“ഇപ്പൊ നോക്കിയേ അഞ്ജു ..നമ്മള് വല്ലോം ആണെങ്കിൽ പെണ്ണിന്റെ കാലുപിടിക്കണം എന്തേലും തിന്നു കിട്ടാൻ ”
റോസ് മോള് എന്റെ നെഞ്ചിൽ ഒട്ടികിടന്നു ഭക്ഷണം കഴിക്കുന്നത് കണ്ട മഞ്ജുസ് പല്ലിറുമ്മി .
“ശരിയാ…ഇതിനെ കണ്ണേട്ടൻ പോകുമ്പോ കൂടെ കൊണ്ട് പോണതാ നല്ലത് ”
അഞ്ജു തമാശ പോലെ പറഞ്ഞു ചിരിച്ചു .
“പൊന്നൂസ് കൊറച്ചൂടെ വലുതാവട്ടെ അല്ളേടി ? പിന്നെ അച്ഛനും മോളും ഫുൾ അവിടെയാ”
ഞാൻ പെണ്ണിന്റെ മുടിയിൽ ഇടംകൈകൊണ്ട് തഴുകി ചിരിയോടെ പറഞ്ഞു.
പിന്നെ വളരെ പെട്ടെന്ന് എല്ലാം കഴിച്ചു തീർത്തു . മടിയിലിരുന്ന മൊതലിനെ തല്ക്കാലത്തേക്ക് ടേബിളിനു മീതെ കയറ്റി ഇരുത്തി ഞാൻ കൈ കഴുകാനായി വാഷ് ബേസിനടുത്തേക്ക് നീങ്ങി . എന്റെ അടുത്ത് നിന്നിരുന്ന മാതാശ്രീ അപ്പോഴേക്കും പെണ്ണിനെ ടേബിളിൽ നിന്ന് വീഴാതെ പിടിച്ചിരുത്തി .
“അ..ച്ചാ ചാ ..”
ഞാൻ കൈ കഴുകാനായി നീങ്ങിയതും പെണ്ണ് എന്നെ നോക്കി ഒച്ചവെച്ചു .
“ഓഹ്ഹ് നിന്റച്ഛൻ വരുമെടി പെണ്ണെ …ഒന്ന് മിണ്ടാണ്ടിരിക്ക് ”
റോസ് മോളുടെ വാശി കണ്ടു മാതാശ്രീയും അവളെ പേടിപ്പിക്കാൻ തുടങ്ങി .
“പെണ്ണിന് നല്ലൊരു അടി കൊടുക്കുവാ വേണ്ടേ ..”
എല്ലാം കണ്ടുകൊണ്ടിരുന്ന മഞ്ജു ആദിമോനെ കൊഞ്ചിക്കുന്നതിനിടെ റോസിമോളെ നോക്കി പറഞ്ഞു .
“ഉവ്വ ..അന്ന് എന്തോ ദേഷ്യത്തില് അടിച്ചിട്ട് ഓര്മ ഉണ്ടല്ലോ ?”
മഞ്ജു പറഞ്ഞു നിർത്തിയതും അഞ്ജു ചിരിയോടെ തിരക്കി . കൈ കഴുകി കൊണ്ടിരുന്ന ഞാൻ അതുകേട്ടതും ഒന്ന് അമ്പരന്നു .
“അതെന്താ സംഭവം ? നീ മോളെ അടിച്ചോ ?”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണുരുട്ടി .
പിള്ളേരെ , അതിപ്പോ ആദി ആയാലും റോസ് ആയാലും മഞ്ജുസ് അടിച്ചാൽ അവൾക്ക് എന്റെ വായിന്നു കണക്കിന് കേൾക്കും . അവളുടെ കോളേജിലെ എന്തോ നോട്സ് ഒകെ ഒരു ദിവസം ആദി കളിച്ചോണ്ടിരിക്കെ കീറി കളഞ്ഞതിനു മഞ്ജുസ് ഒന്ന് ചന്തിക്കിട്ട് പെടച്ചു ! അത് കണ്ടുകൊണ്ടാണ് ഞാൻ അന്ന്
റൂമിലേക്ക് വന്നത് . അന്ന് പിന്നെ ഞങ്ങൾക്ക് വഴക്കിടാൻ വേറെ കാരണം ഒന്നും വേണ്ടി വന്നില്ല . എന്റെ അടുത്തേക്ക് വരാൻ മടിച്ചു നിക്കുന്ന ആദിമോൻ അന്ന് അടികൊണ്ട വിഷമത്തിൽ കുറെ നേരം എന്നോടൊപ്പം ആയിരുന്നു . പക്ഷെ അവളുടെ ദേഷ്യം ഒകെ അടങ്ങി ഒന്ന് ചിരിച്ചു കാണിച്ചാൽ ചെക്കൻ എന്നെകളഞ്ഞേച്ച് അവളുടെ കൂടെ പോകും !
“അയ്യോ അങ്ങനെ അടിച്ചിട്ടൊന്നും ഇല്ല ..”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ഒന്ന് ചിണുങ്ങി .
“ചുമ്മാ പറയുവാ കണ്ണേട്ടാ ..അന്ന് പെണ്ണ് എന്തോ കുരുത്തക്കേട് കാണിച്ചപ്പോ സോഫയിൽ നിന്ന് ചാടി ഇറങ്ങി അതിനെ ഒറ്റയടി .എന്റമ്മോ .പൊന്നൂസ് എന്ത് കരച്ചിൽ ആയിരുന്നു .”
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
അഞ്ജു പറഞ്ഞു നിർത്തിയതും മഞ്ജുസ് ആദികുട്ടന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എന്നെ നോക്കി കണ്ണിറുക്കി .
“എന്നിട്ട് ?”
ഞാൻ അഞ്ജുവിനെ നോക്കി മുണ്ടിന്റെ തലപ്പുകൊണ്ട് കയ്യും വായും തുടച്ചു .
“എന്നിട്ടെന്താ , കൊറച്ചു കഴിഞ്ഞപ്പോഴാ ബോധം വന്നത് . പിന്നെ പെണ്ണിനേം കെട്ടിപിടിച്ചു ചേച്ചിയും വൻ കരച്ചില് ..വൻ കോമെഡി ആയിരുന്നു ”
മഞ്ജുവിനെ കളിയാക്കികൊണ്ട് അഞ്ജു നിന്ന് ചിരിച്ചു .
“പോടീ..”
മഞ്ജുസ് അത് കേട്ട് ജാള്യതയോടെ പറഞ്ഞു .
അപ്പോഴേക്കും റോസമ്മ വീണ്ടും ബഹളം വെക്കാൻ തുടങ്ങി .
“ദാ വരുവാടി പെണ്ണെ …”
അവളുടെ ചിണുക്കം നോക്കി ഞാൻ കണ്ണുരുട്ടി . പിന്നെ ചെറിയൊരു ചിരിയോടെ ഡൈനിങ് ടേബിളിൽ ഇരുന്ന റോസിമോളെ എടുത്തു തോളിലേക്കിട്ടു ഉമ്മറത്തേക്ക് നടന്നു .എന്നെ വിടാതെ അള്ളിപിടിച്ചുകൊണ്ട് അവളും കിടന്നു .
“അപ്പിയൊക്കെ ഇട്ടല്ലോ അല്ലെ ?”
പോകുന്ന നേരം ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .
“ആ..അതൊക്കെ കഴിഞ്ഞു ഡാ …”
അവൾ തലയാട്ടി ചിരിച്ചു .
“ഓ ..അപ്പൊ പേടിക്കാൻ ഇല്ല ..”
ഞാൻ പയ്യെ പറഞ്ഞ് ഉമ്മറത്തേക്ക് നീങ്ങി .
റോസ് മോളെയും എടുത്തു ഞാൻ ഉമ്മറത്ത് കിടന്ന കസേരയിലൊന്നിൽ ഇരുന്നു തിണ്ണയിലേക്ക് കാലുനീട്ടി. എന്റെ മടിയിലായി പെണ്ണിനെ ഇരുത്തി ഞാൻ പോക്കെറ്റിൽ ഇട്ടിരുന്ന മൊബൈൽ എടുത്തു.
