വർഷങ്ങൾക്ക് ശേഷം – 4അടിപൊളി  

നല്ല ഓർമ്മകൾ അയവിറക്കുന്നത്തിനിടയിൽ രാവിലെ അമ്മ പറഞ്ഞ ആ കറുത്ത അധ്യായത്തിന്റെ രംഗവും അവന്റെ മുന്നിൽ തെളിഞ്ഞു.. _______________________________________________

ഒരു ഞായറാഴ്ച്ച വൈകുന്നേരം…

ചേച്ചി രോഹിണിയുടെ ഒപ്പം ഒരു ഫംഗ്ഷന് പോവേണ്ടിയിരുന്നത് കൊണ്ട് റോഷൻ അല്പം വൈകിയാണ് ഗ്രൗണ്ടിൽ എത്തിയത്. എത്തിയപ്പോൾ കൂട്ടുകാരെ ആരേം കണ്ടില്ല. തിരഞ്ഞപ്പോൾ തൊട്ടപ്പുറത്തുള്ള തെങ്ങുംത്തോപ്പിൽ കുത്തിയിരിക്കുന്ന വിമലിനെയും അച്ചുവിനെയും അവൻ കണ്ടെത്തി.

“എന്താടാ പറ്റിയേ..?”, അച്ചുവിന്റെ ചുണ്ടിൽ നിന്നും ചോര ഒലിക്കുന്നത് കണ്ട് അവൻ രോഷത്തിൽ ചോദിച്ചു.

ഇരുവരും പറയാൻ മടിക്കുന്നത് പോലെ…

റോഷൻ : “കാര്യം എന്താണെന്ന് പറ മൈരോളെ…”

“ആ കിഴക്കേലെ നിക്സൺ… പന്തിൽ തുപ്പരുതെന്ന് ഞങ്ങൾ രണ്ടു മൂന്ന് വട്ടം പറഞ്ഞതാ.. പിന്നേം അത് തന്നെ ചെയ്തപ്പോൾ അച്ചു പന്ത് പിടിച്ചു വാങ്ങി. അതിനാ അവൻ ഇങ്ങനെ ചെയ്തത്.”, റോഷന്റെ ഭാവം കണ്ട് വിമൽ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

“നിക്സൺ.. അവന്റെ മുഖം റോഷന്റെ മനസ്സിലേക്ക് തെളിഞ്ഞ് വന്നു. കളിക്കളത്തിൽ എന്നും സ്ഥിരം ശല്യമാണവൻ… കള്ളക്കളിയുടെ ഉസ്താദ്… അവന്റെ ചേട്ടൻ ലാക്സൺ ഒരു പാവമാണ്. അവനെ ഓർത്ത്‌ മാത്രമാണ് പലരും നിക്സന്റെ മേൽ, കൈ വക്കാതെ വിടുന്നത് തന്നെ…

റോഷൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി. മുറിഞ്ഞ ചുണ്ടിൽ ഡെറ്റോൾ വച്ച നീറ്റലിൽ അവനപ്പോൾ ഒന്ന് മുരണ്ടു. അത് കൂടി കണ്ടത്തോടെ റോഷന്റെ മനസ്സിൽ നിക്സനോടുള്ള ദേഷ്യം അണപൊട്ടി ഒഴുകി. കൂട്ടുകാരുടെ വിളിക്ക് കാതോർക്കാൻ നിൽക്കാതെ, അവൻ തന്റെ സൈക്കിൽ നിക്സന്റെ വീട്ടിലേക്ക് തിരിച്ചു.

*** *** *** *** ***

നിക്സന്റെ വലിയ വീട്ടിന്റെ ഗേറ്റിന് മുന്നിൽ തന്റെ സൈക്കിൾ നിർത്തി, റോഷൻ അകത്തേക്കൊന്ന് കണ്ണോടിച്ചു. അവന്റെ അച്ഛന്റെ ബെൻസ് കാർ പോർച്ചിൽ കിടക്കുന്നുണ്ട്… വേറെ അനക്കം ഒന്നുമില്ല…

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന റോഷന്റെ പുറകിൽ നിന്നും ഒരു വിളി… “റോഷാ… എന്താടാ ഇവിടെ..?”

റോഷൻ തിരിഞ്ഞ് നോക്കിയപ്പോൾ ലാക്സൺ ആണ്. അനിയനോടുള്ള ദേഷ്യം മറച്ചു പിടിച്ചു, ചേട്ടനെ നോക്കി അവനൊന്നു ചിരിച്ചു. അപ്പോഴാണ് അവന്റെ പിന്നിൽ മറഞ്ഞു നിൽക്കുന്ന നിക്സൻ റോഷന്റെ കണ്ണിൽപ്പെട്ടത്. റോഷനെ കണ്ടതും കാര്യം പിടികിട്ടിയ നിക്സൺ ഒന്നൂടെ ചേട്ടന്റെ പുറകിലേക്ക് പതുങ്ങി. അത് കണ്ടത്തോടെ റോഷന്റെ നിയന്ത്രണം ആകെ തെറ്റി. അവന്റെ മനസ്സിലേക്ക് ചോരയൊലിപ്പിച്ച ചുണ്ടുമായി, തോപ്പിലിരിക്കുന്ന അച്ചുവിന്റെ മുഖം കടന്നു വന്നു. ചേട്ടനെ തള്ളി മാറ്റി സകല ദേഷ്യവും തീർക്കുമാറ്, റോഷൻ നിക്സന്റെ മുഖത്ത്‌ മുഷ്ട്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു… 🗣️🤛🏼…

ലാക്സൻ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാക്കാൻ രണ്ട് നിമിഷം എടുത്തു. പക്ഷെ അപ്പോഴേക്കും അനിയന്റെ മുൻനിരയിലെ രണ്ടു പല്ലുകൾ ചോരയിൽ മുങ്ങി, ലാക്സന്റെ ചെരുപ്പിന് മേലെയായി വീണു കിടന്നിരുന്നു… __________________________________________

“ആശാനേ…”

പരിചിതമായ ശബ്ദത്തിൽ ഒരു വിളി കേട്ടതും റോഷൻ ഇരുണ്ട ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. തിരിഞ്ഞു നോക്കിയപ്പോൾ വെള്ള ജുബ്ബയും മുണ്ടും ധരിച്ചു, ചുണ്ടിൽ സകലമാന പല്ലും വെളിയിൽ കാണുംവിധം വിടർന്ന ചിരിയും ചിരിച്ച് പ്രമോദ് നിൽക്കുന്നു… മനസ്സമാധാനം അന്വേഷിച്ച് എത്തിയിടത്ത് മനസ്സമാധാനക്കേടിന്റെ ഹോൾസെയിൽ ഡീലർ… “ഓടിക്കോ”, ഒരു നിമിഷം അലവലാതി റോഷനോടായി വിളിച്ചു പറഞ്ഞു. എന്നാൽ അപ്പോഴേക്കും പ്രമോദ് ഓടി അവന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു.

“ആശാനെന്താ ഇവിടെ…?”, ഒരു വഴിക്കും രക്ഷപ്പെടാൻ കഴിയാത്ത വിധം അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പ്രമോദ് ചോദിച്ചു.

“ഞാൻ വെറുതെ.. ഇങ്ങനെ…”, റോഷൻ എന്തോ പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു.

അപ്പോഴാണ് കുറച്ചപ്പുറം പ്രമോദിന്റെ കൂടെയുള്ള ആളുകളെ റോഷൻ ശ്രദ്ധിച്ചത്… അവരുടെ ഭാവവും വേഷവിധാനവും ‘എന്റെ കയ്യിൽ പൂത്ത പണമുണ്ടെടാ…!”, എന്നും വിളിച്ചോതും പോലെ അവന് തോന്നി…

“അല്ല പ്രമോദിന് ഇവിടെ എന്താ പരിപാടി..?”, അവരിൽ നിന്നും കണ്ണെടുത്ത് പ്രമോദിനോടായി റോഷൻ ചോദിച്ചു.

പ്രമോദ് : “ഇത്തിരി റിയൽ എസ്റ്റെറ്റിന്റെ പരിപാടിയുണ്ടേ… റൊക്കം അല്ല… ബ്രോക്കർ… നല്ലോരു പാർട്ടി വന്നപ്പോ എന്ന ഒന്നു കാണിക്കാന്നു വച്ചു.”

“അതിന് ഇവിടേത് സ്ഥലം..?”, റോഷൻ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് സംശയത്തിൽ ചോദിച്ചു.

“ഏത് സ്ഥലമെന്നോ… ഇത് തന്നെ… അവരീ ഗ്രൗണ്ട് വാങ്ങാൻ പോവാ.. എന്തോ സിങ്ക് ഫാക്ടറി പണിയാണനെന്നാ പറഞ്ഞേ…”, പ്രമോദ് വളരെ ലാഘവത്തിൽ പറഞ്ഞു.

നെഞ്ചിൽ ഒരു ഇടിത്തീ വീണ പോലെയായിരുന്നു റോഷന് ആ വാക്കുകൾ അനുഭവപ്പെട്ടത്… തങ്ങൾ കളിച്ചു വളർന്ന, ഇനിയും തലമുറകൾ കളിച്ചു വളരേണ്ട ഒരിടം പലയിടത്തും സംഭവിക്കുന്ന പോലെ ഒരു കെട്ടിടമായി മാറാൻ പോകുന്നു. മാറ്റങ്ങൾ അനിവാര്യമാണ്… എന്നാലും… ഒരുപക്ഷെ ആ ഫാക്ടറിയിൽ പണി എടുക്കാൻ പോകുന്നവരുടെ പിൻതലമുറ അറിയാൻ സാധ്യതയുണ്ടോ, ഒരു കാലത്ത്‌ അവർ കാണുന്ന യന്ത്രങ്ങൾ ഇരുന്ന ഇടത്തിൽ അതിനേക്കാൾ ഉച്ചത്തിൽ ആവേശക്കടൽ തീർത്ത മനുഷ്യരുടെ ശബ്ദം….?”, അലവലാതി ഉള്ളിൽ വേദന കൊണ്ടു.

“എന്തായാലും വന്ന സ്ഥിതിക്ക് ഞാനപ്പുറത്തെ തെങ്ങിൻ തോപ്പും കൂടി കാണിച്ചേച്ചും വരാം. ഒരു 10 മിനുട്ട് ആശാൻ വെയിറ്റ് ചെയ്യ്‌… ഞാൻ ദിപ്പം വരാം.”, റോഷന് മറുപടി പറയാൻ ഗ്യാപ്പ് നൽക്കാതെ പ്രമോദ് തിരികെയോടി.

ഇനി ഇപ്പോ എന്താ ചെയ്യാ’ എന്ന മട്ടിൽ റോഷൻ പ്രമോദ് പോയിടത്തേക്ക് നോക്കി നിന്നു. തെങ്ങിൻ തോപ്പിലേക്ക് ഇറങ്ങിയതും പ്രമോദും കൂടെയുള്ളവരും അവന്റെ കൺവെട്ടത്ത് നിന്നും മറഞ്ഞു.

പേരിന് ഒരു 10 മിനുട്ട് കാക്കാം…. എന്നിട്ടും വന്നില്ലെങ്കിൽ മെല്ലെ സ്കൂട്ട് ആവാം”, അലവലാതിയുടെ സജ്ജഷൻ റോഷനും ശരിവച്ചു.

അവൻ കയ്യിലുണ്ടായിരുന്ന പാക്കറ്റിൽ നിന്നും ഒരു ലൈറ്റസ് എടുത്ത് കത്തിച്ചു. കുറച്ചു സമയം അങ്ങനെ പോയി കിട്ടി. എന്നിട്ടു വിമലിനെയും അച്ചുവിനെയും ഒന്നൂടി മൊബൈലിൽ ട്രൈ ചെയ്തു നോക്കി.

“ഇവന്മാര് ചത്തോ…?”, രണ്ടുപേരേം ഫോണിൽ വിളിച്ചു കിട്ടാത്തത് കണ്ടു റോഷൻ സ്വയം പറഞ്ഞു.

പറഞ്ഞു തീർന്നതും അപ്പുറത്ത് നിന്നും ആരോ കരയുന്ന ഒച്ച റോഷന്റെ കാതിൽ പതിച്ചു… വീണ്ടും നല്ല പരിചയമുള്ള ശബ്ദം…

കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ട കാഴ്ച്ച പ്രമോദിന്റെ കൂടെ പോയ പൂത്ത പണക്കാർ’ ദേഷ്യത്തിൽ തിരികെ വരുന്നതാണ്. അവർ വന്നതും അവിടെ കിടന്ന കാറും എടുത്തു ഒറ്റ പോക്ക്…

“അല്ല സ്ഥലം കാണിക്കാൻ പോയ പ്രമോദ് എവിടെ..?”, അവൻ സ്വയം പറഞ്ഞു.