“എടാ നീ വന്നു വല്ലോം കഴിക്ക്..അതിനെ ഇങ്ങു താ ..”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .
“ആഹ്…”
ഞാൻ മൂളികൊണ്ട് റോസ് മോളെ മഞ്ജുസിനു ഹാൻഡ് ഓവർ ചെയ്യാൻ തുടങ്ങി . പക്ഷേ പെണ്ണ് എന്റെ കോളറിലും ഷർട്ടിലും ഒക്കെ പിടിച്ചു വലിച്ചു ബലം പിടിച്ചു .അവൾക്ക് എന്നെ വിട്ടുപോകാൻ വയ്യെന്ന് സാരം !
“വിടെടി പൊന്നുസേ..”
ഞാൻ റോസ് മോളെ നോക്കി കൊഞ്ചി . പക്ഷെ പെണ്ണിന് മനം മാറ്റമില്ല .
“വാടി പൊന്നുസേ …അമ്മേടെ മുത്തല്ലേ ”
മഞ്ജുസ് അവൾക്കു നേരെ ഇരു കയ്യും നീട്ടി ചിണുങ്ങി നോക്കി . പക്ഷെ പെണ്ണ് വരില്ലെന്ന ഭാവത്തിൽ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .
“ച്ചാ.. ച്ചാ..”
റോസിമോള് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ പയ്യെ അവളുടെ കുഞ്ഞി ചുണ്ടുകൾ ചേർത്തു.
“ശൊ..ഇതെന്തൂട്ട് പെണ്ണാ …”
പെണ്ണിന്റെ വാശി കണ്ടു മഞ്ജുസ് തലക്ക് കൈകൊടുത്തു .പിന്നെ സ്വല്പം ബലമായി തന്നെ റോസ് മോളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി . മോള് ചിണുങ്ങിക്കൊണ്ട് ബലം പിടിച്ചെങ്കിലും മഞ്ജുസ് വിട്ടുകൊടുത്തില്ല .
“ഡീ മഞ്ജുസേ പതുക്കെ …”
അവളുടെ വലി കണ്ടു ഞാൻ പയ്യെ പറഞ്ഞു . സംഗതി അവൾക്ക് മക്കളെ വല്യ കാര്യം ഒകെ ആണേലും ഇടക്കു പയ്യെ അടിക്കുവൊക്കെ ചെയ്യും .
“ഇവിടെ വാടി…അവളുടെ ഒരു ചാച്ചാ . പെണ്ണിന് എന്റെ കയ്യിന്നു നല്ല പെട കിട്ടുന്ന വരെ ഉണ്ടാവും ”
മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു പെണ്ണിനെ പറിച്ചെടുത്തു .
പോരെ പൂരം !
“ഏഹ്..ഹ് ഹ് ങ്ങീ ങ്ങീ മ്മാ …മാ ചാ ചാ ..”
എന്നെ നോക്കി ചുണ്ടു കടിച്ചുകൊണ്ട് പെണ്ണ് എണ്ണിപ്പെറുക്കി ചിണുങ്ങി കരയാൻ തുടങ്ങി . അത് കണ്ടതും എനിക്ക് പാവം തോന്നി . എന്നെ ചൂണ്ടികൊണ്ടാണ് പെണ്ണ് കരയുന്നത് . മഞ്ജുസ് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ സങ്കടം ആയിക്കാണും !
“ഓഹ്..ചീവിടിന്റെ ഒച്ച …”
പെണ്ണിന്റെ ശബ്ദം കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“മിണ്ടല്ലെടി പെണ്ണെ …”
റോസ് മോളുടെ കരച്ചില് കേട്ട് ദേഷ്യം വന്ന മഞ്ജുസും അവളെ വിരട്ടി .അതോടെ കരച്ചിലിന്റെ വോളിയം കൂടി .
“ഡീ ഡീ ..മതി മതി…ഇങ്ങു തന്നെ ..”
മഞ്ജുസിന്റെ ഡീലിങ് ഇഷ്ടമാകാത്ത ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.
“ഡാ അപ്പൊ കഴിക്കണ്ട ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“അതൊക്കെ കഴിക്കാം..നീ അതിനെ ഇങ്ങു താ…”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കൊച്ചിനെ എനിക്ക് തിരികെ നൽകി . നൽകേണ്ട കാര്യം ഒന്നുമില്ല മഞ്ജു കൈനീട്ടിയപ്പോൾ തന്നെ പെണ്ണ് എന്റെ അടുത്തേക്ക് ചാടി വീണു എന്ന് വേണേൽ പറയാം .അതോടെ സ്വിച്ച് ഇട്ടപോലെ പെണ്ണിന്റെ കരച്ചിൽ നിന്നു. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നു പൊടിഞ്ഞ കണ്ണീരൊക്കെ ഞാൻ കൈകൊണ്ട് തുടച്ചു പെണ്ണിന്റെ കവിളിലൊരുമ്മയും നൽകി .
“പോട്ടെടി പൊന്നുസേ..മ്മടെ അമ്മ അല്ലെ “
ഞാൻ ചിരിയോടെ അവളെ എടുത്തു പിടിച്ചു പറഞ്ഞു .
“ച്ചാ ചാ …മാ മ്മാ ….”
മഞ്ജുസ് കരയിപ്പിച്ചു എന്ന ഭാവത്തിൽ റോസ് മോള് മഞ്ജുവിനെ ചൂണ്ടി എന്നെ നോക്കി .
“ആര് ..ഇവളോ ?”
ഞാൻ മഞ്ജുസിനെ ചുണ്ടി റോസ് മോളെ നോക്കി .അതിനു പെണ്ണ് പയ്യെ തലയാട്ടി .
“ആടാ ഞാൻ തന്നെ ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഇവള് കരയിച്ചോ എന്റെ പൊന്നൂസിനെ ? മ്മക്ക് അമ്മേനെ അടിക്കാടി..?”
ഞാൻ റോസ് മോളെ നോക്കി ചിണുങ്ങികൊണ്ട് മഞ്ജുസിനെ നോക്കി കണ്ണിറുക്കി .പിന്നെ മഞ്ജുസിനെ പയ്യെ അടിക്കുന്ന പോലെ ഞാൻ കയ്യോങ്ങിയതും റോസ് മോള് കുലുങ്ങി ചിരിച്ചു .
“ഹി ഹി ഹി…”
“അയ്യടാ എന്താ ചിരി…”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് റോസ് മോളുടെ കവിളിൽ പിടിച്ചു വലിച്ചു ചിരിച്ചു . പിന്നെ നേരെ ആദിയുടെ അടുത്തേക്ക് നീങ്ങി . മഞ്ജുസ് വരുന്നത് കണ്ടതും ചെക്കൻ അഞ്ജുവിന്റെ മടിയിലിരുന്ന് തുള്ളാൻ തുടങ്ങി .
“അമ്മേടെ അപ്പൂസ് വന്നേ …”
മഞ്ജുസ് സോഫയിലേക്കിരുന്നു ആദിയുടെ നേരെ കൈനീട്ടി. അതോടെ അഞ്ജുവിനെ വിട്ടു അവൻ മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു .
