ദേവനന്ദ – 3 7

എല്ലാം കഴിഞ്ഞവൾ ഒന്ന് നിർത്തി . കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു.

” നന്ദുവേട്ടന് ഇപ്പോളും എന്നോട് ദേഷ്യം ഉണ്ടല്ലേ ? “

ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. സത്യത്തിൽ ആ നിമിഷമത്രയും ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യവും അത് തന്നെ ആകും…

അതിനുത്തരം എനിക്ക് തന്നെ അറിയാത്ത ഒരു വികാരം ആണെന്ന് മനസ്സിനുള്ളിലിരുന്നാരോ മന്ത്രിച്ചു… അതൊരിക്കലും പ്രണയം അല്ല. ചിലപ്പോൾ സഹതാപം ആകാം അല്ലെങ്കിൽ എനിക്ക് എന്നോട് തന്നെ തോന്നുന്ന അപഹർഷത ആകാം…. എങ്കിലും അവളെ ഇനിയും അവിശ്വസിക്കുന്നതെങ്ങനെ? മനസ്സിൽ മനസിലാവാത്ത പല ചോദ്യങ്ങളും മിന്നി മറയുന്ന പോലെ ഒരു തോന്നൽ..

” എനിക്ക് അറിയാം. എന്നെ ഇപ്പോളും നന്ദുവേട്ടൻ വിശ്വസിച്ചിട്ടില്ല എന്ന്. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നല്ലല്ലോ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്‌. “

അവളിൽ ബാക്കി ഉണ്ടായ കണ്ണുനീരും ആ കവിളിലൂടെ ഒഴുകി ഇറങ്ങി… എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അവളൊന്നും മിണ്ടാതെ റൂമിലേക്കും കയറിപ്പോയി. എത്ര നേരം ഞാൻ അവിടെ ഇരുന്നു എന്നറിയില്ല. റൂമിലേക്കു കയറി ചെല്ലുമ്പോൾ അവൾ പഴയ പോലെ തറയിൽ ഒരു പായ വിരിച്ചു കിടന്നിരുന്നു. നല്ല ഉറക്കം ആണ്. കുറെ സമയം അവളെ അങ്ങനെ നോക്കി നിന്നു ഞാൻ . പിന്നെ എപ്പോളോ ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റപ്പോൾ അവളെ റൂമിൽ കണ്ടില്ല. ഞാൻ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു വരുമ്പോൾ അവളും കോളേജിൽ പോകാൻ റെഡി ആയിരുന്നു.. രാവിലെ അവളെന്നോട് ഒന്നും മിണ്ടിയില്ല. ഇന്നലെ വാ അടക്കാത്ത ആ പെണ്ണ് തന്നെയാണോ ഇത് എന്ന് തോന്നിപോയി എനിക്ക്..

ഞാനും അത് വലിയ കാര്യമാക്കാൻ പോയില്ല.. എല്ലാം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ആണ് കാണുന്നത് ബൈകിന്റെ ടയർ പഞ്ചർ ആണ്..

” ടയറിന്റെ വെടി തീർന്നു “

ബൈകിന്റെ ടയറിലേക് നോക്കി നിൽക്കുന്ന എന്നെ ചോദ്യഭാവത്തിൽ നോക്കിയാ ദേവുവിനോട് ഞാൻ പറഞ്ഞു.

” ഇനി എന്ത് ചെയ്യും? “
” കവല വരെ നടക്കാം. അവിടെന്ന് ബസ്സിന്‌ പോകാം. “

വീടും പൂട്ടി അവളെന്റെ ഒപ്പം നടന്നു. ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു ശേഷിച്ചത് . ആരും ഒന്നും സംസാരിച്ചില്ല… ബസ്റ്റോപ്പിൽ എത്തുന്ന വരെ.

ബസ് കാത്തു നിൽക്കുമ്പോൾ അവളെന്റെ നേരെ തിരിഞ്ഞു എനിക്ക് നേരെ കൈ നീട്ടി…

” ന്താ? “

” ബസിനു കൊടുക്കാൻ കാശ് “

അവളൊരു മടിയും കൂടാതെ ചോദിച്ചു. ശീലം ആയതു കൊണ്ടാകും..

” ഞാനും ആ ബസ്സിനല്ലേ വരുന്നേ ഞാൻ കൊടുത്തോളം… “

പിന്നെ അവളൊന്നും മിണ്ടിയില്ല. ബസ് വന്നപ്പോൾ ചാടി കയറി. പിൻ വാതിലിലൂടെ ഞാനും….

” ടിക്കറ്റ്…… ടിക്കറ്റ് “

” രണ്ടു കോളേജ് ജംഗ്‌ഷൻ.. “

” ആരാ രണ്ടാമത്തെ ആൾ “

ഗാംഭീര്യം തുടിക്കുന്ന ശംബ്ദത്തോടെ കണ്ടക്ടർ ചോദിച്ചു.

” മുന്നിൽ ഉണ്ട് “
” ആളെ ഒന്നു കാട്ടി തന്നേരെ മോനെ. ഇല്ലേലെ ആ ടിക്കറ്റ് വേറെ ആർക്കെങ്കിലും പോകും. എല്ലാം കള്ള കൂട്ടങ്ങളെ കാശു തരാൻ വലിയ മടിയാ… “

അയാൾ അത് പറഞ്ഞതും ഞാൻ അല്പം മുന്നിലേക്ക് കയറി നിന്ന് ദേവുവിനെ കാട്ടി കൊടുത്തു. അയാൾ ഒന്നും മിണ്ടാതെ പിന്നിലേക്ക് പോയി….

ബസ്സു മുന്നോട്ടു പോകുംതോറും തിരക്കും കൂടി വന്നു .. പിന്നിൽ നിന്നുള്ള തള്ളു സഹിക്കാൻ വയ്യാതെ ഞാൻ മുന്നിലേക്ക് കേറി സ്ത്രീകൾ നിൽക്കുന്നതിന് ഒപ്പം എത്തിയിരുന്നു.. എന്റെ നേരെ ആയിരുന്നു ദേവുവും നിന്നിരുന്നത്… എന്റെ മുഖത്തേക് അവൾ ഇടയ്ക്കു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രധിച്ചത്‌. അവളുടെ പിന്നിൽ നിൽക്കുന്ന പയ്യൻ അവളോട് ചേർന്ന് വരുന്നത് അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഏറിയാൽ ഒരു പത്തൊൻപത് വയസ്സ് തോന്നിക്കുന്ന ഒരു സ്കൂൾ പയ്യൻ. അവന്റെ ചെയ്തിയുടെ അനിഷ്ടക്കേട്‌ അവളുടെ മുഖത്തു പ്രകടം ആയിരുന്നു.. . അവൾ അവനിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറുമ്പോളും അവളിലേക്ക് അവൻ കൂടുതൽ അടുത്ത് വരുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *