തുളസിദളം – 2

“അപ്പൊ ശ്യാമേ…ഞങ്ങളതങ്ങ് ഉറപ്പിക്കുവ…”

സാബു സന്തോഷത്തോടെ ശ്യാമയോട് പറഞ്ഞു,

“എനിക്ക് ആ കുട്ടിയെ വല്ലാണ്ടങ്ങു ഇഷ്ടപ്പെട്ടു, നല്ല സൗന്ദര്യം, അടക്കം ഒതുക്കം വിനയം എല്ലാം എനിക്കിഷ്ടപ്പെട്ടു…മാത്രോല്ലാ അവള് മീനാക്ഷീടെ മോളല്ലേ, എന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു അവൾ, ഞാനവളെ പൊന്നുപോലെ നോക്കിക്കൊള്ളാം…”

ശ്യാമയും സന്തോഷത്തോടെ എല്ലാരോടും പറഞ്ഞു…

“അല്ല…പറഞ്ഞപോലെ നന്ദനെവിടെ…?”

രാജേന്ദ്രൻ തിരക്കി,

“അവൻ രാവിലെ കോട്ടയത്ത്‌ പോയതാ…അവന്റോരു ഫ്രണ്ടിന്റെ വീട്ടില്…നാളെ തിരിച്ചുവരും…നിങ്ങളിന്ന് വരുമെന്ന് അവനറിയില്ലല്ലോ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു

ചായകുടി കഴിഞ്ഞ് ശില്പ ശ്യാമയുടെ കൂടെ കൂടി, വീട് മുഴുവനും കയറിയിറങ്ങികണ്ടു, ശ്യാമയെ തന്റെ വരുത്തിയിലാക്കാനുള്ള പദ്ധതിയായിരുന്നു, ഇടയ്ക്ക് വൃന്ദയെ പുകഴ്ത്തിയും പറഞ്ഞു,

“ഉണ്ണിയെന്റെ സ്വന്തം അനുജത്തിയെപോലെതന്നാ, അവൾക്ക് ഇങ്ങനൊരു ബന്ധം കിട്ടുന്നതുതന്നെ അവളുടെ ഭാഗ്യം തന്നെയാ…നന്ദേട്ടനെപ്പോലെ സ്നേഹമുള്ള ഒരാളെ കിട്ടുവാന്ന് പറഞ്ഞാ അതൊരു ഭാഗ്യം തന്നാ…”

ശില്പ പറയുന്നത് കേട്ട് ശ്യാമ സന്തോഷത്തോടെ അവളെ നോക്കി, ഇതെല്ലാം കണ്ടും കെട്ടും നളിനി ഒന്നും മിണ്ടാതെ അവിടെ നിന്നു…ആരെങ്കിലും ചോദിക്കുന്നതിനുമാത്രം അവൾ ഉത്തരം പറഞ്ഞു,

തിരികെ പോരുന്നതിനു മുൻപേ വൃന്ദയുടെ ജാതകം അവിടെ ഏൽപ്പിച്ചു, പൊരുത്തം നോക്കിയതിനു ശേഷം ഒരു ദിവസം ദേവടത്തെക്ക് വരാൻ പറഞ്ഞിട്ടാണ് അവർ അവിടെനിന്നുമിറങ്ങിയത്.

••❀••

തിരികെ കാറിലിരിക്കുമ്പോൾ നളിനിയ്ക്ക് നടന്നതൊന്നും മനസ്സിലായില്ല,, അവൾ എന്തെക്കെയോ ചിന്തിച്ചിരുന്നു, അത് ശ്രദ്ധിച്ച രാജേന്ദ്രൻ തിരിഞ്ഞു ശില്പയെ നോക്കി…

“നീ വിചാരിക്കുന്നുണ്ടാവും ഞാൻ ഒരു ദുഷ്ടൻ ആണെന്ന്, എന്നാ കേട്ടോ എനിക്ക് നിങ്ങളുടെ സന്തോഷമാണ് ഏറ്റവും വലുത്, നിനക്കിപ്പോ നന്ദനെക്കൊണ്ട് ഉണ്ണിയേ കല്യാണം കഴിപ്പിക്കണമെന്നുണ്ടേൽ ഞാനായിട്ട് അതിന് എതിര് നിൽക്കില്ല…മോളോട് ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് അല്ലേ മോളേ…”

അയാൾ നളിനിയെ നോക്കി പറഞ്ഞിട്ട് അവസാന വാചകം ശില്പയോട് പറഞ്ഞു…”

“അതെ അമ്മ…ഇനി ഞാനായിട്ട് അവൾക്ക് ഒരു നല്ല ജീവിതം കിട്ടാതിരിക്കണ്ട…”

നളിനി അമ്പരന്ന് രണ്ടുപേരെയും മാറി മാറി നോക്കി…

രാജേന്ദ്രനും ശില്പയും നളിനി കാണാതെ ഗൂഢമായി പുഞ്ചിരിച്ചു…

••❀••

പിറ്റേന്ന് നന്ദൻ ശ്രീനന്ദനത്ത് എത്തിയപ്പോഴാണ് ദേവടത്തൂന്ന് വന്നകാര്യം അറിയുന്നത്, കാര്യങ്ങളെല്ലാം നല്ലരീതിയിൽ പോകുന്നതിൽ അവന് സന്തോഷം തോന്നി, അന്നുതന്നെ അവനേം കൂട്ടി ജ്യോത്സ്യൻറെ അടുത്തേക്ക് പോയി ജാതകപ്പൊരുത്തം നോക്കണമെന്ന് ശ്യാമ പറഞ്ഞതിൻപ്രകാരം പ്രശസ്തനായ ജ്യോത്സ്യനെ തന്നെ പോയികണ്ടു, അദ്ദേഹം രണ്ടുപേരുടേം ജാതകം വിശദമായി പരിശോധിച്ചു, അതിനു ശേഷം അവരുടെ മുഖത്തേക്ക് നോക്കി,

“ഇല്ല…ചേരില്ല…ചേരാൻ പാടില്ല…അത്രക്ക് നീച ജാതകമാണ് ഈ പെൺകുട്ടിയുടേത്, ഞാൻ എന്റെ നാല്പത് വർഷത്തെ അനുഭവത്തിൽ ഇതുപോലൊരു ജാതകം ഇതുവരെ കണ്ടിട്ടില്ല, അത്രക്ക് നികൃഷ്ടമായ ജാതകമാണിത്… ഈ വിവാഹം ഉപേക്ഷിക്കുന്നതാവും നല്ലത്…”

അതുകേട്ട് ശ്യാമയും നന്ദനും ഞെട്ടി…പിന്നീട് ശ്യാമ ചോദിച്ചു…

“എന്താ കാര്യോന്ന് വിശദമാക്കി പറയാമോ…വല്ല പരിഹാരം ഉണ്ടേൽ ചെയ്യാം…”

“ഏയ്…അങ്ങനല്ല…ഇതിപ്പോ ജേഷ്ഠാ ഭഗവതി മനുഷ്യനായി പിറന്നാൽ എങ്ങനെയുണ്ടാവും അതുമാതിരിയാണ് ഈ കുട്ടിയുടെ ജാതകം, വിശദമാക്കിയാൽ ഈ ജാതകക്കാരി ഇരിക്കുന്നിടം മുടിയും…കുടുംബത്തിൽ ദുർമരണങ്ങൾ ഉണ്ടാകും സമാധാനം ഉണ്ടാകില്ല, വൈധവ്യ യോഗം പോലും കാണുന്നുണ്ട്… ഇതങ്ങുപേഷിക്കുന്നതാവും നല്ലത്…”

“അല്ല ജാതകം എഴുതിയതിൽ എന്തേലും കുഴപ്പമാണെങ്കിലോ…”

നന്ദൻ വിഷമത്തോടെ ചോദിച്ചു, അതുകേട്ടു ജ്യോൽസ്യൻ ഒന്ന് ചിരിച്ചു..

