തന്നെ എന്ത് പരിചയമുണ്ട്?!! ഒന്നുമില്ല, എന്നിട്ടും വെട്ടിത്തുറന്ന് സത്യങ്ങൾ പറയുന്നു.
ബാക്കി ആരാണെന്നുള്ള ചോദ്യങ്ങൾക്ക് ചിരിയോടെയുള്ള ഒഴിവാക്കലായിരുന്നു മറുപടി. അധികം കിള്ളിക്കിഴിച്ച് ചോദിക്കാൻ പോയാൽ,
”അപ്പം തിന്നാൽ പോരെ, കുഴിയെണ്ണണോ?” എന്ന് അവൾ ചോദിക്കും, അതിന്റെ വ്യാഗ്യാർത്ഥത്തോടെ തന്നെ! അത് ശ്യാമിന് കുറച്ചിലും ആകും.
ആ ദിവസം രാത്രി അവർ പതിവുപോലെ ഫോണിൽ സംസാരിച്ചു. ഗൗരി വേണ്ടിവന്നാൽ മദ്യപിക്കും. കള്ളാണ് ഏറ്റവും ഇഷ്ടം. പിന്നെ മീൻ പീര, കൂന്തൽ മുതലായവയൊക്കെ ഇഷ്ടമാണ്. ഇറച്ചി അത്ര കഴിക്കില്ല.
പീറ്ററും ഒരു സീ-ഫുഡ് കൊതിയനാണല്ലോ എന്ന് ശ്യാം സാന്ദർഭികമായി ഓർത്തു!!
പീറ്റർ ഒരു ദിവസം അവളെ കയറിപ്പിടിച്ചെന്നും അവൾ മുഖത്തടിച്ചെന്നും ആണ് പറഞ്ഞ മറ്റൊരു കഥ!! എന്നിട്ടാണോ അതേ സ്ഥാപനത്തിൽ വീണ്ടും ജോലി തുടരുന്നത്? ഏതായാലും ആ കഥയൊന്നും ശ്യാം വിശ്വസിച്ചില്ല.
പീറ്റർ അതിനൊന്നും മടിക്കുന്ന ആളല്ല, എന്നാൽ ശ്യാമിന്റെ കാഴ്ച്ചപ്പാടിൽ ഗൗരിയായിരിക്കും പീറ്ററിനെ കയറിപ്പിടിച്ചിട്ടുണ്ടാകുക!!
ഗൗരിക്ക് എന്തോ കാരണത്താൽ പീറ്ററിനോട് ദേഷ്യമുണ്ട്. കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഗൗരിയെ ഒരു സ്റ്റാഫ് ആയി മാത്രം പിന്നെയും പീറ്റർ കരുതുന്നതിന്റെ വൈരാഗ്യം; അല്ലാതെ പിന്നെന്താണ്?
ഗൗരി പറയുന്നത് പലതും ഒട്ടും വിശ്വാസയോഗ്യമല്ല എന്ന് ശ്യാമിന് മനസിലായി. മാത്രവുമല്ല നാളെ ശ്യാമിനോടും ഇതു തന്നെയായിരിക്കാം ഗൗരിയുടെ മനോഭാവം എന്നും തോന്നി. അതൊന്നും അവൻ പുറത്ത് കാണിച്ചില്ല.
അടുത്ത ദിവസം അവർ കണ്ടപ്പോൾ ശ്യാം പിന്നെയും കാര്യങ്ങൾ ഓരോന്നായി ചോദിച്ചു മനസിലാക്കി.
ഗൗരിക്ക് ഒരു കാമുകനുണ്ട്. അങ്ങേയറ്റം നല്ലവൻ, സർവ്വഗുണ സമ്പന്നൻ. പക്ഷേ കല്യാണത്തിന് മുൻപ് അവളെ തൊടുക പോലും ഇല്ല എന്ന് ശപഥം ചെയ്തവൻ.
ഒരു തവണ സിനിമയ്ക്ക് തീയറ്ററിൽ പോയിട്ട് ഒന്ന് സ്പർശിച്ചു പോലുമില്ല. അത് അവൾക്ക് നന്നായി സ്‌ട്രൈക്ക് ചെയ്തു എന്ന് പല തവണ പറഞ്ഞതിൽ നിന്നും ശ്യാമിന് മനസിലായി.
