രണ്ടാമൂഴം – 1അടിപൊളി  

ഏത് സഞ്ജയ്‌..

ടാ.. ആ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മുടിയൻ സഞ്ജയ്‌.

മ്മ്. അവനെന്താ..

ടാ അവൻ അനു കൈ കഴുകാൻ പോയപ്പോ അവളോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് അവള് ആ പൈപ്പിന്റെ അടുത്ത് നിന്ന് കരയുന്നുണ്ട്.
മനു അത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപുതന്നെ എന്റെ ഉള്ളൊന്ന് കാളി.

ഞാൻ ഇരുന്നിടത്തു നിന്നും ചാടി എഴുനേറ്റ് മനുവിനെയും കൂട്ടി അവൻ പറഞ്ഞ പൈപ്പിന്റെ അടുത്തേക്കൊടി.

ഞങ്ങൾ ചെല്ലുമ്പോൾ അനുവും ഞങ്ങളുടെ ക്ലാസ്സിലെ മറ്റു പെൺകുട്ടികളും കൂടി കൂട്ടംകൂടി നിൽക്കുന്നത് കണ്ടു.

അനു എന്നെ കണ്ടതും അവളുടെ നിറഞ്ഞ കണ്ണുകൾ ഒന്നുടെ തുളുമ്പി.

ആ കാഴ്ച കണ്ട് ഒരു എട്ടാം ക്ലാസ്സുകാരൻ ആയിട്ടുള്ളങ്കിൽ പോലും എന്റെ ഉള്ളൊന് പിടഞ്ഞു.

എന്തുപറ്റി അനു… ഞാൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

ആ.. സഞ്ജയ്‌ എന്റെ കയ്യിൽ കയറിപിടിച്ചു. അവൾ അതും പറഞ്ഞ് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.

കരയല്ലേ അനു.. വാ.. ക്ലാസ്സിൽ പോവാം. ഞാൻ അവളുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു.

ഞാൻ ചോദിക്കാം അവനോട്. നീ കരയാതെയിരിക്ക്. ഞാൻ അവളെ ആശ്വസിപ്പിച്ച് ബഞ്ചിൽ കൊണ്ടിരുത്തി.

ഗ്രീഷ്മേ.. എന്താ ഉണ്ടായത്.. (JK: ബാഹുബലി ദേവസേനയോട് ചോദിക്കും പോലെയല്ല. ഗ്രീഷ്മക്ക് മുന്നിൽ ശ്രീകുട്ടൻ കണ്ഠമിടറി പോകാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു)

ഞങ്ങള് ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകാൻ വേണ്ടി പോയതാ അപ്പോ ആ ചേട്ടൻ ഇല്ലേ.. ആ മുടി വളർത്തിയ ചേട്ടൻ. ആ ചേട്ടൻ അനുശ്രീയോട് ഇഷ്ടാണ്ന്ന് പറഞ്ഞു.

ഗ്രീഷ്മ അത് പറഞ്ഞതും എന്റെ കാലിൽ നിന്നും ഒരു വിറയൽ എന്റെ ശരീരത്തിലൂടെ കടന്നുപോയി.

എന്നിട്ട് അവളെന്തുപറഞ്ഞു.. ഞാൻ എടുത്തടിച്ചപോലെ ഗ്രീഷ്മയോട് തിരിച്ച് ചോദിച്ചു.

അവൾക്ക് ഇഷ്ട്ടല്ല എന്ന് പറഞ്ഞ് ക്ലാസ്സിലേക്ക് തിരിച്ച് പോരാൻ നോക്കിയപ്പോ ആ ചേട്ടൻ അനുശ്രീടെ കയ്യിൽ കയറി പിടിച്ചു. അവള് വിടാൻ പറഞ്ഞിട്ടും വിട്ടില്ല. പിന്നെ അവള് കരയുന്നത് കണ്ടപ്പോ അവര് കൈവിട്ട് എങ്ങോട്ടോ ഓടിപോയി.

മ്മ്.. നീ പോയി അവളോട് കരയണ്ടന്ന് പറ. ഞാൻ ഗ്രീഷ്മയോട് പറഞ്ഞു.

സിനിമയിൽ പലപ്പോഴും നായകൻ നായികയോട് ഇഷ്ടമാണ് എന്ന് പറയുന്നത് കെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രീക്കുട്ടന് ഇങ്ങനൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുന്നത്. അതും അനുവിനോട് മറ്റൊരാൾ ഇഷ്ടമാണ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അതുവരെ ഉണ്ടായിരുന്ന ശ്രീക്കുട്ടൻ അല്ലായിരുന്നു പിന്നീട് അങ്ങോട്ട്.
മനു.. അവന്മാർക്ക് രണ്ടെണം കൊടുക്കണടാ. ഗ്രീഷ്മ പോയതും ഞാൻ മനുവിനോട് പറഞ്ഞു.

ടാ.. വേണോ. അവന്മാര് ലോക അലമ്പാണ്. നിനക്കറിയാലോ രണ്ടാഴ്ച മുൻപാണ് അവന്മാര് പത്തിലെ ചേട്ടന്മാരെ തല്ലിയത്. നമ്മള് വെറുതെ പ്രശ്നത്തിന് നിൽക്കണോ.. അത് പറയുബോൾ അവന്റെ വാക്കുകളിൽ ചെറിയ ഭയമുണ്ടായിരുന്നു.

വേണം. എനിക്ക് ആ സഞ്ജയ്‌നെ മാത്രം മതി. ഒരു കാര്യം ചെയ്യാം സ്കൂള് വിട്ടുപോവുബോ അവൻ മാത്രേ ഉണ്ടാവു. അപ്പോ മതി. ഞാൻ എന്റെ പ്ലാൻ മനുവിനോട് പറഞ്ഞു.

മ്മ്.. ഒരു ബലമില്ലാത്ത മൂളലായിരുന്നു മനുവിന്റെ മറുപടി.

അന്ന് സ്കൂൾ വിട്ട് പോകാൻ നേരം ഞങ്ങൾ അനുവിനെ പറഞ്ഞു വിട്ട് സഞ്ജയ്‌യുടെ പുറകെ ചെന്നു. ആരും ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്ത്‌ എത്തിയപ്പോൾ അവനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ചവിട്ടികൂട്ടി.

അതിന് ശേഷം ഒരു ഓട്ടമായിരുന്നു. വീട് എത്തുന്നത് വരെ തിരിഞ്ഞുപോലും നോക്കാതെ ഞാനും മനുവും ഓടി.

എന്നാൽ ആ പ്രശ്നം അവിടം കൊണ്ട് ഒന്നും തീർന്നില്ല. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ പലിശയടകം ഞങ്ങൾക്ക് തിരിച്ച് കിട്ടി.

മുടിയൻ സഞ്ജയ്‌യെ ഞങ്ങൾ തല്ലിയത് സ്കൂളിന് പുറത്ത് വച്ച് ആയതുകൊണ്ട് അത് പ്രശ്നമായില്ല. എന്നാൽ അവർ ഞങ്ങളെ തിരിച്ച് തല്ലിയത് സ്കൂളിൽ വച്ചായതുകൊണ്ട് അത് സ്കൂൾ തലത്തിൽ പ്രശ്നമായിമാറി.

വീട്ടിൽ നിന്നും ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞപ്പോൾ ചെറിയ ഭയം തോന്നിയെങ്കിലും വീട്ടുകാർ കാര്യമറിഞ്ഞപ്പോൾ കൂടുതൽ പ്രശ്നമൊന്നും ഉണ്ടായില്ല.

അതും പോരാഞ്ഞ് പിന്നിടങ്ങോട്ട് അനുവിന്റെ ബോഡിഗാർഡ് സ്ഥാനവും എനിക്ക് കല്പിച്ചു കിട്ടി.

എന്നാൽ ആ ഒരു പ്രശ്നത്തിന് ശേഷം എനിക്ക് അനുവിനോടുള്ള വികാരം എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയതിന് ശേഷമുള്ള ഒരു ദിവസം:

അല്ലടാ ശ്രീക്കുട്ട നീ അന്ന് സഞ്ജയ്‌നെ തല്ലുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ്ന്ന്.

സത്യം പറയടാ.. എന്താ നിന്റെ മനസ്സില്.

ടാ മനു. അത്…

മ്മ്.. പോരട്ടെ..

അതേയ്…

നീ കാര്യം പറയടാ.

എനിക്ക് അവളെ ഇഷ്ടാണ്.

ആരെ..

അനുനെ.. വല്ല പ്രശ്നവും ആവോ..
എന്ത് പ്രശ്നം. അവള് നിന്റെ മുറപ്പെണ്ണല്ലേ.. അവൻ എനിക്ക് ധൈര്യം തന്നു.

അത് ശരിയാണ് പക്ഷേ അവൾക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ലങ്കി.

ടാ പൊട്ടാ അത് അവളോട് ചോദിച്ചാൽ അല്ലെ അറിയു.. നീ ആദ്യം അവളോട് ഇഷ്ടന്ന് പറ.

മ്മ് പറയണം നാളെ തന്നെ പറയാം. ഞാൻ ഉറച്ച ശബ്ദത്തോടെ മനുവിനോട് പറഞ്ഞു.

എന്നാൽ നാളെ എന്നത് നീളെ നീളെ ആഴ്ചകളും മാസങ്ങളും നീണ്ടുപോയി. അതിനിടയിൽ ഒൻപതാം ക്ലാസ്സ്‌ തീർന്നത് പോലും അറിഞ്ഞില്ല.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പുള്ള വേനൽ അവധിയിലെ അവസാന ദിനം.

ടാ ശ്രീകുട്ടാ.. നീ എഴുനേൽക്കുന്നില്ലേ. നാളെ മുതല് സ്കൂളി പോവണ്ട ചെക്കനാണ്. സമയം എത്രമണിയായിന്ന് കരുതിയിട്ട.

ഈശ്വരാ.. ഈ ചെറുക്കൻ എങ്ങനെങ്കിലും ആ SSLC ഒന്ന് കയറി കിട്ടിയ മതിയായിരുന്നു. അമ്മ രാവിലെതന്നെ ദൈവത്തെ വിളിച്ച് കഷ്ടപ്പെടുത്തുനത് കേട്ടു .

എന്താ അമ്മേ.. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..

മര്യാദക്ക് എഴുനേറ്റ് പൊക്കോ. ഇല്ലക്കിൽ എന്റെ കയ്യിന് വാങ്ങിക്കും നീ. അമ്മ ക്ഷമ നശിച്ച് അവസാനം ഭീഷണിയുടെ സ്വരം പുറത്തെടുക്കാൻ തുടങ്ങി.

രണ്ട് മാസത്തെ വേനൽ അവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കുകയാണ്. എന്നാൽ അതിന്റെ യാതൊരു ചിന്തയും എനിക്കില്ല എന്നതാണ് സത്യം.

ഈ അമ്മക്ക് വേറെ പണിയൊന്നുല്ല. അമ്മയുടെ ഭീഷണി വകവയ്ക്കാതെ ഞാൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ട് കൂടി കിടന്നു.

ആ ഇതാര്.. അനു മോളോ.. നിങ്ങള് എപ്പോഴാ എത്തിയത്. ഒന്നുടെ ഉറക്കം പിടിച്ച് വരുന്നതിനിടയിലാണ് പുറത്ത് നിന്നും അമ്മ അനു എന്ന് പറയുന്നത് കേട്ടത്.

ങേ.. അനു.. അമ്മ അനു എന്ന് പറഞ്ഞ് കേട്ടതും അത് വരെ എഴുനേൽക്കാൻ മടിച്ച് കിടന്നിരുന്ന ഞാൻ കുപ്പി പൊട്ടിച്ച മണം കേട്ട് ഉറക്കമുണർന്ന പോഞ്ഞിക്കരയെ പോലെ പായിൽ നിന്നും ചാടി എഴുനേറ്റു.

Leave a Reply

Your email address will not be published. Required fields are marked *