തുളസിദളം – 2 1

തലകുനിച്ചിരുന്ന നളിനിയെ രാജേന്ദ്രൻ ഗൗരവത്തിൽ നോക്കി,

“ഇവിടെവന്നു വേഷംകെട്ട് കാണിക്കാനാണ് ഉദ്ദേശമെങ്കി, ഞാനിപ്പോഴേ പറഞ്ഞേക്കാം ആ പെണ്ണും ചെറുക്കനും പിന്നെ ജീവനോടെ ഉണ്ടാകില്ല…”

അതിന് നളിനി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി

“ദേ, അമ്മാ…എന്റേം നന്ദേട്ടന്റേം കല്യാണം നടന്നില്ലെങ്കി സത്യമായിട്ടും ഞാൻ ജീവിച്ചിരിക്കില്ല, ഇത് അമ്മേടെ കാവിലമ്മേനെക്കൊണ്ടാ ഞാൻ സത്യം ചെയ്യുന്നേ…”

ശില്പ നളിനിയുടെ മുഖത്തുനോക്കി ഗൗരവത്തിൽ പറഞ്ഞു,

അതുകേട്ട് നളിനി അവളുടെ മുഖത്തുനോക്കി പുച്ഛിച്ചു ചിരിച്ച് എന്തോ പറയാൻ തുടങ്ങിയപ്പോൾ, അകത്തുനിന്നും സാബു അവരുടെ അടുത്തേക്ക് വന്നു.

“രാജേട്ടാ… നിങ്ങളെന്താ ഒരു വാക്കുപോലും വിളിച്ചു പറയാതെ വന്നേ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു,

“ഒരു നല്ല കാര്യമല്ലേ സാബു, വച്ചു താമസിക്കേണ്ട എന്ന് വിചാരിച്ചു…”

രാജേന്ദ്രൻ സാബുവിനോട് പറഞ്ഞു, പിന്നീട് സാബു നളിനിയോടും ശില്പയോടും വിശേഷങ്ങൾ തിരക്കി,

“അപ്പൊ…സാബു നമുക്ക് കാര്യത്തിലേക്ക് കടന്നാലോ…?”

രാജേന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അത് രാജേട്ടാ…ദേവടത്ത് വന്നു പെണ്ണുചോദിക്ക്യാ എന്ന് പറഞ്ഞാൽ…ഞങ്ങൾക്കത്തിനുള്ള അർഹതയില്ല എന്നറിയാം…എങ്കിലും നന്ദൻ ഞങ്ങൾക്ക് ഒറ്റ മോനാ…അവനിന്നുവരെ ഒന്നും ഞങ്ങളോടാവശ്യപ്പെട്ടിട്ടില്ല അവന് അവിടുത്തെ കുട്ടിയെ അത്രക്കിഷ്ടാ…അത് ഞങ്ങൾക്ക് മനസ്സിലായി അതാ ഈ പ്രപ്പോസലുമായി വന്നത്…ആ കുട്ടിയെ ഞങ്ങൾ സ്വന്തം മോളേ പോലെ നോക്കിക്കോളാം അവൾക്ക് ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം”

സാബു പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു

രാജേന്ദ്രൻ അതുകേട്ട് ചിരിയോടെ പറഞ്ഞു

“തറവാട്ടിമഹിമയോന്നും ഇപ്പോഴത്തെ കാലത്ത് ഞങ്ങൾ നോക്കുന്നില്ല സാബു, ഉണ്ണിയും ദേ ഈ ഇരിക്കുന്ന എന്റെ മോളും എനിക്ക് ഒരേപോലെയാണ്.., അവളുടെ അച്ഛനും അമ്മയും മരിച്ചു പോയ വിഷമം പോലും അറിയിക്കാതെയാണ് ഞങ്ങൾ വളർത്തുന്നത് അതുകൊണ്ട് അവളെ വിവാഹം കഴിക്കുന്ന ആൾക്ക് നല്ല സ്വഭാവവും നല്ല ഒരു കുടുംബവും ഉണ്ടോ എന്നെ ഞങ്ങൾ നോക്കുന്നുള്ളു, ആക്കാര്യത്തിൽ ഈ ബന്ധം അവൾക്കൊരു ഭാഗ്യം തന്നെയാണ്…”

