രണ്ടാം റൗണ്ട് മുതൽ സിദ്ധു
കളിയിലേക്ക് വന്നു… ചുറ്റുമുള്ള ശബ്ദം കോലാഹലങ്ങളെ അവൻ അവഗണിച്ചു സോണിയിലേക്ക് മാത്രം ശ്രദ്ധിച്ചു…
സോണിയുടെ മിന്നൽ നീക്കങ്ങളെ ഗാർഡ് വെച്ച് തടഞ്ഞു തുടങ്ങി, അറ്റാക്ക് ചെയ്യുന്നതിന് പകരം ഫേക്ക് മൂവുകളിലൂടെ സോണിയെ അവൻ കബളിപ്പിച്ചു…
ഒരു അറ്റാക്ക് പ്രതീക്ഷിക്കുന്ന സോണി പെട്ടെന്ന് പ്രതിരോധിക്കുമ്പോൾ ചിരിയോടെ അടുത്ത ഫേക്ക് അറ്റാക്കിനു ശ്രമിക്കുന്ന സിദ്ധുവിനെ കണ്ടു പ്രകോപിതനായി..
ഇടക്ക് കയറി വന്നു ഒരു കിക്ക് മുഖത്തേക്ക് വന്നപ്പോൾ വെട്ടിയൊഴിഞ്ഞ സിദ്ധു തിരിഞ്ഞു നിന്നു കൊടുത്ത ഹുക്കിൽ സോണിയുടെ കിളി പോയി..
ഗംഭീര ഗ്രൗണ്ട് സപ്പോർട്ട് ഉണ്ടായിരുന്ന സോണിക്കു ആ അടിയിൽ കാണികൾ നിശബ്ദരായി…. വീണ്ടും അറ്റാക്ക് ചെയ്തു കേറി വന്ന സോണിയെ സിദ്ധു പലരീതിയിൽ പ്രകോപിച്ചു..പോയിന്റ് നില തുല്യമാക്കാൻ ആ റൗണ്ടിൽ സിദ്ധുവിന് സാധിച്ചു..
മൂന്നാം റൗണ്ടിൽ സിദ്ധു പുതിയ തന്ത്രമായിരുന്നു..ക്ലോസ് റേഞ്ചിൽ കയറി വന്ന സോണിയെ വേഗത്തിൽ മൂന്നുനാലു എൽബോ സ്ട്രൈക്ക് കൊടുത്തു മുഖം പഞ്ചറാക്കി വിട്ടു, പ്രതീക്ഷിക്കാതെ കിട്ടിയ അറ്റാക്കിൽ സോണിയുടെ മുഖത്ത് ചോര പൊടിഞ്ഞു..
നാലാം റൗണ്ടിൽ സിദ്ധു സ്വന്തം സ്‌ട്രെങ്ത്തിലേക്ക് തിരികെ വന്നു, ലോങ്ങ് റേഞ്ചിൽ നിന്നു നല്ല ഊക്കൻ ഇടികളും ഒന്ന് രണ്ട് കിക്കും… സോണി നിലത്തു വീണു, റെഫെറീ വിസിൽ അടിച്ചു, കളി കഴിഞ്ഞു…
തുടക്കത്തിൽ സപ്പോർട്ടേഴ്‌സ് ഇല്ലാതിരുന്ന സിദ്ധുവിന് അതോടെ കരഘോഷങ്ങൾ കൊണ്ട് പ്രവാഹമായിരുന്നു…
ക്ലാസിലെ പിള്ളേർ പൊതിഞ്ഞു, ട്രൈനെർ സന്തോഷത്തോടെ ചേർത്തുപ്പിടിച്ചു… സോണിയെ അവന്റെ കൂടെയുള്ളവർ എടുത്തു കൊണ്ടുപോയി…
സിദ്ധുവിനും അല്ലറ ചില്ലറ പരിക്കുകൾ ഉണ്ടായിരുന്നു, മൂക്കിന് കിട്ടിയ ഇടിയിൽ ചോര വരുന്നുണ്ട്, കണ്ണിനു ചുറ്റും നീര് വെക്കാൻ തുടങ്ങിയിട്ടുണ്ട്… അവിടെയെല്ലാം ഐസ് വെച്ച് കൊണ്ട് അവൻ വിശ്രമിച്ചു…
അങ്ങനെ കോളേജിന്റെ പുതിയ ബോക്സിങ് ചാമ്പ്യൻ ആയി സിദ്ധു മാറി, ഇതുവരെ ചാമ്പ്യൻ ആയി നിന്നിരുന്ന സോണി ഇതെങ്ങനെ ഉൾക്കൊള്ളും എന്നതായിരുന്നു സിദ്ധുവിന്റെ ചിന്ത.. ഒറ്റക്കല്ലല്ലോ, കൂടെയുള്ള ആളുകൾ കൂടി തോൽവി അംഗീകരിച്ചില്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു പണി വന്നേക്കാം.. ഒന്ന് തയാറായി ഇരിക്കണമെന്ന ചിന്ത മനസ്സിൽ ഓടി….
അന്ന് ഹോസ്റ്റലിൽ വന്നു കിടന്ന ശേഷം വീട്ടിലേക്ക് പോയി വരാമെന്നു ഒരു തോന്നൽ അവനുണ്ടായി..മൂന്ന് മാസത്തോളം വീട്ടിൽ നിന്നും വിട്ടുനിന്നതല്ലേ..!! ഇതിനിടയിൽ പറയാൻ വിട്ടു പോയത് സിദ്ധുവിന് ലൈസെൻസ് കിട്ടിയതായിരുന്നു… ഇരുചക്രവും നാലു ചക്രവും ഓടിക്കാൻ അവന് ഔദ്യോദിക അനുമതി കിട്ടി.. അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് കോളേജിൽ പരിപാടി ഉണ്ടാവുന്നതൊക്കെ..
ചാമ്പ്യൻഷിപ് വഴി കിട്ടിയ പരിക്കുകൾ ഒരു വിധം ഭേദമായതിനു ശേഷം വീട്ടിലേക്ക് പോവുന്നതിനു നല്ലതെന്നു സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു സിദ്ധു അടുത്ത ആഴ്ചയാണ് വീട്ടിലേക്ക് പോയത്…
കോളേജിലെ അവന്റെ പരിവേഷം മാറിയിരുന്നു… മുന്പ് പല രീതിയിൽ വെറുപ്പിച്ചിരുന്ന പാർട്ടിക്കാർ അവരിലേക്ക് ചേരാനായി സിദ്ധുവിനെ സമീപിച്ചു… സിദ്ധുവിനെ പോലെ ഒരാളുണ്ടെങ്കിൽ അവർക്കതൊരു മുതൽക്കൂട്ടാകുമെന്ന് അവർ ചിന്തിച്ചു.. പല ആളുകളുടെ വക്കാലത്തു കൊണ്ട് ഇത് നടത്താൻ നോക്കിയെങ്കിലും സിദ്ധു ഒന്നിനും വഴങ്ങിയില്ല.. അവൻ ആദ്യത്തേത് പോലെ ഒതുങ്ങി ജീവിച്ചു പോന്നു..പഴയതു പോലെ അവനെ തോണ്ടാനും പിടിക്കാനും ആരും നിന്നതുമില്ല..
അങ്ങനെ അടുത്ത ആഴ്ചയിൽ സിദ്ധു ചിറക്കലേക്കു തിരിച്ചു.. മാസങ്ങൾക്കു ശേഷം ആദ്യ യാത്ര.. അവിടെ എത്തിയപ്പോൾ സിതാരയും നീതുവും ക്ലാസ് കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നില്ല… വന്നപാടെ ലക്ഷ്മിയമ്മയോട് വിശേഷങ്ങൾ തിരക്കിയപ്പോൾ ശേഷം പാടത്തേക്കും തൊടിയിലേക്കുമായി ഇറങ്ങി.. കുറെ സമയം ശങ്കരനോടൊപ്പം അങ്ങിങ്ങായി ചിലവഴിച്ചു സന്ധ്യയായപ്പോളാണ് കുളത്തിലൊന്നു നീന്തി കുളിച് കേറാൻ തോന്നലുണ്ടായത്..
