കണ്ണന്റെ അനുപമ – 10 Like

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !
ഇതെങ്ങനെ അറിഞ്ഞു…?

അവൾ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു…

“നിന്നെ ഞാനെന്നോ മനഃപാഠമാക്കിയതാ പെണ്ണെ….. “

“പൊന്നൂസ് സമ്മതിക്കോ…?

കുറച്ച് നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം
എന്റെ തോളിൾ കീഴ്ത്താടി കുത്തി കൊണ്ടവൾ പതിയെ ചോദിച്ചു..

“പിന്നെന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ..?

ഹാന്ഡിലിൽ നിന്ന് ഇടത്തെ കൈ പിന്നിലേക്ക് കൊണ്ട് പോയി അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

അതിന് മറുപടിയായി അവളൊന്നും പറഞ്ഞില്ല.പകരം ഒന്ന് കൂടി അടുത്തേക്കിരുന്ന് എന്നെ വരിഞ്ഞു മുറുക്കി. എന്റെ കവിളിൽ മുഖമമർത്തി കണ്ണടച്ചിരുന്നു.ഇടക്ക് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർതുള്ളികൾ അവൾ ഉറങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി.അവളുടെ ഉടുമ്പ് പിടുത്തത്തിൽ എനിക്ക് ചെറുതായി ശ്വാസം മുട്ടിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയപ്പോഴാണ് പെണ്ണ് പിടുത്തം വിട്ടത്. ഉമ്മറത്ത്‌ ലച്ചുവിനെ കണ്ടപ്പോൾ അവൾ അകന്നിരുന്നു.

“നീയിതിനെ പിന്നേം കരയിച്ചൂ ലെ ?

ഉമ്മറത്തേക്ക് കയറിയ അവളുടെ മുഖം കണ്ട് ലച്ചു എന്റെ നേരെ കയ്യോങ്ങി…

“ഞാനൊന്നും ചെയ്തില്ലമ്മെ..
ഞാൻ കൈമലർത്തി…

“അമ്മേടെ മോള് വാടാ…
ഈ കോന്തൻ കരയിച്ചോ… സാരല്ല ട്ടോ…..
അമ്മേടെ പൊന്നുമണി കരയണ്ട…..”

ലച്ചു കൊച്ചു കുഞ്ഞുങ്ങളെപ്പോലെപ്പോലെ അവളെ കൊഞ്ചിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു കെട്ടിപിടിച്ചു.ക്ഷണത്തിനു കാത്ത് നിന്ന പോലെ അനു അമ്മയെ ചുറ്റി വരിഞ്ഞു കൊണ്ട് ഒതുങ്ങി നിന്നു.

ഒരു പെൺകുട്ടി ഇല്ലാതെ പോയതിന്റെ നിരാശ തടിച്ചിക്ക് ഇപ്പൊ മാറിയിട്ടുണ്ടെന്ന് തോന്നുന്നു.കാട്ടികൂട്ടലൊക്കെ വെച്ച് നോക്കിയാൽ എന്നെക്കാൾ ഇഷ്ടാണ് ലച്ചുവിനിപ്പോ അമ്മുവിനെ..

കാണാനൊത്തിരി ആഗ്രഹിച്ച ആ സുന്ദരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി..

അച്ഛമ്മയെ അന്വേഷിച്ചപ്പോ ഉറങ്ങിയെന്നു പറഞ്ഞു. ശരിക്കും ഉറങ്ങീട്ട്ണ്ടോ അതോ അഭിനയിച്ചു കിടക്കാണോന്ന് ആർക്കറിയാം…
ഡ്രസ്സ്‌ മാറ്റി ഞാൻ വീണ്ടും ഉമ്മറത്തേക്ക് പോയി.. അപ്പഴേക്കും ലച്ചു അമ്മുവിനെ മടിയിൽ ഇരുത്തി വിശേഷങ്ങൾ ചോദിച്ചറിയുകയാണ്. അവളാകട്ടെ കഞ്ഞിയിൽ ഉപ്പ് കുറഞ്ഞതടക്കം സകല കാര്യങ്ങളും വിസ്തരിച്ചു പറയുന്നുണ്ട്…

“അയ്യേ ഇതെന്തോന്ന് കോടതിയോ.. നാണമില്ലേടി..
നമ്മള് പോരുന്ന വഴിക്ക് റോഡിൽ ഒരു നായയെ കണ്ടില്ലേ അതും കൂടെ പറഞ്ഞു കൊടുക്ക്…..”

ഞാൻ കളിയാക്കിയതോടെ
അതോടെ അവളുടെ മുഖം വാടി.

“പോടാ പട്ടീ.. നിന്നെപ്പോലല്ല എന്റെ കുഞ്ഞിന്റെ മനസ്സില് കളങ്കല്ലാ …
അമ്മേടെ ചക്കര പറഞ്ഞോടാ… !

