” ഓ രണ്ടാളും ഇവിടിരിപ്പാണോ… ”
കുറച്ചു നേരം കഴിഞ്ഞ് പുറകീന്നുള്ള ആര്യമിസ്സിൻ്റെ വിളിയാണ് പിന്നെ കേട്ടത്…അതോടെ ഞങ്ങൾ രണ്ടും അവരുടെ അടുത്തേക്ക് തിരിഞ്ഞു…
” അത് പിന്നെ നിങ്ങള് രണ്ടാളും ഭാവി കാര്യങ്ങൾ സംസാരിക്കുന്നതിൻ്റെടുത്ത് നമ്മുക്കെന്ത് കാര്യം… അതോണ്ട് ഇവിടെ വന്നിരുന്നു… ”
എഴുന്നേറ്റ് സൂര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ മിസ്സിനോടായി പറഞ്ഞു…അതിന് പുള്ളിക്കാരി ഒരാക്കിയ ചിരിയോടെ എന്നെ നോക്കി… ” നീയിവിടെ കടലും നോക്കി ഇരുന്നതാന്ന് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലേടാ തെണ്ടീന്നാണോ… ” ഇനി ആ ചിരിയുടെ ഉൾവിളി….
” അല്ല ദിവ്യയ്ക്ക് ബോറടിച്ചൂന്ന് തോന്നുന്നല്ലോ… ”
സൂര്യ ദിവ്യയെ നോക്കി പരിചയം പുതുക്കും പോലെ പറഞ്ഞു…
” ഏയ് അങ്ങനൊന്നൂല്ല്യ ഏട്ടാ… ”
അവൾ ചിരിച്ചുകൊണ്ടവന് മറുപടി നൽകി…
പിന്നെ കുറച്ച് സമയം കൂടി സംസാരിച്ചിരുന്ന് സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പൊ എല്ലാവരും ഒരുമിച്ച് ഭക്ഷണവും തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ കയറി കഴിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞു…വരുന്ന വഴിക്ക് പറഞ്ഞപോലെ മാഹി വഴി വന്ന് രണ്ടെണ്ണം പിടിപ്പിച്ചാണ് വീട്ടിൽ എത്തിയത്… അല്ലെങ്കിൽ സൂര്യയെ ഞാൻ കൊല്ലുമല്ലോ…പല വട്ടം വരുന്ന വഴിയിലും ബാറിലും വെച്ച് ദിവ്യയും ഞാനും തമ്മിൽ ഉള്ള ബന്ധത്തെ പറ്റി അവൻ ചോദിച്ചെങ്കിലും ഫ്രണ്ട്സാണെന്ന് പറഞ്ഞ് ഞാൻ അവനെ മനസ്സിലാക്കാൻ ശ്രമിച്ചു…പക്ഷെ എവിടുന്ന് ആ തെണ്ടി വിശ്വസിച്ചിട്ടില്ല…
അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം വീട്ടിലെത്തി ആ തെണ്ടിയോട് ബൈ പറഞ്ഞ് ഞാൻ നേരെ വീട്ടിൽ കേറി കിടക്കയിലേക്ക് ഒരു വീഴ്ച്ചയായിരുന്നു….
” ഡാ ചെക്കാ എഴുന്നേറ്റേ… ഇങ്ങോട്ട് എഴുനേൽക്കാൻ…. ”
എന്നെ കുലുക്കി കുലുക്കിയുള്ള അമ്മയുടെ വിളിയാണ് പിന്നെ ഉറക്കത്തിൽ നിന്നും കണ്ണ് തുറപ്പിക്കുന്നത്…
” എന്താണ് ഡോക്ടറേ… കുറച്ച് നേരം കൂടി… ”
ഉറക്കച്ചടപ്പിൽ തന്നെയാണ് ഞാൻ പറഞ്ഞത്
” എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ… ”
അമ്മ പറഞ്ഞ് കഴിഞ്ഞതും പിന്നെ കിട്ടിയത് ഒരു തൊഴിയായിരുന്നു…ഏത് ഉറക്കവും പമ്പകടക്കുന്ന തൊഴി…അതോടെ ഞാൻ കണ്ണ് തുറന്നു…
” വീടും പൂട്ടാതെ കുമ്പകർണ്ണൻ കെടന്ന് ഉറങ്ങുവാ… നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേ വീട് പൂട്ടിട്ടെ കിടക്കാവൂന്ന്…വല്ലവരും കേറി നെരങ്ങിയാലും നീ അറിയില്ലല്ലോ പോത്തേ… ”
എഴുന്നേറ്റ് കണ്ണൊന്ന് തുറന്നൂന്ന് കണ്ടപ്പൊ അമ്മ കെടന്ന് കലി തുള്ളാൻ തുടങ്ങി…
” ഓ മറന്ന് പോയതാ… അല്ലെങ്കിൽ തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറെ ഒന്നുമല്ലല്ലോ… പൂട്ടിയില്ലേൽ ഒരു തേങ്ങയുമില്ല…ഒന്ന് ശല്ല്യം ചെയ്യാതെ പോയെ… ”
” തർക്കുത്തരം പറന്നോടാ നിന്നെ ഞാൻ…. ”
പറഞ്ഞു തീർന്നതും ചെവിട് പിടിച്ച് രണ്ട് സൈഡിലേക്കിട്ടാട്ടാൻ തുടങ്ങി അമ്മ….
” അമ്മേ… ഡോക്ടറേ…വിട് എനിക്ക് നോവുന്നു…. ”
” നിനക്ക് നോവണം…. തർക്കുത്തരം പറയും അല്ലേ നീ… ”
” അത് ആ ഉറക്കചടപ്പിൽ വന്നതാ ഇനി പറയൂലാ…പൂട്ടിയിട്ടെ കിടക്കൂ… ”
ഞാൻ വേദനയും തലയിലെ ഹാങ്ങോവറും ഒക്കെ കൂടി ഒരു പരുവം ആയി…ഒരുവിധത്തിലും പക്ഷെ രക്ഷയില്ലാ…
” നിനക്കിതിനും മാത്രം ഉറക്കം എവിടുന്നാ കുംഭകർണാ…ഇനി നീ വല്ല കഞ്ചാവും വലിച്ച് കേറ്റുന്നുണ്ടോ… ”
പിടിവിടാതെ തന്നെ ഇത്തവണ ഒരു ചിരിയോടെയാണ് അമ്മ പറഞ്ഞത്…
” നിങ്ങളുടെ ഒക്കെ ഇടയിൽ ജീവിക്കുന്നവനെന്തിനാ കഞ്ചാവിന്റെ ആവിശ്യം പൊന്നേ…ഈ പാരാക്രമണം തന്നെ ധാരാളമല്ലേ… ”
ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു…അതോടെ കൈ വിട്ട് അവിടിരുന്ന് ചിരിക്കാൻ തുടങ്ങി എൻ്റെ മാതാശ്രീ…
” ചിരിക്കല്ലേ…എനിക്ക് നല്ലോണം നൊന്തുകേട്ടോ… ”
” ഞാനും നിന്നെ കുറേ നൊന്തിട്ടാ പ്രസവിച്ചേ… കുറച്ചേലും അമ്മ തിരിച്ചു തരട്ടേടാ…അതുപോട്ടെ എവിടെ കറങ്ങിയുള്ള വരവാ…ഡ്രസ്സൊക്കെ പുതിയതാണല്ലോ… ”
അമ്മ എൻ്റെ വേഷം കണ്ട് ചോദിച്ചു…വന്നവാടെ കയറി കിടന്നത് കൊണ്ട് മാറാൻ ഒന്നും നിന്നിലല്ലോ… അതോടെ ഞാൻ സൂര്യയോട് പോയ കാര്യം അമ്മയോട് പറഞ്ഞു…
