന് വെച്ചാൽ ചുരുട്ടി കൈയിലൊട്ടങ് തരും..!

“മേടിക്കാൻ ഞങ്ങക്കറിയാം നീ ഇങ്ങോട്ടൊന്ന് എഴുന്നള്ളിയ മതി!

നാറികൾ പ്ലാൻ ചെയ്ത് വിളിച്ചതാണ്.

“അമ്മേ നമ്മടെ ഫെഡറൽ ബാങ്കിന്റെ കാർഡ് എവിടെയാ വെച്ചേക്കുന്നേ.. ?

ഫോൺ വെച്ച് ഞാൻ അടുക്കളയിലേക്ക് നടന്ന് ലച്ചുവിനെ മുട്ടിയുരുമ്മി കൊണ്ട് ചോദിച്ചു. തൊട്ടപ്പുറത് നിന്ന് അമ്മു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

“നമ്മടെ അല്ല എന്റെ.. നിനക്കെവിടുന്നാ കാർഡ്..?

ലച്ചുവിന് അൾട്ടിമേറ്റ് പുച്ഛം.. !

“ഓ സമ്മതിച്ചു. എനിക്കൊരു രണ്ടായിരം രൂപ വേണം.. ”

“എന്തിനാ..?

“ഫ്രണ്ട്സിനു ചെലവ് ചെയ്യാനാ…”

“അല്ല അപ്പൊ മറ്റേ കാർഡ് മൊത്തം തീർത്തോടാ ദ്രോഹി. !
ലച്ചു അവിശ്വസനീയതയോടെ എന്നെ നോക്കി

“അതൊക്കെ എന്നോ തീർന്നു പെണ്ണെ….”

ഞാൻ ആ വിചാരണ ഒഴിവാക്കാനായി ലച്ചുവിനെ പിറകിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് തലവെച്ചു.

“പത്തിരുപതിനായിരം രൂപ നീ എന്ത് ചെയ്തു ?
അത് പറഞ്ഞിട്ട് മതി ഇനി പുതിയ പൈസ. ഇതൊന്നും എനിക്ക് വെറുതെ കിട്ടുന്നതല്ലാ… ”

ലച്ചുവിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു..

“എനിക്കൊരു ഫോൺ വാങ്ങി തന്നിരുന്നു… ”

അമ്മു ഇടക്ക് കേറി കുറ്റസമ്മതം നടത്തിക്കൊണ്ട് അമ്മയുടെ കയ്യിൽ പിടിച്ചു.

“അത് പറഞ്ഞാപ്പോരേ.. ഞാൻ ഈ നാറി വല്ല ഉടായിപ്പ് കാണിച്ചു
തീർത്തതാണെന്ന് കരുതീട്ടാ.. !

ലച്ചു ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.

“പിന്നേ ചെലവ് കൊടുത്താ മതി അതില് പങ്കെടുക്കേണ്ട.. കേട്ടല്ലോ.. ”

ലച്ചു എന്നെ വാൺ ചെയ്തു..

“പേഴ്സീന്ന് കാർഡ് എടുത്ത് പെട്ടന്ന് പോയിട്ട് വാ. വരുമ്പോ ബിരിയാണിക്കുള്ള എല്ലാ സാധനവും വേടിച്ചോ. ഇന്ന് അമ്മൂന്റെ സ്പെഷ്യൽ ബിരിയാണി ആണ് ഉച്ചക്ക് !

“വന്നാലുടൻ കാർഡ് പെണ്ണിനെ ഏൽപ്പിച്ചോണം !
നിന്റെ കയ്യില് വെക്കണ്ടാ… !

“ഓഹ് അല്ലെലും ആർക്ക് വേണം.. ”

അടുക്കളയിൽ നിന്ന് പോരുമ്പോൾ ഞാൻ പുച്ഛത്തോടെ പറഞ്ഞു.

അങ്ങാടിയിൽ എത്തിയപ്പോൾ കെ ആർ ബേക്കറിയുടെ മുന്നിൽ തന്ന ഇളിച്ചുകാട്ടി നിൽക്കുന്നുണ്ട് എല്ലാം.നേരെ എ ടി എമ്മിൽ കേറി പൈസ എടുത്തിട്ടാണ് അവരുടെ അടുത്തേക്ക് പോയത്.

പൈസ കിട്ടിയ ഉടനെ എന്നെ മൈൻഡ് പോലും ചെയ്യാതെ മനുവും നന്ദുവും ബൈക്കെടുത്ത്‌ വരി നിക്കാൻ പോയി.ജിഷ്ണുവിനേയും സഫ്‌വാനെയും തനിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു.

“എടാ മൈരാ.. !”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജിഷ്ണു അത്ഭുതത്തോടെ എന്നെ നോക്കി.ആദ്യം കളിയാക്കിയെങ്കിലും സംഗതി സീരിയസാണെന്ന് മനസ്സിലായപ്പോൾ ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്തിട്ടാണ് അവർ പോയത്.

ബിരിയാണിക്കുള്ള സാധനങ്ങളൊക്കെ ഓർത്തെടുത്ത്‌ വാങ്ങി വന്നപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. അപ്പോഴാണ് വീട്ടിലേക്ക് വരാൻ ഓട്ടോ സ്റ്റാൻഡിനരികിലൂടെ തലകുനിച്ചു നടന്ന് പോകുന്ന ചിന്നുവിനെ കണ്ടത്.പിന്നിലൂടെ ചെന്ന് അവളെ ചാരി വണ്ടി നിർത്തിയപ്പോൾ പെണ്ണ് ഞെട്ടലോടെ തിരിഞ്ഞു നോക്കി.ഞാനാണെന്ന് മനസ്സിലായപ്പോൾ ഒരു ഇളിഭ്യൻ ചിരിയോടെ അവൾ ബൈക്കിൽ കേറി ഇരുന്നു.പട്ടി ഷോ കാണിച്ചതിന് നല്ലൊരു നുള്ളും ഞാൻ കൈപറ്റി !

Leave a Reply

Your email address will not be published. Required fields are marked *