“തല്‍ക്കാലം മോന്‍ സ്വന്തം കാലില്‍ നിവര്‍ന്നൊന്നു നില്‍ക്ക്..പിന്നെ ആലോചിക്കാം കുടീം വടീം..”
“ഓ ഓ..ഇനി എന്നാണാവോ സ്വന്തം കാലേല്‍ നിന്നു വടി നടക്കുക….”
“നീ ഇവിടെ നില്‍ക്ക്..ഞാന്‍ ആ കൌണ്ടറില്‍ ഇരിക്കുന്നവനോട് ചോദിച്ചിട്ട് വരാം രാജീവ് ഉണ്ടോന്ന്….” റോയ് ബാറിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ പറഞ്ഞു. ശിവന്‍ തലയാട്ടി.
റോയ് ബാറിന്റെ ഉള്ളില്‍ കയറി. അരണ്ട വെളിച്ചത്തിലിരുന്നു ഉറക്കെ സംസാരിച്ചുകൊണ്ട് മദ്യപിക്കുന്ന ആളുകളുടെ ഇടയിലൂടെ തിരക്കിട്ട് നടക്കുന്ന ബെയറര്‍മാര്‍. മദ്യവും സിഗരറ്റിന്റെ പുകയും കലര്‍ന്ന അസഹ്യമായ ഗന്ധം റോയിയെ എതിരേറ്റു. എല്ലാ സീറ്റുകളിലും ആളുണ്ട്. കുറേപ്പേര്‍ കൌണ്ടറില്‍ നിന്നുകൊണ്ട് കുടിക്കുന്നു. കൌണ്ടറില്‍ ബില്ലടിച്ചു പണം വാങ്ങുന്ന ചെറുപ്പക്കാരന്റെ സമീപത്തേക്ക് റോയ് ചെന്നു.
“എക്സ്ക്യൂസ് മി…” അവന്‍ അയാളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
“യെസ്..”
“ഈ ബാറിന്റെ ഓണര്‍ മിസ്റ്റര്‍ രാജീവ് ഇവിടെയുണ്ടോ?”
“ഉണ്ട്..റൂം നമ്പര്‍ ഏഴില്‍ കാണും…”
“ഒകെ.താങ്ക്സ്…”
റോയ് പുറത്തിറങ്ങി. ശിവന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
“എടാ അവന്‍ ഏഴാം നമ്പര്‍ മുറിയിലുണ്ട്..നമുക്കങ്ങോട്ടു പോകാം…”
ഇരുവരും ബാറിനോട് ചേര്‍ന്ന് മുകളിലുള്ള ഹോട്ടല്‍ മുറികളുടെ ഭാഗത്തേക്ക് പടികള്‍ കയറി. ഏഴാം നമ്പര്‍ മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര്‍ നിന്നു.
“മുട്ടട്ടെ?” റോയ് ചോദിച്ചു. ശിവന്‍ മൂളി. ഇരുവരുടെയും മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു. റോയ് മെല്ലെ കതകില്‍ മുട്ടി.
“യെസ്..കമിന്‍…”
ഉള്ളില്‍ നിന്നും ആരോ പറയുന്നത് അവര്‍ കേട്ടു. മെല്ലെ കതക് തള്ളിത്തുറന്ന് ഇരുവരും ഉള്ളില്‍ കയറി. മനോഹരമായി അലങ്കരിച്ചിരുന്ന മുറിയില്‍ വിശാലമായ സോഫയില്‍ കൈയില്‍ ഒരുഗ്ലാസ് മദ്യവുമായി രാജീവും അടുത്തുതന്നെ ഷാഫിയും ഉണ്ടായിരുന്നു. ഷാഫി ഗ്ലാസിലേക്ക് ഐസ് ക്യൂബ് ഇട്ടുകൊണ്ട് കയറി വന്ന റോയിയെയും ശിവനെയും നോക്കി. അവരെ കണ്ടപ്പോള്‍ രാജീവിന്റെ മുഖം വലിഞ്ഞു മുറുകി. തങ്ങളെ അവനറിയാം എന്ന് റോയിക്ക് മനസിലായി. രാജീവ് ഷാഫിയെ നോക്കി. അവന്‍ കണ്ണിറുക്കി.
“ആരാ..എന്ത് പറ്റി? താഴെ ബാറില്‍ വല്ല പ്രശ്നവും?” ഷാഫി ആയിരുന്നു ചോദ്യത്തിന്റെ ഉടമ.
“സോറി..ഞങ്ങള്‍ ബാറില്‍ വന്നതല്ല..മിസ്റ്റര്‍ രാജീവിനെ കാണാനായി വന്നതാണ്…” റോയ് പുഞ്ചിരിയോടെ പറഞ്ഞു.
“ഓക്കേ..ഇരിക്ക്..” രാജീവ് അവരെ ക്ഷണിച്ചു. ഇരുവരും അവനെതിരെ സോഫയില്‍ ഇരുന്നു.
“കഴിക്കുമോ…ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യട്ടെ..” രാജീവ് ആതിഥ്യ മര്യാദയോടെ ചോദിച്ചു.
“നോ താങ്ക്സ്…” റോയ് അത് നിരസിച്ചു.
“എങ്കില്‍ ടൈം വേസ്റ്റ് ചെയ്യണ്ട..എന്താ എന്നെ കാണാന്‍ വന്നതിന്റെ കാരണം?” മദ്യം സിപ് ചെയ്തുകൊണ്ട് രാജീവ് ചോദിച്ചു.
“മിസ്റ്റര്‍ രാജീവ്..ഇഫ് യു ഡോണ്ട് മൈന്‍ഡ്…ഞങ്ങള്‍ക്ക് താങ്കളോട് മാത്രമായി ഒന്ന് സംസാരിക്കണമായിരുന്നു….” റോയ് ഷാഫിയെ നോക്കി. അവന്റെ മുഖത്ത് കോപം ഇരച്ചു കയറുന്നത് അവര്‍ ശ്രദ്ധിച്ചു.
“എന്നോട് പറയുന്ന എന്തും ഇവനും കേള്‍ക്കാം..ഹി ഈസ് മൈ ക്ലോസ് ഫ്രണ്ട്…” രാജീവ് റോയിയുടെ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞു. റോയ് ശിവനെ നോക്കി. അവന്‍ പറഞ്ഞോളൂ എന്ന് കണ്ണ് കാണിച്ചു.
“മിസ്റ്റര്‍ രാജീവ്..ഞങ്ങള്‍ പറയാന്‍ പോകുന്നത് ഒരു പക്ഷെ താങ്കള്‍ക്ക് അനിഷ്ടം തോന്നാന്‍ ഇടയുള്ള കാര്യമാണ്..അതുകൊണ്ട് അഡ്വാന്‍സ് ആയി ക്ഷമ ചോദിക്കുകയാണ്..” റോയി ക്ഷമാപണത്തോടെയും കരുതലോടെയും തുടങ്ങി.
“ഇരുന്നു മണമണാ പറയാതെ കാര്യം പറഞ്ഞിട്ട് പോടാ….” ഷാഫി കോപത്തോടെ പറഞ്ഞു. റോയ് അവനെ ഒന്ന് നോക്കിയിട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി. ശിവന്‍ മുഷ്ടി ചുരുട്ടുന്നത് റോയ് ഇടങ്കണ്ണിലൂടെ കണ്ടു.
“മിസ്റ്റര്‍ രാജീവ്..ഒരു കാര്യം അപേക്ഷിക്കാനാണ് ഞങ്ങള്‍ വന്നത്..റീന എന്റെ സഹോദരിയാണ്…താങ്കള്‍ക്ക് അവളെ ഇഷ്ടമാണ് എന്ന് ഞാനറിഞ്ഞു..പക്ഷെ അവള്‍ പഠിക്കുന്ന കുട്ടിയാണ്..പഠനത്തിനിടെ ഇതുപോലെയുള്ള കാര്യങ്ങള്‍ അവളുടെ ഭാവിയെത്തന്നെ ബാധിക്കും..അതുകൊണ്ട് താങ്കള്‍ ദയവു ചെയ്ത് അവളെ വെറുതെ വിടണം…മാത്രമല്ല ഇതിന്റെ ആവശ്യം താങ്കള്‍ക്കുണ്ടോ? ഇത്ര നല്ല നിലയില്‍ ജീവിക്കുന്ന താങ്കള്‍ക്ക് അവളെക്കാള്‍ സുന്ദരികളായ ഏതു പെണ്ണിനേയും കിട്ടില്ലേ…” റോയ് സൌമ്യമായി പറഞ്ഞിട്ട് അവന്റെ പ്രതികരണത്തിനായി നോക്കി.
