“നമുക്കൊരു ടീമാവാട്ടോ.. “
റൂമിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവൾ പതിയെ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചു.
“ഞങ്ങളോട് കളിക്കാൻ ധൈര്യം ണ്ടോ..?
എല്ലാം ഉമ്മറത്തു കൊണ്ട് പോയി സെറ്റ് ചെയ്തപ്പോ ഞാൻ ചിന്നുവിനെ ചേർത്ത് പിടിച്ച് ലച്ചുവിനെയും അമ്മുവിനെയും വെല്ലുവിളിച്ചു.
“നിന്റെ അച്ഛനെ പേടിച്ചിട്ടില്ല പിന്നെയാണോ നിന്നെ !
എന്റെ വെല്ലുവിളി ഇഷ്ടപ്പെടാത്ത ലച്ചു എന്നെ തേച്ചൊട്ടിച്ചു.
“നീ വാ പെണ്ണേ.. ഇവനൊക്കെ ഈ ഡയലോഗെ ഒള്ളൂ.നമ്മള് ഈസിയായിട്ട് ജയിക്കും ”
മടിച്ചു നിന്ന അമ്മുവിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് പറഞ്ഞു ലച്ചു യുദ്ധത്തിന് തയ്യാറായി.
ഞാനൊരാവേശത്തിനു വെല്ലുവിളിച്ചൂന്നേ ഒള്ളൂ തടിച്ചി നല്ല ഉഗ്രൻ പ്ലെയറാണ്.ഒരു ടൈമിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഇത് തന്നെ ആയിരുന്നു പണി. അന്നൊക്കെ രണ്ട് പേരും കട്ടക്കായിരുന്നു.അമ്മുവിന് കളി അറിയില്ലാന്ന് അവളുടെ മുഖത്ത് നിന്ന് വ്യക്തമാണ്.
അങ്ങനെ കളി തുടങ്ങി. അമ്മുവും ചിന്നുവും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. ഒരു കോയിൻ ഇടാൻ രണ്ട് കളി ആണ് അവരുടെ കണക്ക്. പ്രധാന എതിരാളികൾ ഞാനും ലച്ചുവും തന്നെ.തടിച്ചിയുടെ ചില കട്ടുകൾ കണ്ട് എന്റെ കിളി പറന്നു പോവുന്നുണ്ടായിരുന്നു.ചിന്നുവാകട്ടെ ഓരോ കളി മിസ്സാക്കി ബോർഡിനെ കുറ്റം
പറയാൻ തുടങ്ങി. പൊടിയില്ല, ബോർഡ് പോരാ എന്നൊക്കെയായി അവളുടെ പരാതികൾ.അമ്മു ആദ്യമായിട്ട് കളിക്കുകയാണെങ്കിലും വളരെ പെട്ടന്ന് ഇമ്പ്രൂവ് ആവുന്നുണ്ടായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ഒരു കളി ഞങ്ങളും ഒരു കളി അവരും ജയിച്ചു.
“ഇത് ഫൈനലാട്ടോ.. ചോറുണ്ണാൻ സമയായി… ”
മൂന്നാമത്തെ കളി തുടങ്ങുന്നതിനു മുന്നേ ലച്ചുവിന്റെ അനൗൺസ്മെന്റ് വന്നു.കളിച്ചു കളിച്ചു അവസാനം രണ്ട് പേർക്കും ഓരോ കോയിൻ മാത്രമായി.രണ്ട് പേരുടെ കോയിനും ഒരെ പോക്കറ്റിന്റെ വക്കത്ത് ഏത് നിമിഷവും ചാടാവുന്ന അവസ്ഥയിൽ മുട്ടിയുരുമ്മി നിൽക്കുന്നു.ആദ്യം എന്റെ കളിയാണ് അത് കഴിഞ്ഞാൽ അമ്മുവിന്റെ കളിയും.കണ്ണടച്ച് സ്‌ട്രൈക്കർ വിട്ടാലും കോയിൻ വീഴുമെന്നതിന്റെ അഹങ്കാരത്തിൽ ഞാൻ ലച്ചുവിനെയും അവളെയും നോക്കി ജാഡ കാണിച്ചു.
“ജയിച്ചിട്ട് ഷോ കാണിക്കെടാ..”
ലച്ചു എന്നെ അപ്പോഴും തളർത്താൻ നോക്കുവാണ്..
അമ്മുവിനെ നോക്കിയപ്പോൾ അവൾ ആരും കാണാതെ ദയനീയമായി എന്നെ നോക്കി.ഇടല്ലേ എന്ന അർത്ഥത്തിൽ കണ്ണുകൊണ്ട് കാണിച്ചു.എന്റെ കളി മിസ്സായാൽ അവൾക്ക് ഈസിയായി ജയിപ്പിക്കാം.. !
“പ്രലോഭനങ്ങളിൽ വീഴരുത്.. ട്ടോ
കണ്ണേട്ടാ… !
അമ്മുവിന്റെ ചേഷ്‌ഠകൾ ശ്രദ്ധിച്ച ചിന്നു എനിക്ക് മുന്നറിയിപ്പ് നൽകി. അപ്പഴേക്കും എന്റെ ഇടതു വശത്തിരിക്കുന്ന അമ്മു ബോർഡിനടിയിലൂടെ എന്റെ ഇടത്തെ കയ്യിൽ മുറുക്കെ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി.
“അതാ… കയ്യീന്ന് വഴുതി പോയി.. ഛെ… ”
സ്ട്രൈക്കർ മനപ്പൂർവം ബോർഡിന്റെ ചട്ടയിലടിപ്പിച്ച് ഗതി മാറ്റി വിട്ട് ഞാൻ ചിന്നുവിനെ നോക്കി നിസ്സഹായത അഭിനയിച്ചു.
അമ്മയെ വെല്ലുവിളിച്ചു കൊണ്ടിരുന്ന അവളെന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി..
അപ്പഴേക്കും സ്ട്രൈക്കർ കൈയ്യിലൊതുക്കി അമ്മു അവരുടെ കോയിൻ ഇട്ട് കളി ജയിച്ചിരുന്നു…
“ഈ പെൺകോന്തൻ മനഃപൂർവം കളി മിസ്സാക്കിയതാ.. ”
ചിന്നു ദേഷ്യത്തോടെ എന്റെ തലപിടിച്ചു താഴ്ത്തിക്കൊണ്ട് പറഞ്ഞു..
“എടീ ഒരു മിസ്സോക്കെ ആർക്കും വരൂലേ…. “
ഞാൻ ചിരിയടക്കി കൊണ്ട് അവളെ നോക്കി.കലിപൂണ്ട് നിക്കുവാണ് പെണ്ണ്.അതിനിടെ ലച്ചു അവളുടെ മുഖത്ത് തോണ്ടി കളിയാക്കി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. അതാണ് ചിന്നുവിന്റെ ദേഷ്യത്തിന്റെ പ്രധാന കാരണം.
“പോയി കളി പഠിച്ചിട്ട് വാടാ ചെള്ള് ചെക്കാ.. പെണ്ണുങ്ങളോട് തോൽക്കാൻ നാണം ഇല്ലല്ലോ.. ”
അമ്മ അനുവിനെ വിജയാഹ്ലാദത്തിൽ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ മനപ്പൂർവം തോറ്റു തന്നതാ തള്ളേ മോളോട് ചോദിച്ചു നോക്ക് !
“അയ്യേ നാണമില്ലല്ലോ തോറ്റിട്ട് കള്ളത്തരം പറയാൻ
പോയി കളി പഠിച്ചിട്ട് വാ.. !
