“അച്ഛൻ എവിടെ അമ്മേ.”. എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്തു ഞാൻ അവരോട് ചോദിച്ചു.
“അച്ഛന് ഇപ്പൊ പണിക്കൊന്നും പോവാൻ വയ്യ മോനെ. ന്നാലും വല്ല പണീം കിട്ടോന്ന് നോക്കാൻ അങ്ങാടീക്ക് പോയതാ”. അവർ വിഷമത്തോടെ പറഞ്ഞു.
“അമ്മ എന്തിനെങ്കിലും പോണുണ്ടോ?.
“ആ കുട്ട്യേ ഞാൻ തൊഴിലോറപ്പിന് പോണുണ്ട്. അതോണ്ട് തന്ന്യാ കഴിഞ്ഞ് പോണതും.അമ്മുവിന് ഈ ദാരിദ്ര്യം പറച്ചിൽ തീരെപിടിക്കുന്നില്ലെന്ന് അവളുടെ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി. കയ്യിലുള്ള സ്റ്റോക്ക് തീർന്നു ഞാൻ മിണ്ടാതെ ആയി.
പിന്നെ അമ്മുവിനെ നോക്കി പറഞ്ഞു.
“മേമേ എന്നെ നോക്കണ്ട. ഞാൻ ഇവിടെ ഇരുന്നോളാം നിങ്ങള് കൊല്ലം കൂടീട്ട് കാണുന്നതല്ലേ പോയി സൗകര്യമായിട്ട് സംസാരിച്ചോളു. പോവാൻ ആയാൽ വിളിച്ചാ മതി. ”
അത് കേട്ടതും അവൾ എന്നെ നോക്കി തലകുലുക്കി അമ്മയുടെ കയ്യും പിടിച്ചു ഉള്ളിലേക്ക് പോയി. ഞാൻ ഫോണിൽ തോണ്ടി ഉമ്മറത്തും. എന്നാലും ഇടയ്ക്കിടെ അവൾ വന്നു പാളി നോക്കുന്നുണ്ട്.
‘ഇത്തിരി വെള്ളം കിട്ടോ?. ഞാൻ അവളോട് ചോദിച്ചു.
അവൾ ഗ്ലാസിൽ വെള്ളവും ആയി വരുമ്പോൾ ഒരു മെലിഞ്ഞു നീണ്ട തല പകുതി നരച്ച ഒരാൾ മുറ്റത്തെക്ക് കടന്നു വന്നു. മുൻപരിജയം കൊണ്ട് അത് അവളുടെ അച്ഛൻ ആണെന്ന് എനിക്ക് മനസ്സിലായി. ആ സമയത്തെ വെയിലിന്റെ മുഴുവൻ ചൂടും അയാളുടെ മുഖത്തുനിന്ന് മനസ്സിലായി. എന്നെ കണ്ടതും അയാൾ പല്ലു കാട്ടി നിഷ്കളങ്കമായി ചിരിച്ചു. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അയാളെ ബഹുമാനിച്ചപ്പോൾ അയാൾ എന്നെ പിടിച്ചിരുത്തി. അമ്മുവിനെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നത് ഞാൻ ശ്രദ്ധിച്ചു.
“ഉണ്ണ്യേട്ടന്റെ ഏട്ടൻ ല്ലേ ഗോപാലേട്ടൻ. മൂപ്പരെ മോനാണ് കണ്ണൻ ‘. അമ്മു എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
‘ഇക്കറിയാലോ. ഞാൻ കണ്ടിട്ട്ണ്ട്’. അതും പറഞ്ഞു അയാൾ അമ്മുവിനെ കെട്ടിപിടിച്ചു.
“സുഖല്ലേടി.?
“ആ അച്ഛാ അങ്ങനെ പോണു.”
മ്മ്…
അയാൾ മൂളിക്കൊണ്ട് കസേരയിൽ ഇരുന്ന് എന്റെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ. അമ്മു അയാളെ ചാരി നിന്ന് അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ ഇന്ന് എത്ര സന്തോഷത്തിലാണ് എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്.
‘ഇപ്പോ പണി കുറവാണ് ലേ ‘.
