മഴപെയ്തനേരം

അപ്പു പറഞ്ഞു,

ശോഭ അവനെ വാത്സല്യത്തോടെ തലോടി…

അവർ നേരെ ടൗണിലെത്തി വലിയ ഒരു ടെസ്റ്റൈൽസിൽ കയറി ആവശ്യമുള്ളേതെല്ലാം വാങ്ങി നേരെ അശോകൻ മാഷിന്റെ വീട്ടിലേക്ക് തിരിച്ചു

പോകുന്ന വഴി ചന്തുവിന്റെ വീട്ടിൽ കയറി

ചന്തുവിന്റെ വീട്ടിൽ ചന്തുവും അമ്മയും പെങ്ങളും അവളുടെ മൂന്ന് വയസ്സുള്ള മോളുമായിരുന്നു താമസം, ചെല്ലുമ്പോൾ ചന്തു വീട്ടിലുണ്ടായിരുന്നു

“ആഹാ പേർഷ്യെക്കാരൻ എത്തിയോ…? വാ… വാ… കേറിവാ…”

ഉമ്മറത്ത് നിന്ന ചന്തു അവരെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.

അപ്പു ചന്തുവിനെ കെട്ടിപ്പിടിച്ചു

“മ്… കൊള്ളാം പേർഷ്യൻ മണമൊക്കെ ഉണ്ട്…”

അപ്പുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“നീ കൂടുതൽ പറയണ്ട… എന്നെ എയർപോർട്ടിൽ വന്നു വിളിക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു പോസ്…”

അപ്പു അവനോട് പറഞ്ഞു

“വരാൻ തന്നെയാടാ ഇരുന്നത്… ഒരത്യാവശ്യ പണി വിചാരിച്ച സമയത്തിന് തീർന്നില്ല… അതോണ്ടാ നിന്നോട് ടാക്സി വിളിച്ചു വരാൻ പറഞ്ഞത്… നീ ക്ഷമി…”

ചന്തു അവനോട് പറഞ്ഞു

“ഇതിന് പ്രായശ്ചിത്തമായി ഞാൻ തിരികെ പോകുന്ന വരെ എന്റോടെ കാണണം…”

“അത് ഡബിൾ ഓക്കേ… വർക്ഷോപ് ഞാൻ ഒരു മാസത്തേക്ക് പിള്ളേരെ ഏൽപ്പിച്ചിട്ടുണ്ട്…”

ചന്തുവും അപ്പുവും ജോലിചെയ്ത വർക്ഷോപ് ചന്തു സ്വന്തമായി വാങ്ങി… ഇപ്പൊ അവനാണ് അത് നോക്കുന്നത്.

കുറെ നേരം അവിടെ വിശേഷങ്ങളും പറഞ്ഞിരുന്നു, അവർക്കെല്ലാം വാങ്ങിയ വസ്ത്രങ്ങളും സമ്മാനങ്ങളുമെല്ലാം കൊടുത്ത് സന്ധ്യയോടെ അവർ മാഷിന്റെ വീട്ടിലേക്ക് തിരിച്ചു കൂടെ ചന്തുവിനെയും കൂട്ടി…

🍂🍂🍂🍂🍂🍂🍁🍂🍂🍂🍂🍂🍂

“♪….കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍

കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍

അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍….. കേശവ കേശാദിപാദം തൊഴുന്നേൻ….

കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍

കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍

വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍

കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍….. ♪”

മുറ്റത്ത് കാർ നിർത്തിയിറങ്ങുമ്പോൾ നിളയുടെ മധുര ശബ്ദത്തിലുള്ള ആലാപനം കേട്ട് എല്ലാവരും കാത് കൂർപ്പിച്ചു നിന്നുപോയി…

അവർ നോക്കുമ്പോൾ തുളസിതറയിൽ വിളക്ക് വയ്ക്കുകയാണ് നിള , മാഷ് കൈകൂപ്പി കണ്ണടച്ചു പ്രാത്ഥിച്ചുകൊണ്ട് ഉമ്മറത്തു നിൽക്കുന്നു

ചുവന്ന ഹാഫ് സാരിയും കരിനീല ബ്ലൗസും പാവാടയും അണിഞ്ഞു നിതംബം മറക്കുന്ന സമൃദ്ധമായ മുടി വിടർത്തിയിട്ട് നെറ്റിയിലൊരു ഭസ്മക്കുറിയുമായി ആരും നോക്കിനിന്നുപോകുന്ന സൗന്ദര്യ ശില്പം പോലെ ഭക്തിഗാനം മൂളിക്കൊണ്ട് വിളക്ക് വയ്ക്കുകയാണ് നിള , അവളുടെ വെള്ളക്കല്ല് പതിപ്പിച്ച മൂക്കുത്തി വിളക്കിലെ പ്രകാശത്തിൽ തിളങ്ങി,

മുന്നിലേക്ക് വരുന്നവരെക്കണ്ട് ഒരു നിമിഷം നിർത്തി പിന്നീട് അവരുടെ അടുത്തേക്ക് ഓടി

ഓടി വരുന്ന നിളയെ ശോഭ പുഞ്ചിരിയോടെ ചേർത്തുപിടിച്ചു, അപ്പുവും ചന്തുവും പുഞ്ചിരിയോടെ അവരെ നോക്കി,

“എന്ത് ഷോയാടി ചേച്ചിപ്പെണ്ണേ… രണ്ട് മൂന്ന് മണിക്കൂർ മുൻപേ നിങ്ങൾ കണ്ടല്ലേയുള്ളു… അതിനിടക്ക് വീണ്ടും സ്നേഹം കാണിക്കണോ….?”

കിട്ടിയ തക്കത്തിന് അപ്പു നിളയ്ക്കിട്ട് ഒന്ന് കൊട്ടി

“നീ പോടാ…”

നിള അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞിട്ട് ശോഭയോട് ഒന്നൂടെ ചേർന്ന് നിന്നു ചുണ്ട് കൊണ്ട് ഗോഷ്ടി കാണിച്ചു

“അവന് കുശുമ്പാ മോളെ… നമ്മടെ സ്നേഹം കണ്ടിട്ട്…”

ശോഭ അവനെ നോക്കികൊണ്ട് പറഞ്ഞു

“അവര് അമ്മേം മോളുംകൂടി സ്നേഹിക്കട്ടെ നീ വാടാ…”

അപ്പു കള്ള പിണക്കത്തോടെ പറഞ്ഞുകൊണ്ട് കാറിൽനിന്നും കവറുകൾ എടുത്ത് ചന്തുവിനെയും കൊണ്ട് ഉമ്മറത്തേക്ക് നടന്നു…

അവന്റെ സംസാരവും പെരുമാറ്റവും കണ്ട് അവർ വാ പൊത്തി ചിരിച്ചു,

“മാഷേ…”

അപ്പു ഉറക്കെ വിളിച്ചുകൊണ്ടു ദൃതിയിൽ ഉമ്മറത്തേക്ക് കയറി

“ആഹാ… എന്റെ അപ്പുക്കുട്ടൻ വന്നോ…”

മാഷ് സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു, അപ്പു മാഷിനെ വയറിൽ ചുറ്റി ഒന്ന് പൊക്കി നിലത്തു നിർത്തി,

അശോകൻമാഷ് ഒരു രസികനാണ് എന്തുപറഞ്ഞാലും നർമം കൂട്ടിയെ സംസാരിക്കൂ… എപ്പോഴും നല്ല ചുറുചുറുക്ക്, റം പുള്ളിക്കൊരു വീക്നെസ് ആണ്… എന്നുവച്ച് മുഴുകുടിയനൊന്നുമല്ല, എന്നും രാത്രി ഭക്ഷണത്തിനു മുൻപ് രണ്ട് പെഗ്ഗ് നിര്‍ബന്ധമാണ്… അപ്പു പോകുന്നതിന് മുൻപ് അവനായിരുന്നു മാഷിന്റെ ക്രൈം പാർട്ണർ, ഇപ്പൊ ചന്തുവും…

“സുഖാണോ മാഷേ…?”

അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

“സുഖം…”

“ആഹാ… എല്ലാരുമൊണ്ടോ…”

ഉമ്മറത്തേക്ക് കയറിവരുന്ന ശോഭയെ നോക്കി മാഷ് ചോദിച്ചു

“ഞങ്ങക്ക് വേണ്ടപ്പെട്ടവര് നമ്മളെ തേടി വന്നില്ലെങ്കിലും നമ്മൾ തേടി ചെല്ലണ്ടേ അശോകേട്ടാ…”

ശോഭ ചിരിച്ചുകൊണ്ട് പറഞ്ഞു

“ഏയ്‌… ഞാനിപ്പോ അങ്ങനെ പുറത്തോട്ടങ്ങും പോകാറില്ല, മാസത്തിലൊരിക്കൽ പെൻഷൻ വാങ്ങാൻ പോകും അത്രന്നെ…”

അശോകൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു,

“പിന്നെ വേണ്ടത് ഒരുത്തൻ കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ടല്ലോ…”

നിള ചന്തുവിനെ നോക്കികൊണ്ട് പറഞ്ഞു

“എന്ത്… എന്ത് എത്തിക്കുന്നുണ്ടെന്ന്…? നിളേച്ചി ചുമ്മാ…”

ചന്തു പതറിക്കൊണ്ട് പറഞ്ഞു

“അല്ല… എല്ലാ ആഴ്ചയിലും ഒരു കുപ്പി റം കൊണ്ട് കൊടുക്കുന്നുണ്ടല്ലോ…”

നിള ചിരിയോളിപ്പിച്ചുകൊണ്ട് പറഞ്ഞു

“ഞാനോ…? എപ്പോ…?”

അവൻ നിഷ്കളങ്കനായി

“ദേ… ചന്തു വേണ്ടാ… ഞാനാ മാഷിന്റെ മുറി വൃത്തിയാക്കുന്നത്… ആ എന്നോട് വേണ്ടാ…”

നിള നെറ്റി ചുളിച്ചു

“അത്, ഒരു ഗുരുനാഥന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണ്ടത് ഒരു ശിഷ്യന്റെ കടമയല്ലേ… അല്ലെ മാഷേ…?”

ചന്തു മാഷിനെ കൂട്ടുപിടിച്ചു

“പിന്നേ… അങ്ങനെയുള്ളവരാണ് യഥാർത്ഥ ശിഷ്യൻമാർ… മാത്രോല്ല… എന്നും മൂന്ന് പെഗ്ഗ് അടിച്ചോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്… കേട്ടോടാ അപ്പു, അത് ആരോഗ്യത്തിന് നല്ലതാണത്രെ…”

മാഷ് അവനെ പിൻതാങ്ങി

“അതേത് ഡോക്ടർ…? ഞാൻ കേട്ടില്ലല്ലോ…”

നിള വിട്ടുകൊടുത്തില്ല

“ഡോക്ടർ ആ ഭാഗം പറഞ്ഞപ്പോ നീ മരുന്ന് മേടിക്കാൻ പോയിരുന്നു…”

മാഷ് വീണ്ടും സത്യസന്ധനായി, നിള വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും മാഷ് ഇടയ്ക്ക് കയറി

“ഹ.. നീയിവർക്ക് കുടിക്കാനെന്തേലും എടുക്ക്… പിന്നല്ല…”

നിള അവരെ രൂക്ഷമായി നോക്കിയിട്ട് ശോഭയോടൊപ്പം അടുക്കളയിലേക്ക് പോയി

“വാടോ… ഇരിക്ക്… എന്നിട്ട് തന്റെ വിശേഷങ്ങളൊക്കെപ്പറ…”

മാഷ് കസേരയിൽ ഇരുന്നിട്ട് പറഞ്ഞു

“എന്ത് വിശേഷം മാഷേ… ഞങ്ങളൊക്കെയല്ലേ വിശേഷങ്ങൾ… ഞങ്ങൾ പ്രവാസികൾക്കെല്ലാം വിശേഷങ്ങളെല്ലാം ഒരുപോലാ…”

അപ്പു പറഞ്ഞു

“നീ വന്നിട്ട് മാഷിനൊന്നും കൊണ്ട് വന്നില്ലേ…?”

ചന്തു അവനോട് ചോദിച്ചു

“പിന്നേ… മാഷിന് ഞാനൊന്നും കൊണ്ടുവരാതിരിക്കോ…”

അപ്പു പുറത്ത് തിണ്ണയിൽ വച്ചിരുന്ന കവറുകൾ എടുത്തുവന്നു, അതിൽ നിന്നും ഒരു മുണ്ടും ഷർട്ടും കൂട്ടത്തിൽ ഒരു ബോക്സും എടുത്ത് മാഷിന് കൊടുത്തു,

Leave a Reply

Your email address will not be published. Required fields are marked *