“ആ അതെ വർഷ. ചേച്ചി വിളിക്കാൻ പറഞ്ഞിട്ട് വിളിച്ചതാ.. ഞാൻ ചേച്ചിക്ക് കൊടുക്കാം.. അല്ല എന്നോട് സംസാരിച്ചാൽ മതിയെങ്കിൽ അങ്ങനെ.”
ജീവൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
‘അത് ഇപ്പോൾ പറഞ്ഞാൽ.. എന്റെയും അമൃതയുടേയും വിവാഹം കഴിഞ്ഞാൽ വർഷ എന്റെ അനിയത്തി അല്ലേ.. അപ്പോൾ വർഷയോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഇല്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് അമൃതയോട് സംസാരിക്കാൻ ആണ്.. അതിരിക്കട്ടെ വർഷ ഇന്ന് ഏതോ ഇന്റർവ്യൂന് പോയിരിക്കുകയാണ് എന്ന് അറിഞ്ഞു.. എന്നിട്ട് എന്തായി.? ”
“എന്താകാൻ എന്റെ ജീവേട്ടാ.. ”
വർഷ അറിയാതെ അങ്ങനെ ആണ് പറഞ്ഞു തുടങ്ങിയത്…
അവർക്ക് എക്സ്പീരിയൻസ് ഉള്ള ആളെ വേണം പോലും.. ജോലി കിട്ടാതെ എങ്ങനെ എക്സ്പീരിയൻസ് ഉണ്ടാകാനാ.. അതിന് ആദ്യം എവിടെയെങ്കിലും ഒന്ന് ജോലി കിട്ടേണ്ട.. പക്ഷെ അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… ഇന്നത്തെ എന്റെ പെർഫോമൻസിൽ അവർ വീണു കാണും ”
ജീവൻ വീണ്ടും ചിരിച്ചു.. എന്നിട്ട് വീണ്ടും ചോദിച്ചു.
“ഏത് സ്കൂളിൽ ആണ്.?”
“ഇവിടെ അടുത്തുള്ള ഒരു ക്രിസ്ത്യൻ മാനേജ്‍മെന്റ് നടത്തുന്ന സ്കൂളിൽ ആണ്.. കിട്ടിയാൽ ഭാഗ്യം നല്ല പണവും കിട്ടും വീട്ടിൽ തന്നെ നിൽക്കുകയും ചെയ്യാം….. പിന്നെ ഒരു സർക്കാർ സ്കൂൾ ആണ് എന്റെ ലക്ഷ്യം. അല്ല അതിരിക്കട്ടെ ഫോൺ വിളിച്ച ഉടനെ ചൂടായിട്ട് പറയുന്നത് കേട്ടാല്ലോ… ഏതോ പ്രധാന കാൾ കാത്തു നിൽക്കുകയാണെന്ന് . അത് ചേച്ചിയുടെ കാൾ ആണോ?”
“ആണോ എന്ന് ചോദിച്ചാൽ അതേ…. ഒരു അഹങ്കാരത്തിന് പറഞ്ഞു പോയി ഇഷ്ട്ടം അല്ലെങ്കിൽ വിളിക്കേണ്ട.. ഇഷ്ട്ടം ആണെങ്കിൽ പുറത്ത് നിന്ന് സംസാരിക്കാം എന്ന്. രാവിലെ കണ്ടിട്ടു രാത്രി ഇത്ര വൈകിയിട്ടും വിളിക്കാത്തത് കണ്ടപ്പോൾ ഞാൻ കരുതി എന്നെ ഇഷ്ട്ടം ആയികാണില്ലേ എന്ന് .. ആ സങ്കടത്തിലും ദേഷ്യത്തിലും ആയിരുന്നു. അതാ ഞാൻ അങ്ങനെ പറഞ്ഞത്.. സോറി.”
“സോറി ഒന്നും പറയേണ്ട. സങ്കടപെടുകയും വേണ്ട.. പുറത്ത് എവിടെ വെച്ച് കാണണം എന്ന് ചോദിക്കാൻ വിളിച്ചതാ.. ഞാൻ ഒന്ന് സംസാരിക്കാം എന്ന് കരുതി ആദ്യം എടുത്തു എന്നേ ഉള്ളൂ.. ഞാൻ ചേച്ചിക്ക് കൊടുക്കാം.”
അതും പറഞ്ഞു വർഷ ഫോൺ അമൃതയ്ക്ക് നേരെ നീട്ടി.. എന്നാൽ അമൃത ഫോൺ വാങ്ങാതെ വർഷയോട് തന്നെ സംസാരിക്കാൻ കൈകൊണ്ട് കാണിച്ചു പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു.
“ആ! ജീവേട്ട അമൃതയാണ് ”
വർഷ സംസാരം കുറച്ചുകൂടെ സ്വീറ്റ് ആക്കി അമൃതയെപോലെ സംസാരിച്ചു.
“അമൃതയുടെ അനിയത്തി സൂപ്പർ ആണല്ലോ. എന്തായാലും വിളിച്ചപ്പോൾ ആണ് സമാധാനം ആയത്.
ഇത്രയും സമയം വിളിക്കാത്തത് കൊണ്ട് ഞാൻ കരുതി തനക്ക് എന്നെ ഇഷ്ട്ടം ആയില്ലെന്ന്..” ജീവൻ പറഞ്ഞു.
“അത് പിന്നെ ജീവേട്ട.. വർഷ വരാൻ വൈകി.. അവളോട് പറയാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല.. പിന്നെ അവളുടെ കൂടെ അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിപ്പോയി.. അതാ !!”
“ഏയ്!! സാരമില്ല. ഏട്ടന്റെ വിവാഹം കഴിയുന്നവരെ ഞാനും ഏട്ടന്റെ കൂടെയാ കിടന്നത്. അതും ഇതു പോലെ ഏട്ടനേയും കെട്ടിപിടിച്ചു. ഏട്ടന്റെ വിവാഹ ശേഷം ഞാൻ ഇപ്പോൾ തലയിണയേയും കെട്ടിപിടിച്ചാണ് കിടക്കുന്നത്… ഇനി നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്ക് തലയിണയെ കെട്ടിപിടിക്കേണ്ടല്ലോ ഉറങ്ങാൻ. തന്നെയും കെട്ടിപിടിച്ചു കിടക്കാലോ?”
വർഷ വാ പൊത്തി ചിരിച്ചു. അമൃതയ്ക്ക് നാണം വന്നു.
“ഏട്ടൻ എവിടുന്നാ കാണുന്നത് എന്ന് പറഞ്ഞില്ലല്ലോ? ” അമൃത എന്ന വർഷ ചോദിച്ചു.
“അത് തനിക്ക് ഇഷ്ട്ടപെട്ട സ്ഥലത്ത് തന്നെ ആയിക്കോട്ടെ.. അല്ലെങ്കിലും.. ഇനി ഇഷ്ട്ടം പറയുന്നതിൽ എന്ത് കാര്യം. താൻ വിളിച്ചപ്പോഴേ എനിക്ക് മനസ്സിലായില്ലേ തനിക്ക് എന്നെ ഇഷ്ട്ടം ആണെന്ന്. എന്നാലും നമുക്ക് പുറത്ത് വെച്ച് ഒന്ന് കാണാം. വിവാഹത്തിന് മുൻപ് കുറച്ചു ദിവസം നമുക്ക് പ്രേമിച്ചു നടക്കാം..” ഇപ്പോൾ അമൃതയുടെ മുഖം ഒന്ന് മങ്ങി.
