ആൻ്റി എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു. കണ്ണൊക്കെ നിറയുന്നുണ്ടായി.
“അതിന് സഹിക്കാൻ പറ്റുല്ലട നീ പിണങ്ങി ഇരിക്കുമ്പോൾ… അത്രയ്ക്ക് ജീവനാണ് നിന്നെ… അവളെ കുറിച്ച് നീ എന്തെങ്കിലും നല്ലത് പറഞ്ഞാലോ എന്തിന് ഒരു മിട്ടായി കടലാസ് കൊടുത്താലോ അതിന് സ്വർഗ്ഗം കിട്ടിയ പോലെ ആണ്.. പിന്നെ ഞങ്ങളെ പോര് കുത്തും… എൻ്റെയാ ജിത്തേട്ടൻ, എന്നെ മാത്രം ഇഷ്ടോള്ളു.. കണ്ടോ കണ്ടോ… എന്നൊക്കെ പറയും… ”
ആൻ്റി തുടർന്ന് പറഞ്ഞു…
എനിക്ക് അന്നേരം ഒരുപാട് സങ്കടായി… ഇത്രയും എന്നെ അവള് സ്നേഹിക്കുന്നുണ്ടോ എന്നൊക്കെ ഞാൻ അപ്പോഴാണ് അറിഞ്ഞത്…. കേട്ട് നിന്ന അമ്മയുടെയും. കണ്ണുകൾ നിറഞ്ഞു… ഞാൻ അങ്ങനെ നിൽക്കുമ്പോൾ…
“എടാ എന്തെങ്കിലും പറഞ്ഞ് അതിനെ ഒന്ന് റെഡി ആക്കിയെടുക്കട… രണ്ട് ദിവസം മര്യാദക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല… ”
ജയൻ അങ്കിൾ എൻ്റെ തോളത്ത് കൈ വെച്ച് പറഞ്ഞു.
പിന്നെ ഒന്നും നോക്കിയില്ല… നേരെ ചെന്ന് രണ്ട് ഇടിയും തൊഴിയും വാങ്ങി ഒരു കടിയും കിട്ടി കുറച്ച് പിച്ചലും മാന്തലും ഒക്കെയായി … അവസാനം കെട്ടിപിടിച്ചു കരഞ്ഞ് കൊളമാക്കി സോറി പറച്ചിൽ… പിന്നെ ഞങ്ങൾ ഒന്ന് പുറത്ത് പോയി രണ്ട് മിട്ടായി,ഐസ്ക്രീം ഒക്കെ വാങ്ങി വന്നപ്പോ ആള് റെഡി ആയി… ഇപ്പോഴും അതിന് ഒരു മാറ്റവും ഇല്ല…
…………..##
” അപ്പൊ ജിത്തേട്ടൻ ഇന്നലെ എന്നെ കോളജിൽ കൊണ്ടാക്കാം എന്നൊക്കെ പറഞ്ഞതല്ലേ…. ചേട്ടൻ എഴുന്നേറ്റില്ല എന്ന് സുമ ആൻ്റി പറഞ്ഞപ്പോ ഞാൻ വിളിക്കാൻ വന്നതാ ….ദേ ഇന്ന് ഫ്രെഷേഴ്സ് ഡേ ആണുട്ടാ… ചേട്ടൻ പ്രോമിസും ചെയ്തതാ… വന്നില്ലെങ്കിൽ കൊല്ലും ഞാൻ…”
അമ്മു അല്പം പരിഭവത്തോടെ പറഞ്ഞു.
