വർഷങ്ങൾ കടന്നു പോയി..
ഇതിനിടയിൽ ആതിരയുമായുള്ള ബന്ധം ശക്തം ആയി…
നാട്ടിൽ വരുമ്പോൾ ഞങ്ങൾ ഇടയ്ക്കു കാണുകയും എവിടെയെങ്കിലും പോകുകയും ഒക്കെ ചെയ്യും..
ഒരു ദിവസം അത് വീട്ടിൽ അറിഞ്ഞു…
അന്ന് വൈകുന്നേരം വീട്ടിൽ എത്തിയ എന്നെ കാത്തു നിന്നതു അച്ഛനും ഏടത്തിയും ആയിരുന്നു.
അച്ഛൻ ഓടി വന്നു മുഖത്തിനു രണ്ടു അടി അടിച്ചു..
“നിനക്ക് എന്ത് യോഗ്യത ഉണ്ടടാ എന്റെ കൂട്ടുകാരന്റെ മകളെ പ്രേമിക്കാൻ…? “ എന്ന് ചോദിച്ചാണ് അടി…
ഞാൻ ഒന്നും മിണ്ടിയില്ല… അമ്മ ശിലപോലെ അവിടെ നിൽക്കുന്നുണ്ട്..
“കുടുംബത്തിന് നാണക്കേടുണ്ടാക്കൻ അവന്റെ ഒരു പ്രേമം…” ഏട്ടത്തി ആണ്…
“എനിക്ക് അവളെ ഇഷ്ടമാണ്.. ഞാൻ അവളെ കെട്ടുകയും ചെയ്യും…”
ഞാൻ ആരുടെയും മുഖത്തു നോക്കാതെ പറഞ്ഞു..
പിന്നെയും കിട്ടി ഒരെണ്ണം കൂടി.. ഞാൻ അനങ്ങിയില്ല…
“നീ അവളെ കെട്ടുന്നത് എനിക്ക് ഒന്ന് കാണണം.. അവളെ മാത്രമല്ല ആരെയും നീ കേട്ടില്ല.. മുടിയാൻ നേരം ഉണ്ടായ തെണ്ടി… “
അച്ഛൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്…
ഞാൻ അമ്മയെ നോക്കി ചിരിച്ചു…
“ചിരിക്കുന്നത് കണ്ടില്ലേ അച്ഛാ? അതെങ്ങനെയാ ആണും പെണ്ണും കെട്ടവൻ ആണ് ഇവനൊക്കെ..”
ഏട്ടത്തി ഒരു ആവശ്യവും ഇല്ലാതെ കിടന്നു ചീറി പുളക്കുകയാണ്..
ഈ നിമിഷം മരിച്ചു വീണിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി…
ഞാൻ ഇറങ്ങി നടന്നു..
നടത്തം അവസാനിച്ചത് അവളുടെ വീട്ടിൽ ആണ്..
അവളുടെ അച്ഛന് അറിയാം ഞങ്ങൾ ഇഷ്ടത്തിൽ ആണെന്ന്…
മുഖത്തു നല്ല ഗൗരവം…
“നിന്റെ അച്ഛൻ ഇപ്പോൾ വിളിച്ചിരുന്നു….”
എന്നെ നോക്കി അദ്ദേഹം പറഞ്ഞു…
ഞാൻ പടിയുടെ അവിടെ നിന്നു.. അകത്തു കയറിയില്ല…
ആതിര കരഞ്ഞ കണ്ണുകളോടെ ഇറങ്ങി വന്നു.. അവൾക്കും അടി കിട്ടിയ ലക്ഷണം ഉണ്ട്..
“ഏട്ടാ… എനിക്ക് അവളെ ഇഷ്ട്ടം ആണ്… എനിക്ക് അവളെ കല്യാണം കഴിക്കണം…”
ഞാൻ ഒരു ധൈര്യത്തിന് പറഞ്ഞു ഒപ്പിച്ചു..
“നീ നല്ലവൻ ഒക്കെ തന്നെ ആണ്… നിന്റെ അച്ഛൻ ഇപ്പോൾ വിളിച്ചിരുന്നു.. നിന്നെ വീട്ടിൽ നിന്നും ഇറക്കി വിടാൻ പോകുകയാണ് എന്നും അവനെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആണ് എന്നും ഒക്കെ പറഞ്ഞു… “
ഞാൻ വിശ്വസിക്കാൻ ആകാതെ നിന്നു…. അവൾ നിന്ന് കരയുകയാണ്..
എന്റെ കണ്ണിൽ നിന്നും ചൂട് കണ്ണീർ ഒലിച്ചിറങ്ങി…
“മോനെ.. ഒന്നും തോന്നരുത്.. സ്വന്തം വീട്ടിൽ വില ഇല്ലെങ്കിൽ വേറെ എവിടെയും വില ഉണ്ടാകില്ല… അതുകൊണ്ടു മോൻ ഇവളെ മറക്കണം…”
അതൊരു ഇടിത്തീ പോലെ ആണ് എന്റെ നെഞ്ചിൽ പതിച്ചത്.. ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.. അവൾ കന്നു കരയും പോലെ നിന്ന് കരയുകയാണ്… ഒച്ച ഇല്ലാതെ…
“ഏട്ടാ ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം…”
ഞാൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു…
“വീട് ഇല്ല.. വീട്ടുകാരുടെ സ്നേഹം ഇല്ല.. ജോലി ഉണ്ട് അത് സമ്മതിക്കുന്നു.. എന്നാൽ പ്രൈവറ്റ് ജോലി അല്ലെ? ഉറപ്പില്ല.. എന്റെ മകൾ ബുദ്ധിമുട്ടരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്…. അതുകൊണ്ടു എന്റെ വാക്കു ധിക്കരിച്ചു അവൾ വന്നാൽ നീ കൊണ്ടുപോയ്ക്കോ… ആയുസ്സിൽ എന്റെ അനുഗ്രഹം ഉണ്ടാകില്ല…”
അത് പറഞ്ഞു അങ്ങേര് അകത്തേക്ക് പോയി… അവൾ കരഞ്ഞു കൊണ്ട് നിൽക്കുകയാണ്..
“ആതിരേ….”
ഞാൻ മെല്ലെ വിളിച്ചു…
“ഏട്ടൻ ക്ഷമിക്കണം… അച്ഛൻ സമ്മതിക്കുന്നില്ല…., എന്നെ ശപിക്കരുത് ഏട്ടാ….”
അത് പറഞ്ഞു അവൾ നിലത്തു മുട്ട് കുത്തി ഇരുന്നു കരഞ്ഞു…
ഞാൻ ഒരു നിമിഷം അവളെ നോക്കി നിന്നു….
ജീവിതത്തിൽ എന്നെ ഈ നിലയിൽ ആക്കിയ പെണ്ണാണ്… വെറുക്കാൻ ആകില്ല… സ്നേഹം അറിഞ്ഞത് അവളിൽ നിന്നാണ്… അമ്മയെ മറക്കുന്നില്ല എന്നാലും…
ഞാൻ കണ്ണ് തുടച്ചു.. മെല്ലെ തിരിഞ്ഞു നടന്നു..
ആ നടത്തം അവസാനിച്ചത് വീട്ടിൽ തന്നെ ആണ്.. ബാഗ് എടുത്തു തിരിച്ചു പോകാം എന്ന് കരുതി..
“ആഹാ വന്നല്ലോ കല്യാണം ആലോചിക്കാൻ പോയവൻ… എവിടെ കല്യാണപെണ്ണ്?”
അച്ഛൻ പുച്ഛിച്ചു ചോദിച്ചു..
ഈ മനുഷ്യനോട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്കറിയില്ല… ഇതിനേക്കാൾ ബേധം ജനിക്കാതിരിക്കുന്നത് അല്ലെ?
