————————————————————-
പുറത്തെ തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ, എന്റെ മനസ്സ് കുറച്ചു ശാന്തമായി. അസീന എന്റെ കൂടെ നടക്കുകയാണ്, പക്ഷേ അവളുടെ സംസാരം എന്റെ കാതിൽ എത്തുന്നുണ്ടായിരുന്നില്ല.
ഞാൻ ആലോചനയിലായിരുന്നു. എന്റെ ജീവിതം എങ്ങനെയാണ് ഇവിടെ എത്തിയത്? പണം, സുഖം, അധികാരം—ഇതൊക്കെ എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ, ഇപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു വിടവ്. കുടുംബത്തിന്റെ ഓർമകൾ, ഒരിക്കൽ ഞാൻ സ്നേഹിച്ച മനുഷ്യർ, അവരെല്ലാം എന്റെ മനസ്സിൽ തിരിച്ചെത്തുന്നുണ്ട്. പക്ഷേ, ഞാൻ അവരെ വിട്ട് വളരെ ദൂരം മുന്നോട്ട് വന്നു കഴിഞ്ഞു. തിരിച്ചുപോകാൻ ഒരു വഴിയുണ്ടോ?
“അജൂ, നീ എന്താ ഇങ്ങനെ മിണ്ടാതെ?” അസീന എന്റെ കൈയിൽ പിടിച്ച് ചോദിച്ചു.
“നിന്റെ മനസ്സിൽ എന്തോ കുഴപ്പമുണ്ട്, അല്ലേ?”ഞാൻ ഒന്ന് ചിരിച്ചു, അവളെ നോക്കി.
“ഒന്നുമില്ല, അസീന. ജോലിയുടെ ടെൻഷൻ ആയിരിക്കും.”
“നിന്നെ ഞാൻ അറിയില്ലേ?” അവൾ കുസൃതിയോടെ പറഞ്ഞു.
“നിന്റെ കണ്ണുകൾ എന്തോ പറയുന്നുണ്ട്. പറ, എന്താ?”ഞാൻ ഒന്ന് നിന്നു.
അവളോട് എന്റെ മനസ്സ് തുറക്കണോ? പക്ഷേ, അസീന എന്റെ കളിയിൽ ഒരു പങ്കാളി മാത്രമാണ്. അവൾക്ക് എന്റെ ഉള്ളിലെ ഈ വിചാരങ്ങൾ മനസ്സിലാവുമോ?
“നിനക്ക് ഒരിക്കലെങ്കിലും നിന്റെ കുടുംബത്തെ മിസ്സ് ചെയ്തിട്ടുണ്ടോ?” ഞാൻ പെട്ടെന്ന് ചോദിച്ചു.അസീന ഒരു നിമിഷം മിണ്ടാതെ നിന്നു. “കുടുംബം? ഹ്മ്മ്… ഇല്ല.. എല്ലാരും എനിക്ക് ചുറ്റും എപ്പോളും ഉണ്ടായിരുന്നു.. ”
“എനിക്ക് കുടുംബം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. ഞാൻ തണുത്ത ശബ്ദത്തിൽ പറഞ്ഞു. “അവർക്ക് ഞാൻ ഇപ്പോൾ ഒരു ഓർമ മാത്രമാണ്.” ശബ്ദമൊന്ന് ഇടറിയോ?
അസീന എന്റെ മുഖത്തേക്ക് നോക്കി. “നിനക്ക് അവരെ തിരിച്ചു വിളിക്കണോ?”
“അതിനുള്ള ധൈര്യം എനിക്കുണ്ടോന്ന് അറിയില്ല,” ഞാൻ പറഞ്ഞു. “പക്ഷേ, ഐഷു… അവളെ ഞാൻ എന്റെ ജീവിതത്തിൽ വേണം. അവൾ എന്റെ ഭാവി ആണ്.”
അസീന ചിരിച്ചു. “നിന്റെ ഭാവിയൊ? അജൂ, നിന്റെ ഈ പദ്ധതികൾ… ഇതൊക്കെ ഒരു ഗെയിമിന്റെ ഭാഗമായി കണ്ടാൽ പോരേ?”
