വർഷങ്ങൾക്ക് ശേഷം – 4 1അടിപൊളി  

മൂവരും ഉമ്മറത്തിണ്ണയിൽ വട്ടം കൂടി. ഭാർഗ്ഗവി നടുക്ക് ഒരു കസേരയിട്ട് ഇരുന്നു. റോഷൻ തിണ്ണയിലും, അഞ്ജു വാതിലിനോട് ചാരിയും നിന്നു.

ഭാർഗ്ഗവി : “എന്നിട്ട് രോഹിണീം കൊച്ചും എന്തു പറയുന്നു..?”

റോഷൻ : “അവൾക്ക് സുഖമാണ്.. അമ്മ ഉള്ളതുകൊണ്ട് പിന്നെ കുഞ്ഞിനെ കാര്യത്തിലും വേറെ പേടിക്കാനില്ലല്ലോ..!”

ഭാർഗ്ഗവി: “അതെ.. ചിത്രയെ കണ്ടിട്ടും എത്ര കാലായി. ഏടത്തിയേ ‘ന്നും വിളിച്ചോണ്ടുള്ള അവളുടെ ആ വരവൊക്കെ ദാ ഇന്നാള് എന്നപോലെ മനസ്സിൽ കിടക്കാ..”

അമ്മയെ ഓർത്തുകൊണ്ട് റോഷൻ ചായയിൽ നിന്നും ഒരു കവിൾ ഇറക്കി.

“അവള് കാനഡക്ക് പോയ ശേഷം ഞാനും പിന്നെ അധികമൊന്നും പുറത്തോട്ടു ഇറങ്ങാറില്ല….”, ഭാർഗ്ഗവി ആരോടെന്നില്ലാതെ തന്റെ സങ്കടം പറഞ്ഞു.

അതിന് എന്താണ് മറുപടി നൽകേണ്ടത് എന്നറിയാതെ, റോഷനും വെളിയിലേക്ക് നോട്ടം തിരിച്ചു. സീൻ സെന്റിയിലേക്കാണ് നീങ്ങുന്നതെന്നു കണ്ട്, അഞ്ജു വിഷയം മാറ്റാനൊരു ശ്രമം നടത്തി.

അഞ്ജു : “ചേച്ചിക്കവിടെ ജോലിന്തേലും നോക്കുന്നുണ്ടോ..?”

റോഷൻ : “ആൾറെഡി ഇണ്ട്.. മറ്റേണിറ്റി ലീവ് കഴിഞ്ഞാ തിരിച്ചു കേറണം.”

ഭാർഗ്ഗവി : “കുഞ്ഞിന് എങ്ങനാഡാ വാശിയൊക്കെ ഉണ്ടോ..?”

റോഷൻ : “ഏയ്.. പാവാ.. കൂടുതൽ സമയോം ഉറക്കാ…”

മറുപടി കേട്ട ഭാർഗ്ഗവി കൗതുകത്തിൽ ചിരിച്ചു. ഒപ്പം അഞ്ജുവും.

ഭാർഗ്ഗവി : “നിനക്കറിയോ അഞ്ജൂ.. പണ്ട് ഇവൻ എത്ര മാത്രം കുറുമ്പനായിരുന്നു എന്ന്…”

കേട്ട വഴി, അമ്മ തന്റെ കഥകളുടെ പണ്ടാരപ്പെട്ടിയാണ് തുറക്കാൻ പോണതെന്ന് തിരിച്ചറിഞ്ഞു, റോഷൻ ഉടനടി ഇടപെട്ടു.

റോഷൻ : “അമ്മേ… അതു വേണ്ട…”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോടാ..”, ഭാർഗ്ഗവി തമാശാരൂപേണ പറഞ്ഞു.

റോഷൻ : “അമ്മ തുടങ്ങിയാ എങ്ങോട്ടാ പോകാന്നു എനിക്ക് നല്ല പോലെ അറിയാം.. അതോണ്ടേ വേണ്ട..”

“അമ്മ പറയമ്മേ.. ഇവരുടെ പണ്ടത്തെ കഥകളൊക്കെ ഞാനുമൊന്ന് അറിയട്ടെ…”, അഞ്ജു ഭാർഗ്ഗവിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.

