അവൾ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് നടന്നു.
അവളുടെ ധൈര്യം ഞാൻ ഇവിടെ നിൽക്കുന്നത് തന്നെ ആണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ എന്നോടുള്ള ദേഷ്യത്തിൽ അവൾ ധീരത അഭിനയിക്കുകയാണ്.
അവൾ തിരിച്ചു വന്നു എന്നെ നോക്കാതെ ഉള്ളിലേക്ക് പോയി. കണ്ണുകൾ അപ്പോഴും കലങ്ങിയാണ് ഇരുന്നത്.
ഞാൻ മൂത്രം ഒഴിച്ച് വാതിലും അടച്ചു പിന്നാലെ പോയി റൂമിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവൾ വാതിൽ ശക്തിയിൽ കൊട്ടിയടച്ചു.
ആഹാ! അത് തടയാൻ നോക്കിയ എന്റെ വലത്തേ കയ്യിലെ ചെറുവിരൽ രണ്ടു പാളികൾക്കിടയിൽ പെട്ടു ചതഞ്ഞരഞ്ഞു. കരയരുത് എന്ന് വിചാരിച്ചിട്ടും ഉച്ചത്തിൽ എന്റെ തൊണ്ടയിൽ നിന്ന് പുറത്ത് ചാടി.
ആ… അമ്മേ..
കരച്ചിൽ കേട്ട് അവൾ വാതിൽ തുറന്നപ്പോളാണ് എന്റെ വിരൽ വാതിലിനിടയിൽ നിന്ന് വേർപ്പെട്ടത്
“അയ്യോ ഈശ്വരാ… “.അവളുടെ കരച്ചിൽ ആണത് ആണത്.
കരച്ചിലോടെ വാതിൽ തുറന്ന് വന്ന അവൾ എന്റെ കൈ പിടിച്ചു നോക്കി.
അപ്പോഴേക്കും വേദന സഹിക്കാൻ പറ്റാതെ ഞാൻ നിലത്തിരുന്നിരുന്നു. അവൾ എന്നോടൊപ്പം അവിടെ ഇരുന്ന് വിരൽ പിടിച്ചു നോക്കി. ചോര ഒന്നും വരുന്നില്ല. പക്ഷെ വിരൽ രണ്ടായി മടങ്ങിയിരുന്നു. അസഹ്യമായ വേദനയും പുകച്ചിലും.
“ഞാൻ അറിയാതെ….
അവൾ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു.
വാക്കുകൾക്ക് അകമ്പടിയെന്നോണം അവളുടെ കണ്ണീർ ധാരയായി ഒഴുകി എന്റെ കൈത്തണ്ടയിൽ ഇറ്റു വീണു കൊണ്ടിരുന്നു. അവൾ അലറി കരഞ്ഞു കൊണ്ട് എന്റെ കൈ എടുത്ത് അവളുടെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു അവളുടെ മുഖം ഇപ്പോൾ എന്റെ ചുമലിൽ ആണ്. അത്ര വേദനയിലും എനിക്ക് ഒരു തരി പോലും അവളോട് വെറുപ്പ് തോന്നിയില്ല എന്നത് അത്ഭുതമായിരുന്നു. വേറെ ആരെങ്കിലും ആയിരുന്നേൽ ഞാൻ കൊന്നേനെ അവനെ!ഞാൻ മനസ്സിൽ ഓർത്തു.
”സാരമില്ല അറിയാതെ പറ്റിയതല്ലേ, കരയണ്ട,”. ഞാൻ അവളുടെ പുറത്ത് ഇടതു കൈ കൊണ്ട് തഴുകി അവളെ എന്നിലേക്ക് ചേർത്ത്. അവൾ എന്തൊക്കെയോ കരച്ചിലിനിടെ പറയുന്നുണ്ടായിരുന്നു. പിന്നെ മുഖമുയർത്തി എന്നെ നോക്കി
”നല്ല വേദന ഉണ്ടല്ലേ ”
”അല്ല നല്ല സുഖം ആണല്ലോ വാതിലിനിടയിൽ കൈ വലിച്ചടച്ചാൽ!, എന്നാലും ഇത്ര ദുഷ്ട ആണെന്ന് കരുതീല “. ഞാൻ വേദനക്കിടയിലും ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“ഞാൻ വേണോന്ന് വെച്ചിട്ട് ചെയ്തതല്ല “.അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.