ഞാൻ മിണ്ടിയില്ല.
“പക്ഷേ, സമീറ?” അസീന എന്റെ മുഖത്തേക്ക് നോക്കി. “നീ അവളെ കൊണ്ടുപോയി, അല്ലേ? അവൾക്ക് വേണ്ടി നീ അവളുടെ ആങ്ങളമാരോട് തല്ലുണ്ടാക്കി. അവൾ നിന്റെ ജീവിതത്തിൽ പ്രാധാന്യമുള്ള ആരോ ആണ്, അല്ലേ?”ഞാൻ ഒന്നും മിണ്ടിയില്ല.
സമീറ… അവൾ എന്റെ ജീവിതത്തിലെ ഒരു വെളിച്ചമാണ്. അവളുടെ സമീപ്യത്തിൽ മാത്രമാണ് എന്റെ ഉള്ളിൽ ഇപ്പോഴും ഒരു നന്മയുടെ തീപ്പൊരി ബാക്കിയുള്ളത്. പക്ഷേ, അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്, അവളുടെ നന്മയ്ക്ക് വേണ്ടിയാണോ? അതോ, എന്റെ ഏകാന്തതയെ മറയ്ക്കാൻ വേണ്ടിയോ?.
“നീ അവളെ സ്നേഹിക്കുന്നുണ്ടോ, അജൂ?” അസീന വീണ്ടും ചോദിച്ചു.
“അവൾ എന്റെ ജീവനാണ്,” ഞാൻ പറഞ്ഞു, എന്റെ ശബ്ദം അല്പം ഇടറി. “പക്ഷേ, ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ശരിയായിരുന്നോ എന്ന് എനിക്കറിയില്ല. അവളുടെ വീട്ടുകാർ അവളെ ഒറ്റപ്പെടുത്തി. അവളുടെ കുഞ്ഞിന് ഒരു ഭാവി വേണം. പക്ഷേ, ഞാൻ… ഞാൻ ഒരു നല്ല മനുഷ്യനല്ല, അസീന.”
അസീന എന്റെ കൈയിൽ മുറുകെ പിടിച്ചു. “നീ നിന്റെ ഹൃദയം പറയുന്നത് കേൾക്കണം, അജൂ. നിന്റെ ഉള്ളിൽ നന്മ ഇല്ലെന്ന് നീ പറയുന്നു, പക്ഷേ സമീറയെ നീ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അതല്ലേ നന്മ?”
ഞാൻ ഒന്ന് ചിരിച്ചു, ഒരു കയ്പേറിയ ചിരി. “നന്മ? ഞാൻ എന്റെ കുടുംബത്തെ ഉപേക്ഷിച്ചു. ഞാൻ ഇക്കയുടെ ബിസിനസ്സിൽ എന്റെ ധാർമ്മികത വിറ്റു. ഞാൻ ജോളിയെയും സിന്ധുവിനെയും സീനയെയും ഉപയോഗിച്ചു. നിന്നെ പോലും ഞാൻ ട്രാപ് ചെയ്യുകയായിരുന്നില്ലേ? ഇപ്പോൾ സമയ്യ, അവൾ ആരാന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു. എന്റെ സ്വാർത്ഥത യ്ക്ക് വേണ്ടി ഞാൻ അവളെ ഒരു തെരുവ് വേശ്യയേക്കാൾ തരം താഴ്ത്തിയില്ലേ. അല്ല തെരുവ് വേശ്യകൾ പോലും സ്വന്തം മകളുടെ മുന്നിൽ ഇങ്ങനെ അപമാനിതരാകുമോ? എന്റെ ചതി അവളെ ഇപ്പോൾ ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു. കുന്നോളം ഉള്ള പാപങ്ങളെ ഒരു കുന്നിക്കുരുവിന്റെ നന്മയാൽ മറക്കാനാവില്ല അസീന.. എന്റെ ഉള്ളിൽ നന്മ എന്നൊന്നില്ല, അസീന.”