ലച്ചു എന്നെ ആക്രമിച്ചു കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു.
മടിയിൽ ഇരുത്തി അമ്മുവിനെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ടുണ്ട് ലച്ചു. അമ്മുവാകട്ടെ കൈ രണ്ടും അമ്മയുടെ കഴുത്തിലൂടെ ചുറ്റി മടിയിൽ അമർന്നിരിക്കുന്നു. അവളുടെ സംസാരത്തിന്റെ നിഷ്കളങ്കത കണ്ടിട്ടോ എന്തോ ഇടക്ക് ലച്ചു അവളെ മുറുക്കിയണച്ച് ഉമ്മ വെക്കുന്നുണ്ട്….
ലച്ചുവിനെ കിട്ടിയപ്പോ അവളെന്നെ ഒന്ന് നോക്കുന്നത് കൂടി ഇല്ലാ.. തെണ്ടി…

“ചോറുണ്ടോ വീട്ടീന്ന്…?

അവളുടെ താടിക്ക് പിടിച്ചുയർത്തി കൊണ്ട് അമ്മ ചോദിച്ചു…

“ഉം.. ഞാൻ കഴിച്ചു… കണ്ണേട്ടൻ കഴിച്ചിട്ടില്ല…… “

അമ്മു മറുപടി നൽകി…

“ആ അവൻ വേണേൽ തിന്നോളും.. ”

ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ലച്ചു മറുപടി നൽകി.

“പിന്നൊരു കാര്യം.. ഈ മുടിയിങ്ങനെ ശ്രദ്ധിക്കാതെ നടന്ന അമ്മേടെ കയ്യീന്ന് അടി കിട്ടും കേട്ടല്ലോ..”

അമ്മുവിന്റെ മുട്ടറ്റം നീളമുള്ള മുടിയുടെ അറ്റം കയ്യിലെടുത്തു കൊണ്ട് ലച്ചു ഉപദേശിച്ചു.

” ഓരോ പെണ്ണുങ്ങൾക്ക് മുടി ഇല്ലാഞ്ഞിട്ട്…. അപ്പഴാ ഇങ്ങനെ..
ശ്രദ്ധിക്കാതെ…… “

ലച്ചു തനി അമ്മായിയമ്മയായി.

“എന്താ മുടീല് തേക്കാറ്…,?

“ഒന്നും ഇല്ലമ്മേ ആദ്യം കാച്ചെണ്ണ തേച്ചിരുന്നു. ഇപ്പോ അതും നിർത്തി…. ”

അമ്മു ഒന്ന് കൂടി ചേർന്നിരുന്ന് മറുപടി നൽകി..

“അമ്മ നാളെ കഞ്ഞുണ്ണി വെളിച്ചെണ്ണ ണ്ടാക്കി തരാട്ടോ….
നല്ല കറുപ്പ് കിട്ടും മുടിക്ക്. തണുപ്പും ണ്ടാവും…. ”

ലച്ചു അവളുടെ മുടിയിലൂടെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു.

“ഇതൊക്കെ കൊറേ ഓവറാട്ടോ..
പിഞ്ചു കുഞ്ഞല്ലേ മടീൽ കേറ്റി ഇരുത്താൻ… ”

അവരുടെ കുറുകൽ എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. ഒരു തരം അസൂയ !

“കണ്ണട്ടനെന്താ ഇത്ര ചൊറിച്ചില് ഞാൻ അമ്മേടെ മടീലല്ലേ ഇരിക്കണേ…?

അമ്മു എന്നെ തിരിഞ്ഞു നോക്കികൊണ്ട് ദേഷ്യപ്പെട്ടു..
“ഡീ നീ ലച്ചൂന്റെ ധൈര്യത്തില് വല്ലാണ്ട് ചാടണ്ട … നിന്നെ എന്റെ കയ്യില് കിട്ടും… ”

ഞാനവളെ കണ്ണുരുട്ടി പേടിപ്പിച്ചു. ലച്ചു കൂടെയുള്ളപ്പോൾ ഒരു പ്രത്യേക വീമ്പാണ് പെണ്ണിന്..

“പിന്നെ നീ എന്റെ കുഞ്ഞിനെ ഞൊട്ടും ! ഇതിനെ ഓരോന്ന് പറഞ്ഞ് കരയിച്ചാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും !

ലച്ചു എന്റെ നേരെ കൈചൂണ്ടി സീരിയസായാണത് പറഞ്ഞത്..അമ്മു അതിന്റെ ഗമയിൽ എന്നെ നോക്കി വായ പൊത്തി ചിരിച്ചു..
ഇനി ഒന്നും പറയാതിരിക്കുന്നതാണ് എന്റെ തടിക്ക് നല്ലത്.അന്ന് തല്ലിയതിന്റ കലിപ്പ് തന്നെ തടിച്ചിയുടെ മനസ്സിൽ നിന്ന് പോയിട്ടില്ല…
എന്തിനാ വെറുതെ…

Leave a Reply

Your email address will not be published. Required fields are marked *