എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന കക്ഷി മുഖം കഴുകിയിട്ട് നിവർന്ന് ഒരേ നിൽപ്പ്.. ഇടയ്ക്ക് ഇരു കയ്യും ഇടുപ്പിൽ താങ്ങി ആകാശത്തേക്ക് നോക്കി ചേച്ചി നിൽക്കുകയാണ് .. പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ചേച്ചി ചെയ്യുന്നതും നോക്കി ഞാൻ അവിടെ തന്നെ വാതിൽ ചാരി നിന്നു..
സ്വല്പം കഴിഞ്ഞതും ചേച്ചി പതിയെ തിരിഞ്ഞു.. കണ്ണുകൾ കലങ്ങിയിട്ടുണ്ട് മുഖത്ത് വല്ലാത്ത ഒരു വാട്ടവും ഞാൻ ശ്രദ്ധിച്ചു…
“യ്യോഹ്!!” എന്നെയവിടെ തീരെ പ്രതീക്ഷിക്കാതെ നിന്ന ചേച്ചി ഞെട്ടിക്കൊണ്ട് നെഞ്ചിൽ കൈവെച്ച് കൂവിപ്പോയി
“പേടിക്കാണ്ടിരിക്കാനാ ഇവിടെ തന്നെ നിന്നത്… എന്നിട്ടും പേടിച്ചോ?!” ഞാൻ ചോദിച്ചു
“പിന്നെ അനങ്ങാണ്ട് വന്ന് നിന്ന മനുഷ്യൻ പേടിക്കല്ലേടാ!!”
“എന്തുപറ്റി ചേച്ചിക്ക്? മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ടല്ലോ?!”
“ഓ അതിന്നലെ രാത്രി ഞാൻ ഉപ്പിലിട്ടത് കഴിച്ചിരുന്നു അത് പിടിച്ചില്ലെന്ന് തോന്നുന്നു ചെറിയ ഒരു ശർദ്ദി..”
“ശർദ്ദിയോ… ഹോസ്പിറ്റലിൽ പോകാമേച്ചി..”
“ഏയ് അതിനുമ്മേണ്ടി ഒന്നുല്ലടാ… ഇതൊരു കട്ടനും ഇത്തിരി നാരങ്ങാ നീരും കൂടെ ഉള്ളില് ചെന്നാൽ മാറണതേ ഉള്ളൂ”
“സ്വയം ചികിത്സ ചെയ്ത് കുളമാക്കാൻ നിക്കണ്ട നമുക്ക് ഹോസ്പിറ്റലിൽ പോകാം!!”
“ഒന്ന് പോയെ കുട്ടൂ ഇതിനൊക്കെ വെറ്തെ പൈസ ചെലവാക്കാനോ.. പോയിക്കിടന്ന് ഉറങ്ങിക്കോ നീ… ഇന്നലെ പഠിച്ചിട്ട് രാത്രി ഒരുപാട് വൈകിയല്ലേ നീ കിടന്നേ…പൊക്കോ നീയ്”
ചേച്ചിയുടെ വാശി തന്നെ വിജയിച്ചു… ഹോസ്പിറ്റലിൽ പോകാതെ സ്വയം ചികിത്സ തന്നെ ചെയ്തു
അന്നത്തെ ദിവസവും പഠിച്ചു മടുത്തു കടന്നുപോയി… പക്ഷെ ചേച്ചിയുടെ മുഖത്ത് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു എത്ര ശ്രമിച്ചിട്ടും ചേച്ചി ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല…
ദിവസങ്ങൾ വീണ്ടും കടന്ന് പോയി
ഒരു പരീക്ഷ കൂടെ ബാക്കി നിൽക്കെ ചേച്ചിക്ക് സ്കൂളിൽ പോകേണ്ടതും എനിക്ക് പരീക്ഷയുമില്ലാത്ത ദിവസം… ഇങ്ങനെയുള്ള ദിവസങ്ങളിൽ ചേച്ചിയെ സ്കൂളിലേക്ക് കൊണ്ടുചെന്ന് ആക്കുന്നതും തിരികെ വിളിച്ചുകൊണ്ടു വരുന്നതും ഞാൻ തന്നെയായിരുന്നു…
“ചേച്ചീ… ചേച്ചീ…?” പുറത്ത് ചേച്ചിയുടെ സ്കൂട്ടറിൽ ഒരുന്നുകൊണ്ട് ഞാൻ അകത്തേക്ക് വിളിച്ചുകൂവി
“ഓ ദാ വരുണൂ” ഷോൾഡർ ബാഗിലെക്ക് വെള്ളത്തിന്റെ കുപ്പി വെച്ചുകൊണ്ട് സാരിചുറ്റി ഇറങ്ങി വന്ന ചേച്ചിയ്ക്ക് വർണിക്കാൻ കഴിയാത്തത്ര സൗന്ദര്യമായിരുന്നു… എന്നത്തേക്കാളുമൊരു തുടിപ്പ് ആ മുഖത്തിനുണ്ടായിരുന്നു… കവിളിലെ ചെറു നുണക്കുഴി ഇടയ്ക്ക് തെളിഞ്ഞു വരുമ്പോ ആ സൗന്ദര്യം ആയിരം മടങ്ങ് വർധിച്ചു …
“ദേ അശ്വതി ടീച്ചറെ ഇപ്പഴേ പറഞ്ഞേക്കാം വല്ല സാറുമ്മാരേം വളച്ചൊണ്ട് ഇങ്ങോട്ട് വന്നാലോണ്ടല്ലോ…”
“എന്തുവാടാ നീ പറയണേ?!!” തുമ്പും മുറിയുമായി സംസാരിച്ച എന്നോട് സംശയത്തോടെ ചേച്ചി ചോദിച്ചു
“അല്ല എന്റേയീ ചേച്ചീടെ വാലിൽ കെട്ടാനില്ലാത്ത ടീച്ചര്മാരല്ലേ ആ സ്കൂളലൊള്ളത് അതിന്റെ കൂടെ ആവിശ്യത്തിലധികം സാറുമാരും… എങ്ങാനം ആരേലും ചേച്ചിയെ കേറി പ്രേമിച്ചാലെനിക്കത് പിടിക്കില്ല പറഞ്ഞേക്കാം!!”
“ഓ.. ഹഹഹ.. എന്റെ വാവായെക്കാ നന്നായിട്ടാരാടാ എന്നെ സ്നേഹിക്കാനും പ്രേമിക്കാനും ഈ ലോകത്തൊള്ളെ?.. ഏഹ്?” എന്റെ കവിളിൽ പിച്ചിക്കൊണ്ട് ചേച്ചി പറഞ്ഞു
“അതെനിക്ക് നന്നായി ബോധിച്ചിരിക്കുണു മിസ്സ് അശ്വതീ!!” ഞാൻ ചേച്ചിയുടെ കീഴ്ച്ചുണ്ടിൽ രണ്ടു വിരൽ കൊണ്ട് പിച്ചി വലിച്ചു കൊഞ്ചിച്ചു പറഞ്ഞു
“കൊഞ്ചിച്ച് നിൽക്കാതെ വാ പോകാം സമയമൊരുപാടായി…!” എന്റെ കൈ തട്ടി മാറ്റികൊണ്ട് ചേച്ചി പറഞ്ഞു
ചേച്ചിയുമായി സ്കൂട്ടറിൽ പോകുമ്പോ വായിനോക്കുന്നവന്മാരെ കണ്ടിട്ട് എനിക്ക് എന്തെന്നില്ലാത്ത ഒരു ഗമ തോന്നിയിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല
അന്നത്തെ ദിവസം മുതൽ എന്റെ ജീവിതം മാറുകയായിരുന്നു എന്നെന്നേക്കുമായി!!
.
.
.
.
.
അവസാന പരീക്ഷയും കഴിഞ്ഞ ദിവസം… വേണിയുടെയൊപ്പം ഒരു കോഫീ ഷോപ്പിൽ ഇരിക്കുകയായിരുന്നു ഞാൻ…
