പിന്നെ തല പിടിച്ചു നേരെ വച്ചു. ഞാൻ കണ്ണടച്ചു. അവളെന്റെ പിന്നിലേക്ക് ചേർന്നു വന്നത് ഞാൻ അറിഞ്ഞു.
അവളാ മൃദുലമായ കൈകൾ എടുത്തു എന്റെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി. ആ കൈ വിരലുകൾ എന്റെ തലയുടെ വശങ്ങളിലൂടെ പാഞ്ഞു നടന്നു.
അനിർവചനീയമായൊരാനന്ദം എന്നെ മൂടുന്നത് പോലെ തോന്നി. എന്റെ മനസ്സിലെ ടെൻഷൻ ഒക്കെ എവിടേക്കോ പോയി മറഞ്ഞു. എന്റെ മനസ്സിൽ ഞാൻ ഭാരം കുറഞ്ഞു ഒഴുകി നടക്കുന്ന പോലെ തോന്നി.
ആ വിരലുകൾ പകരുന്ന സുഖം ആസ്വദിച്ചു ഞാനാ കസേരയിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. ഈ സുഖം ഇങ്ങനെ ജീവിതം മുഴുവൻ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശ്വസിച്ചു പോയി. ആ വിരലുകൾ അപ്പോഴും നിർത്താതെ മസ്സാജ് ചെയ്തു കൊണ്ടേയിരിക്കുവായിരുന്നു.
അടച്ച കൺപോളകൾക്ക് മുകളിൽ ഒരു നനുത്ത കാറ്റ് വന്നു പതിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്.അവളെന്റെ കണ്ണുകളുടെ മുകളിൽ ഊതിയതാണ്. അപ്പോൾ കണ്ട കാഴ്ച,
കണ്ണ് തുറന്നു നോക്കിയത് എന്റെ മുഖത്തോട് ചേർന്ന് നിൽക്കുന്ന സമീറയുടെ പവിഴ ചുണ്ടുകളിലേക്കാണ്. ഓഹ്ഹ് നനവാർന്ന ആ ചുണ്ടുകൾ ഒന്ന് നുകരാൻ തോന്നി. വളരെ പ്രയാസപ്പെട്ടു ഞാനെന്റെ മനസ്സിനെ അടക്കി നിർത്തി.
” ഇപ്പോൾ ഓക്കേ ആയോ ” അവൾ ചിരിച്ചു കൊണ്ടെന്റെ മുടികളിൽ വിരലോടിച്ചു ചോദിച്ചു.
ഒരു നിമിഷം കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്താലോന്നു ഞാൻ ആലോചിച്ചു.
“നീ അടിപൊളിയാ… എന്തോരു സമാധാനം ഇപ്പോൾ. നിനക്കറിയാമോ, നിന്നോടൊപ്പമുള്ള ഈ ശാന്തമായ നിമിഷങ്ങൾ ഇങ്ങനെയെന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.”
ആ കൈകൾ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ആ കണ്ണുകൾ ഒന്ന് തിളങ്ങി, കവിളുകൾ അരുണാഭമായി ഒരു ക്ഷണ നേരത്തേക്ക് മാത്രം.. പിന്നെ സ്വത സിദ്ധമായ ചിരിയോടെ അവളെന്റെ മൂക്കിൽ പിടിച്ചു വലിച്ചു.
” പഞ്ചാര വർത്താനം മതിയാക്കി മോൻ ജോലി ചെയ്യാൻ നോക്ക്. ഞാൻ താഴോട്ട് ചെല്ലട്ടെ ”
അവൾ താഴേക്ക് നടന്നു, “താങ്ക്സ് ” ഞാൻ തിരിഞ്ഞു വിളിച്ചു പറഞ്ഞു.
അവൾ തിരിഞ്ഞു മൃദുവായി പുഞ്ചിരിച്ചു, അവളുടെ കണ്ണുകൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുന്നതിന്റെ ആഴം ഉൾക്കൊള്ളുന്ന പോലെ തോന്നി.
ഞാൻ ജോലിയിലേക്ക് തിരിഞ്ഞു. വൈകുന്നേരം പോകുകയാണെന്ന് പറയാൻ അവൾ കയറി വന്നു. സാധാരണ അങ്ങനെ വരാറില്ല. അപ്പോൾ ഞാനവൾക്ക് പ്രിയപ്പെട്ടതായി തുടങ്ങി.
“ഡാ, ഞാൻ ഇറങ്ങുവാ… എന്നാ ശരി ”
“ശരി ഡീ… നാളെ കാണാം ” ഓക്കേ. ഞാൻ മുഖമുയർത്തി ചിരിച്ചു കൊണ്ട് കൈ വീശി.
“അപ്പോൾ വൈകുന്നേരം വിളിക്കില്ലേ?” ചോദിച്ചു കഴിഞ്ഞാണ് അബദ്ധമായിപ്പോയല്ലോ എന്നത് അവൾക്ക് മനസ്സിലായത്.
അവൾ ഒരു കണ്ണടച്ചു കൊണ്ട്, നാക്ക് കടിച്ചു. ആ മുഖം മുഴുവൻ ചമ്മൽ നിറഞ്ഞു.
ഞാൻ എന്റെ മുഖം കൈകളിൽ താങ്ങി അവളെ നോക്കി ചിരിച്ചു. വിളിക്കാം എന്ന് പറയുന്ന പോലെ തലയാട്ടി.
അവൾ ചമ്മലോടെ തിരിഞ്ഞു നടന്നു.
” സമീറാ, ”
അവൾ തിരിഞ്ഞു നോക്കി
“നാണിക്കുമ്പോൾ നീയോന്നു കൂടി സുന്ദരിയാകുന്നുണ്ട് ” ഞാൻ ചിരിയോടെ ആ മിഴികളിൽ നോക്കി പറഞ്ഞു. ആ മുഖത്തേക്ക് വീണ്ടും നാണം ഇരച്ചെത്തി. ചിരിച്ചു കൊണ്ടവൾ കൈ വീശി ഉറങ്ങിപ്പോയി.
എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇനി സമീറയിലേക്ക് അധിക ദൂരമില്ലെന്നെനിക്ക് മനസ്സിലായി. ആ സന്തോഷത്തോടെ ഞാനെന്റെ ജോലികൾ വേഗം തീർത്തു.
9 മണി ആയപ്പോഴേക്കും ഷോപ്പ് എല്ലാം അടച്ചു ഇറങ്ങി. പതിവ് പോലെ ഓരോ ബിയർ വാങ്ങി ഞാനും, അച്ചുവും നേരെ കോളേജ് ഗ്രൗണ്ടിലേക്ക് വിട്ടു. കഴിഞ്ഞ ദിവസത്തെ അവന്മാരുടെ ടൂറിന്റെ വിശേഷങ്ങൾ എല്ലാം അവൻ വാതോരാതെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ ഗ്രൗണ്ടിലെത്തി.
” എന്തായി ഓപ്പറേഷൻ സമീറ?” ബീയർ ഓപ്പൺ ചെയ്തു കൊണ്ട് അവൻ ചോദിച്ചു.
” അത് ഏറെക്കുറെ ഓക്കെയായി “.. ഞാൻ പറഞ്ഞു.
“ശരിക്കും? അവൻ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
” മ്മ് ഉം ” ഞാൻ മൂളി.
” മൂളാതെ വിശദമായി പറയെടാ ” അവൻ ആവേശത്തോടെ പറഞ്ഞു.
ഞാൻ അവളെ ആദ്യം ഫോൺ വിളിച്ചത് മുതൽ ഇന്ന് വൈകുന്നേരം അവൾ ഫോൺ വിളിക്കില്ലേ എന്ന് ചോദിച്ചത് വരെയുള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.
