ദിവ്യാനുരാഗം – 9 1

” എവിടെ നിന്റെ ഫ്രണ്ടിൻ്റെ അനിയത്തി… ”

സ്റ്റേജിന് ഏകദേശം അടുത്തെത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു…. പെട്ടെന്ന് ഏതോ സ്വപ്നത്തിൽ നിന്നും ഞെട്ടിയ പോലെ അവൾ ഫോണെടുത്ത് വിളിക്കുന്നത് കണ്ടു… ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും ഒരു പെണ്ണ് നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു…

” കുറേ നേരായോ ദിവ്യേച്ചി വന്നിട്ട്…ഞാൻ വിളിച്ചായിരുന്നു ചേച്ചിയെ…ഭാഗ്യം ചേച്ചി വന്നലോ അടുത്ത പ്രോഗ്രം ഞങ്ങളുടേയാ…. ”

അടുത്തെത്തിയതും അവൾ ദിവ്യയെ നോക്കി ഒരു ചിരിയോടെ തുരു തുരാന്ന് സംസാരിച്ചു…

” ഇല്ലെടി…ഇപ്പൊ വന്നെ ഉള്ളു…ഇതാ പറഞ്ഞതൊക്കെ ഇതിലുണ്ട്… ”

” ഓ താങ്ക്സ് ചേച്ചി…ഇതില്ലെ ഇപ്പൊ പ്രോഗ്രാം കൊളമാവുമായിരുന്നു…അല്ല ഇതാരാ… ”

ദിവ്യയുടെ അടുത്ത് നിൽക്കുന്ന എന്നെ അപ്പോളാണ് അവൾ ശ്രദ്ധിച്ചത്…സലീമേട്ടൻ ചോദിച്ച പോലെ ഇത്രയും പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായിലേ ജാഡ തെണ്ടീന്ന് ചോദിക്കണമെന്നുണ്ട്… പക്ഷെ എൻ്റെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്ക് പോലും എന്നെ അറിയില്ലാന്ന് ഓർത്തപ്പോൾ വിട്ടുകളഞ്ഞു…

“ഓ സോറി ഇത് അർജ്ജുൻ…എൻ്റെ ഫ്രണ്ടാ….അർജ്ജുൻ ഇത് ജ്യോതിക… ”

അവൾ ഞങ്ങൾ രണ്ടാളേയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തിയതോടെ പരസ്പരം ഒരു ഹായ് പറച്ചിലും നടന്നു….

” അല്ല നിങ്ങൾ ഇപ്പൊ പോവുമോ… പ്രോഗ്രാം കഴിഞ്ഞല്ലേ പോകൂള്ളൂ… ”

” ഇല്ലെടി നിന്നെ ഇത് ഏൽപിക്കാൻ വേണ്ടി മാത്രം വന്നതാ… ”

” ഹേയ് അങ്ങനെ പറയല്ലേ ഞങ്ങടെ പ്രോഗ്രാം ഓക്കെ കണ്ടിട്ട് പോയികൂടെ…എന്താ അർജ്ജുനേട്ടാ… തിരക്കുണ്ടോ… ”

ഇത്തവണ ചോദ്യം എന്നോടും കൂടെയായിരുന്നു…

” പ്രത്യേകിച്ച് തിരക്കൊന്നുമില്ല…താൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇരിക്കാം… ”

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി പറഞ്ഞു…പക്ഷെ ഞാൻ അങ്ങനെ പറയാൻ കാരണം വേറെ ആയിരുന്നു…

” പിന്നല്ലാ…എന്നാ ഞാൻ പോയി ഇത് സെറ്റ് ചെയ്യട്ടെ….നിങ്ങളിരിക്ക്… ”

ഞങ്ങളെ നോക്കി ഒരു പുഞ്ചിരി കൂടി നൽകിയ ശേഷം അവൾ കവറുമെടുത്ത് വന്ന വഴിക്ക് കോളേജിന്റെ ഉള്ളിലേക്ക് കയറി…

” അല്ല ശരിക്കും തിരക്കില്ലേ…നമ്മുക്ക് പോവായിരുന്നു… ”

ജ്യോതിക പോയതും ദിവ്യ എന്നോട് ചോദിച്ചു

” എനിക്കും വല്ല്യ താൽപര്യം ഉണ്ടായിട്ടല്ല…പക്ഷെ താൻ ഇവിടിരിക്ക് പണിയുണ്ട്… ”

ഞാൻ വേദിയിലുള്ള കസേരയിൽ ഇരുന്നതിന് ശേഷം തൊട്ടടുത്ത കസേര അവൾക്ക് ചൂണ്ടിക്കാണിച്ചു…അവളവിടെ ഇരുന്നു…

” എന്താ…കാര്യം… ”

” താൻ നമ്മുടെ തൊട്ട് വലത്ത് ഭാഗത്തെ റോ നോക്ക് മറ്റവനും അവൻ്റെ പിള്ളാരും ഉണ്ട് കുറേ നേരായി എന്നെ ഇട്ട് ദഹിപ്പിക്കുന്നു…എന്നാ പിന്നെ രണ്ടിലൊന്നറിയാലോ… ”

ഞാൻ വളരെ കൂളായി അവളോട് കാര്യം പറഞ്ഞു…പക്ഷെ ഞാൻ പറഞ്ഞപോലെ അവന്മാരെ കണ്ടതും അവളുടെ മുഖത്ത് എവിടെ നിന്നോ ഭയം കേറി വന്നപോലെ തോന്നി…

” അയ്യോ…എന്തിനാ വെറുതെ എനിക്ക് പേടിയാവുന്നുണ്ട്… പ്ലീസ് നമ്മുക്ക് പോവാം… ”

” ഒന്ന് പെടയ്ക്കാതെ നിൽക്ക് മോളെ…അതിനും മാത്രം ഒന്നും അവന്മാരില്ല…നീ പരിപാടി കാണ്… ”

” വേണ്ട പ്ലീസ് വാ പോകാം… ”

പെണ്ണമ്പിനും വില്ലിനും അടുക്കില്ലെന്നപോലെയാണ് പിന്നേയും പിന്നേയും പറയുന്നത്…പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല…കാരണം അവന്മാരുടെ നോട്ടം അത്രയ്ക്ക് എനിക്ക് ദഹിച്ചില്ല അത്ര തന്നെ…

അങ്ങനെ പരിപാടിയും കണ്ട് അതിൽ പെർഫോം ചെയ്യ്ത ജ്യോതിക തിരിച്ചു വന്ന് അവളോട് യാത്ര പറഞ്ഞതിന് ശേഷേ ഞാൻ എണീറ്റുള്ളു… അല്ലപിന്നെ…

” എന്തിനാ ഇങ്ങനൊക്കെ…ഞാൻ പറഞ്ഞില്ലേ പോകാന്ന്… മനുഷ്യൻ ടെൻഷൻ അടിച്ച് ചത്തു… ”

തിരിച്ച് വണ്ടിയുടെ അടുത്തെത്തിയതും ദേഷ്യത്താൽ ചുവന്ന് തുടുത്ത മുഖത്തോടെ അവളെന്നോട് പറഞ്ഞു…

” പിന്നേ…അതിനുമാത്രം അവന്മാർ എന്നെയങ്ങ് ഒലത്തും…അർജ്ജുനേ ബ്രണ്ണൻ കോളേജിലാ പടിക്കുന്നെ മോൾക്കത് അറിയില്ലേലും അവന്മാർക്കത് നന്നായിട്ടറിയാം….നിന്ന് കലിതുള്ളാണ്ട് വണ്ടി കയറടി… ”

ഒരു ചിരിയോടെ ഞാൻ വണ്ടി വളച്ച് അവളുടെ മുന്നിൽ നിർത്തി…

Leave a Reply

Your email address will not be published. Required fields are marked *