“അതൊക്കെ അന്നേരം പറഞ്ഞതല്ലേ എനിക്കെങ്ങും വയ്യ. നീ എന്നും ബസിൽ അല്ലേ പോകുന്നെ ഇന്ന് ഇപ്പോ എന്താ…. തന്നെ അങ്ങ് പോയാൽ മതി… എനിക്ക് വേറെ പണി ഉണ്ട്…”
ഞാൻ അല്പം പുച്ഛത്തോടെ പറഞ്ഞു… അത് മതിയല്ലോ അവിടെ പൂത്തിരി കത്താൻ…. മുഖം ചുമന്ന് കത്തുന്നു… ഉണ്ടക്കണ്ണ് തുറിപ്പിച്ച് എന്നെ നോക്കി പേടിപ്പിച്ചു… ഇവളെ ഇങ്ങനെ കാണാനും നല്ല ഭംഗി ആണ്.. എൻ്റെ സ്ഥിരം ഹോബിയും ആണ് ഈ കാഴ്ച കാണുന്നത്…
” ദേ ജിത്തേട്ടാ… വന്നില്ലേൽ ഞാൻ അങ്കിൾ വരുമ്പോ പറഞ്ഞ് കൊടുക്കും… ”
പെണ്ണ് കൈ ചൂണ്ടി കലിപ്പിൽ പറഞ്ഞ് നിർത്തി…
ഇപ്പോ നിന്ന് ചമ്മിയാൽ നാണം കെടും. അതിലും നല്ലത് കലിപ്പാണ്…
“ശ്രുതി നീ ഒന്നു പോയിത്തരോ….ഒരാളുടെ മുറിയിലേക്ക് കയറി വരുമ്പോൾ ഒരു മാന്യത കാണിച്ചൂടെ നിനക്ക്… വളർന്ന് ഇത്ര വല്യ പെണ്ണായില്ലേ നീ… ഇപ്പോഴും ചെറിയ കുട്ടി ആണെന്ന വിചാരം…”
അതുകൂടി പറഞ്ഞപ്പോ ആൾടെ കാറ്റ് പോയി… ഭദ്രകാളി മോഡ് ഓൺ ആയി എന്ന് തോന്നുന്നു…
പെട്ടെന്ന് അമ്മു ചാടി എഴുന്നേറ്റു എൻ്റെ അടുത്ത് നിറ കണ്ണുകളോടെ വന്നു എന്നെ കൈ കൊണ്ട് തള്ളി നീക്കി… ഞാൻ ചെറുതായി ഒന്ന് പിന്നോക്കം പോയി… ആള് അപ്പോഴേക്കും വാതിൽ കോട്ടി അടച്ച് സ്ഥലം വിട്ടു…..
ഇനി ബാക്കി എന്താവുമോ എന്തോ… ഞാൻ രണ്ട് മിനിറ്റ് കഴിഞ്ഞ് ആലോചിച്ചു വേഗം പുറത്തിറങ്ങി… ഹാളിലേക്ക് ചെന്നപ്പോൾ എൻ്റെ മാതാജിയുടെ തോളിൽ കിടന്ന് മോങ്ങുന്നുണ്ട്…
എന്നെ കണ്ട ഉടനെ കലങ്ങിയ കണ്ണുമായി ഒരു നോട്ടം… ഹൂഹ്… ഞാൻ കത്തിപ്പോയ പോലെ ആയി… നിലത്ത് ലാവ പോലെ പൊള്ളുന്നു… അത്രയ്ക്ക് തീഷ്ണയേറിയ അമ്മുക്കുട്ടിടെ നോട്ടം….
“മോള് ചെന്ന് റെഡി ആയിക്കോ ട്ടാ… മോൾടെ ചേട്ടൻ വന്നോളും… മോള് ചെല്ല്… കണ്ണൊക്കെ തുടച്ച് നല്ല സുന്ദരി കുട്ടി ആവ്…. പുതിയ പിള്ളേരൊക്കെ ഞെട്ടട്ടെ വല്യമ്മേടെ അമ്മൂസിനെ കണ്ടിട്ട്… ഉമ്മ”
അമ്മ അവളെ ചേർത്ത് പിടിച്ച് താലോലിച്ച് ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു….
അമ്മു തിരിച്ച് അമ്മയ്ക്കും ഒരു ഉമ്മ കൊടുത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് മെയിൻ ഡോർ തുറന്ന് അവരുടെ ഫ്ലാറ്റിലേക്ക് പോയി….
“എന്താ ജിത്തു ഇത്… കൊച്ച് പിള്ളേരെ പോലെ അതിനോട് തല്ല് പിടിക്കാൻ നിനക്ക് നാണം ആവില്ലേ… ”
