എനിക്കു ചിരിയാണ് വന്നത്, ഞാൻ ചിരിക്കുന്നതു കണ്ടാകണം ചേച്ചി കരച്ചിൽ നിർത്തി എന്നെ ദേഷ്യഭാവത്തിൽ നോക്കി… ഞാൻ പറഞ്ഞു.. ഞാൻ പറയാൻ വന്നതാണ് ഇപ്പോൾ ചേച്ചി ചോദിച്ചത്… എന്നിട്ടു ഞാൻ വീട്ടിൽ വിളിച്ച കാര്യവും അവരേക്കൊണ്ട് സമ്മതിപ്പിച്ച കാര്യവും എല്ലാം പറഞ്ഞു… ചേച്ചി എന്നെ സന്തോഷം കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ തന്നു…
പക്ഷേ ചേച്ചീ… അവൾക്കു സമ്മതമാണേൽ മാത്രം… അതുകൊണ്ട് വേറേ ആരോടും ഇത് പറയുന്നതിന് മുമ്പ് എനിക്ക് ധന്യയോട് സംസാരിക്കണം. അതു വേണം കണ്ണാ.. നീ അവളെ വിളിച്ചൊന്ന് ചോദിക്ക്. ചേച്ചി എൻ്റെ കയ്യിൽ പിടിച്ച് അകത്തേക്കു നടന്നു..
അകത്തെത്തി ഞാൻ ധന്യയോട് പറഞ്ഞു, നീ എൻ്റെ കൂടെ ഒന്നു വായോ..ഒരു കൂട്ടം സംസാരിക്കാനുണ്ട്. അവൾ കേട്ടതായി പോലും ഭാവിച്ചില്ല… ഞാൻ ഒന്നൊച്ചയെടുത്തു… ധന്യേ… എൻ്റെ കൂടെ വാ… എൻ്റെ ശബ്ദം ഉയർന്നിട്ടായിരിക്കണം അവൾ പകച്ചെന്നെ നോക്കിയിട്ട് എഴുന്നേറ്റു അവളേയും കൂട്ടി മുകളിലേക്കാണ് പോയത്. എങ്ങിനെ പറയണം എന്നെനിക്കറിയില്ലായിരുന്നു.. എന്തായാലും മുകളിലെത്തി അവളെ സോഫയിലേക്കിരുത്തി ഒരു കസേര വലിച്ചിട്ട് അവൾക്ക് മുന്നിലായി ഇരുന്നു.
സനീഷിൻ്റെ അവസ്ഥ നിനക്കറിയാമായിരുന്നോ… ഒരു കരച്ചിൽ ആയിരുന്നു മറുപടി… മാഷ് പോയ കാര്യമൊന്നു ഞാൻ അറിഞ്ഞില്ല അല്ലേൽ ഞാൻ പോകാൻ വിടില്ലായിരുന്നു. പറഞ്ഞു തീർന്നിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു… ഇനി എന്താ നിൻ്റെ പ്ലാൻ ഞാൻ അടുത്ത ചോദ്യമിട്ടു. മറുപടി ഒന്നും ഇല്ലായിരുന്നു, ഞാൻ ഒന്നു കൂടി ചോദിച്ചു… കരച്ചിൽ നിർത്തിയെങ്കിലും മറുപടി വരാൻ താമസിച്ചു… അൽപനേരത്തിനകമാണ് അവൾ പറഞ്ഞത്.. അറിയില്ല മാഷേ… എന്തു ചെയ്യണമെന്ന് എനിക്കറിയില്ല… ആ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീർ പ്രവഹിക്കുന്നുണ്ടായിരുന്നു..
അവളുടെ രണ്ടു കൈകളും എൻ്റെ കൈകളിൽ എടുത്ത് ഞാൻ പറഞ്ഞു… എന്നെ നോക്കടീ… അവളുടെ തല കുനിഞ്ഞു തന്നെ ഇരുന്നു… ഞാൻ പറഞ്ഞു…. ധന്യേ ഞാനൊരു കാര്യം പറയാൻ പോവാ… അപ്പോ നീ എൻ്റെ മുഖത്തു നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്… അവളുടെ കൈകൾ ഞാൻ പതിയെ അമർത്തി.. അവൾ മുഖമുയർത്തി എന്നെ നോക്കി… കരഞ്ഞിട്ടായിരിക്കണം കണ്ണുകൾക്ക് ചെറിയ ചുവപ്പു നിറം…
അവളുടെ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു… നിന്നെ ഞാൻ കെട്ടിക്കോട്ടെ… നീ സമ്മതിക്കുമോ…. കേട്ടത് വിശ്വസിക്കാത്തതു കൊണ്ടായിരിക്കണം അവളുടെ മുഖത്ത് ആശ്ചര്യം കലർന്ന സംശയ ഭാവം. നിനക്കു സമ്മതമാണേൽ ഞാൻ നിന്നെ കല്യാണം കഴിക്കാം.. ഇത് വെറും വാക്കല്ല., ആലോചിച്ചിട്ടു തന്നെയാ… പിന്നെ നിൻ്റെ അവസ്ഥ കണ്ടു സഹതാപിച്ചിട്ടുമല്ല… എനിക്കു നിന്നെ ഇഷ്ടമായതു കൊണ്ടാ… ഒരിക്കലും നിനക്ക് ഒരു ബുദ്ധിമുട്ടുവുമുണ്ടാവാതെ ഞാൻ പോറ്റിക്കൊള്ളാം…. എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്.. സമ്മതമാണ് എന്നു കേട്ടിട്ടേ ഞാൻ ഈ കസേരയിൽ നിന്ന് എഴുന്നേൽക്കൂ….
ധന്യക്ക് അൽപം ഷോക്കായി എന്നു തോന്നുന്നു.. കുറച്ച് നിമിഷത്തേക്ക് അവളെൻ്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഇരുന്നു… എന്നിട്ട് ചോദിച്ചു… മാഷ് എന്ത് അറിഞ്ഞോണ്ടാ, എൻ്റെ വയറ്റിൽ വേറൊരുത്തൻ്റെ കഞ്ഞ് വളരുന്നുണ്ട്… മാഷിന് എന്നേക്കാളും യോഗ്യതയുള്ള പെണ്ണിനെ കിട്ടും… എൻ്റെ അവസ്ഥ കണ്ട് സങ്കടപ്പെട്ട് മാഷിൻ്റെ ജീവിതം ഇങ്ങനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല… കരച്ചിൽ നിർത്തി അത് പറഞ്ഞ ധന്യയുടെ ശബ്ദത്തിന് കാഠിന്യം ഉണ്ടായിരുന്നു……
ഞാൻ പറഞ്ഞു… ധന്യേ.… യോഗ്യതയുടെ കാര്യം… എന്നെ സ്നേഹിക്കാനും എന്നെ സഹിക്കാനും മാത്രമുള്ള യോഗ്യത മതി ഞാൻ കെട്ടുന്ന പെണ്ണിന്… പിന്നെ വിദ്യാഭ്യാസം എന്ന യോഗ്യത… എൻ്റെ ഒപ്പം പഠിപ്പ് നിനക്കുണ്ട്.. പിന്നെ നിൻ്റെ വയറ്റിൽ വളരുന്നത് എൻ്റെ കുഞ്ഞാണ് ഇനി… നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം….
ഞാൻ പറഞ്ഞു നിർത്തിയതും ചെറിയ ഒരു നിലവിളിയോടെ ധന്യ എഴുന്നേറ്റ് എൻ്റെ മുകളിലേക്ക് വീണു.. അവൾ വന്നു വീണ ആയത്തിന് ഞാനും കസേരയും പുറകോട്ടു മറിഞ്ഞില്ല എന്നേ ഉള്ളൂ… എന്നെ കെട്ടിപ്പിടിച്ച് എൻ്റെ മടിയിലിരുന്ന് അവൾ എൻ്റെ മുഖഞ്ഞുമ്മകൾ വെച്ചിട്ടു പറഞ്ഞു, എനിക്ക് സമ്മതാമാണ് മാഷേ…. എന്നെ ഒരിക്കലും വേദനിപ്പിക്കാതിരുന്നാ മാത്രം മതി…. ഒരിക്കലും നിന്നെ ഞാൻ കരയിക്കില്ല പെണ്ണേ എന്നും പറഞ്ഞിട്ട് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…
