അരവിന്ദനയനം – 2 Like


പാടവരമ്പും കടന്നു ഞങ്ങൾ ഒരു വീട്ടുമുറ്റത്തേക് കയറി. അവിടെ സിറ്റ് ഔട്ടിൽ ഒരാൾ പത്രം വായിച്ചു ഇരിക്കുന്നു. ഞങ്ങളെ കണ്ട ഉടൻ പുള്ളി എഴുനേറ്റു.

“ആരാ മോളെ ഇതൊക്കെ.” ഓ ഇതാപ്പോ ഇവളുടെ അച്ഛൻ ആണ്.

അവൾ നിന്ന് പരുങ്ങുന്ന കണ്ട് അമ്മ തന്നെ മറുപടി പറഞ്ഞു

“ഞങ്ങൾ ഇവിടെ അടുത്തൊരു കല്യാണത്തിന് വന്നതാ, തിരിച്ചു വരും വഴി വണ്ടി ഒന്ന് പാളി ഞങ്ങൾ വീണു. അപ്പൊ മോളാണ് വന്നു ഞങ്ങളെ രക്ഷിച്ചത്.” അമ്മ പറഞ്ഞത് കേട്ട് അവൾ നന്ദിപൂർവം അമ്മയെ നോക്കി. അമ്മ അവളെ കണ്ണടച്ച് കാണിച്ചു.

“അവിടെ തന്നെ നിക്കാതെ ഇങ്ങോട്ട് കേറി ഇരിക്ക്. കാര്യായിട്ട് എന്തെങ്കിലും പറ്റിയോ.?”

“എയ് മോൾടെ കാലൊന്നു ഉരഞ്ഞു, എന്റെ കാലൊന്ന് ഉളുക്കി. ഇവന് കുഴപ്പൊന്നും ഇല്ല.” അമ്മ പറഞ്ഞത് കേട്ട് പുള്ളി എന്നെ നോക്കി, എന്റെ കോലം കണ്ട് അയാൾ വാ പൊളിച്ചു പോയി.

“ഇതെന്താ ഇങ്ങനെ. മൊത്തം ചെളിയായല്ലോ. ദാ അവിടെ പൈപ്പ് ഉണ്ട് അതിൽ നിന്ന് കഴുകിക്കോ.” പുള്ളി ഒരു പൈപ്പ് കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു.

അമ്മയും ആമിയും സിറ്റ് ഔട്ടിലേക് കേറി ഇരുന്നു. ആ പെണ്ണ് അകത്തേക്കും പോയി ഞാനും ആ പെണ്ണിന്റെ അച്ഛനും പൈപ്പിന്റെ അടുത്തേക്കും.

വെള്ളം എടുത്തു എല്ലാം നല്ലോണം കഴുകി. എന്നാലും അധികം അങ്ങനെ വൃത്തി ആയില്ല. അയാളും കുറെ സഹായിച്ചു, ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. എനിക്ക് സോപ്പ് ഒക്കെ എടുത്തു തന്നു. അതിനിടയിൽ വീടും നാടും ഒക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹം ഒരു സാധു മനുഷ്യൻ ആണെന്ന് തോന്നി. പുള്ളിയോട് സംസാരിച്ചപ്പോൾ എന്റെ ആ ദേഷ്യവും അങ്ങ് കുറഞ്ഞു. കഴുകി കഴിഞ്ഞു മുറ്റത്തേക്കു പോകാൻ നേരം അദ്ദേഹം അടുത്ത് വന്നു.
“ഒന്നും തോന്നരുത്, അമ്മ ഇല്ലാത്ത കുട്ടിയാ, ഞാനും കൊറേ കൊഞ്ചിച്ചു വഷളാക്കിട്ടുണ്ട് അതിന്റെതായ പ്രശ്നങ്ങൾ മോൾക്ക്‌ ഉണ്ട്. നിങ്ങൾ വീണത് അവൾ കാരണം ആണെന്ന് എനിക്ക് ആദ്യമേ തോന്നി അവളുടെ പരുങ്ങൽ കണ്ടപ്പഴേ. ഒന്നും മനസ്സിൽ വെക്കരുത് കേട്ടോ.

ഇങ്ങനെ കുറച്ചു തല്ലുകൊള്ളിത്തരം ഉണ്ടെന്നേ ഉള്ളു ആള് പാവം ആണ്.” അയാൾ പറഞ്ഞു നിർത്തി.

“എയ് അത് സാരമില്ലെന്നേ, അമ്മ വീണപ്പോ ഞാനും ടെൻഷൻ ആയിപോയി അതാ. കൊഴപ്പോന്നും ഇല്ല ഒന്നും പറ്റിയില്ലലോ അത് തന്നെ വലിയ കാര്യം.” ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്തോ എനിക്ക് അയാളോട് പിന്നെ ഒന്നും അങ്ങ് പറയാൻ തോന്നിയില്ല.

“എന്നാൽ വാ, ഞാൻ ചായ എടുക്കാം മോൻ മുറ്റത്തേക്കു പൊയ്ക്കോളൂ.”

“അയ്യോ ചായ ഒന്നും വേണ്ട സർ, ഞങ്ങൾ ഇപ്പൊ ഇറങ്ങും.”

“ഹാ അങ്ങനെ പറഞ്ഞാൽ എങ്ങനാ മോൻ അങ്ങോട്ട്‌ ചെല്ല് ഞാൻ ഇപ്പൊ വരാം.” എന്നെ തള്ളി മുറ്റത്തേക്കു വിട്ടിട്ട് അദ്ദേഹം അടുക്കള വഴി അകത്തേക്ക് കയറി.

ഞാൻ മുറ്റത്തേക്കു ചെല്ലുമ്പോൾ ആമി ഒരു 5 സ്റ്റാർ ചോക്ലേറ്റ് കയ്യിൽ പിടിച്ചു കടിച്ചോണ്ട് ഇരിക്കുന്നു. അമ്മ കസേരയിൽ ഇരിക്കുന്നുണ്ട്. ആ പെണ്ണ് അമ്മയുടെ കാലിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട് കൂടെ വാ തോരാതെ വർത്തമാനം പറയുന്നുമുണ്ട്. അമ്മ അതിനൊക്കെ മറുപടി പറഞ്ഞു ചിരിക്കുന്നുണ്ട്. ഈ അമ്മയെ കൊണ്ട്…. പെൺകുട്ടികൾ അമ്മേടെ വീക്നെസ് ആണെന്ന് തോന്നുന്നു.

“ചോദിക്കാൻ മറന്നു എന്താ മോൾടെ പേര്?”

“നയന”

“പഠിക്കുവാണോ മോള്?”

“പഠിത്തം കഴിഞ്ഞു ഇപ്പൊ ഒരു കാൾ സെന്ററിൽ ജോലി നോക്കുന്നു എറണാകുളത്തു. അത് തത്കാലം ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ജോലി ആണ് വേറെ നോക്കുന്നുണ്ട് ഒന്നും ആയില്ല.” അവൾ ചിരിച്ചോണ്ട് പറഞ്ഞു.

“ആഹ് എറണാകുളത്തു ആണോ ദേ ഇവനും അവിടെ ആണ്.” അമ്മ എന്നെ ചൂണ്ടി പറഞ്ഞു. അവൾ എന്നെ നോക്കിയതും ഞാൻ നോട്ടം മാറ്റി ആമിയുടെ അടുത്തേക്ക് പോയി.

“ഏട്ടാ ദേ ചേച്ചി തന്നതാ ഏട്ടന് വേണോ ചോക്ലേറ്റ്.” ഞാൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ അതൊന്നും മൈൻഡ് ആക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.
അപ്പോഴേക്കും അവളുടെ അച്ഛന്റെ ചായയും ആയി വന്നു.

Leave a Reply

Your email address will not be published. Required fields are marked *