കണ്ണന്റെ അനുപമ – 2 4

“വീട്ടിലേക്ക് പോവാൻ സമയം ഉണ്ടാവോ?

അവൾ അങ്ങനെ ആണ് താൻ കാരണം ആരും ബുദ്ധിമുട്ടരുത് എന്ന് വിചാരിക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്. അതുകൊണ്ട് തന്നെ ആദ്യം അവളുടെ ഭംഗിയെ പ്രണയിച്ചിരുന്ന എനിക്കിപ്പോൾ അവളുടെ നിഷ്കളങ്കമായ സ്വഭാവം ആണ് ഏറെ ഇഷ്ടം.

“പിന്നെ ഹോസ്പിറ്റലിലേക്കാണോ ഇങ്ങനെ ഒരുങ്ങി കെട്ടി വന്നത്.” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു കൊണ്ട് അവളുടെ പ്രതികരണം അറിയാനായി മിററിലൂടെ നോക്കി.

“ഇതിങ്ങനെ ഒരു കൊരങ്ങൻ “

അവൾ പിറുപിറുത്തു. എനിക്കത് കണ്ട് ചിരി വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല.

“ദേ എനിക്ക് വഴി അറിയില്ല ട്ടോ പറഞ്ഞു തരണം.

ആ….

അതു പറഞ്ഞപ്പോൾ ആണ് ഓർത്തത്. എന്റെ നാട് ഇതുവരെ പറഞ്ഞില്ലല്ലോ. ഞാൻ പറഞ്ഞുമില്ല നിങ്ങൾ ചോദിച്ചും ഇല്ല, നല്ല ടീമാ… മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കരിക്കാട് ആണ് എന്റെ എന്റെ നാട്. നല്ല അസ്സൽ നാട്ടിൻപുറം കരിക്കാട് സുബ്രമണ്യ ക്ഷേത്രം പ്രസിദ്ധമാണ്. അങ്ങേരോട് ഞാൻ ഇന്നുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പെണ്ണിനെ എനിക്ക് തരണേ എന്നല്ലാതെ !അനുവിന്റെ നാട് പാണ്ടിക്കാട് ആണ്. കൃത്യമായി പറഞ്ഞാൽ കൊടശ്ശേരി എന്ന പക്കാ നാട്ടിൻപുറം.ഏകദേശം ഒരു മണിക്കൂർ യാത്ര ഉണ്ട് അവിടേക്ക്. യാത്രയിൽ ഉടനീളം അനു എന്തൊക്കയോ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. കൂടുതലും അവളുടെ നാടിനെപ്പറ്റി. ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും സമയം 12 മണി ആവാറായിരുന്നു. ഞാൻ വഴിയരികിൽ ഉള്ള ഒരു ഹോട്ടൽ കണ്ട് ഞാൻ വണ്ടി നിർത്തി.

“എന്ത് പറ്റി?. അനു സംശയത്തോടെ ചോദിച്ചു.

“നമ്മൾ ചെല്ലുന്നുണ്ടെന്നു പറഞ്ഞിട്ടുണ്ടോ?. ഞാൻ തിരിഞ്ഞു അവളെ നോക്കി കൊണ്ട് ചോദിച്ചു.

“ശ്ശൊ ഇല്ല ഞാൻ മറന്നു”. അവൾ ചമ്മലോടെ പറഞ്ഞു.

“അത്‌ സാരമില്ല. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോവാം, അവരെ ബുദ്ധിമുട്ടിക്കേണ്ട “.
“അത് സാരല്ല. അവിടെ ചോറ് ണ്ടാവും.. അനു വലിയ ഉറപ്പില്ലാതെ ആണ് പറഞ്ഞത്.

“അതുണ്ടായിക്കോട്ടെ. പക്ഷെ കയറി ചെല്ലുന്നവർക്ക് ഒരു വക തിരിവ് വേണ്ടേ?. ഞാൻ ബൈക്ക് നിർത്തി, അവളോട് ഇറങ്ങാൻ പറഞ്ഞു

“ഓഹോ വകതിരിവ് ഒക്കെ ഉണ്ടല്ലേ?. അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു

ആ എനിക്ക് വകതിരിവ് ഇല്ലാതെ ആവുന്നത് തന്നെ കാണുമ്പോൾ ആണ് ! ഞാൻ അവളെ നോക്കി.

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.ഞങ്ങൾ ഹോട്ടലിൽ കയറി കൈ കഴുകി കഴിക്കാൻ ഇരുന്നു. വെയിറ്റർ വന്നു ചോദിച്ചപ്പോൾ ഞാൻ ഒരു ചിക്കൻ ബിരിയാണി പറഞ്ഞു. അവളോട് എന്ത് വേണമെന്ന് ചോദിച്ചപ്പോൾ അവൾ ചോറ് മതി എന്ന് പറഞ്ഞെങ്കിലും അത് ചെലവ് കുറക്കാനാണെന്ന് എനിക്ക് മനസിലായി.

“ബിരിയാണി കഴിക്കില്ലേ?.

“കഴിക്കും. പക്ഷെ ഇപ്പൊ വേണ്ടാഞ്ഞിട്ടാ “.അവൾ പറഞ്ഞു.

ഓഹോ ഇപ്പൊ രാഹുകാലം ആണോ?

ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.എന്നിട്ട് രണ്ട് ബിരിയാണി ഓർഡർ ചെയ്തു. രണ്ടു പേരും കഴിച്ചു ഞാൻ ബില്ല് കൊടുക്കാൻ പോയപ്പോൾ അനു പേഴ്സിൽ നിന്ന് നൂറു രൂപ എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആകെ അയ്യായിരം രൂപയാണ് ഗൾഫിൽനിന്ന് അവൾക്ക് വരുന്നത്. അതിൽ തന്നെ ചിട്ടിയും പാലും പത്രവും ഉൾപ്പെടും. ഗൾഫ്കാരന്റെ ഭാര്യ ആണെന്നെ ഒള്ളൂ സംഗതി വലിയ പരുങ്ങലിൽ ആണ്. പൈസയും കൊടുത്ത് വണ്ടിയും എടുത്ത് ഞങ്ങൾ നീങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു ബേക്കറിക്കു മുന്നിൽ വണ്ടി നിർത്തി അനുവിന്റെ വിലക്ക് അവഗണിച്ചു ഞാൻ കുറച്ചധികം പലഹാരങ്ങൾ വാങ്ങി. ആദ്യമയിട്ടല്ലേ അനുവിന്റെ വീട്ടിലെക്ക് പോണത്. ഈ തങ്കക്കുടം എന്റെ ജീവിതത്തിലേക്ക് വരാൻ കാരണക്കാരായ അവരോട് എനിക്ക് ഇങ്ങനെ ഒക്കെ അല്ലെ നന്ദി കാണിക്കാൻ പറ്റൂ.

ഉച്ചക്ക് പന്ത്രണ്ടരയോടെ ഞങ്ങൾ വീട്ടിലെത്തി. ഒരു ഇടവഴി നേരെ ചെന്ന് അവസാനിക്കുന്നത്‌ അവളുടെ വീട്ടിൽ ആണ്. ഞങ്ങൾ ചെല്ലുമ്പോൾ അവളുടെ അമ്മ ഓല മെടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അവളെ കണ്ടതും സന്തോഷത്തോടെ എണീറ്റ് വന്നു കെട്ടിപിടിച്ചു. രണ്ടാളുടെയും സ്നേഹ പ്രകടനം കണ്ട് മടിച്ചു നിന്ന എന്നെ അമ്മുവിന്റെ അമ്മ തന്നെ സ്വീകരിച്ചു. അവർ സന്തോഷത്തോടെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ദാരിദ്ര്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും നല്ല കുടുംബത്തിൽ പിറന്നതാണെന്ന് ഏകദേശം അമ്പത്‌ വയസ്സുള്ള അവരുടെ മുഖവും പെരുമാറ്റവും വിളിച്ചു പറയുന്നുണ്ടായിരുന്നു.എന്റെ സങ്കൽപ്പത്തിൽ ഉള്ള വീടെ ആയിരുന്നില്ല. ഓടിട്ട മുൻവശം മാത്രം സിമന്റ് തേച്ചു വൃത്തിയാക്കിയ ഒരു വീട്. രണ്ടു മുറിയും ഹാളും അടുക്കളയും മാത്രം.
ഒരു tv പോലും ഇല്ല എന്നത് എന്നെ അത്ഭുതപെടുത്തി. നിലം കാവി ഇട്ടതാണ്. ഉമ്മറത്തുള്ള പഴകിയ കസേര ഒന്ന് തുടച്ചു അമ്മു എന്നോട് ഇരിക്കാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *