അവൾ ഒന്ന് നിർത്തി…
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. അവൾ സത്യം ഒക്കെ മനസ്സിലാക്കിയിരിക്കുന്നു…
“ഏട്ടന്റെ അമ്മ പോലും ഒന്നും പറയാത്തത് എനിക്ക് അതിശയം ആണ്….”
“ഏയ് അമ്മ ഒരു പാവം ആണ്.. അതിനു അച്ഛനെ മറുത്തു ഒന്നും പറയാനുള്ള കഴിവില്ല…”
“എന്നാലും അവർ ഒരു സ്ത്രീ അല്ലെ? സ്വന്തം മകനെ ജനിപ്പിച്ച അച്ഛൻ തന്നെ ചവുട്ടി തേക്കുമ്പോൾ അവർക്കു എതിർത്തു കൂടെ?”
ആതിരയുടെ സ്വരം പതറി.. പെണ്ണ് കത്തിക്കയറുകയാണ്.. എന്നാൽ അവൾ പറയുന്നത് സത്യം ആയതുകൊണ്ട് എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..
“ഇതിപ്പോൾ തവിടു കൊടുത്തു വാങ്ങിയതൊന്നും അല്ലല്ലോ എന്റെ ഏട്ടനെ…?!!!”
അവൾ അത് പറഞ്ഞു നിർത്തി കിതച്ചപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു…
“എന്നെ കാളിയാക്കുകയാണ് അല്ലെ? “
അവൾ ഇടറിയ സ്വരത്തോടെ ചോദിച്ചു…
“അല്ല ആതിരമോളെ….. തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് എന്റെയും സംശയം ആണ്…”
അത് പറഞ്ഞു ഞാൻ ഒന്നും കൂടി ചിരിച്ചു.. ഒപ്പം അവളും…
ആ ബന്ധം ശക്തി ആയി…
സത്യത്തിൽ ആരും ആശ്രയം ഇല്ലാതിരുന്ന എനിക്ക് ദേവി തന്നെ വരദാനം ആയിരുന്നു ആതിര..
എന്നെ കാണുമ്പോൾ അവൾ കാണിക്കുന്ന ആവേശവും.. ഇഷ്ടവും എല്ലാം എന്റെ ഹൃദയത്തിനെ ചൂട് പിടിപ്പിച്ചു…
അവളുടെ ഒരു നോട്ടം മതിയായിരുന്നു എന്റെ ഒരു ദിവസം സന്തോഷകരം ആകാൻ…
അവളുടെ ഫാമിലിക്കും എന്നെ ഇഷ്ട്ടം ആയിരുന്നു. അച്ഛൻ രമേശനെ ഞാൻ ഏട്ടാ എന്നാണ് വിളിച്ചിരുന്നത്..
അവളുടെ അനിയത്തി ആയാലും നല്ല സ്നേഹം ആയിരുന്നു..
എന്റെ വീട്ടിൽ നിന്ന് കിട്ടുന്നതിലും സ്നേഹം അവളും അവളുടെ കുടുംബവും എനിക്ക് തന്നു..
ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു എനിക്ക്.
ഒരു പേരുകേട്ട സ്വർണകടയിൽ ആണ്.. അതിനു പോകുന്നതിന്റെ തലേ ദിവസം..
അവൾ എന്നോട് ശിവ ക്ഷേത്രത്തിൽ ചെല്ലാൻ പറഞ്ഞു… വലിയ ശിവ ഭക്ത ആണ് അവൾ..
ഞാൻ ചെന്നപ്പോൾ അവൾ അവളുടെ സ്കൂട്ടിയിൽ അവിടെ എത്തിയിരുന്നു..
അവൾ ശിവന് നാരങ്ങാമാല സമർപ്പിച്ചു പ്രാർത്ഥിച്ചു.. ഞാനും..
പേര് ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ഒരു ദൈവത്തിലും വലിയ വിശ്വാസം ഇല്ലായിരുന്നു..
ജീവിതം അങ്ങനെ ആണല്ലോ..
പിന്നെ ആതിര വന്നപ്പോൾ മുതൽ ആണ് കുറച്ചു മെച്ചപ്പെട്ടത്.. സ്നേഹം കിട്ടുന്നുണ്ട്.. സമാധാനവും..
ഞാൻ അവളുടെ ഒപ്പം കൂടി പ്രാർത്ഥിച്ചു.. തിരിച്ചു വരാൻ നേരം അവൾ എന്നെ ബൈക്കിൽ കൊണ്ട് വന്നു വീടിന്റെ അടുത്ത് വിട്ടു..
“പോയി വാ ഏട്ടാ…” എന്ന് പറഞ്ഞു അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു..
എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകി… അവൾ അത് തുടച്ചു..
***
പിറ്റേന്ന് ഇന്റർവ്യൂവിനു പോയി.. തൃശ്ശൂര് ആണ്.. അവിടെ ചെന്ന് വലിയ തിരക്ക് ആയിരുന്നു..
എന്നാലും എന്റെ ടെക്നിക്കൽ എഡ്യൂക്കേഷൻ കണ്ടത് കൊണ്ട് അവർ എന്നെ കമ്പ്യൂട്ടർ സെക്ഷനിലേക്കു എടുത്തു…
ജീവിതം അനുകൂലം ആയി എന്ന് എനിക്ക് തോന്നി..
പതിനെട്ടായിരം രൂപ ശമ്പളവും താമസവും ഭക്ഷണവും ഉണ്ട്.. അതൊരു സന്തോഷം.
ഏറ്റവും സന്തോഷിച്ചത് ആതിര ആയിരുന്നു.. പിന്നെ എന്റെ അമ്മ..
ഏട്ടൻ ആ സമയം എന്തോ ബിസിനസ് തുടങ്ങി അങ്ങ് ഹൈദരാബാദിൽ..
ഏട്ടത്തി പിന്നെ എനിക്ക് ഒരു ചായ പോലും വച്ച് തന്നിട്ടില്ല..
അവരെ പറഞ്ഞിട്ടു കാര്യമൊന്നും ഇല്ല.. വീട്ടിലുള്ളവർക്കു വിലയില്ലാത്തവരെ ആരും വിലമതിക്കില്ല..
അങ്ങനെ ഞാൻ തമിഴ് നാട് സേലത്തേക്കു വണ്ടി കയറി… നല്ലവർ ആണ് എല്ലാവരും..
കുറച്ചു നല്ല കൂട്ടുകാരെ കിട്ടി..
ആതിര വിളിച്ചിട്ടേ എന്നും കിടക്കുള്ളൂ.. രാവിലെ അവൾ മെസേജ് അയക്കും.. അന്നൊക്കെ ടെക്സ്റ്റ് മെസേജ് ആയിരുന്നു എല്ലാം..
മൂന്നാം മാസം, എനിക്ക് വലിയൊരു ഭാഗ്യം കിട്ടി… അവരുടെ റീജിയണൽ ഓഫീസിലേക്ക് ട്രാൻസ്ഫർ…
ബാർകോഡിങ് സെക്ഷനിൽ ജോലി.. രാവിലെ 10 മുതൽ രാത്രി 7 വരെ..
കോയമ്പത്തൂരിൽ..
അതൊരു വലിയ കാര്യം ആയി എനിക്ക് തോന്നി… ആതിരക്കു വളരെ സന്തോഷം..
ഞാൻ ഒരു ഫോൺ വാങ്ങി.. സോണി എക്സ്പീരിയ..
സ്വന്തം പണത്തിനു ഡ്രെസ്സുകളും ഷൂസും ഒക്കെ… ഞാൻ അമ്മക്ക് ഒരു സാരി വാങ്ങി കൊടുത്തു…
