“മ്മ്… ഇന്നവൻ കോളേജിൽ വന്നിരുന്നു… എന്നെ കാണാൻ വേണ്ടി മാത്രം… സ്റ്റാഫ് റൂമിന്റെ വെളിയിൽ കിടന്നവൻ പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയത കക്ഷിയെന്നെ തന്നെ തേടി വന്നതാണെന്ന്…”
“എന്നിട്ടോ…?
ബാക്കിയറിയാനുള്ള ത്വരയോടെ നീതു ഒരു കൈകൊണ്ടു തലക്ക് താങ്ങു കൊടുത്തിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു
“എന്തൊക്കെ പറഞ്ഞാലും ഞാനവന്റെ ക്ലാസ്സ് ടീച്ചർ അല്ലേ… അതുകൊണ്ട് തന്നെ വായിനോക്കാൻ മാത്രമായിരിക്കും അവന്റെയുദ്ദേശമെന്ന് കരുതിയാ ഞാനവിടേക്ക് ചെന്നത്… പാവത്തിനാണേൽ എന്നെ കാണുമ്പോളെ വിയർക്കാനും വിറക്കാനുമൊക്കെ തുടങ്ങുമെടി… ഒന്ന് കളിപ്പിച്ചു വിടാമെന്ന് കരുതി ഞാനും നിന്നു…”
“എന്നിട്ടു കളിപ്പിച്ചോ…?
ഒരാക്കി ചിരിയോടെ നീതു ചോദിച്ചു…
“ഹ്മ്മ്… അവനെ പറ്റിക്കാൻ ചെന്ന എന്റെ മനസ്സെടുത്തവനൊരു കളി കളിച്ചു…!
നാണം നിറഞ്ഞ മുഖവുമായി മുകളിലേക്ക് തന്നെ നോക്കി കിടന്ന ചാരുവിനെ കണ്ട നീതും പിന്നേം ചോദിച്ചു
“തെളിച്ചു പറയെടി പോത്തേ…?
“തെളിച്ചും മറിച്ചും പറയാൻ ഒന്നുമില്ല… അവൻ വന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഒരുപാട് ഇഷ്ടമാണെന്ന്….. ആള് വീട്ടിലൊക്കെ ചോദിച്ചെന്ന പറഞ്ഞെ… അവർക്കൊക്കെ സമ്മതമാണെന്ന് ഇവനാരെ ഇഷ്ടപ്പെട്ടാലും….”
“ന്നിട്ട് നീയെന്തു പറഞ്ഞു..?
“ഞാൻ എന്ത് പറയാനാ നീതുവെ.. വായിൽ നാവു കിടക്കുന്നുണ്ടോ എന്ന് പോലുമെനിക്ക് അറിയാത്ത പോലെയായി…. അവനെന്റെ കയ്യിൽ പിടിച്ചതൊന്നും ഞാനറിഞ്ഞില്ല…. പിന്നെ നീ പറഞ്ഞത് പോലെ തന്നെ തക്കാളി പോലെ ചുവന്ന കവിളാണെന്ന് പറഞ്ഞവിടെയും തലോടി….”
“ആഹ് ബെസ്റ്റ്… ബസ്സില് വച്ചു പുറത്തു തട്ടിയെന്ന് പറഞ്ഞല്ലെടി നീ കഴിഞ്ഞമാസമൊരുത്തന്റെ അണപ്പല്ലടിച്ചു പറിച്ചത്… എന്നിട്ടിപ്പോ എങ്ങു നിന്നോ വന്നൊരുത്തൻ കവിളും പിടിച്ചു പോയെന്ന് പറഞ്ഞിരുന്നു കുളിരു കോരുന്നു… ഇതേ.. ഇതൊണ്ടല്ലോ അസുഖം മറ്റേതാ..”
“മറ്റേതോ…?
സംശയം നിറഞ്ഞ കണ്ണുകളുമായി ചാരു അവളെ നോക്കി
“ആ മറ്റേത് തന്നെ… പ്രേമം… പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ആണെന്ന വല്യ വല്യ ആൾക്കാരൊക്കെ പറയണത്… ഒള്ള ബോധവും പോയി ഏത് നേരവും സ്വപ്നലോകത്തായിരിക്കുമവർ…”
എല്ലാം അറിയുന്നൊരു ഞ്യാനിയെപ്പോലെ നീതു പറഞ്ഞു… ഇതെല്ലാം കേട്ടിട്ടും ചാരുവിനു മാത്രമൊരു കൂസലുമില്ലാത്തത് ഇടയ്ക്കവൾ ശ്രദ്ധിക്കുകയും ചെയ്തു…
“ചാരു… നീ ഇപ്പൊ നടക്കുന്നത് മാത്രം ചിന്തിക്കല്ലേ… ഭാവിയെ കുറിച്ച് കൂടിയൊന്ന് ആലോചിക്ക്… നിന്റെ profession, വീട്ടുകാർ, അങ്ങനെ ഉള്ളതെല്ലാം… ഇതൊക്കെ ചിലപ്പോളവന്റെ പ്രായത്തിന്റെ തോന്നലുകൾ ആണെങ്കിലോ….?
വളരെ പക്യതയെത്തിയ ആളെപ്പോലെ അവൾ പറഞ്ഞു… നീതുവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്ന് തോന്നിയ ചാരു വാടിയ മുഖവുമായി ബെഡിൽ എണീറ്റിരുന്നു….
അത് കണ്ട നീതുവിനും വിഷമമായി…
“എടാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…”
“അറിയാം നീതു… ഞാനും ആദ്യമേ ഇങ്ങനെയൊക്കെ ചിന്തിച്ചതാ… അതവനോട് പറയുകയും ചെയ്തു… വെറുമൊരു അട്ട്രാക്ഷൻ മാത്രമാണ് ഇതെങ്കിലോ എന്ന്…. പക്ഷെ ഇന്നവനെന്നെ കാണാൻ വന്നത് പോലും എന്റെയാ ചോദ്യങ്ങൾക്കുള്ള മറുപടിയും കൊണ്ടാടി….എനിക്ക് ഒറപ്പ് ആയിരുന്നു അവനിന്നാ ഇഷ്ടം തുറന്ന് പറഞ്ഞത് പോലും യാതൊരു മുന്നൊരുക്കം പോലുമില്ലാതെ ആണെന്ന്.. പക്ഷെ അറിയില്ലെടി എന്താണെന്ന്… ഞങ്ങൾ പരസ്പരം അടുത്തു നിൽകുമ്പോ പോലും നീ മുന്നേ പറഞ്ഞയാ ബോൾഡ് ആയ ചാരുലതയായിട്ടല്ല ഞാനവിടെ നിൽക്കുന്നത്…. അവന്റെയാ ചാരുവെന്ന വിളി കേൾക്കാൻ മാത്രം കൊതിക്കുന്നൊരു പെണ്ണായിട്ട.. വെറുമൊരു പെണ്ണായിട്ട്…. അവനും അങ്ങനെയാ… ആ കണ്ണിലെനിക്ക് കാണാൻ പറ്റുമെടി എന്തോരം സ്നേഹം എന്നോട് ഉണ്ടെന്ന്…. ഇതുകൊണ്ടൊക്കെയാ എല്ലാം മറന്നു ഞാനവിടെ നിന്ന് പോകുന്നത്…”
