നീലക്കൊടുവേലി – 5 9

പക്ഷെ… താര..!! അതെങ്ങനെ സംഭവിച്ചെന്നാണ് മനസിലാകാത്തത്…

ഇത്തവണയും തന്റെ അടുത്താണ് തെറ്റ്.. താൻ പ്രകോപിപ്പിച്ചാണ് ഇങ്ങനെ സംഭവിച്ചത്… പക്ഷെ അത് ഇഷ്ടം കൊണ്ടാണെന്നു മനസിലാക്കാൻ എന്തേ ആൾക്ക് കഴിയാതെ പോയി…? അത്രേം ഇഷ്ടം താരയോട് ആയതുകൊണ്ടോ..??

സന്ധ്യ മയങ്ങാൻ തുടങ്ങിയത് കണ്ട് അവൾ കണ്ണുനീർ തുടച്ചു, റൂമിൽ പോയി തോർത്തും ഡ്രെസ്സും എടുത്ത് കുളിമുറിയിൽ കയറി… ഉള്ളിലുള്ള സങ്കടങ്ങൾ ഒന്നുകൂടി കരഞ്ഞു തീർത്തു തൽക്കാലത്തേക്ക് എല്ലാം മറന്ന് കൊണ്ട് പുറത്തേക്ക് വന്നു.

സിദ്ധുവിന്റെ ഉള്ളിലും നൂറായിരം ചിന്തകൾ ഓടിക്കൊണ്ടിരുന്നു… നീതു പ്രണയം കൊണ്ടാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന സത്യം അവൻ ഓർത്തു… അവളുടെ പ്രണയം നിറഞ്ഞ ഭാഗങ്ങൾ ഓരോന്നും ഒരു ചലച്ചിത്രത്തിൽ എന്നാ വണ്ണം മനസിലൂടെ മിന്നിമറഞ്ഞു…

ഒരുപാട് വേദനിച്ചു കാണണം…അല്ലെങ്കിലും താൻ കാരണം അതിനു മാത്രമേ അവർക്ക് സമയമായിട്ടുള്ളൂ… അവളെ അങ്ങനെ ദുരുപയോഗപ്പെടുത്തി എന്നതല്ലായിരുന്നു അവന്റെ പ്രശ്നം, അതിനിടയിൽ ഒരു ചതി ചേർത്തു എന്നുള്ളതിലാണ്…

കുറെ സമയം അവിടെ ഇരുന്ന് അവസാനം കൊതുകുകളുടെ ആക്രമണം കൂടിയപ്പോളാണ് സിദ്ധു എണീറ്റു വീട്ടിലേക്ക് നടന്നത്…

ഉമ്മറത്ത് വിളക്ക് കത്തിച്ചിട്ടുണ്ട്, ലക്ഷ്മിയമ്മ അതിനടുത്തിരുന്നു നാമം ചൊല്ലുന്നു, സിതാര പടിയിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്…ഒറ്റനോട്ടത്തിൽ നീതുവിനെ അവിടെയെങ്ങും കണ്ടില്ല…

സിദ്ധു ഉള്ളിലേക്കു നടക്കുന്നതിനിടയിൽ സിതാരയെ ഒന്ന് നോക്കി.. അവൾ അവനെ നിർവികാരമായി നോക്കികൊണ്ട്‌ ഇരിക്കുകയായിരുന്നു… അവനുമായി കണ്ണിടഞ്ഞപ്പോൾ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…

ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും വലിയ ശ്രദ്ധ കൊടുക്കാതെ അവൻ പടികൾ കയറി…

മുകളിൽ ചെന്നു ഡ്രെസ്സെല്ലാം മാറ്റി കുറച്ചു സമയം ഹാളിലെ കസേരയിൽ ചാരിയിരുന്നു… നീതുവിനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നി..

ഒരുത്തിക്ക് പിന്നാലെ കറങ്ങിക്കൊണ്ടിരിക്കുന്ന തനിക്ക് തന്റെ ചുറ്റിനും കറങ്ങുന്ന ഒന്നിനെ മനസിലാക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം അവന്റെ ഉള്ളിൽ നുരഞ്ഞു…

ശെരിയാണ് സിതാരയെ വെച്ച് നോക്കുമ്പോൾ നീതു എങ്ങുമില്ല… പക്ഷെ അവൾക്ക് ഒരു മനസുണ്ടെന്ന കാര്യം ഓർത്തില്ല… അവളുടെ പ്രണയത്തെ മുതലെടുത്തതു പോലെ..

അവൻ എണീറ്റു താഴേക്ക് ചെന്നു… ലക്ഷ്മിയമ്മ നാമം ചൊല്ലൽ കഴിഞ്ഞ് സിതാരയുമായി കത്തിയടിയിലാണ്.ശങ്കരനും കുളി കഴിഞ്ഞു വന്നു അതിൽ കൂടിയിട്ടുണ്ട്…നീതുവിനെ തിരഞ്ഞു സിദ്ധു റൂമിൽ പോയി അവൾ അവിടെ കട്ടിലിൽ ചാരിയിരുപ്പുണ്ടായിരുന്നു..

അവനെ പെട്ടെന്ന് കണ്ടപ്പോൾ അവൾ പിടഞ്ഞെണീറ്റു… അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് തല താഴ്ത്തി..

” ഹെയ്..സിദ്ധുവേട്ടൻ വിഷമിക്കണ്ട, ഞാൻ ഒന്നും മനസിലാക്കാതെ ഓരോന്നിനു വരുന്നതാണ്… പെട്ടെന്ന് കേട്ടപ്പോ….. ന്തോ ഒരു വല്ലായ്മ തോന്നിയതാ… അതൊന്നും കാര്യാക്കണ്ട… ”

അവൾ ചുണ്ടിൽ ഭംഗിയുള്ള ചിരിയോടെ പറഞ്ഞു… പക്ഷെ കൺകോണിലെ നീർതിളക്കം ഉള്ളിലെ ആഴിയെ തുറന്നുകാട്ടി…

” സോറി മോളെ… ”

സിദ്ധു അവളെ വാരിപ്പുണർന്നുകൊണ്ട് നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി… പിന്നെ അവളിൽ നിന്നും അടർന്നുമാറി തിരിഞ്ഞു നടന്നു…

നീതു കുറെ സമയത്തിന് ശേഷം സമാധാനത്തോടെ പുഞ്ചിരിച്ചു.. നടന്ന കാര്യങ്ങളുടെ സമ്മർദ്ദം പല രീതിയിൽ അവളെ ബുദ്ധിമുട്ടിച്ചിരുന്നു..

സിദ്ധുവിന്റെ ഈയൊരു സമീപനം അവളിൽ വല്ലാത്തൊരു സുരക്ഷിതത്വ ബോധം ഉണ്ടാക്കി.. മുൻപത്തെ പോലെ അല്ല, ഇത് അവൻ മനഃപൂർവം ചെയ്ത ഒന്നായി കാണാൻ അവൾക് തോന്നിയില്ല…ഒന്നുമില്ലെങ്കിലും ആ സമയം താനും ആസ്വദിച്ചതാണ്, തെറ്റുകൾ മാനുഷികമാണല്ലോ.. ക്ഷമ ചോദിച്ചതുകൊണ്ട് ക്ഷമിക്കാം…. പക്ഷെ താര അറിയുന്നുണ്ടോ ഇങ്ങേരുടെ സ്നേഹം..??

നീതു മുടി ചുറ്റിക്കെട്ടി, മുഖം നന്നായി കഴുകി ഉമ്മറഭാഗത്തു ബാക്കിയുള്ളവരോടൊപ്പം കൂടി, അവൾക്ക് ഹൃദയത്തിൽ ഒരു ശാന്തത അനുഭവപ്പെട്ടു,പെയ്തൊഴിഞ്ഞ മാനം പോലെ…

Leave a Reply

Your email address will not be published. Required fields are marked *