സനീഷ് ധന്യയെ ഒഴിവാക്കിയത് എന്തിനാണ് എന്ന് എനിക്കറിയണമായിരുന്നു… നീ എന്തിനാ അവളെ പ്രേമിച്ച് നടന്നിട്ട്, വേറേ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. സനീഷ് ആകെ തകർന്നു നിൽക്കുന്നതു പോലെ തോന്നി. സാഹചര്യം കൊണ്ടാണ് സുഹൃത്തേ… അവളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവൻ പറഞ്ഞു നിർത്തിയതും അതെന്തു സാഹചര്യമാടാ മൈരേ, എന്നിറുമ്മി രാജേഷ് അവനെ വീണ്ടും കടന്നു പിടിച്ചു… ഞാൻ രാജേഷിനെ തള്ളിമാറ്റി പറഞ്ഞു, രാജേഷേ നമ്മൾ സംസാരിക്കാനാണ് വന്നത്… അതു കഴിയട്ടെ എന്നിട്ടാകാം, തല്ലും പിടിയും, എന്നിട്ടു സനീഷിനു തിരിഞ്ഞിട്ടു പറഞ്ഞു… നീ അവൻ ചോദിച്ചതിന് ഉത്തരം പറയ്…
സനീഷ് പറഞ്ഞു തുടങ്ങി….കടയിൽ ഒരു പെങ്കൊച്ച് തുണി തയ്പിക്കാൻ വരുമായിരുന്നു സുഹൃത്തേ, ആദ്യമൊക്കെ മാസത്തിൽ ഒരു ചുരിദാർ എന്നുള്ളത് പിന്നെ ആഴ്ചയിൽ രണ്ടു വീതമായി… പിന്നെ ഡിസൈൻ മാറ്റാനും കുത്തുപൊട്ടി, സൈസ് ശരിയായില്ല എന്നുമൊക്കെ പറഞ്ഞ് അവൾ ദിവസവും കടയിൽ വരാൻ തുടങ്ങി… പിന്നെയാണ് അവൾ പറഞ്ഞത് അവൾക്കെന്നോട് പ്രേമമാണെന്ന്. ഞാൻ താൽപ്പര്യം കാണിക്കാൻ പോയില്ല..
കഴിഞ്ഞ മാസം ഒരു ദിവസം അവൾ കടയിൽ വന്ന് പുറകിലെ മുറിയിൽ കയറി ഇരുപ്പായി… എങ്ങിനെ എങ്കിലും ഒന്നു പറഞ്ഞ് വിടാമെന്ന് കരുതി അടുത്തു ചെന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു… ഞാനവളെ തള്ളി മാറ്റിയെങ്കിലും പിന്നെയും അവളെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.. ഈ പരാക്രമങ്ങൾക്കിടയിൽ എൻ്റെ കൈ കൊണ്ടോ മറ്റോ അവളുടെ ചുരിദാറിൻ്റെ കൈ അല്പം കീറി, നഖം കൊണ്ടായിരിക്കണം കൈയ്യിൽ ഒരു പാടും വീണു. ഞാൻ അല്പം മാറി നിന്ന് അവളെ കാര്യങ്ങൾ പറഞ്ഞ മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു.. അവൾ ഒന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്നെ ഒരാൾ കെട്ടുന്നുണ്ടെങ്കിൽ അത് താൻ മാത്രമായിരിക്കും, അത് ഞാൻ നേടുകയും ചെയ്യും എന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി.
എനിക്കാണേ എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. ഇനി വന്നാൽ അവളുടെ വീടു കണ്ടു പിടിച്ച് വീട്ടുകാരെ കാര്യങ്ങൾ ബോധിപ്പിക്കാം എന്നും ആലോചിച്ചാണ് കടയടച്ചു വീട്ടിലേക്ക് പോയത്. വീട്ടിൽ ചെല്ലുമ്പോൾ മുറ്റത്ത് പതിവില്ലാതെ രണ്ട് ബൈക്കുകൾ ഉണ്ട്… ഞാൻ അകത്തേക്കു കയറിയതും നിലവിളിച്ചു പോയി.. മുഖത്തടിയുടെ പാടുകളും ചുണ്ടുപൊട്ടി ചോരയുമൊലിപ്പിച്ച് അച്ചൻ ഒരു കസേരയിലിരിക്കുന്നു, അമ്മയും വിരുന്നു വന്ന പെങ്ങളും പേടിച്ചരണ്ട് മുറിയുടെ മൂലക്കൽ നിൽക്കുന്നത്, അകത്ത് എനിക്ക് പുറം തിരിഞ്ഞ് മൂന്നു പേർ ഇരിക്കുന്നുണ്ടായിരുന്നു… ആരാ. എന്താ നിങ്ങൾക്കു വേണ്ടത് എന്നും ചോദിച്ച് അകത്തേക്ക് ഞാൻ ഓടിക്കയറി. എഴുന്നേറ്റ ആളുടെ മുഖം കണ്ടപ്പോൾ ഞാൻ പേടിച്ച് നിന്നു പോയി.. എൻ്റെ ശബ്ദം പോലും പുറത്തേക്കു വരുന്നില്ലായിരുന്നു…
കുപ്പി ബിജുവായിരുന്നു അത്. ടൗണിലെ ഏറ്റവും ഭീകരനായ ഗുണ്ട. മൂന്നു പേരെ വെട്ടിക്കൊന്നിട്ടുണ്ട്, എണ്ണമില്ലാത്ത അടിപിടി കേസുകൾ, പാർട്ടിയുടെ പിൻബലമുള്ളതിനാൽ ഒരിക്കലും അകത്തായിട്ടില്ല… ബിജു എൻ്റെ അടുത്തേക്ക് വന്നു… എൻ്റെ കരണത്തിന് ഒന്ന് പൊട്ടിച്ചു, എന്നിട്ട് തള്ളി സോഫയിലേക്ക് ഇരുത്തി… കൂടെ ഉള്ളവർ സഹായികളാണ്, ബിജുവിൻ്റെ കൂടെ കൊല്ലാനും ചാകാനും മടിയില്ലാതെ mടക്കുന്നവർ.
എനിക്ക് എന്താ കാര്യമെന്ന് മനസ്സിലായില്ലെങ്കിലും ചോദിക്കാനുള്ള ധൈര്യം വന്നില്ല. കുപ്പി ബിജു പറഞ്ഞു… നിൻ്റെ അച്ചനെ നല്ലിയെന്തിനാണെന്ന് അറിയോ… ഞാൻ ഇല്ലെന്ന് തലയാട്ടി…. വീട്ടിൽ വരുന്നവരോട് മര്യാദക്ക് സംസാരിക്കാൻ അറിയില്ല… നിന്നെ നല്ലിയത് എന്തിനാണെന്ന് അറിയാമോ. അതിനും ഇല്ലെന്ന് ഞാൻ തലയാട്ടിയതേ ഉള്ളൂ, എൻ്റെ പെങ്ങളെ കയറിപ്പിടിച്ചതിന്, അവളെ കരയിച്ചതിന്, കേട്ടതും എൻ്റെ തല കറങ്ങി…
ദൈവമേ ആ പെണ്ണിവൻ്റെ പെങ്ങൾ ആയിരുന്നോ… ഞാൻ കേറിപ്പിടിച്ചെന്നാണോ അവൾ ഇവനോടു പറഞ്ഞത്… എന്നാൽ ഇന്നു ഞാൻ ചത്തതു തന്നെ… ബിജു തുടർന്നു പറഞ്ഞു… ഇനി ഇതിനുള്ള പരിഹാരം ഞാൻ തന്നെ പറയാം, നീ അവളെ കെട്ടണം. കെട്ടും, അല്ലേ ഞാൻ കെട്ടിക്കും. സോഫയിൽ കാലുകയറ്റി കുത്തി അവനിത് പറഞ്ഞപ്പോൾ ഞാൻ ഒന്നു ഭയന്നെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒന്നു ശ്രമിച്ചു. തോളത്തിനിട്ട് ഒരു ചവിട്ടായിരുന്നു ഉത്തരം… നീ ഞാൻ പറയുന്നതു ചെയ്യും… അല്ലേ എല്ലാത്തിനേയും ഞാനീ വീട്ടിലിട്ട് പച്ചക്ക് കത്തിക്കും…