ഇത് കേട്ട് റോഷൻ അമ്മ കാണാതെ, പരിഭവം അറിയിക്കും മട്ടിൽ അവൾക്ക് നേരെയൊന്ന് നോക്കി. എന്നാൽ അതിലും വലിയ ആറ്റിട്യൂഡിൽ അഞ്ജു തിരികെ പിരികമുയർത്തിയതും അവന്റെ തുടർന്നൊന്നും പറയാനാവാതെ മുഖം വെട്ടിച്ചു. ഇത് കണ്ട് അവൾ അവൻ കാണാതെ ഒരു കുസൃതിച്ചിരി ചിരിച്ചു.

ഭാർഗ്ഗവി : “പറയാനാണേൽ കൊറെയുണ്ട്.. പണ്ടിവരെയൊക്കെ ഒക്കത്ത് എടുത്തോണ്ട് നടന്നപ്പോ തൊട്ടുള്ള കഥകൾ… വല്യ ദേഷ്യക്കാരനായിരുന്നു ഇവൻ. കണ്ടോ ഇപ്പഴും ചെറുതായി ദേഷ്യമൊക്കെ വരുന്നുണ്ട്.”

റോഷന്റെ മുഖത്ത്‌ നോക്കി ഭാർഗ്ഗവി അത് പറഞ്ഞപ്പോൾ, അവന്റെ ശുണ്ഠി പിടിച്ച മുഖം കണ്ട് അഞ്ജുവിന് തന്റെ ചിരി അടക്കാനായില്ല. ചിരി കേട്ട് റോഷൻ അവളെ മുഖം തിരിച്ചു നോക്കി. അഞ്ജുവാകട്ടെ അന്നേരം ഒരു കളിയെന്നോണം ഉടനടി അവനിൽ നിന്നും കണ്ണുകൾ തിരിച്ചു.

ഭാർഗ്ഗവി: “പണ്ട് ഒരിക്കെ ഗ്രൗണ്ടിൽ പന്ത് കളിക്കുന്നതിനിടെ നമ്മടെ അച്ചുവിനെ ആരോ തല്ലിയെന്നും പറഞ്ഞു, രായ്ക്ക് രാമാനം അവന്റെ വീട്ടിൽ ചെന്ന് അവന്റെ മോന്ത ഇടിച്ചു പൊളിച്ചിട്ടുണ്ട് ഇവൻ…. അറിയോ…! ആ ചെക്കന് ഇപ്പോഴും മുൻവശത്ത് രണ്ടു പല്ലില്ലന്നാ കേട്ടെ….”

തമാശ കഥ പറയുന്ന പോലെയാണ് ഭാർഗ്ഗവി അത് അവതരിപ്പിച്ചതെങ്കിലും, ആ കഥ കേട്ടതും അഞ്ജുവിന്റെ കണ്ണ് തള്ളിപ്പോയി. ഇത്രയും ടെറർ ആയിരുന്ന മനുഷ്യനാണോ തന്റെ ഷോ’ക്ക് മുൻപിൽ പൂച്ചയെപ്പോലെ നിന്നുതരുന്നതെന്ന് ആലോചിച്ച് അവൾ അന്തം വിട്ടു.

എന്നാൽ സാധാരണ ആണുങ്ങളെപ്പോലെ പഴയ തല്ലുകഥകളിൽ ഗർവ്വ്‌ കൊള്ളാതെ, അറിയാത്ത പ്രായത്തിൽ സംഭവിച്ച തെറ്റെന്ന മട്ടിൽ തല താഴ്ത്തി ഇരിക്കുകയാണ് റോഷൻ ചെയ്തത്. അതും കൂടി കണ്ടതോടെ അവൾക്കവനോട് ആരാധനയാണോ ഇഷ്ട്ടമാണോ എന്നു പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു വികാരം തോന്നിപ്പോയി.

റോഷൻ : “എപ്പോ വന്നാലും അമ്മക്ക് ഈ കഥകളെ പറയാനുള്ളൂ…?”

“പിന്നെ ഒള്ള കഥകളല്ലേ പറയാൻ പറ്റൂ…”, ഭാർഗ്ഗവി തുടർന്നു… “അന്നതിന്റെ പേരിൽ ഇവനെ ഇവന്റെ അച്ഛൻ പേരവടികൊണ്ട് അടിച്ച അടിയുടെ ശബ്ദം…! ദേ … ഇപ്പോഴും എന്റെ കാതിലുണ്ട്.”