സാരമില്ല എനിക്കുള്ള ശിക്ഷ ആയിട്ട് കൂട്ടിക്കോളാം. എന്തായാലും എല്ലിന് ചതവുണ്ട്. പൊട്ടൽ ഉണ്ടോന്ന് അറിയില്ല. രാവിലെ ഹോസ്പിറ്റലിൽ പോവാം. ഞാൻ അവിടെ നിന്നും എണീറ്റ് പറഞ്ഞു.
“വാ എണീക്ക് വെറുതെ കരഞ്ഞു ഉറക്കം കളയണ്ട. പോയി കിടന്നോ”
ഞാൻ വാതിൽ പടിയിൽ ഇരിക്കുന്ന അവളുടെ കൈ പിടിച്ചു വലിച്ചു. അവൾ അനുസരണയോടെ എണീറ്റു കൈത്തലം കൊണ്ട് കണ്ണീർ തുടച്ചു.
“ഇപ്പൊ വേദന മാറാൻ എന്താ ചെയ്യാ?
“തല്ക്കാലം ഞാൻ സഹിച്ചോളാം. ബാക്കി രാവിലേ നോക്കാം “.
“അമ്മയെ വിളിച്ചാൽ എന്തെങ്കിലും അറിയുമായിരിക്കും. “വിളിക്കട്ടെ?
“അപ്പൊ എങ്ങനെ പറ്റിയതാണ് എന്നും കൂടെ പറയേണ്ടി വരും !
അത് കേട്ടപ്പോൾ പെണ്ണ് വീണ്ടും തല കുനിച്ചു കരയാൻ ആരംഭിച്ചു..
“ദേ ഇനി കിടന്ന് കരഞ്ഞാൽ നീ മേടിക്കും അമ്മൂ!.ഞാൻ സ്വൽപ്പം ഉറക്കെ ആണത് പറഞ്ഞത്. എന്റെ അധികാര ഭാവം കണ്ടിട്ടാവണം അവൾ എന്റെ മുഖത്തെക്ക് രൂക്ഷമായി നോക്കി.
“ഞാൻ ഉണ്ണിയുടെ അമ്മു ആണ്….!
അവൾ എന്നെ നോക്കാതെ വിക്കി വിക്കി പറഞ്ഞു.
“അത് പറയുമ്പോൾ എന്താ ഒരുറപ്പില്ലാത്തത്”. ഞാൻ ചിരിയോടെ ചോദിച്ചു
“അത് നീ അന്വേഷിക്കണ്ട !.അവൾ തറപ്പിച്ചു പറഞ്ഞു. അത് എന്നിൽ ചെറുതായി ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല. അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
“എന്റെ കിടക്ക എടുത്ത് തന്നാൽ എനിക്ക് ഹാളിൽ കിടക്കായിരുന്നു. കൈ വയ്യാതോണ്ട്.എടുക്കാൻ കഴിയില്ല”. ഞാൻ കട്ടിലിൽ തല കുനിചിരിക്കുന്ന അവളോട് പറഞ്ഞു
എന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ അവൾ എന്റെ മുഖത്തെക്ക് നോക്കി.
“അല്ല ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ടം അല്ലാത്തതു കൊണ്ടല്ലേ വാതിൽ അടച്ചത്. ഞാൻ പുറത്ത് കിടന്നോളാം”
അവൾ ഇപ്പോഴും എന്നെ തറപ്പിച്ചു നോക്കി ഇരിക്കുകയാണ് .
