“ദീപ്തീ, നീ വല്ലാത്ത വിഷമത്തിലാണെന്ന് തോന്നുന്നു.. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുമെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ”
“ഞാൻ..”
“അസൈന്മെൻ്റുകൾ ഒന്നും തീർന്നിട്ടില്ല എന്ന് ഞാൻ അറിഞ്ഞു..”
“ഉം”
“എന്തുപറ്റി ദീപ്തീ?”
“എനിക്കറിയില്ല..”, അതും പറഞ്ഞ് അവൾ വീണ്ടും മുഖം പൊത്തി.
ഞാൻ ദീപ്തിയുടെ തോളിൽ കൈവച്ചു. അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കി. ഞാൻ അവളുടെ
കണ്ണുകൾ തുടച്ചു.
“കരയല്ലേ, ആരേലും കണ്ടാൽ ഞാൻ വല്ലതും ചെയ്തെന്ന് കരുതും”
“കരുതട്ടേ”
“അയ്യോ ! എന്തിന്?”
“ദുഷ്ടൻ”
“ഞാനെന്ത് ചെയ്തെന്ന്?”
“ഒന്നും ചെയ്തില്ല”
“പിന്നെ?”
“ഒന്നും ചെയ്തില്ല എന്ന്. എന്നെ ഒന്ന് സഹായിക്കാനോ എന്നോട് ഒന്ന് സംസാരിക്കാനോ.. എല്ലാരും ബിസിയാണ്. ഞാൻ.. എനിക്ക് പകുതിയേ മനസ്സിലാകുന്നുള്ളു എല്ലാം.. ആരും ഒന്നും സഹായിക്കുന്നില്ല.. ഞാനിപ്പോ കോളേജിന്ന് പഠിച്ചിറങ്ങിയതല്ലേ ഉള്ളു”
“ദീപ്തീ ! പറയാതെ എങ്ങനെ അറിയും?”
“ചോദിക്കാതെ എങ്ങനെ പറയും?”
“എന്നോട് വന്ന് ചോദിച്ചുകൂടേ? എന്താ എന്നെ കണ്ടാൽ പേടിയാകുമോ?”
“ഉം”
“ങേ !”
“ആകും”
“ഈ എന്നെ?, എന്നെ? “
“അതെ”
“എന്തിന്?”
“ഫുൾ ടൈം മുഖവും വീർപ്പിച്ച് നടക്കും, ആരോടും മിണ്ടില്ല, പവിത്രയോട് മാത്രം ചിരിക്കും, ഒരു നോട്ടവും”
“ദിസ് ഈസ് നോട്ട് ഫെയർ ദീപ്തി.. ഞാൻ”, എന്താണ് പറയണ്ടതെന്നറിയാതെ ഞാൻ നേരെ മുന്നോട്ട് നോക്കിയിരുന്നു
അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കിയില്ല.
“എനിക്ക്.. എല്ലാരും എൻ്റെ ഉച്ചാരണത്തെയും ലാംഗ്വേജിനെയും ഒക്കെ കളിയാക്കുമായിരുന്നു. എനിക്ക് സംസാരിയ്ക്കാൻ അങ്ങനെ വിഷമമായതാണ്.. അത്യാവശ്യത്തിന് മാത്രമേ ഞാൻ സംസാരിക്കാറുള്ളായിരുന്നു. പവിത്ര മാത്രമാണ് എന്നോട് നന്നായി പരുമാറിയിട്ടുള്ളത്. അവളോട് മാത്രമായിരുന്നു ഞാൻ കംഫർട്ടബിളും.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്”
“ജസ്റ്റ് ഫ്രണ്ട്സ്?”
“ക്ലോസ് ഫ്രണ്ട്സ്, പക്ഷേ അതല്ലല്ലോ കാര്യം.. ഞാൻ.. എന്നോട് എത്രപേര് സഹായം ചോദിച്ചിരിയ്ക്കുന്നു, ഞാൻ ആരോടും ഒരു ബഹളവും ഉണ്ടാക്കിയിടില്ലല്ലോ”
അവൾ അല്പ സമയം മിണ്ടാതെ ഇരുന്നു. പിന്നെ എൻ്റെ മുഖത്ത് നോക്കാതെ സംസാരിക്കാൻ തുടങ്ങി..
“സോറി.. ഞാൻ സ്ട്രെസ്സിൽ ആയിരുന്നു”
“നോട്ട് എ ഗുഡ് എക്സ്ക്യൂസ്”
“പക്ഷേ..”
“ദീപ്തീ, മേബീ ദിസ് വാസ് എ മിസ്റ്റേക്ക്. ദീപ്തി എൻ്റെ അടുത്ത് കംഫർട്ടബിൾ അല്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഫോഴ്സ് ചെയ്യാൻ പാടില്ലായിരുന്നു. സോറി. നമുക്ക് തിരിച്ച് പോകാം”, എന്ന് പറഞ്ഞ് ഞാൻ എണീറ്റു. അവൾ പെട്ടന്ന് രണ്ട് കൈകളും കൊണ്ട് എൻ്റെ കയ്യിൽ പിടിച്ചു.
“വരുൺ, പ്ലീസ്.. പ്ലീസ്.. സോറി.. ഞാൻ എന്തോ വിഷമത്തിൽ പറഞ്ഞതാണ്.. എന്നെ സഹായിക്കണം, ഇല്ലെങ്കിൽ എനിക്കിവിടെ തുടരാൻ പറ്റില്ല..”
അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് എനിയ്ക്കും വിഷമം തോന്നി. “ഓകെ.. ഞാൻ സഹായിക്കാം.. എന്താണ് പ്രശ്നം എന്ന് എന്നോട് പറയണം”
ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. അവൾ പലതവണ കരഞ്ഞു. വീട്ടീലെ പ്രശ്നങ്ങൾ, ട്രെയിനിങ്ങ് നേരെ ചൊവ്വെ മനസ്സിലാവാത്തത്, പരിചയക്കുറവ്, സഹായിക്കാൻ ആളില്ലാഞ്ഞത്.. സംസാരിച്ച് കഴിയുന്നത് വരെ അവൾ എൻ്റെ കയ്യിൽ നിന്ന് പിടിവിട്ടില്ല. എനിക്കാണെങ്കിൽ അല്പം നാണക്കേടും തോന്നുന്നുണ്ടായിരുന്നു.
“അതേ, ഞാൻ ഓടിപ്പോവില്ല, എൻ്റെ കൈ വിടാം”
അവളുടെ മുഖത്ത് ആദ്യമായി ചിരിയും നാണവും കണ്ടത് അപ്പോളാണ്. അവൾ വേഗം എൻ്റെ കൈ വിട്ടിട്ട് ഒരു കൈ കൊണ്ട് മുഖം പൊത്തി.
“അയ്യോ, ഇനീം കരയല്ലേ.. കൈ വേണേൽ എടുത്തോ, ദാ..”, അവളുടെ നേരെ കൈ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് രണ്ട് കൈകളും കൊണ്ട് മുഖം പൊത്തി. ഞാൻ ബെഞ്ചിൽ നിന്ന് എണീറ്റപ്പോൾ അവൾ വീണ്ടും എൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. ഞാൻ അവളെ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് എൻ്റെ കൈ വിട്ടു.
“ഒരുപാട് നന്ദി. എനിക്ക് വലിയ ആശ്വാസം തോന്നുന്നു”