“ജാതകത്തിന് ഒരു കുഴപ്പോമില്ല, ഇതെഴുതിയത് കക്കാട്ട് തിരുമേനിയാ…അദ്ദേഹത്തെ ഞങ്ങൾ ആചര്യതുല്യനായാണ് കണക്കാക്കുന്നത് അതുകൊണ്ട് അതും അസംഭവ്യം,,, മാത്രോല്ല അദ്ദേയമാണ് ദേവടത്തെ ജ്യോൽസ്യൻ അതുകൊണ്ട് ഇത് കക്കാട്ട് തിരുമേനി തന്നെയാ എഴുതിയത് എന്നതിൽ സംശയം വേണ്ട, പിന്നെ എന്നെ വിശ്വാസമില്ലെങ്കി വേറെ ആരെ വേണേലും കാണിക്കു…പിന്നെ നിങ്ങളുടെ ഇഷ്ടം…”

ജാതകങ്ങൾ മുന്നിലേക്കിട്ടുകൊണ്ട് ജ്യോൽസ്യൻ പറഞ്ഞു,

തിരികെ വീട്ടിലേക്ക് വരുന്ന വഴി രണ്ടുപേരും ഒന്നും മിണ്ടിയിരുന്നില്ല…രണ്ടുപേരും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു,

വീട്ടിലെത്തിയിട്ടും സാബു വരുന്ന വരെ ഇതിനെക്കുറിച്ച് രണ്ടുപേരും പരസ്പരം മിണ്ടിയില്ല,

വൈകിട്ട് സാബു വന്നതിന് ശേഷമാണ് ഇക്കാര്യത്തേക്കുറിച്ച് സംസാരമുണ്ടായത്, ജ്യോൽസ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം ശ്യാമ സാബുവിനോട് പറഞ്ഞു.

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല,

“ഇക്കാലത്ത് ആരെങ്കിലും ഈ ജ്യോൽസ്യത്തിലും ജാതകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ…ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ…എനിക്കിതിലൊന്നും ഒരു വിശ്വാസോമില്ല…”

നിശബ്ദത ഭേദിച്ചുകൊണ്ട് നന്ദൻ പറഞ്ഞു…

ശ്യാമ അവനെ തുറിച്ചുനോക്കി, അത് ശ്രദ്ധിച്ചിട്ട് സാബു പറഞ്ഞു,

“നന്ദൂട്ടാ… മറ്റുള്ളവരാരെങ്കിലുമായിരുന്നേ ഞാനും നിന്റെ പാർട്ടീല് ചേർന്നേനെ…പക്ഷേ ഇതിൽ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ വയ്യ…നീയൊരുത്തനെ ഞങ്ങൾക്കൊള്ളു…”

“സാബുവേട്ടനെന്തിനാ അങ്ങനെ പറയുന്നേ.. ഇതിലിപ്പോ ഒറ്റ തീരുമാനമെയുള്ളൂ…ഈ ആലോചന അങ്ങ് വേണ്ടാന്ന് വയ്ക്കണം…അവളെക്കാളും നല്ല സുന്ദരി പെൺപിള്ളേരെ ഞങ്ങൾ കണ്ടുപിടിക്കും…”

ശ്യമള നന്ദനെ നോക്കിക്കൊണ്ട് പറഞ്ഞു…അവന് മുഖമുയർത്തി രണ്ടുപേരേം നോക്കി…

“ഈ ആലോചന നിങ്ങൾക്ക് വേണ്ടാന്ന് വയ്ക്കാം, ഞാനും സമ്മതിക്കാം…പക്ഷെ അതോടെ നന്ദന് പെണ്ണ് നോക്കുന്ന ജോലിക്കൂടി അങ്ങ് രാജി വയ്ച്ചേക്കണം രണ്ടുപേരും…”

നന്ദൻ സൗമ്യമായി എന്നാൽ വാശിയോടെ പറഞ്ഞു, പിന്നീട് അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി,

ശ്യാമയും സാബുവും ഇനിയെന്ത് എന്നറിയാതെ ഇരുന്നു.

(തുടരണോ…?)

Leave a Reply

Your email address will not be published. Required fields are marked *