കണ്ണന്റെ അനുപമ – 4 6

ഞാൻ അച്ഛമ്മയുടെ കസേരക്കടുത്ത്‌ മുട്ടുകുത്തി ഇരുന്നോണ്ട് പറഞ്ഞു.

“അതിന് കാറ് എവിടുന്നാ…?

അച്ഛമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“ഒക്കെ നമ്മക്ക് ശരിയാക്കാ, ഞാൻ വീട്ടിൽ പോയിട്ട് വരട്ടെ…”

ഞാൻ ചുളുങ്ങിയ ആ വയറിൽ പിടിച്ചു തുളുമ്പിപ്പിച്ചു കൊണ്ട് പറഞ്ഞു.
അച്ഛമ്മ എന്നെ കളിയായി തല്ലാൻ കയ്യോങ്ങിയതും ഞാൻ എണീറ്റ് മാറി.

ഞാൻ ബൈക്കുമെടുത്ത്‌ ഇറങ്ങി. ആ പറഞ്ഞില്ലല്ലോ വത്സല വല്യമ്മയെ പറ്റി. വണ്ടൂർ ആണ് വീട്. രണ്ട് ആൺ മക്കളാണ്. വലിയ ആൾക്ക് നാൽപ്പത് വയസ്സ് കഴിഞ്ഞു.മുഖം നോക്കാതെ സംസാരിക്കുമെങ്കിലും വല്യമ്മ ആള് പാവം ആണ്. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചതാണ്. പിന്നെ ഒറ്റക്കാണ് മക്കളെ വളർത്തിയത്. ഉദ്യോഗം ഒന്നുമില്ലെങ്കിലും രണ്ട് പേരും നല്ല രീതിയിൽ ജീവിക്കുന്നു.പുള്ളിക്കാരി ഇപ്പോഴും തൊഴിലുറപ്പിന് പോണുണ്ട്. പക്ഷെ ഇന്ന് വന്നത് മാത്രം ആണ് എനിക്ക് പിടിക്കാഞ്ഞത്. ആ അമ്മു പോത്ത് കല്യാണകാര്യം രാവിലെ പറയാണെങ്കിൽ ലീവ് ആക്കായിരുന്നു.
അല്ല അവള് എന്താ കല്യാണത്തിന് ഇല്ലാന്ന് പറഞ്ഞത്?

വീടിനടുത്തുള്ള വളവ് എത്തുന്നതിനു മുന്നേ ഞാൻആരും ഇല്ലാന്ന് ഉറപ്പാക്കി വണ്ടി സൈഡ് ആക്കി അവളുടെ നമ്പർ ഡയൽ ചെയ്തു.ഒരു തവണ മുഴുവൻ റിങടിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. ഇതെന്ത് കൂത്ത്‌? ഞാൻ സംശയിച്ചു.കട്ടാക്കി വീണ്ടും വിളിച്ചു. ഭാഗ്യം രണ്ടാമത്തെ റിങ്ങിൽ അവൾ ഫോണെടുത്തു.

“ഹെലോ..”
അവളുടെ സ്വരം..

“എവിടെയാ പെണ്ണെ, എന്താ ഫോണെടുക്കാൻ ഇത്ര താമസം?

“ഏടത്തി ഇല്ലേ ഇവടെ ഞാൻ ഇപ്പോ തന്നെ കക്കൂസിന്നാണ് സംസാരിക്കുന്നെ..”

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അത് പോട്ടെ നീ എന്താ കല്യാണത്തിന് ഇല്ലാത്തെ?

“ഒന്നൂല്ല… അവൾ ചെറിയ പരുങ്ങലോടെ പറഞ്ഞു..

അമ്മൂ…..

എനിക്ക് നല്ല ദേഷ്യം വന്നു.അല്ല പിന്നെ അവൾക്കെന്താണേലും എന്നോട് പറഞ്ഞൂടെ.?
“അത് കൊറേ പ്രശ്നങ്ങൾ ണ്ട് കണ്ണാ….. “

അവൾ വിക്കി വിക്കി പറഞ്ഞു.

“എന്ത് പ്രശ്നം.. അത് പറ.. !
ഞാൻ സ്വരം കടുപ്പിച്ചു..

“അത് ഞാൻ പിന്നെ പറയാ…
നാളെ നിങ്ങൾ പൊയ്ക്കൊ ഞാൻ ഇല്ല… “

“നീ എന്ത് കോപ്പെങ്കിലും ചെയ്യ്..!
ഞാൻ ദേഷ്യത്തോടെ പറഞ്ഞ് ഫോൺ വെച്ചു.ബൈക്കെടുത്ത്‌ വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തുമ്പോൾ അമ്മ എന്നെയും കാത്ത് ഉമ്മറത്തു നിക്കുന്നുണ്ട്.

“എന്ത് പണിയാ ലച്ചൂ കാണിച്ചേ..
ഞാൻ ഉമ്മറത്തേക്ക് കയറി അമ്മയെ ചുറ്റിപിടിച്ചു

ഉം എന്ത് പറ്റി?

“നാളെ കല്യാണം ഉണ്ടായിട്ട് എന്നോടെന്താ പറയാഞ്ഞേ..

“അത് പറയാൻ അമ്മേടെ കുഞ്ഞു ഇന്നിപ്പോഴല്ലേ വരുന്നേ..”

ലച്ചു എന്റെ കാതിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു.

“എന്നാ ഇന്നലെ പറഞ്ഞൂടായിരുന്നോ തടിച്ചീ.. “

“നാല് ദിവസം മുന്നേ പറയാൻ നിന്റെ കല്യാണം ഒന്നും അല്ലല്ലോ..ചുമ്മാ ജാഡ കാണിക്കാതെ പോ ചെക്കാ !

“ഞാൻ വരുന്നില്ല നാളെ.. ഒറ്റക്കങ്ങോട്ട് പോയാ മതി ”
ഞാൻ ചമ്മല് മാറ്റാൻ പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് നടന്നു.

“നീ വരുന്നുണ്ടോന്നറിയില്ല, നാളെ എന്റെ മകനും ഞാനും രാവിലെ കല്യാണത്തിന് പോവും. അവന്റെ ഷർട്ടും പാന്റും ഒക്കെ ഞാൻ അയൺ ചെയ്ത് വെച്ചിട്ടുണ്ട്.

അമ്മ എന്നെ നോക്കാതെ പറഞ്ഞുകൊണ്ട് ചായ എടുത്ത് വെക്കാൻ തുടങ്ങി. അത് കേട്ടതോടെ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി.

“വല്യമ്മ വന്നിട്ട്ണ്ട്……

ഉം.. ഞാനറിഞ്ഞു.. എന്നെ വിളിച്ചായിരുന്നു.

അമ്മ എന്നോട് പറഞ്ഞുകൊണ്ട് പത്രത്തിൽ നിന്ന് രണ്ട് മൂന്ന് ചപ്പാത്തി എടുത്ത് എന്റെ പ്ലേറ്റിൽ വെച്ചു.

“അമ്മു പോരുന്നില്ലേ നാളെ..?

“ആ എനിക്കറിയൂല.. ഞാൻ ചോദിച്ചില്ല.”

ഞാൻ ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു.

“ആ പെണ്ണ് എവിടേക്കും പോരൂല. ആ കൂടിന്റെ ഉള്ളിൽ തന്നെ എന്നും! അല്ല ഉണ്ണിക്കും അതാണ് സന്തോഷം.. “

അമ്മ ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് പോയി.
ആ കൂടൊക്കെ ഞാൻ പൊളിക്കും ലച്ചൂ, എന്നിട്ടെന്റെ പെണ്ണിനേം കൊണ്ട് ഞാൻ പറക്കും ഈ ലോകം മൊത്തം !ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് കഴിക്കാനാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *