തണൽ – 4 2അടിപൊളി  

അവള ചിരിയും തന്നുകൊണ്ട് മറ്റാരെയും മൈൻഡ് ചെയ്യാതെ അവളുടെ സീറ്റിലേക്ക് പോയിരുന്നു.

ഞാൻ ചുറ്റുപാടുമുള്ളവരുടെ പ്രതികരണമറിയുവാൻ വേണ്ടി ചുറ്റുമൊന്ന് കണ്ണോടിച്ചു.

എല്ലാവരും അതിശയം കലർന്ന മുഖത്തോടെ എന്നെതന്നെയാണ് നോക്കുന്നത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. ആദ്യമായിട്ടാണ് അഭിരാമിയിൽ നിന്നും ഇങ്ങനൊരു പ്രവർത്തി ഉണ്ടാവുന്നത്. അതും കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രം വന്ന എന്നോട്.

ഞാൻ രാഹുലിന്റെ മുഖത്തേക്ക് നോക്കി. ആഹാ… അവിടെ പിന്നെ അതിശയത്തിനപ്പുറം അസൂയയുടെ ഭാവങ്ങളുമുണ്ടായിരുന്നു.
മൺഡേ ആയോണ്ട് ബാങ്കിൽ നല്ല തിരക്കാണ്. പ്രത്യേകിച്ച് രണ്ട് ദിവസത്തിന് ശേഷമുള്ള വർക്കിംഗ്‌ ഡേ കൂടിയാണല്ലോ. ഇടം വലം തിരിയാൻ നേരം കിട്ടാത്ത അവസ്ഥ.

12.30 ആവേണ്ടിവന്നു ബാങ്കിലെ തിരക്കിന് അല്പം ശമനം കിട്ടാൻ. ഒരു മണി ആയപ്പോൾ ബാങ്കിലെ സ്റ്റാഫുകളെല്ലാം ഭക്ഷണം കഴിക്കുവാൻ വേണ്ടി പോയി.

പക്ഷേ എന്റെ അടുത്ത് ഒരാൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അല്പം വയ്ക്കി. ലോൺ സെക്ഷൻ ആയോണ്ട് എനിക്ക് തോന്നിയ പോലെ ഇട്ടെറിഞ്ഞ് പോകാനും കഴിയില്ല.

കസ്റ്റമറിൽ നിന്നും സൈൻ ചെയ്ത് വാങ്ങേണ്ട പേപ്പറുകളെല്ലാം സൈൻ ചെയ്യിച്ചു വാങ്ങിയതിനുശേഷം അയാളെ പറഞ്ഞു വിട്ട് ഞാൻ നോക്കിയത് അഭിരാമിയുടെ ചെയറിലേക്കാണ്.

ഞാൻ അവളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അവൾ അവിടെ തന്നെ എന്നെയും നോക്കി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

ഞാൻ നോക്കിയതും അവൾ എന്നെ നോക്കി ചിരിച്ചു.

ഞാൻ കൈകൊണ്ട് എന്തുപറ്റി ഫുഡ്‌ കഴിക്കുന്നില്ലേ എന്ന് ചോദിച്ചു.

അവൾ ചിരിച്ചും കൊണ്ട് അവിടെ നിന്നും എഴുനേറ്റ് എനിക്ക് അരികിലേക്ക് നടന്നുവന്നു.

ഇപ്പോൾ ബാങ്കിൽ ആരുംതന്നെയില്ല. പുറത്ത് സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ട്. ഒരുമണി മുതൽ രണ്ട് മണിവരെ ആരെയും അകത്തേക്ക് കടത്തി വിടാതിരിക്കാനാണ് അയാളുടെ ആ നിൽപ്പ്.

അഭിയുടെ വരവ് കണ്ട് ഞാനും എഴുനേറ്റു.

കിച്ചു… വാ.. കഴിക്കാനുള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവൾ എന്നോട് പറഞ്ഞു.

അത് കേട്ട് ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും എന്നായാലും ഇതൊക്കെ എല്ലാരും അറിയേണ്ടേ എന്ന ചിന്ത എനിക്കുണ്ടായി.

അഭിരാമി മുന്നിൽ നടന്നു. പുറകിൽ ഞാനും.

ഡൈനിങ് ഏരിയയിൽ പലയിടത്തുമായി രണ്ടും നാലും പേർക്ക് ഇരിക്കാവുന്ന ടേബിളുകളാണ്ണുള്ളത്.

അവിടെ ചിലർ കഴിച്ചുകൊണ്ടിരിക്കുന്നു. ചിലർ കഴിച്ച് കഴിഞ്ഞ് കൈ പോലും കഴുകാതെ വർത്തമാനം പറയുന്നു.

ഇതിനിടയിലേക്കാണ് ഞാനും അഭിയും കയറി ചെല്ലുന്നത്.

അതുവരെ ഒരു പൂരപ്പറമ്പ് പോലെ ബഹളമായിരുന്നെങ്കിൽ ഞങ്ങളുടെ വരവ് കണ്ടതും അവിടെ സ്വിച്ചിട്ടതുപോലെ സൈലന്റയി.

രാവിലെ ഒരു ഷോക്ക് കിട്ടിയതാണ്. ആ കാഴ്ച കാണാത്തവർക്കായി ഈ.. സീൻ ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും പറഞ്ഞുകൊണ്ടാണ് ഞങ്ങൾ അങ്ങോട്ട്‌ കയറിച്ചെന്നത്.
ഞാൻ കൈ കഴുകി വന്ന ശേഷം അവിടെ ഒഴിഞ്ഞുകിടക്കുന്ന രണ്ടാൾക്ക് ഇരിക്കാവുന്ന ടേബിളിലെ ചെയറിലേക്ക് ഇരുന്നു. എനിക്ക് പുറകെ അഭിരാമിയും കൈ കഴുകി വന്നിരുന്നു.

ഇപ്പോ അവിടെയുള്ളവരുടെ എല്ലാം നോട്ടം ഞങ്ങളിലായിരിക്കും എന്നെനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ കണ്ണുകളെ നേരിടുവാൻ ചെറിയൊരു ചമ്മൽ തോന്നിയതുകൊണ്ട് ഞാൻ അവരെ ആരെയും നോക്കാൻ പോയില്ല.

അഭി അവളുടെ ബാഗിൽ നിന്നും രണ്ട് ടിഫിൻ ബോക്സുകൾ എടുത്ത് ടേബിളിൽ വച്ചു. അതിന് പുറകെ ഒരു ചെറിയ ഡബ്ബായും. കറിയാണെന്നു തോന്നുന്നു. അതിനുശേഷം ഒരു ബോട്ടിൽ വെള്ളം കൂടി വച്ചു.

ഞാൻ വേഗം തന്നെ വാട്ടർ ബോട്ടിൽ തുറന്ന് എന്റെ വായിലേക്ക് കമിഴ്ത്തി.

അപ്പോഴേക്കും അഭി ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ ടേബിളിൽ നിരത്തി.

ചോറിന് പുറമെ കയ്പ്പക്ക തോരനുണ്ട് അച്ചാറുണ്ട് രണ്ട് ഓംലെറ്റും പിന്നെ രണ്ട് കഷ്ണം മീനും.

ഇതെന്ത് മീനാ.. ഞാൻ മീനിനുനേരെ ചൂണ്ടികൊണ്ട് ചോദിച്ചു.

വറ്റ.. അവൾ മറുപടി പറഞ്ഞു. അതേയ് മീൻ ഇന്നലെ ഉണ്ടാക്കിയതാണ്. ഇഷ്ടപ്പെട്ടിലെങ്കിൽ കഴിക്കണ്ടാട്ടോ. അവൾ ചെറിയ ചമ്മലോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *