ദീപ്തസ്‌മരണകൾ

“ലുക്ക്സ് ലൈക് ഇറ്റ് ഈസ് സ്റ്റക്ക്..”, ഞാൻ പരമാവധി ഗൗരവത്തിൽ പറഞ്ഞു.

“അതേ.. യെന്ന് തോന്നുന്നു..”, അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“ദീപ്തീ”

“ഉം?”, അവൾ പെട്ടന്ന് തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് നോക്കി.
“ഞാൻ വരുൺ”

“ഐ നോ..”

“ഇതുവരെ പരിചയപ്പെട്ടില്ല”, ഞാൻ എൻ്റെ കൈ അവളുടെ നേരെ നീട്ടി.

അവൾ മടിച്ച് മടിച്ച് എൻ്റെ കൈ പിടിച്ചു കുലുക്കി. അവളുടെ കൈകൾ ഐസ് കട്ട പോലെ തണുത്തിരുന്നു. “വരുൺ എപ്പോളും ബിസിയായത് കൊണ്ടാവും.. വലിയ വലിയ ആൾക്കാരൊക്കെ ഞങ്ങളെ ശ്രദ്ധിയ്ക്കുമോ?”

അവൾ താഴേയ്ക്ക് നോക്കി ആയിരുന്നു അത് പറഞ്ഞത്.

“ഞാൻ! വെൽ.. നോ.. അതെന്താ ദീപ്തിയ്ക്ക് അങ്ങനെ തോന്നാൻ..”

അവൾ ഒന്നും പറഞ്ഞില്ല. എൻ്റെ മുഖത്തേയ്ക്ക് തന്നെ നോക്കിക്കൊണ്ട് സീറ്റിൽ ഇരുന്നു.

“ദീപ്തി..”

അവൾ ഒരു സ്വപ്നത്തിൽ നിന്ന് എന്നത് പോലെ ഞെട്ടി. പിന്നെ സ്ക്രീനിലേയ്ക്ക് നോക്കി, എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പിന്നെ തിരിഞ്ഞ് എന്നെ നോക്കി.

“എന്താ?”

“ദീപ്തിയ്ക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ.. എന്നോട് ചോദിക്കാം. ഞാൻ എൻ്റെ വർക്കുമായി അല്പം തിരക്കിലായിരുന്നു. എനിയ്ക്ക് ഇപ്പോ സമയമുണ്ട്..”

“വേണ്ട.. ഒന്നുമില്ല.. ഐ.. ഐ ആം ഗുഡ്..”

“വെൽ, ലെറ്റ് മീ നോ..”

“ഷുവർ”

ഞാൻ തിരിഞ്ഞ് നടന്നു. വാതിലിനു പുറത്തിറങ്ങിയപ്പോൾ പവിത്ര അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“വെൽ, ദാറ്റ് വാസ് ഹാർഡ് റ്റു വാച്ച്”, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദുഷ്ടേ..”

“ഹ ഹ ഹ ഹാ..”

“നീയെന്നെ പറ്റിച്ചതാണോ?”

“അല്ലേയല്ല.. വരുൺ.. പക്ഷേ അവളൊരു പെണ്ണല്ലേ.. എ ഷൈ വൺ റ്റൂ.. മേബീ നെക്സ്റ്റ് ടൈം, അല്പം ഗൗരവം കുറച്ച് നോക്കൂ”, പവിത്ര എൻ്റെ കോളർ മടക്കിക്കൊണ്ട് എന്നോട് പറഞ്ഞു.
“ആ, എന്തോ ആവട്ട്..”

ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.

പിറ്റേന്ന് രാവിലെ അല്പം നേരത്തേ ആയിരുന്നു ഞാൻ ഓഫീസിലെത്തിയത്. ഞായറാഴ്ച ആയതിനാൽ സ്ഥിരം ജോലിക്കാരൊന്നും ഓഫീസിൽ കാണില്ല. സെഷനുകളും കാണില്ല. പെൻഡിങ്ങ് ജോലികൾ തീർക്കാൻ നല്ല അവസരവും ആണ്. സൈൻ ഇൻ ചെയ്തിട്ട് നേരെ സീറ്റിലേയ്ക്ക് ചെന്നു. മെയിലുകൾ ചെക്ക് ചെയ്ത് ജോലിയിലേയ്ക്ക് കടക്കാൻ തുടങ്ങുമ്പോൾ ആണ് ദീപ്തി അരികിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചെറുതായി ഞെട്ടുകയും ചെയ്തു. ഇവളെങ്ങനെ ഇത്ര സൈലൻ്റായി ! ക്രീപ്പി.

“ദീപ്തി!”

“സോറി”

“എന്തിന്..?”

“ഞാൻ.. ഞാൻ..”, ദീപ്തി വാക്കുകൾക്കായി പരതിക്കൊണ്ടിരുന്നു.

ഞാൻ അരികിലുണ്ടായിരുന്ന കസേര വലിച്ച് അവളുടെ അടുത്തേയ്ക്കിട്ടു. അവളോട് കസേരയിൽ ഇരിയ്ക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ ഇരുന്ന് അല്പസമയം അവൾ എന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടന്ന് അവൾ മുഖം പൊത്തി കരയാൻ തുടങ്ങി. ഞാൻ എന്താ ചെയ്യണ്ടതെന്ന് മനസ്സിലാവാതെ വിഷമിച്ചിരിയ്ക്കുമ്പോൾ ആണ് പവിത്ര വന്നത്. ഓഫീസ് ഫ്ലോറിൽ ആ സമയത്ത് വേറെ ആരും ഇല്ലായിരുന്നു. അത് ചെറിയ ആശ്വാസം. പവിത്ര എൻ്റെ മുഖത്തേയ്ക്ക് നോക്കി. ഞാനൊന്നും ചെയ്തില്ല എന്ന് ഞാൻ കൈകൊണ്ടും മുഖം കൊണ്ടും പറയാൻ ശ്രമിച്ചു. ദീപ്തി വേഗം എണീറ്റ് ബാത്ത് റൂമിലേയ്ക്ക് പോയി. എന്നെ ഒന്ന് നോക്കിയിട്ട് പവിത്ര അവളുടെ പിന്നാലെ പോയി.

ലഞ്ച് സമയം ആയപ്പോൾ ആണ് ഞാൻ സീറ്റിൽ നിന്ന് എണീറ്റത്. നോക്കുമ്പോൾ ദീപ്തി മേശപ്പുറത്ത് മുഖം അമർത്തി ഇരിയ്ക്കുന്നു. പവിത്രയെ അവിടെ കാണാനും ഇല്ലായിരുന്നു. എന്താണെന്നറിയാതെ എൻ്റെ മനസ്സിൽ ഒരു സങ്കടം തോന്നിയിരുന്നു. പ്രത്യേകിച്ച് അവളുടെ തലേന്നത്തെ സംസാരവും, ഞാൻ ശ്രദ്ധിച്ചില്ല എന്നുള്ള ആരോപണവും എല്ലാം കൂടി. ഞാൻ അടുത്ത് ചെന്ന് മെല്ലെ അവളെ വിളിച്ചു. അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞ് ചുവന്നാണ് ഇരുന്നത്.

“ഉറങ്ങിപ്പോയോ?”

ഇല്ലയെന്ന് അവൾ തലയാട്ടി.

“വാ, ലഞ്ച് കഴിക്കാൻ പോകാം”
അവൾ ഒന്നും പറഞ്ഞില്ല.
“ദീപ്തീ”

പിന്നെയും എൻ്റെ മുഖത്ത് നോക്കി നിശബ്ദത.

“എണീറ്റ് വാ, ഭക്ഷണം കഴിക്കാൻ പോകാം. എനിക്ക് നല്ല ഒരു ഹോട്ടൽ അറിയാം”

അവൾ എണീറ്റ് നിന്നു. ഞാൻ നടന്നപ്പോൾ എൻ്റെ പിന്നാലെ വന്നു. ഹോട്ടലിൽ ചെന്നിട്ട് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോളും അവൾ ഒന്നും പറഞ്ഞില്ല. ഞാൻ മീൽസ് ഓർഡർ ചെയ്തു. രണ്ടുപേരും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു. പുറത്തിറങ്ങിയപ്പോൾ ഞാൻ അവളുടെ നേരെ തിരിഞ്ഞു.

“ദീപ്തീ, അവിടെയൊരു പാർക്കുണ്ട്. നീ അവിടെ പോയിട്ടുണ്ടോ?”

അവൾ ഇല്ലെന്ന് തലയാട്ടി.

“നമുക്ക് പോകാം?”

അവൾ എന്നെ നോക്കി നിന്നതേ ഉള്ളു.

“ഞാനിനി നിന്നെ എടുത്ത് കൊണ്ട് പോകണോ?”, മൂഡ് ലൈറ്റാക്കാൻ ഞാനൊരു തമാശ പറയാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ വീണ്ടും നറഞ്ഞ് വരുന്നത് കണ്ടപ്പോൾ എൻ്റെ പ്രാണൻ പോയി. ഓഫീസിലും അല്ല, പൊതു സ്ഥലത്ത് ! എന്നെ എന്തായാലും പോലീസു പിടിയ്ക്കും.

പിന്നെ സകല ധൈര്യവും സംഭരിച്ച് അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. അവൾ മിണ്ടാതെ കൂടെ നടന്ന് വന്നു. അത്രയും ആശ്വാസം. വഴിയിലെത്തിയപ്പോൾ അവളെ എൻ്റെ ഒപ്പം ആക്കി നടത്തി. അവളുടെ കൈ ഞാൻ വിടാൻ ശ്രമിച്ചെങ്കിലും അവൾ എൻ്റെ കയ്യിൽ അമർത്തി പിടിച്ചു. പാർക്കിൽ ആളുകൾ അധികം ഇല്ലായിരുന്നു. തലേന്ന് പവിത്രയുടെ ഒപ്പം ഇരുന്ന ബെഞ്ചിൽ തന്നെ ഞങ്ങൾ ഇരുന്നു. ഞാൻ അല്പം അകലം ഇട്ടാണ് ഇരുന്നത്. ബെഞ്ചിൽ ഇരുന്നപ്പോൾ അവൾ എൻ്റെ കൈ വിട്ടു.ഞാൻ ദീപ്തിയുടെ മുഖത്ത് നോക്കി.

“ദീപ്തീ, നീ വല്ലാത്ത വിഷമത്തിലാണെന്ന് തോന്നുന്നു.. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുമെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ”

“ഞാൻ..”

“അസൈന്മെൻ്റുകൾ ഒന്നും തീർന്നിട്ടില്ല എന്ന് ഞാൻ അറിഞ്ഞു..”

“ഉം”

“എന്തുപറ്റി ദീപ്തീ?”
“എനിക്കറിയില്ല..”, അതും പറഞ്ഞ് അവൾ വീണ്ടും മുഖം പൊത്തി.

ഞാൻ ദീപ്തിയുടെ തോളിൽ കൈവച്ചു. അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കി. ഞാൻ അവളുടെ
കണ്ണുകൾ തുടച്ചു.

“കരയല്ലേ, ആരേലും കണ്ടാൽ ഞാൻ വല്ലതും ചെയ്തെന്ന് കരുതും”

“കരുതട്ടേ”

“അയ്യോ ! എന്തിന്?”

“ദുഷ്ടൻ”

“ഞാനെന്ത് ചെയ്തെന്ന്?”

“ഒന്നും ചെയ്തില്ല”

“പിന്നെ?”

“ഒന്നും ചെയ്തില്ല എന്ന്. എന്നെ ഒന്ന് സഹായിക്കാനോ എന്നോട് ഒന്ന് സംസാരിക്കാനോ.. എല്ലാരും ബിസിയാണ്. ഞാൻ.. എനിക്ക് പകുതിയേ മനസ്സിലാകുന്നുള്ളു എല്ലാം.. ആരും ഒന്നും സഹായിക്കുന്നില്ല.. ഞാനിപ്പോ കോളേജിന്ന് പഠിച്ചിറങ്ങിയതല്ലേ ഉള്ളു”

“ദീപ്തീ ! പറയാതെ എങ്ങനെ അറിയും?”

“ചോദിക്കാതെ എങ്ങനെ പറയും?”

“എന്നോട് വന്ന് ചോദിച്ചുകൂടേ? എന്താ എന്നെ കണ്ടാൽ പേടിയാകുമോ?”

“ഉം”

“ങേ !”

“ആകും”

“ഈ എന്നെ?, എന്നെ? “

“അതെ”

“എന്തിന്?”

“ഫുൾ ടൈം മുഖവും വീർപ്പിച്ച് നടക്കും, ആരോടും മിണ്ടില്ല, പവിത്രയോട് മാത്രം ചിരിക്കും, ഒരു നോട്ടവും”

Leave a Reply

Your email address will not be published. Required fields are marked *