“പിന്നെ പിന്നെ ..”
മഞ്ജുസ് ഉമ്മറത്ത് നിന്ന് കണ്ണുരുട്ടി .
“അതേടി …വണ്ടി നീങ്ങിയ ചെക്കൻ ചിരിയും കളിയും ഒക്കെ ആണ് …”
ഞാൻ പയ്യെ പറഞ്ഞു ആദിയെ ബൈക്കിലേക്ക് ഇരുത്തി . തൊട്ടു പിറകെയായി ഞാനും കയറി ഇരുന്നു സ്റ്റാൻഡ് തട്ടി . എന്റെ കാലിന്റെ തുടകൾക്കിടയിൽ ആദികുട്ടനെ ലോക് ചെയ്തുപിടിച്ചു ഞാൻ മഞ്ജുസിനെ നോക്കി .
“നീ പേടിക്കണ്ട മഞ്ജുസേ ..ഞാൻ പതുക്കെ പോവത്തേ ഉള്ളൂ ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
അപ്പോഴേക്കും ആദി ഹാപ്പി മൂഡ് ആയിരുന്നു . ബൈക്കിന്റെ ടാങ്കിലേക്ക് കമിഴ്ന്നുകൊണ്ട് അവൻ ടാങ്കിൽ കൈകൊണ്ട് അടിച്ചു ചിരിക്കാനൊക്കെ തുടങ്ങി . യാത്ര ഇപ്പൊ പോകുമെന്ന് അവനും തോന്നി തുടങ്ങിയിട്ടുണ്ട് ! ബൈക്ക് നീങ്ങി കാറ്റടിച്ചു തുടങ്ങിയാൽ ആദികുട്ടന് പിന്നെ സ്വർഗം കിട്ടിയ പോലെയാണ് !
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആദിയുടെ മുഖം വിടരുന്നത് ഞാൻ പുഞ്ചിരിയോടെ ശ്രദ്ധിച്ചു .വളരെ കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ കലാപരിപാടി തുടങ്ങിയിട്ട് . ഒരു ദിവസം ചെറുക്കൻ കരഞ്ഞപ്പോൾ ചുമ്മാ ബൈക്കിലിരുത്തി ഒന്ന് കറങ്ങിയതാണ് . അന്ന് സ്വിച്ച് ഇട്ട പോലെ അവന്റെ കരച്ചിലും നിന്നു! അതോടെ ഇത് നല്ളൊരു ഐഡിയ ആണെന്ന് എനിക്കും തോന്നി .
“എന്ന പോട്ടെ ടീച്ചറെ …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .എല്ലാം നോക്കിക്കണ്ടു അവളുടെ ഒക്കത്തു റോസ് മോളും ഉണ്ട് . ഞാൻ ആദിയോടൊപ്പം ബൈക്കിലിരിക്കുന്നത് റോസ് മോള് പുരികം ചുളിച്ചു നോക്കുന്നുണ്ട് .
“ചാ ച്ചാ…”
അവൾ മഞ്ജുസിന്റെ ഒക്കത്തിരുന്നു സ്വല്പം ഉറക്കെ എന്നെ വിളിച്ചു .
“മിണ്ടല്ലെടി …”
മഞ്ജുസ് അതുകേട്ടു കണ്ണുരുട്ടി പെണ്ണിനെ നോക്കി .
“മ്മക്ക് പിന്നെ പോവാ പൊന്നുസേ ….”
ഞാൻ റോസ് മോളോടായി പറഞ്ഞു പയ്യെ വണ്ടി മുന്നോട്ടു നീക്കി . വണ്ടി നീങ്ങിയതും ആദിയുടെ ചിരി കൂടുതൽ തെളിഞ്ഞു .
“അ..ച്ചാ…”
ആദികുട്ടൻ ടാങ്കിൽ ഇരുകയ്യും കുത്തിപിടിച്ചുകൊണ്ട് ഗമയിൽ പറഞ്ഞു കാഴ്ചകൾ നോക്കി രസിച്ചു . ഗേറ്റും കടന്നു ബൈക്ക് നീങ്ങിയതോടെ ആളും ഉഷാറായി . പിന്നെ ക്ലബിലും കടയിലുമൊക്കെ പോയി കുറച്ചു നേരം ഫ്രെണ്ട്സിനോടൊക്കെ സൊള്ളിയിരുന്നു സ്വല്പം കഴിഞ്ഞാണ് ഞാൻ മടങ്ങി എത്തിയത് . പിള്ളേർക്കുള്ള ചോക്ലേറ്റും വരുന്ന വഴിക്ക് വാങ്ങിച്ചിരുന്നു .
പത്തിരുപത്തഞ്ചു വയസ് ആകുന്നതിനും മുമ്പേ ഒരു വയസ്സിലധികം പ്രായമുള്ള പിള്ളേരുടെ അച്ഛനായ എന്നെ ഒപ്പം നടന്നിരുന്ന കൂട്ടുകാരൊക്കെ ഒരു കൗതുക വസ്തു ആയിട്ടാണ് കാണുന്നത് . റോസ് മോളെയും എടുത്താണ് ഞാൻ വൈകീട്ട് പാടത്തു കളിയ്ക്കാൻ പോകുന്നത് . ആ സമയത്തൊക്കെ അവളെ കൊഞ്ചിക്കുന്നതാണ് എന്റെ ഫ്രെണ്ട്സിനെ മെയിൻ പണി . അവൾക്കാണെൽ ആരെയെങ്കിലും കിട്ടിയാൽ മതി, പെട്ടെന്ന് കമ്പനി ആയിക്കോളും !എല്ലാവരെയും മാമ ..മാ..മ എന്നൊക്കെ വിളിച്ചു പെണ്ണ് അതൊക്കെ എന്ജോയ് ചെയ്യും !
തിരികെയെത്തി ആദിയെയും വണ്ടിയിൽ നിന്നെടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി . വീട്ടിലുള്ള ജനങ്ങളെല്ലാം അകത്താണെന്നു തോന്നുന്നു ഉമ്മറം വിജനമാണ് ! ഒരു കയ്യിൽ ആദിയെയും മറുകയ്യിൽ കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ കവറുമായി അകത്തേക്ക് കയറി .
അഞ്ജു ഹാളിൽ ഇരുന്നു ആരോടോ കാര്യമായി ചാറ്റിങ്ങിൽ ആണ് . ഞാൻ വന്നത് പോലും അറിഞ്ഞ മട്ടില്ല.
“ഡീ …”
ഞാൻ അവളെ നോക്കി പയ്യെ വിളിച്ചു . അതോടെ ഒന്ന് ഞെട്ടിക്കൊണ്ട് കക്ഷി എന്നെ നോക്കി .
“ഹോ ..പേടിപ്പിച്ചല്ലോ ചങ്ങാതി …ന്താ ?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“കുന്തം..നീ എന്ത് സ്വപ്നം കണ്ടു ഇരിക്ക്യാടി? ആരോടാ ഈ ചത്ത് കിടന്നു ചാറ്റിങ് ?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
“ആഹ്…കണ്ണേട്ടൻ ഒരെണ്ണത്തിനെ ഇങ്ങോട്ടു കൊണ്ട് വന്നില്ലേ , അതുപോലെ ഞാൻ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ”
അഞ്ജു കളിയായി പറഞ്ഞു ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു .
“മ്മ്..ചേച്ചി എവിടെ ?”
ഞാൻ ഒന്നമർത്തി മൂളി അവളോടായി തിരക്കി .
