കൂടാതെ അവൾ ഒരിക്കൽ സൈക്കിളിൽ നിന്നും വീണു അത് മുഴുവൻ കൂട്ടുകാരും കണ്ടു എല്ലാവരും കളിയാക്കി ചിരിച്ചു. അതിന് ശേഷം അവൾ ഇങ്ങനയാ. ആരെങ്കിലും അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയാൽ അവൾ വിറയൽ വരും വിയർത്തു കുളിക്കും ചിലപ്പോൾ ബോധം കെട്ടു വീണെന്നും വരും അത്രതന്നെ.”
“എന്നിട്ട് ആരെയും കാണിച്ചില്ലേ?”
“കാണിക്കാതെ പിന്നെ ?. എന്ത് കാര്യം ഇതൊക്കെ മനസ്സിന്റെ ഓരോ കളികൾ അല്ലേ? ചിലരൊക്കെ അങ്ങനയാ . അതാ ഞാൻ പറഞ്ഞത് ഇതിനെല്ലാം വീട്ടുകാരെ പറഞ്ഞാമതി എന്ന്. എന്തിനും ധൈര്യം കൊടുത്തു വേണം മക്കളെ വളർത്താൻ..”
“എന്നിട്ട് നീ അങ്ങനെ അല്ലല്ലോ? ”
“അതെന്റെ മിടുക്ക്. എല്ലാവരും ഒരുപോലെ അല്ലല്ലോ.. അവൾക്ക് ജന്മനാ ഇത്തിരി പേടിയുണ്ട് . അതിന്റെ അച്ഛന്റെയും അമ്മയുടെയും ഓരോ ഡയലോഗ് കാരണം അവൾ കൂടുതൽ ഇങ്ങനെ ആയി. ”
“ഒക്കെ ശരിയാവും ഡീ ”
“ശരിയായ അവൾക്ക് കൊള്ളാം. അല്ലാതെ ഇതിനിപ്പം ഞാൻ എന്ത് ചെയ്യാനാ ”
അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർ അമൃതയെ പെണ്ണ് കാണാൻ എത്തിയിരുന്നു.
“ഞാൻ ജയദേവൻ.. ഇത് എന്റെ ഭാര്യ ജ്യോതി. ഇത് ഞങ്ങളുടെ മകൻ ജീവൻ. ഇവനാണ് ചെക്കൻ. ഇവന് ഒരു ഏട്ടൻ കൂടെയുണ്ട് .. ജയൻ.. അവൻ പുറത്താണ് ഷാർജയിൽ.”
അമൃതയെ പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛൻ അവരെ സ്വയം പരിചയപെടുത്തി..
“എന്നാൽ ഇനി ഞങ്ങളെ പരിചയപെടുത്താം… ഞാൻ കൃഷ്ണചന്ദ്രൻ.. ഇത് എന്റെ ഭാര്യ രാധാമണി .. ഞങ്ങൾക്ക് രണ്ട് മക്കൾ ആണ്.. രണ്ടു പെൺമക്കൾ.. അമൃതയും വർഷയും . ഇതിൽ അമൃതയാണ് മൂത്തത്… മൂത്തത് എന്നു പറഞ്ഞാൽ മൂന്നു മിനുട്ട് മൂത്തത്.. രണ്ടാളും ഇരട്ടകൾ ആണ്.. അമൃതയാണ് കല്യാണ പെണ്ണ്. വർഷ ജോലിക്ക് ശ്രമിക്കുന്നു.. ജോലി കിട്ടിയിട്ടേ കെട്ടൂ എന്ന് പറഞ്ഞ അവൾ നിൽക്കുന്നത്… ടീച്ചർ ആകാനാണ് അവൾക്ക് ഇഷ്ട്ടം. അതും സർക്കാർ സർവീസിൽ.. അതിനിടയിലും ഏതോ പ്രൈവറ്റ് സ്കൂളിൽ ജോലി നോക്കുന്നുണ്ട്.. ഇന്ന് ഏതോ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാ.. ചിലപ്പോൾ ഇപ്പോൾ തന്നെ എത്തും. “”
അതോടെ പരിചയപ്പെടൽ കഴിഞ്ഞു..
“എന്നാൽ നമുക്ക് ഓരോ ചായ കുടിച്ചിട്ട് കാര്യത്തിലേക്ക് കടന്നാലോ? കൃഷ്ണചന്ദ്രൻ ചോദിച്ചു.
“അതിനെന്താ … ആയിക്കോട്ടെ . ചായയും കുടിക്കാം പെണ്ണിനേയും കാണാം..” ജയദേവൻ പറഞ്ഞു.
” രാധേ മോളോട് ചായ കൊണ്ടുവരാൻ പറഞ്ഞേ.. ” കൃഷ്ണചന്ദ്രൻ പറഞ്ഞു.
രാധാമണി കൃഷ്ണചന്ദ്രന്റെ ചെവിയിൽ എന്തോ പറഞ്ഞു.
” അവൾക്ക് ഇത്തിരി നാണം കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്.. അതുകൊണ്ട് ജീവൻ ആദ്യം അവളെ തനിച്ചു ഒന്ന് കാണ്.. എന്നിട്ട് ജീവന് ഇഷ്ട്ടം ആയാൽ പിന്നെ എല്ലാവർക്കും കാണാലോ.. അപ്പോഴേക്കും നമുക്ക് ചായ കുടിക്കാം.. ” കൃഷ്ണചന്ദ്രൻ പറഞ്ഞു..
“ഈ കാലത്തും ഇത്രയും നാണം ഉള്ള പെണ്ണോ ?.. എന്നാൽ പിന്നെ അങ്ങനെ ഒരു പെണ്ണിനെ ഒന്ന് കാണണമല്ലോ … നീ വാടാ മോനെ..?” ജ്യോതി ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു .
“ഏതാ മോളുടെ മുറി..?” ജ്യോതി ചോദിച്ചു.
രാധാമണി. മുറി കാണിച്ചു കൊടുത്തു.. എന്നിട്ട് അവരേയും കൂട്ടി മുറിയിലേക്ക് നടന്നു.. അവിടെ ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അമൃത.
മൂന്നുപേരും മുറിയിലേക്ക് കയറി. ആ ശബ്ദം കേട്ട് അമൃത തിരിഞ്ഞു നോക്കി .. സാരിയാണ് അവളുടെ വേഷം.. കണ്ണെഴുതി നെറ്റിയിൽ ചന്ദനകുറിയും വരച്ചു ഒരു നാടൻ ഗ്രാമീണ പെൺകൊടി.. പക്ഷെ അപ്പോഴേക്കും അവൾ വിയർക്കാൻ തുടങ്ങിയിരുന്നു..
ജ്യോതി അമൃതയുടെ അടുത്ത് വന്നു. അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു.
” ഇത്രയും സുന്ദരി ആയിട്ടാണോ ഇങ്ങനെ നാണിച്ചു നിൽക്കുന്നത്..? മോള് വല്ലാതെ വിയർക്കുന്നുണ്ടല്ലോ..? എന്നെ മോന്റെ അച്ഛൻ പെണ്ണ് കാണാൻ വന്നപ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു… പക്ഷെ അതൊക്കെ പഴയ കാലം.. മോള് ഇങ്ങ് വന്നേ ”
