കണ്ണന്റെ അനുപമ – 10

അവൾ താഴേക്ക് നോക്കി പതിയെ പറഞ്ഞു..

“അതൊക്കെ ശരിയാകും പെണ്ണെ.. ഇന്ന് പോവുമ്പോ നന്നായിട്ടൊന്ന് പ്രാർത്ഥിച്ച മതി..

എന്റെ ആശങ്ക ഉള്ളിൽ തന്നെ കുഴിച്ചു മൂടി ഞാനവളെ സമാധാനിപ്പിച്ചു..

“അമ്മ എല്ലാം പറഞ്ഞോ..?

“ഇല്ലാ.. കണ്ണന് ഒരു കല്യാണം കഴിഞ്ഞ കുട്ടിയെ ഇഷ്ടാണ് ന്നെ പറഞ്ഞുള്ളൂ….. അപ്പഴേക്കും അച്ഛൻ ചൂടായി. അമ്മക്ക് പാവം നല്ലോണം കേട്ടു… ”

എന്റെ ഷർട്ടിന്റെ ബട്ടണുകൾ ഇട്ടുതരുന്നതിനിടെ അവൾ പതിഞ്ഞ താളത്തിൽ പറഞ്ഞു.

“അതൊക്കെ നമ്മക്ക് ശരിയാക്കാം പെണ്ണെ.. നീ ബേജാറാവല്ലേ….
അതൊക്കെ ലച്ചു നോക്കിക്കോളും..”.

ഞാൻ അവളെയും കൂട്ടി റൂമിന് പുറത്തേക്കിറങ്ങി..

അപ്പഴേക്കും അച്ഛമ്മയും ലച്ചുവും റെഡി ആയി നിക്കുവാണ്.അച്ഛമ്മ എന്നെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.പിന്നെ അമ്മുവിന്റെ കയ്യും പിടിച്ചു മുന്നിൽ പടനയിച്ചു.

“നിങ്ങടെ അമ്മായിയമ്മ ആള് ശരിയല്ലട്ടോ.. മനുഷ്യനെ നോക്കി തൊലിയുരിക്കുന്നു….. “

ഞാൻ ലച്ചുവിന്റെ തോളിലൂടെ കയ്യിട്ട് ചെവിയിൽ പറഞ്ഞു.
അപ്പോൾ പാടത്തെ വരമ്പിലൂടെ അച്ഛമ്മയെ കൈ പിടിച്ചു മുന്നിൽ നടത്തിക്കുകയാണ് അമ്മു.

“നന്നായി പോയി.. സ്വന്തം മരുമോളുടെ കാമുകനെ പിന്നെ
മാലയിട്ട് സ്വീകരിക്കണമായിരിക്കും…. “

എന്നെ തേച്ചൊട്ടിച്ചുകൊണ്ട് ലച്ചുവിന്റെ മറുപടി എത്തി..

“നിങ്ങള് തമ്മില് അവിഹിതം ആണെന്നാ പുള്ളിക്കാരി ആദ്യം കരുതിയെ… !

കുറച്ച് ദൂരം കൂടെ പിന്നിട്ട് കഴിഞ്ഞപ്പോൾ ലച്ചു തിരിഞ്ഞു നിന്ന് പതിയെ പറഞ്ഞു.

ശരിക്കും?..

ഞാൻ അവിശ്വസനീയതയോടെ കണ്ണുരുട്ടി..

“സത്യം. ഉണ്ണിയോട് എല്ലാം വിളിച്ചറിയിക്കണം എന്നും പറഞ്ഞാണ് എന്റടുത്ത്‌ വന്നത് .ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചപ്പോഴാണ് ഒന്നടങ്ങിയെ… “

“ചാവേറായിട്ട് ഞാൻ ണ്ടല്ലോ പിന്നെ എപ്പഴും.. ..!

വല്ലാത്തൊരു ഭാവത്തോടെ ലച്ചു എന്നെ നോക്കി പറഞ്ഞു. ഉള്ളിൽ തട്ടി പറഞ്ഞ ആ വാക്കുകൾ എനിക്ക് ശരിക്ക് കൊണ്ടു.ഒരു കാര്യം സത്യമാണ് ലോകത്ത് വേറെ ഒരമ്മയും സ്വന്തം മകന് ഇത്രേം സപ്പോർട്ടും സ്നേഹവും കൊടുത്ത് കാണില്ല.അങ്ങനെയുള്ള ലച്ചുവാണ് ഞാൻ കാരണം തീ
തിന്നോണ്ടിരിക്കുന്നത്.ഭാരിച്ച മനസ്സുമായി ഞാൻ ഏറ്റവും പിറകിൽ നടന്നു.

“ആഹ് എല്ലാരും ണ്ടല്ലോ….
ഇന്നെന്തെലും വിശേഷം ണ്ടോ..,?

കൗണ്ടറിലിരിക്കുന്ന അശോകേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“വിശേഷം ഒന്നൂല്ല.. എല്ലാരും കൂടെ ഇങ് പോന്നു അത്രേ ഒള്ളൂ..”

അച്ഛമ്മ വഴിപാട് എഴുതിയ തുണ്ട് കടലാസ് അശോകേട്ടനു നേരെ നീട്ടി കൊണ്ട് ചിരിച്ചു.

“ഞാൻ ദൂരത്ത്‌ന്ന് ഈ കുട്ടീനെ കണ്ടപ്പോ കണ്ണന്റെ കല്യാണം കഴിഞ്ഞൂന്ന് കര്തി.. ഇപ്പഴാ മനസ്സിലായെ
ഇത് ഉണ്ണീന്റെ ഭാര്യല്ലേ….?

അതിനാരും ഒന്നും മിണ്ടിയില്ല
ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞങ്ങൾ പരസ്പരം നോക്കി.

കാര്യം അമ്പലത്തിലേക്ക് വല്യ ദൂരം ഒന്നും ഇല്ലെങ്കിലും ഞാൻ അപൂർവമായിട്ടേ അമ്പലത്തിൽ വരാറുള്ളൂ.ഉത്സവത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും മാത്രം.അന്ന് തന്നെ ചിലപ്പോൾ ഉള്ളിൽ കയറി തൊഴുകാറൊന്നും ഇല്ലാ.. ദൈവത്തിനോട് വിരോധം ഒന്നും ഉണ്ടായിട്ടല്ല.ദൈവാനുഗ്രഹം കിട്ടാൻ അമ്പലത്തിൽ വരേണ്ട എന്നാണ് ഞാൻ ചിന്തിക്കാറ്.
പിന്നെ ഇടക്ക് യുക്തിവാദത്തിന്റെ അസ്കിതയും ഉണ്ട്. വിവരക്കേട് വേണ്ടുവോളം ണ്ടല്ലോ.! ഇതിലെല്ലാമുപരി രാവിലെ കുളിച്ചൊരുങ്ങി പോരാനുള്ള

മടിയാണ് പ്രധാന കാരണം.ഏറ്റവും മുന്നിൽ അച്ഛമ്മ പിന്നെ ലച്ചു, അമ്മു പിന്നിൽ ഞാൻ ഈ ക്രമത്തിലാണ് അമ്പലത്തിനുള്ളിലേക്ക് കയറിയത്. സ്ഥിര സന്ദർശകയായ അച്ഛമ്മക്ക് പ്രത്യേകിച്ചൊന്നും പറയാൻ ഇല്ലാത്തോണ്ട് പെട്ടന്ന് പ്രദക്ഷിണം വെച്ചു പോവുന്നുണ്ട്. ലച്ചുവും അധികം സമയമൊന്നും എടുക്കുന്നില്ല. എന്നാൽ എന്റെ മുൻപിലുള്ള കക്ഷി കണ്ണടച്ച് ഒരുപാട് സമയം എന്തൊക്കെയോ പറയുന്നുണ്ട്.ഒന്നും വ്യക്തമല്ല.അവളെ മറികടന്ന് പോയി പ്രദക്ഷിണം വെച്ചാലോന്ന് വരെ ഞാൻ ആലോചിച്ചു.

“മതി പെണ്ണെ.. ഇനീം കഴിഞ്ഞില്ലേ ?

സഹികെട്ട് ഞാൻ അവളുടെ ചെവിയിൽ ചോദിച്ചു

അത് കേട്ടതും ഉണ്ടക്കണ്ണുരുട്ടി എന്നെയൊന്നു നോക്കി !
ഹൊ ഭദ്രകാളി !

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.ക്ഷമയോടെ അവളുടെ പിന്നാലെ നടന്ന് പ്രദക്ഷിണം തുടർന്നു. ഞാൻ നോക്കുമ്പോൾ അമ്മയും അച്ഛമ്മയും ഗണപതിയുടെ പ്രതിഷ്ഠക്ക് മുന്നിൽ ഏത്തമിടുന്നത് പൊലെ വണങ്ങി പ്രദക്ഷിണം തുടരുന്നുണ്ട്.
അടുത്ത പണി !
ഇത്രേം കാലമായിട്ട് ഞാൻ ഗണപതി ഭഗവാനെ അങ്ങനെ വണങ്ങീട്ടില്ല. അവിടെ എത്തുമ്പോൾ നൈസ് ആയിട്ട് കടന്ന് കളയാറാണ് പതിവ്.വേറെ ഒന്നും കൊണ്ടല്ല ചെറുപ്പത്തിൽ വളരെയധികം ലജ്‌ജാ ശീലമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. ആൾക്കാർ നോക്കി നിൽക്കെ അതൊക്കെ ചെയ്യുന്നത് എനിക്ക്
മടിയായിരുന്നു.കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെയാണ് ഈ നാണം ഒക്കെ മാറിയത്. അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുന്നതിനിടെ എന്റെ മുന്നിലുള്ള അമ്മുവും വിഘ്‌നേശ്വരനെ വണങ്ങി മുന്നോട്ട് നീങ്ങി. അവള് കാണാതെ നൈസ് ആയിട്ട് കൈ കൂപ്പി മുങ്ങാൻ നോക്കിയ ഞാൻ പിടിക്കപ്പെട്ടു.എന്നെ നോക്കി നിക്കുവാണ് പെണ്ണ്.അങ്ങനെ ആദ്യമായി ഞാൻ വിഘ്‌നേശ്വരന്റെ മുന്നിൽ തല കുമ്പിട്ടു വണങ്ങി.ചെയ്തു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ചാരിതാർഥ്യമായിരുന്നു എനിക്ക്. തിരുമേനിയിൽ നിന്ന് തീർത്ഥം വാങ്ങി പ്രദക്ഷിണം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.

“അവിടെ നിന്നേ.. “

എനിക്ക് പിന്നാലെ പുറത്തിറങ്ങിയ അമ്മു പിറകിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ നടത്തം നിർത്തി. അവൾ അല്പം വേഗത്തിൽ നടന്ന് വന്ന് എന്റെ നെറ്റിയിൽ ചന്ദനക്കുറി വരച്ചു തന്നു.

“അമ്പലത്തിൽ കേറീട്ട് കുറിയിടാതെ പുറത്തിറങ്ങുന്ന
ഏക ജീവിയാണ് ന്റെ മോൻ…”

ലച്ചുവിന്റെ വക കമന്റ്.

“ഓഹ് ഞാൻ നന്നായില്ലെങ്കിലും നിങ്ങളൊക്കെ നന്നായാ മതി….”

ഒറ്റപെട്ടു പോയ ഞാൻ ചെറുത്തു നില്പിന് ശ്രമിച്ചു.

“ആഗ്രഹങ്ങളൊക്കെ പൂർത്തിയാവാണെങ്കില് ഈശ്വരൻ തന്നെ കനിയണം കുട്ട്യേ..”

അച്ഛമ്മ എന്നെ നോക്കികൊണ്ട് പതിയെ പറഞ്ഞു.നടി ഉദ്ദേശിച്ചത് മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
അതിനിടെ അമ്മു ഉള്ളിൽ നടന്നതൊക്കെ അത് പൊലെ ലച്ചുവിന്റെ ചെവിയിൽ ഓതികൊടുക്കുന്നുണ്ടായിരുന്നു.ഇവളുടെ ഈ സ്വഭാവം എത്രയും പെട്ടന്ന് നിർത്തിയില്ലെങ്കിൽ പണിയാണല്ലോ.?
ഞാൻ മനസ്സിൽ ഓർത്തു.

“കഷ്ടം..!

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലച്ചു എന്റെ നേരെ കൈമലർത്തി.പിന്നെ അമ്പലമുറ്റത്തിന് പുറത്തേക്ക് കടന്ന് ചെരുപ്പിട്ട് അമ്മുവിനെയും കൊണ്ട് നടത്തം തുടങ്ങി.വീട്ടിലെത്തിയപ്പോഴേക്കും നന്നായി വിശന്നിരുന്നു.ചായ
കുടിക്കാനുള്ള ഒരുക്കങ്ങൾക്കായി ലച്ചുവും അമ്മുവും അടുക്കളയിലേക്ക് പോയി.ഉമ്മറത്ത്‌ ഞാനും അച്ഛമ്മയും തനിച്ചായി.
ഇത് തന്നെ അവസരം !
പുറത്തേക്ക് നോക്കിയിരിക്കുന്ന ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് കസേര നീക്കിയിട്ടുകൊണ്ട് ഞാൻ ചേർന്നിരുന്നു. അച്ഛമ്മ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ തലയിൽ കൈ ഉയർത്തി തഴുകി.

Leave a Reply

Your email address will not be published. Required fields are marked *