ചിന്നു കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു.അവളുടെ അനവസരത്തിൽ ഉള്ള ഡയലോഗ് എനിക്കത്ര ഇഷ്ടപെട്ടില്ലങ്കിലും ഒരു കണക്കിന് ഇവിടുന്ന് പോവുന്നത് നല്ലതാണെന്നു തോന്നി. ഈ വീർപ്പുമുട്ടലിൽ നിന്ന് ഒരു മോചനം ആവുമല്ലോ
“എന്നാ വാ… നീ പോരുന്നുണ്ടോ..?
ഞാൻ അമ്മുവിനെ നോക്കി ചോദിച്ചു.അവൾ സംശയത്തോടെ എന്നെ നോക്കി.
“വാ ചേച്ചി, എന്റെ വീട് കണ്ടിട്ടില്ലല്ലോ..?
ചിന്നു അവളെ നിർബന്ധിച്ചു..
“പൊയ്ക്കോട്ടേ അമ്മേ…?
അമ്മു ലച്ചുവിന് നേരെ തിരിഞ്ഞു..
“ആ പോയിട്ട് വാ….
സൂക്ഷിച്ചു പോണേ… ”
ലച്ചുവിന്റെ അനുവാദം കിട്ടിയതോടെ പെണ്ണ് ആവേശത്തോടെ റെഡിയായി.മൂന്ന് പേരും കൂടെയാണ് പോയത്. എല്ലാം തീപ്പെട്ടി കൊള്ളികൾ ആയതു കൊണ്ട് പ്രയാസം ഉണ്ടായില്ല.
വീട്ടിലെത്തിയ ഉടനെ ചിന്നു അമ്മുവിനെയും കൂട്ടി അകത്തേക്ക് പോയി അമ്മക്ക് പരിചയപ്പെടുത്തി.കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ പോവാനായി ഉമ്മറത്തേക്ക് വന്നു. അപ്പോ ചിന്നു പരുങ്ങലോടെ എന്റെ അടുത്തേക്ക് വന്നു.അവൾക്കെന്തോ പറയാനുണ്ടെന്ന് ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു.
“എനിക്ക് കുറച്ച് പൈസ കടം തരുവോ..?
അവൾ പതിയെ എന്നോട് ചോദിച്ചു..
“എന്തിനാടി….. “
ഞാൻ ആകാംഷയോടെ മറു ചോദ്യമുന്നയിച്ചു.
“ഫീസടക്കണ്ട ഡേറ്റ് കഴിഞ്ഞു.അമ്മേടെ അക്കൗണ്ടിൽ തൊഴിലുറപ്പിന്റെ പൈസ കേറീട്ടില്ല..കേറിയാലുടനെ തിരിച്ചു തരാം.. ”
“എത്രയാ…?
ഞാൻ ഗൗരവം വെടിയാതെ അവളെ നോക്കി..
“അറുനൂറ് രൂപ….
“നിന്നോട് കുറച്ച് നേരം മുന്നേ പറഞ്ഞതൊക്കെ നീ മറന്നോടീ തെണ്ടീ.. ”
നിയന്ത്രണം വിട്ട എന്റെ ശബ്ദം ഉയർന്നു.എന്റെ ഭാവം മാറിയത് കണ്ട അമ്മു എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ തടഞ്ഞു. അല്ല പിന്നെ എത്ര പറഞ്ഞാലും പെണ്ണിന് ഫോര്മാലിറ്റി വിട്ട് കളിയില്ല..
“ഇല്ലാ… സോറി.. ”
എന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കികൊണ്ട് അവൾ പറഞ്ഞു.
ഞാൻ പേഴ്‌സിനെ കുറിച്ച് ചിന്തിച്ചപ്പോഴേക്കും അമ്മു അത് എന്റെ പോക്കറ്റിൽ നിന്ന് വലിച്ചെടുത്ത് കയ്യിൽ പിടിച്ചു . പിന്നെ അതിൽ നിന്ന് രണ്ടായിരം രൂപ എടുത്ത് ചിന്നുവിന് നേരെ നീട്ടി.
“അയ്യോ ഇത്രയൊന്നും വേണ്ടാ അമ്മുചേച്ചീ…. “
“വെച്ചോ പെണ്ണെ എന്നിട്ട് നേരത്തെ പറഞ്ഞില്ലേ അതും കൂടെ വാങ്ങിച്ചോ.. !
അമ്മു അവളുടെ കയ്യിൽ പൈസ പിടിപ്പിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.
“അതേത് കാര്യം..?
ഞാൻ സംശയത്തോടെ അവളെ നോക്കി..
“അതോ അത് ഏട്ടനോട്പറയാൻ പറ്റില്ല, അതോണ്ട് അവള് ചേച്ചിയോട് പറഞ്ഞു.. ”
അമ്മു ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി
“എന്നാലും ഇത് കൂടുതലാ
ചേച്ചീ.. ”
ചിന്നു ഇപ്പഴും അത് വാങ്ങാൻ തയ്യാറല്ല..
“അത് നിന്റെ കയ്യിൽ വെച്ചോ.. പുറത്തേക്കിറങ്ങുമ്പോൾ കണക്കാക്കി പൈസ കയ്യിൽ വെക്കരുത് പ്രത്യേകിച്ച് പെൺകുട്ടികൾ..”
അമ്മു ചിന്നുവിന്റെ കവിളിൽ തലോടിക്കൊണ്ട് പൈസ അവളുടെ കയ്യിൽ പിടിപ്പിച്ചു.
“ഹൊ എന്റെ ശ്രീമതിക്ക് വിവരം വെച്ച് തുടങ്ങി…. “
ഞാൻ താടിക്ക് കൈ കൊടുത്ത് കൊണ്ട് അമ്മുവിനെ നോക്കി കളിയാക്കി..
“എനിക്ക് പണ്ടേ വിവരമുണ്ട്..
ഒരു അരവട്ടൻ കൂടെ കൂടിയതിന്റെ കുഴപ്പം മാത്രെ ഒള്ളൂ…. “
അവൾ എന്നെ ഒന്ന് ആക്കി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു..
“അരവട്ടൻ ആയോണ്ടാണല്ലോ ഇതിന്റെയൊക്കെ പിറകെ നടന്നത്.. എന്റെ ചിന്നൂ നീ ശ്രീക്കുട്ടിയെ കണ്ടിട്ടില്ലല്ലോ..
എജ്ജാതി മൊഞ്ചാണെന്നറിയോ.?
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ശബ്ദത്തിൽ നിരാശ കലർത്തികൊണ്ട് പറഞ്ഞു.
“ആര് നിർബന്ധിച്ചു…
വേണ്ടവർക്ക് ഇപ്പഴും പോവാം..”
“വല്യ ഡയലോഗ് ഒന്നും അടിക്കണ്ടാ സത്യായിട്ടും ഞാൻ പോവും.. “
ഞാനും വിട്ടുകൊടുത്തില്ല
“പൊയ്ക്കൊന്നേ. .
ഇത്രേം കാലം ആരും ണ്ടായിട്ടല്ലല്ലോ ഞാൻ ജീവിച്ചേ…”
അമ്മുവിന്റെ ശബ്ദം ഇടറി തുടങ്ങിയിരുന്നു.അതോടെ ഇനി ആ കളി മുന്നോട്ട് കൊണ്ട് പോണ്ടെന്ന് ഞാൻ തീരുമാനിച്ചു.മുഖം തിരിച്ചു നിക്കുന്ന അവളുടെ തോളിലൂടെ കയ്യിട്ട് ഞാൻ എന്റെ അടുത്തേക്ക് വലിച്ചു.
“ദേ രണ്ടും കൂടി വഴക്കിട്ടിട്ട് അവളെത്തിയോ അവനൊറങ്ങിയൊന്നൊക്കെ
എന്നെ വിളിച്ചു ചോദിച്ചു ശല്യപ്പെടുത്താൻ നിക്കണ്ട പറഞ്ഞേക്കാം…”