ഗൗരിക്ക് അതുപോലുള്ള അനശ്വര പ്രണയത്തിലൊന്നും വിശ്വാസമില്ല. കാമുകനുമായി അടുപ്പമുള്ളപ്പോൾ തന്നെയാണ് മറ്റ് നാലു പേരോടും ബന്ധപ്പെട്ടത്.
അത് അറിഞ്ഞപ്പോൾ ശ്യാമിന് വിഷമമായി.
അത് മനസിലാക്കിയ ഗൗരി പറഞ്ഞു
“ഞങ്ങൾ സ്‌നേഹത്തിലാണ് എന്നത് ശരി തന്നെ; എന്നാൽ അവൻ എന്നെ കെട്ടാനൊന്നും പോകുന്നില്ല. ജോലി എന്നും പറഞ്ഞ് അന്യനാട്ടിലെവിടെയോ പോയിരിക്കുകയാണ്. വിളിക്കില്ല, കത്തെഴുതില്ല, നാട്ടിൽ വന്നാൽ പോലും കല്യാണക്കാര്യം കേൾക്കുന്നതേ ഇഷ്ടമല്ല. ജീവിതത്തിൽ രക്ഷപെടണം എന്ന ചിന്ത മാത്രമേയുള്ളൂ. അതിന് പണമുണ്ടാക്കണം, അതാണ് എപ്പോഴും ചിന്ത. അല്ലാതെ സ്ത്രീക്ക് എന്താണ് വേണ്ടത് എന്നൊന്നും അറിയില്ല. എനിക്ക് മടുത്തു.. അടുത്തു തന്നെ ആ ബന്ധം അവസാനിക്കും.”
അപ്പോൾ അതാണ് കാര്യം..ശ്യാം ഗൗരിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു.
അവൾ യൗവ്വനം തുടിക്കുന്ന യുവതിയാണ്. എല്ലാ തരത്തിലും ഒരു ആണിനെ തൃപ്തിപ്പെടുത്താൻ കഴിവുള്ളവൾ. അവൾക്ക് വേണ്ടത് കിട്ടാതെ വന്നപ്പോൾ സ്വയം തേടിപ്പോയതിന് കുറ്റം പറയാൻ പറ്റില്ല.
എന്നിരുന്നാലും ശ്യാമിന്റെ ഫിലോസഫിക്ക് ചേരുന്നതായിരുന്നില്ല ഗൗരിയുടെ രീതികൾ.
പക്ഷേ വികാരം ഭരിക്കുകയാണ്. ഗൗരി എപ്പോൾ വേണമെങ്കിലും എന്തിനും റെഡിയാണ് എന്ന് സംസാര രീതിയിൽ നിന്നും അറിയാം, മാത്രവുമല്ല അവളെ താൻ വിവാഹം കഴിക്കണം എന്ന താൽപ്പര്യം ഒന്നും അവൾക്കില്ല താനും.
ഗൗരിക്ക് വീട്ടിൽ കഷ്ടപ്പാടാണ്. ഒരു ചേച്ചിയെ കെട്ടിക്കാതെ നിൽക്കുന്നു. ആങ്ങളമാർ ഉള്ളത് എല്ലാം അലമ്പൻമാരാണ്. ജോലിക്കു പോയി കിട്ടുന്നത് കള്ളുകുടിക്കാൻ തികയാത്തവർ. വീട്ടിലെ കാര്യങ്ങൾ നടക്കണമെങ്കിൽ ഗൗരിയുടെ ശമ്പളവും, ചേച്ചി ബീഡി തെറുത്ത് കിട്ടുന്നതും വേണം.
പേഴ്‌സിൽ നിന്നും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുത്തു കാണിച്ചു. സുന്ദരിയായ ഒരു യുവതി. ഗൗരിയുടെ ചേച്ചിയാണ്, ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിക്ക് വിവാഹം നടക്കാത്തതിൽ അവൻ അത്ഭുതപ്പെട്ടു, അത് ചോദിക്കുകയും ചെയ്തു.