“കുറവാന്ന് പറയാൻ കൂടി പണി ല്ല കുട്ട്യേ.ക്വാറി ഒക്കെ നിർത്തിലേ !. അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ അച്ഛന് ? . അധികം പ്രയാസം ഇല്ലാത്തത്. !.
‘അത് ഞാനും പറയല്ണ്ട് ‘. അമ്മു ഇടക്ക് കയറി എന്നോടായി പറഞ്ഞു.
“എവിടുന്ന് കിട്ടാനാ മോനെ. ചെറുപ്പക്കാർക്ക് വരെ ഇപ്പൊ പണി ഇല്ല.പിന്നെ ഇക്കൊക്കെ ആര് തരാനാ”.
“ഞാൻ ഒരു പണി ഒപ്പിച്ചു തരാം ശമ്പളം പന്ത്രണ്ടായിരം രൂപയെ കാണു. അച്ഛന് പറ്റുവോ ?.ഞാൻ അയാളോട് ചോദിച്ചു. ഇത് കേട്ട് അമ്മുവും അമ്മയും താല്പര്യത്തോടെ എന്നെ നോക്കി.
“എന്ത് പണിയാ കണ്ണാ.. അമ്മു എന്നോടായി ചോദിച്ചു.
“എന്ത് പണി ആയാലും ഞാൻ റെഡി ആണ് കുട്ട്യേ !. അയാൾ അമ്മുവിനോടായി പറഞ്ഞു.
ഇവിടെ പാണ്ടിക്കാട് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ബ്രാഞ്ച് തുടങ്ങുന്നുണ്ട്. അവിടെ ഒരു സെക്യൂരിറ്റിയുടെ ഒഴിവുണ്ട്. മൊത്തം രണ്ട് പേര് വേണം. ഒരാൾ എന്റെ നാട്ടിലെ ഒരു ചേട്ടൻ ആണ്. പുള്ളിയാണ് എന്നോടിത് പറഞ്ഞത്. ഞാൻ രണ്ടു പേരോടുമായി പറഞ്ഞു.
“അത് കൊള്ളാം അല്ലെ അമ്മേ? അമ്മു സന്തോഷത്തോടെ അമ്മയോട് പറഞ്ഞുകൊണ്ട് എന്നെ നന്ദിപൂർവ്വം നോക്കി.
“അത് കിട്ടിയാൽ നന്നായിരുന്നു മോൻ എങ്ങനെ എങ്കിലും ഒന്ന് ശരിയാക്കി താ “അയാൾ കെഞ്ചുന്ന പോലെ പറഞ്ഞു.
“മ്മ്. ഞാൻ ഒന്ന് വിളിക്കട്ടെ എന്നിട്ട് വൈകിട്ട് വിളിച്ചു പറയാം. അത് ഏകദേശം ഉറപ്പിച്ചോളു. “.ഞാൻ അച്ഛനോട് പറഞ്ഞു.
ജോലി ശരിയായതിന്റെ സന്തോഷം എല്ലാരുടെ മുഖത്തും ഉണ്ടായിരുന്നു. രണ്ട് മണി ആയപ്പോൾ ഞാൻ അമ്മുവിനോട് പോണ്ടേ എന്ന അർത്ഥത്തിൽ തല കൊണ്ട് ആംഗ്യം കാണിച്ചു. അവൾ വിരൽ കടിച്ചു കൊണ്ട് ഇപ്പൊ ഇറങ്ങാം എന്ന് തിരിച്ചും ആംഗ്യം കാണിച്ചു.
അവരോട് പോവാണെന്നു പറഞ്ഞപ്പോൾ ചോറുണ്ടിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു. ചോറ് ആയിട്ട് ഇല്ലെന്ന് വാസ്തവം ആണ്. ഞങ്ങൾ കഴിച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ ഒന്നയഞ്ഞു
. ഇറങ്ങാനുള്ള ഒരുക്കത്തിനിടെ ഞാൻ അമ്മുവിനെ വിളിച്ചു മാറ്റി നിർത്തി പെഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ എന്തിനെന്നറിയാതെ എന്നെ മിഴിച്ചു നോക്കി.
