മഴപെയ്തനേരം

ചന്തു ഒരു വാണിംഗ് പോലെ പറഞ്ഞു,

“ഏയ്‌… ഇല്ലടാ അതൊക്കെ ഞാനന്നേ കളഞ്ഞു… പിന്നല്ല നമുക്കെന്താ പാട്…”

അപ്പു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു,

പിന്നീടവർ വായനശാലയിലും പഴയ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ കണ്ട് തിരികെ വന്നു,

ചന്തു കൂടെയുള്ളതുകൊണ്ട് അപ്പുവിന് ബോറടിയൊന്നുമില്ലായിരുന്നു, എവിടെപ്പോയാലും അപ്പു ചന്തുവിനെ കൂടെ കൂട്ടി,

ദിവസങ്ങളെങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു,

നിളയെ സ്കൂളിൽ കൊണ്ടാക്കുന്നതും തിരികെ കൊണ്ട് വരുന്നതും അപ്പു ആയിരുന്നു…

അന്ന് കാറിൽനിന്നിറങ്ങി അപ്പു കാർ തിരിച്ച് ഗേറ്റ് കടക്കുന്നതുവരെ നിള പുഞ്ചിരിയോടെ അവനെ നോക്കി നിന്നു, സ്റ്റാഫ്‌ റൂമിലെത്തിയ നിള കവിതയുടെ അടുത്ത് ചെന്നിരുന്നു, പഠിക്കുന്ന കാലം മുതലേയുള്ള കൂട്ടാണ് അവർ തമ്മിൽ, നിളയുടെ എല്ലാക്കാര്യങ്ങളും അവൾ ഷെയർ ചെയ്യുന്നത് കവിതയോടാണ്, അപ്പുവിന്റെ കാര്യവും അവൾക്കറിയാം

“എന്താണ് നിളയിന്ന് നന്നായി തെളിഞ്ഞു പതഞ്ഞൊഴുകുന്നല്ലോ…. ഇന്ന് നിന്റപ്പൂട്ടൻ ഉമ്മ വല്ലോം തന്നോ…?”

കവിത അവളോട് ചോദിച്ചു,

നിള ചുറ്റും നോക്കി അവളുടെ കയ്യിൽ പതിയെ തല്ലി

“ഛീ… വായടക്കടി അസത്തെ… അല്ലേലേ ആരുടെ വായീന്ന് എന്ത് വരുന്നൂന്ന് നോക്കിയിരിക്കാ ഓരോരുത്തര്…”

അവൾ പതിയെ പറഞ്ഞു

“അപ്പൊ തന്നോ…?”

“തന്നു… കുന്തം…”

നിള മുഖം കുർപ്പിച്ചു പറഞ്ഞു

“കുന്തം ഇപ്പോഴേ തന്നോ…? അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരായിരുന്നോ…?”

കവിത കളിയാക്കിക്കൊണ്ട് പറഞ്ഞു, ഡബിൾ മീനിങ് മനസ്സിലാക്കാൻ നിള കുറച്ചു സമയമെടുത്തു,

“ഛീ… അസത്ത്… നാവില് നല്ലത് വരില്ല… നീയൊക്കെ ടീച്ചർ തന്നെയാണോ…?”

അവൾ നാണം കലർന്ന പുഞ്ചിരിയോടെ ചോദിച്ചു,

“ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം, ചെക്കൻ നേരത്തേക്കാളും നല്ല ഗ്ലാമർ ആയിട്ടുണ്ട്, ഇവിടെ ഓരോരുത്തര് ചോദിക്കുന്നുണ്ട് അവനെപ്പറ്റി…”

അവൾ പറഞ്ഞതുകേട്ട് നിള ഒന്ന് ഞെട്ടി,

“ആര്…? ആര് ചോദിച്ചു…?”

അവൾ വേവലാതിയോടെ ചോദിച്ചു,

“ആ സ്വാതി ടീച്ചർ പറയുന്ന കേട്ടു… കല്യാണം കഴിഞ്ഞതാണോ… ഇപ്പൊ ആലോചന നോക്കുന്നുണ്ടോ എന്നൊക്കെ…”

“അവൾക്ക് അല്ലേലും ഇത്തിരി ഇളക്കം കൂടുതലാ… ഞാനത് തീർത്തു കൊടുക്കുന്നുണ്ട്…”

നിള കുറുമ്പോടെ പറയുന്നത് പുഞ്ചിരിയോടെ കവിത നോക്കി ഇരുന്നു

“അതാ ഞാൻ പറയുന്നത്… മനസ്സിൽ വച്ചോണ്ടിരിക്കാതെ പറയാനുള്ളത് അവനോട് പറ… ചെക്കൻ കൈവിട്ടു പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല…”

“ചുമ്മാ പേടിപ്പിക്കാതെടി… ഞാനെന്തായാലും അവനെ അറിയിക്കും,, അടുത്ത ശനിയാഴ്ച അവന്റെ പിറന്നാളാ… അന്ന് ക്ഷേത്രത്തിൽ കണ്ണന്റെ മുന്നിൽ വച്ച് പറയും…”

നിള അത് പറയുമ്പോൾ അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നിരുന്നു,

“ചുവന്നല്ലോ പെണ്ണ്…”

കവിത അവളെ കളിയാക്കി പറഞ്ഞു,

അതുകേട്ട് അവൾ ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി,

••❀••

ഒരു ദിവസം രാത്രി അപ്പു ബിസിനസ്‌ മെയിൽ എല്ലാം ചെക്ക് ചെയ്ത് റിപ്ലൈ അയക്കേണ്ടവർക്ക് അയച്ചുകഴിഞ്ഞ് മൊബൈൽ എടുത്ത് കട്ടിലിൽ ചാരി ഇരുന്നു,

ഒരു അൺനോൺ നമ്പറിൽ നിന്നും ഒരു ഹായ് വന്ന് കിടന്നിരുന്നു, അപ്പു ഡിപി നോക്കി, അവന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു,

“നന്ദന…”

അവന്റെ ചുണ്ടുകൾ ഉരുവിട്ടു

അവനതിന് തിരികെ ഒരു മറുപടി കൊടുത്തു

അപ്പോൾത്തന്നെ നന്ദന ഓൺലൈനിൽ വന്നു

“മനസ്സിലായോ…?”

അവളുടെ മെസ്സേജ് വന്നു

“മ്… തനിക്കെന്റെ നമ്പർ എങ്ങനെകിട്ടി…?”

“കമ്പ്യൂട്ടർ യുഗമല്ലേ… ഒരാൾക്ക് ഒരാളുടെ ജാതകം വരെ ഒപ്പിക്കാം പിന്നാണോ ഒരു മൊബൈൽ നമ്പർ…”

“😳”

അവർ പരസപരം ഒരുപാട് സമയം ചാറ്റ് ചെയ്തുകൊണ്ടിരുന്നു, അതിനിടയിൽ അവർക്കിടയിൽ ഉണ്ടായിരുന്ന മറ പതിയെ തകർന്ന് വീണിരുന്നു,

പിറ്റേന്ന് നിളയെ സ്കൂളിൽ വിട്ടിട്ട് കോളേജിനെതിരെയുള്ള ബേക്കറിയിൽ കയറി കോളേജ് ബസ്സ്റ്റോപ്പിലേക്ക് നോക്കിയിരുന്നു

നന്ദന ബസ്സിറങ്ങി അപ്പുവിന്റെ കാർ കണ്ട് ചുറ്റും നോക്കി, അവനെ അവിടെയൊന്നും കാണാതായപ്പോൾ റോഡ് മുറിച്ചുകടന്ന് കാറിനടുത്തേക്ക് വന്നു, പിന്നീട് കാറിനകത്തെക്കും അതിനു ചുറ്റുമൊക്കെ ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി,

ഇതെല്ലാം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ അപ്പു ബേക്കറിക്കുള്ളിൽ ഇരുന്നു

കുറച്ചു കഴിഞ്ഞ് അപ്പു ഇറങ്ങി കാറിനടുത്തേക്ക് വന്നു നന്ദനയ്ക്ക് പിന്നിലായി നിന്നു

“ഹലോൺ…”

അവൻ അവളെ വിളിച്ചു

നന്ദന ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞ് നോക്കി, അവനെക്കണ്ട് അവളൊന്ന് ഞെട്ടി പിന്നീട് പുഞ്ചിരിച്ചുകൊണ്ട് തലതാഴ്ത്തി,

“ഇവിടെ എന്നെക്കാണാൻ വന്നതാണോ…?”

അവൾ മുഖമുയർത്തി പതിയെ അവനോട് ചോദിച്ചു

“ഏയ്‌… ഞാനെന്തിനാ തന്നെക്കാണാൻ ഇവിടെ വരുന്നേ… മാത്രോല്ല തന്റെ പുറകെ നടന്നാൽ പോലീസിൽ കേസ് കൊടുക്കുമെന്നല്ലേ താനന്ന് പറഞ്ഞത്…”

അവളൊന്നും മിണ്ടിയില്ല

“പിന്നെ ഒരു കാശുകാരനാണെങ്കിലെ എനിക്ക് തന്റെ പിറകെ നടക്കാൻ യോഗ്യതയുള്ളൂ എന്നല്ലേ പറഞ്ഞത്…”

അവൻ തുടർന്നു

“അയ്യോ… അത്… ഞാനന്ന്… വെറുതെ…”

അവൾ തപ്പിത്തടഞ്ഞു

“അല്ലെങ്കിതന്നെ ഇപ്പൊ കാശുകാരനായല്ലോ…”

അവൾ പറഞ്ഞു

അതിനവൻ ഒന്ന് പുഞ്ചിരിച്ചു

“അപ്പൊ ഇനി പുറകെ നടക്കാമെന്ന്…?”

അവൻ അവളോട് ചോദിച്ചു

“മ്…”

അവൾ നാണത്തോടെ പറഞ്ഞു

പിന്നീട് നിളയെ കൊണ്ടുവിടാനും തിരികെകൊണ്ടുപോകാനും അപ്പു വരുന്നത് നന്ദനയെ കാണാൻ കൂടിയായി, ആ ബന്ധം നന്നായി തഴച്ചു വളർന്നു

🍂🍂🍂🍂🍂🍂🍁🍂🍂🍂🍂🍂🍂

പ്രസാദ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദനയുടെ ഫോൺ റിങ് ചെയ്തു, അവൾ അത് അസ്വസ്ഥതയോടെ കട്ട്‌ ചെയ്തു, പിന്നീടും റിങ് ചെയ്തു അപ്പോഴും അവൾ കട്ട്‌ ചെയ്തു,

“ഫോൺ എടുക്ക് മോളേ…”

പ്രസാദ് അവളോട് പറഞ്ഞു

അവൾ മുഖമുയർത്തി നോക്കി

“ഇത് ആ വിവേകാണ്…”

അവൾ പറഞ്ഞു

“നിങ്ങൾ ഇഷ്ടത്തിലല്ലായിടുന്നോ…?”

അയാൾ വീണ്ടും ചോദിച്ചു

“ആയിരുന്നു…”

അവൾ പറഞ്ഞു നിർത്തി

“അതെന്താ ബ്രെകപ്പ് ആയോ…?”

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു

അവൾ അതേയെന്ന് തലയാട്ടി

“ഇലഞ്ഞിമുറ്റത്തെ ചെറുക്കൻ കാരണമാണോ…”

അയാൾ ചോദിച്ചു

അവൾ അതേയെന്ന് തലയാട്ടി

“പൂത്ത കാശാ മോളേ അവന്റല്… പത്തു തലമുറയ്ക്കുള്ളത് അവനുണ്ടാക്കിയിട്ടുണ്ടെന്നാ നാട്ടുകാര് പറയുന്നത്… അച്ഛന്റെ അവസ്ഥയറിയാലോ… ആകെ പൊട്ടി നിക്കുവാ…”

അയാൾ അവളോട് പറഞ്ഞു

“എനിക്കറിയാം അച്ഛന്റെ അവസ്ഥ… എല്ലാം ഞാൻ ശരിയാക്കിക്കോളാം…”

“അപ്പൊ ആ വിവേകിനെ എങ്ങനാ ഒഴിവാക്കുന്നെ…?”

“അത് ഞാനവനോട് പറഞ്ഞിട്ടുണ്ട് ബ്രേക്കപ്പിന്റെ കാര്യം… പക്ഷേ അവനിടഞ്ഞു നിക്കുകയാ…”

“അവനെക്കാളും ബെറ്റർ ചോയ്സാ ഇവൻ… അവനെപ്പോലെ പത്തു പേരെ വിലയ്ക്ക് വാങ്ങാനുള്ള ശേഷിയുണ്ട് ഇന്ന് ആ കൃഷ്ണന്റെ മോന്…”

അവളൊന്നു പുഞ്ചിരിച്ചു

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു അപ്പുവും നന്ദനയും വല്ലാതെയടുത്തു… എങ്കിലും അപ്പുവത് ചന്തു പോലുമറിയാതെ രഹസ്യമാക്കി വച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *