സീതയെ തേടി – 1

ഞാൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു…

“വീട് ഇല്ല.. വീട്ടുകാരുടെ സ്നേഹം ഇല്ല.. ജോലി ഉണ്ട് അത് സമ്മതിക്കുന്നു.. എന്നാൽ പ്രൈവറ്റ് ജോലി അല്ലെ? ഉറപ്പില്ല.. എന്റെ മകൾ ബുദ്ധിമുട്ടരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്…. അതുകൊണ്ടു എന്റെ വാക്കു ധിക്കരിച്ചു അവൾ വന്നാൽ നീ കൊണ്ടുപോയ്ക്കോ… ആയുസ്സിൽ എന്റെ അനുഗ്രഹം ഉണ്ടാകില്ല…”

അത് പറഞ്ഞു അങ്ങേര് അകത്തേക്ക് പോയി… അവൾ കരഞ്ഞു കൊണ്ട് നിൽക്കുകയാണ്..

“ആതിരേ….”

ഞാൻ മെല്ലെ വിളിച്ചു…

“ഏട്ടൻ ക്ഷമിക്കണം… അച്ഛൻ സമ്മതിക്കുന്നില്ല…., എന്നെ ശപിക്കരുത് ഏട്ടാ….”

അത് പറഞ്ഞു അവൾ നിലത്തു മുട്ട് കുത്തി ഇരുന്നു കരഞ്ഞു…

ഞാൻ ഒരു നിമിഷം അവളെ നോക്കി നിന്നു….

ജീവിതത്തിൽ എന്നെ ഈ നിലയിൽ ആക്കിയ പെണ്ണാണ്… വെറുക്കാൻ ആകില്ല… സ്നേഹം അറിഞ്ഞത് അവളിൽ നിന്നാണ്… അമ്മയെ മറക്കുന്നില്ല എന്നാലും…

ഞാൻ കണ്ണ് തുടച്ചു.. മെല്ലെ തിരിഞ്ഞു നടന്നു..

ആ നടത്തം അവസാനിച്ചത് വീട്ടിൽ തന്നെ ആണ്.. ബാഗ് എടുത്തു തിരിച്ചു പോകാം എന്ന് കരുതി..
“ആഹാ വന്നല്ലോ കല്യാണം ആലോചിക്കാൻ പോയവൻ… എവിടെ കല്യാണപെണ്ണ്?”

അച്ഛൻ പുച്ഛിച്ചു ചോദിച്ചു..

ഈ മനുഷ്യനോട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്കറിയില്ല… ഇതിനേക്കാൾ ബേധം ജനിക്കാതിരിക്കുന്നത് അല്ലെ?

“പ്രേമിക്കാൻ പറ്റിയ ഒരു കോലം.. ആ പെണ്ണിന് കണ്ണ് കാണില്ലേ?”

ഏട്ടത്തി ആണ്… അമ്മയെ കണ്ടില്ല.. അകത്തിരുന്നു കരയുകയായിരുക്കും.. അതിനു പിന്നെ അത് മാത്രമേ അറിയുകയുള്ളൂ..

ഞാൻ റൂമിൽ ചെന്ന് ബാഗ് എടുത്തു ഇറങ്ങി..

****

കോയമ്പത്തൂർ എത്തി.. ഞാൻ ഫോൺ ഒക്കെ ഓഫ് ആക്കി വച്ചിരുന്നു..

വിളിക്കേണ്ടവൾ ഇനി വിളിക്കില്ല..

പിന്നെ ആര് വിളിക്കാൻ? അമ്മയോ? ആരും വിളിക്കണ്ട…

***

കുറച്ചു ദിവസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ ഞാൻ പുതിയ ഒരാളെ പരിചയപെട്ടു.. അൻവർ.. അൻവർ കുവൈറ്റിൽ ഒരു ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്.. HR മാനേജർ ആണ്..

“നിനക്ക് താല്പര്യം ഉണ്ടോ?”

മരുഭൂമിയിൽ കൂടി നടന്നവൻ മരുപ്പച്ച കണ്ടതുപോലെ ആണ് ആ ചോദ്യം എന്നിൽ വന്നു വീണത്…

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു…

വിസ വന്നു. മെഡിക്കൽ ചെയ്യാൻ എറണാകുളം പോയി അങ്ങനെ കുറച്ചു തിരക്കുകൾ..

അവസാനം എയർ ടിക്കറ്റ് കയ്യിൽ കിട്ടി. രണ്ടു ദിവസം സമയം ഉണ്ട്..

ഞാൻ നാട്ടിലേക്ക് പോയി.. വെളുപ്പിനെ ആണ് അവിടെ എത്തിയത്..

കുറെ നാളായി ഞാൻ വീട്ടിൽ വിളിച്ചിട്ടു.. ഏകദേശം ഒരു മാസം.. ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും ഇവർക്ക് എന്താണ്?

അച്ഛൻ ഉമ്മറത്തു പത്രം വായിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

എന്നെ കണ്ടു ഒന്ന് പകച്ചു നോക്കി.. ഞാൻ എവിടെയോ ഇറങ്ങിപോയി ശല്യം പിന്നെയും തിരിച്ചു വന്നോ എന്നായിരിക്കും..

ഞാൻ അകത്തു കയറിയപ്പോൾ ഏട്ടത്തി അവിടെ നിൽക്കുന്നുണ്ടായിരുന്നു…

“മോനെ നീ വന്നോ? ഞങ്ങൾ കുറെ ടെൻഷൻ അടിച്ചു.. “ അവൾ വന്നു എന്റെ തോളിൽ കൈ വച്ചു..
എനിക്ക് അതിശയം ആയി.. ഞാൻ വന്ന വീട് മാറിപ്പോയോ??

അമ്മ അകത്തു നിന്ന് വന്നു..

“നീ വിദേശത്തു പോകുകയാണോ?”

“എങ്ങനെ അറിഞ്ഞു സീതേ?”

എന്റെ അമ്മയെ ഞാൻ എന്നും അങ്ങനെയാണ് വിളിക്കാറ്…

“വെരിഫിക്കേഷൻ ചെയ്യാൻ ആള് വന്നിരുന്നു…”

“ഓ അപ്പോൾ അതാണ് ചിലരൊക്കെ വെറുതെ സ്നേഹം കാണിക്കുന്നത് അല്ലെ?”

ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞു..

അവർക്കു അടി കിട്ടിയത് പോലെ ആയി.. അന്ന് കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിയത് ഇവർ ആണ്..

ഞാൻ റൂമിൽ പോയി ബാഗ് ഒക്കെ ശരിയാക്കി വച്ചു.. അമ്മ വന്നു കുറച്ചു നേരം സംസാരിച്ചു..

അമ്മക്ക് സങ്കടം ഉണ്ട്.. എന്നാൽ ഇനി എന്നെ ആരും അപമാനിക്കില്ലല്ലോ എന്ന വിശ്വാസവും…

ഞാൻ ഒന്ന് ടൗണിൽ പോയി വരാം.. എന്ന് പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ അച്ഛൻ അവിടെ നിൽക്കുന്നുണ്ട്..

എന്നെ കണ്ടപ്പോൾ ഒന്ന് നോക്കി..

“ശല്യം ചെയ്യാൻ വന്നതൊന്നും അല്ല.. നാളെ രാവിലെ പൊക്കോളാം.. പിന്നെ എന്റെ തിരുമുഖം കണ്ടു നിങ്ങളുടെ ഐശ്വരം കളയണ്ട…. “

ഞാൻ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.. ആദ്യമായി ആണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്..

“മോനെ ഞാൻ….”

“മോനോ? ആരുടെ മോൻ? “

എന്ന് ചോദിച്ചു പുച്ഛത്തോടെ ചിരിച്ചു ഞാൻ പുറത്തേക്കു നടന്നു..

എനിക്ക് ആദ്യമായി എന്നിൽ അഭിമാനം തോന്നി… ഞാൻ നേരെ അങ്കിളിന്റെ അടുത്ത് ചെന്നു…

കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അങ്കിളിനും സന്തോഷം…

“പൈസ വല്ലതും വേണോടാ?”

“വേണ്ട അങ്കിളേ.. കയ്യിൽ ഉണ്ട്…”

എന്ന് പറഞ്ഞു ഞാൻ വന്നു.. ടൗണിൽ എത്തി കുറച്ചു പേരെ ഒക്കെ കണ്ടു പറഞ്ഞു..
ഒരു കുരിശടിയിൽ എത്തിയപ്പോൾ ആണ് യേശുദേവൻ കൈ നിവർത്തി നിൽക്കുന്നത് കണ്ടത്..

അവിടെ കയറി.. മുട്ടിൽ നിന്ന് പ്രാർത്ഥിച്ചു.. എന്താ പ്രാർഥിച്ചത് എന്നൊന്നും ഓര്മ ഇല്ല..

എന്നാലും എല്ലാത്തിനും നന്ദി പറഞ്ഞു..

പുറത്തിറങ്ങി സ്റ്റെപ് ഇറങ്ങി നേരെ വന്നത് ആതിരയുടെയും അവളുടെ അച്ഛന്റെയും മുൻപിലേക്ക്…

ഒരു നിമിഷം ഞാൻ പതറി എങ്കിലും ചിരിച്ചു.. ആതിരയുടെ മുഖത്തു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവം…

“ഡാ മോനെ.. സുഖമല്ലേ? അന്ന് അങ്ങനെയൊക്കെ പറഞ്ഞതിൽ നിനക്ക് വിഷമം ഉണ്ടോ? “

“ഇല്ല ഏട്ടാ.. ഏട്ടന്റെ മകൾ നന്നായി ജീവിക്കട്ടെ… എന്നെപോലെ ഒരുത്തനെയൊന്നും അവൾക്ക് വേണ്ട എന്നല്ലേ ഏട്ടന്റെയും അഭിപ്രായം… “

ആതിര നിലത്തേക്ക് നോക്കി നിന്നു..

“എടാ അന്ന് ഞാൻ എന്തോ ഒരു.. നിന്റെ അച്ഛൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ?”

“ഏട്ടൻ വർഷങ്ങൾ ആ വീട്ടിൽ വന്നിട്ടും ഏട്ടന് മനസിലാകാത്തത് ഏട്ടന്റെ മകൾക്കു ഒരു മണിക്കൂർ കൊണ്ട് മനസിലായത് കൊണ്ടാണ് അവൾ എന്നെ ഇഷ്ടപെട്ടത്… സമയം കിട്ടുമ്പോൾ അവളോട് ചോദിച്ചു നോക്ക്…”

“നീ ഇങ്ങനെ ഒന്നും പറയല്ലേടാ…”

“ഉള്ള കാര്യം പറയാൻ അന്ന് ഏട്ടനും മടി കാണിച്ചില്ലല്ലോ?”

“അതുപിന്നെ…”

“ഏട്ടാ.. എല്ലാവരും എന്നോട് ഇങ്ങനെയേ കാണിച്ചിട്ടുള്ളു.. ഇവൾ മാത്രം ആണ് അതിൽ കുറച്ചു വെത്യാസം ആയി നിന്നതു.. എന്നാലും അവൾക്കു എന്റെ സിറ്റുവേഷൻ ഒക്കെ നിങ്ങളോടു പറഞ്ഞു മനസിലാക്കാമായിരുന്നില്ലേ?

അവളും ചെയ്തില്ല…

പിന്നെ അന്ന് ഏട്ടൻ ഒരു വീടൊക്കെ സ്വന്തം വെക്കു എന്നാൽ നമുക്ക് നോക്കാം എന്നെങ്കിലും എന്നോട് പറഞ്ഞിരുന്നണെങ്കിൽ? “

“നീ വിഷമിക്കല്ലേട… “

ഏട്ടൻ സങ്കടത്തോടെ പറഞ്ഞു..

അവൾ ഇപ്പോഴും നിലം നോക്കി നിൽക്കുകയാണ്..

“എന്ത് വിഷമം? ഇവള് വരെ എന്നെ കൈവിട്ടില്ലേ? എല്ലാം അറിഞ്ഞിട്ടും…..”

ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല…
“പിന്നെ കണ്ടത് നന്നായി… മറ്റന്നാൾ ഞാൻ കുവൈറ്റിൽ പോകുകയാണ്. കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലി കിട്ടി… നിങ്ങളുടെ മകൾ ഇനി ആരെങ്കിലും ഇഷ്ടപെട്ടാൽ കെട്ടിച്ചു കൊടുക്കണം.. അവന്റെ അപ്പനല്ലല്ലോ കെട്ടിച്ചു കൊടുക്കുന്നത്…? “

Leave a Reply

Your email address will not be published. Required fields are marked *