അതുകേട്ട് സാബുവിന്റെ മുഖം തെളിഞ്ഞു, അപ്പോഴേക്കും ചായയുമായി ശ്യാമ അവിടേക്ക് വന്നു, ചായ ടിപൊയിൽ വച്ചിട്ട് ശ്യാമ പുറകിലേക്ക് മാറി നിന്നു…

“അപ്പൊ ശ്യാമേ…ഞങ്ങളതങ്ങ് ഉറപ്പിക്കുവ…”

സാബു സന്തോഷത്തോടെ ശ്യാമയോട് പറഞ്ഞു,

“എനിക്ക് ആ കുട്ടിയെ വല്ലാണ്ടങ്ങു ഇഷ്ടപ്പെട്ടു, നല്ല സൗന്ദര്യം, അടക്കം ഒതുക്കം വിനയം എല്ലാം എനിക്കിഷ്ടപ്പെട്ടു…മാത്രോല്ലാ അവള് മീനാക്ഷീടെ മോളല്ലേ, എന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു അവൾ, ഞാനവളെ പൊന്നുപോലെ നോക്കിക്കൊള്ളാം…”

ശ്യാമയും സന്തോഷത്തോടെ എല്ലാരോടും പറഞ്ഞു…

“അല്ല…പറഞ്ഞപോലെ നന്ദനെവിടെ…?”

രാജേന്ദ്രൻ തിരക്കി,

“അവൻ രാവിലെ കോട്ടയത്ത്‌ പോയതാ…അവന്റോരു ഫ്രണ്ടിന്റെ വീട്ടില്…നാളെ തിരിച്ചുവരും…നിങ്ങളിന്ന് വരുമെന്ന് അവനറിയില്ലല്ലോ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു

ചായകുടി കഴിഞ്ഞ് ശില്പ ശ്യാമയുടെ കൂടെ കൂടി, വീട് മുഴുവനും കയറിയിറങ്ങികണ്ടു, ശ്യാമയെ തന്റെ വരുത്തിയിലാക്കാനുള്ള പദ്ധതിയായിരുന്നു, ഇടയ്ക്ക് വൃന്ദയെ പുകഴ്ത്തിയും പറഞ്ഞു,

“ഉണ്ണിയെന്റെ സ്വന്തം അനുജത്തിയെപോലെതന്നാ, അവൾക്ക് ഇങ്ങനൊരു ബന്ധം കിട്ടുന്നതുതന്നെ അവളുടെ ഭാഗ്യം തന്നെയാ…നന്ദേട്ടനെപ്പോലെ സ്നേഹമുള്ള ഒരാളെ കിട്ടുവാന്ന് പറഞ്ഞാ അതൊരു ഭാഗ്യം തന്നാ…”

ശില്പ പറയുന്നത് കേട്ട് ശ്യാമ സന്തോഷത്തോടെ അവളെ നോക്കി, ഇതെല്ലാം കണ്ടും കെട്ടും നളിനി ഒന്നും മിണ്ടാതെ അവിടെ നിന്നു…ആരെങ്കിലും ചോദിക്കുന്നതിനുമാത്രം അവൾ ഉത്തരം പറഞ്ഞു,

തിരികെ പോരുന്നതിനു മുൻപേ വൃന്ദയുടെ ജാതകം അവിടെ ഏൽപ്പിച്ചു, പൊരുത്തം നോക്കിയതിനു ശേഷം ഒരു ദിവസം ദേവടത്തെക്ക് വരാൻ പറഞ്ഞിട്ടാണ് അവർ അവിടെനിന്നുമിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *