ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം 7

ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം

Happy Villa Part 1 Kallyanam | Author : Kuppivala


മുന്നറിയിപ്പ്:
വായനയുടെ സുഖത്തിന് വേണ്ടി ഇതിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ നാടും ഭാഷയും ഏതായാലും, മലയാളത്തിലാണ് സംസാരിക്കുക.

“എടാ നീ ആദ്യം ഇതൊന്ന് പിടിപ്പിക്ക് , എന്നിട്ട് പറ എന്താ നിൻ്റെ പ്രശ്നം?” ടോണി പബ്ബിലെ തിരക്കിൽ നിന്ന് മാറി ഒരു മൂലയിലെ അരണ്ട വെളിച്ചത്തിൽ കിടന്ന ടേബിളിനരികെ ഇരുന്ന സുജിത്തിന് മൂന്നാമത്തെ പെഗ്ഗ് ഒഴിച്ചുകൊണ്ട് ഒരു പ്ലേറ്റ് ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത ശേഷം അല്പം പതിഞ്ഞ ശബ്ദത്തിൽ സുജിത്തിനോട് ചോദിച്ചു. അല്പമൊന്ന് അമാന്തിച്ചിരുന്ന സുജിത്തിൻ്റെ ഒരു കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ഹരി അവനോട് ആവർത്തിച്ചു, “എടാ എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മളുണ്ട് കൂടെ.

എന്തായാലും ധൈര്യമായി പറ.” “അതെ ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നതല്ലേ. പരിഹാരം ഇല്ലാത്ത പ്രശ്നമുണ്ടോ?” സിദ്ധാർത്ഥ് നട്ട്സ് വായിലേക്കെറിഞ്ഞു പിടിച്ചു. “മര്യാദക്ക് പറഞ്ഞോ.

നീ ഇങ്ങനെ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല,” ഫൈസൽ ഗ്ലാസ്സിലുള്ളത് വായിലൊഴിച്ച് ചിറിതുടച്ചു. “അതെ ആദ്യം കൈയിലുള്ളത് വിഴുങ്ങുന്നു, പ്രശ്നം നമ്മളോട് പറയുന്നു, നമ്മൾ അത് പരിഹരിക്കുന്നു, ബ്രോ വീണ്ടും പഴയ സുജിത്താവുന്നു,” വിക്കി കസേര അല്പം കൂടി മുന്നോട്ട് വലിച്ചിട്ടിരുന്നു.

സുജിത്ത് എന്ന സുജിയും , ടോണിയും, ഫൈസൽ എന്ന ഫൈസിയും, വിഘ്നേഷ് എന്ന വിക്കിയും, സിദ്ധാർഥ് എന്ന സിദ്ധുവും ഹരിയും കൂട്ടുകാരാണ് എന്ന് നിങ്ങൾക്ക് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ.

തമിഴ്നാട്ടിൽ ഒരു കോളേജിൽ പഠിച്ചിറങ്ങിയവർ. ടോണിയും സുജിത്തും ക്ലാസ്മെയ്റ്റ്സ് ആയിരുന്നുവെങ്കിൽ, ഫൈസലും ഹരിയും ബാച്ച് മെയ്റ്റ്സായിരുന്നു. വിക്കിയും സിദ്ദുവും ജൂനിയർ ബാച്ചിൽ നിന്ന് പിന്നീട് കൂടെ കൂടിയതാണ്. വല്ലവർക്കും കാശുണ്ടാക്കാൻ വേണ്ടി പണി എടുക്കുന്നതിനുപകരം ബാംഗ്ലൂർ നഗരത്തിൽ ഒരു സ്റ്റാർട്ടപ്പ് നടത്തിക്കൊണ്ടു പോകുന്നവരാണവർ.

സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ അങ്ങനെ വലിയൊരു സെറ്റപ്പ് ഒന്നുമല്ല കേട്ടോ. ഇവർ ആറുപേർ രണ്ടുനിലയുള്ള ഒരു വീട് അതിലാണ് കമ്പനി നടത്തുന്നത്. അത് വീടിൻ്റെ പേരാണ് ഹാപ്പി വില്ല. അല്ല, ഈ കാലത്ത് ഒരു കൊച്ചു സോഫ്റ്റ് വെയർ കമ്പനി നടക്കാൻ കുറച്ച് ലാപ്ടോപ്പും, നല്ലൊരു ഇൻ്റർനെറ്റ് കണക്ഷനും, കൊള്ളാവുന്ന ഒരു ക്ലൗഡ് സബ്സ്ക്രിപ്ഷനും , പണിയെടുക്കാൻ കഴിവുള്ള നാലഞ്ച് തലകളും മതിയല്ലോ.
എവിടെ ഇരുന്ന് വേണേൽ പണിയെടുക്കാം.

പിന്നെയും ഒരു വീട് എന്തിനാണ് എന്ന് വെച്ചാൽ പ്രധാനമായും വിദേശത്ത് സെറ്റിലായ ടോണിയുടെ പപ്പയും മമ്മയും ബാംഗ്ലൂർ ഒരു ഇൻവെസ്റ്റ് മെൻ്റ് എന്ന നിലയിൽ വാങ്ങിയിട്ട വീട് ടോണി തൻ്റെ കമ്പനിയുടെ ഓഫീസാക്കി എന്നതാണ് സത്യം. ചെക്കന് വല്ല നാട്ടിലും പോയി പണിയെടുത്ത് കഷ്ടപ്പെടാതെ നാട്ടിൽ തന്നെ എന്തെങ്കിലും ഉണ്ടാകാനായിരുന്നു താൽപര്യം.

അവൻ എത്ര നിർബന്ധിച്ചാലും കൂടെ വരില്ല എന്നറിയാവുന്നതുകൊണ്ട് അവനെ ഉപേക്ഷിച്ച് പോകുന്നതിൻ്റെ കുറ്റബോധം മറയ്ക്കാൻ ഹാപ്പി വില്ലയും സ്ഥലവും അവൻ്റെ പേർക്ക് എഴുതിവെച്ചു.

ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവരെ അറിയിക്കാൻ അത് തൻ്റെ ഓഫീസാണെന്ന് അവൻ പ്രഖ്യാപിച്ചു. അല്ല പിന്നെ, ക്ലയൻ്റ് മീറ്റ് ഒക്കെ വേണ്ടി വരുമ്പോൾ ഒരു സ്ഥലം വേണ്ടേ? പിന്നെ പത്തിരുപത്തഞ്ചു വയസ്സുള്ള ആണ് പിള്ളേരൊക്കെ എത്ര ദിവസമാണെന്ന് വെച്ചാ വല്ല കോത്താഴത്തുമുള്ള സ്വന്തം വീട്ടിൽ കുഴിച്ചു മൂടി ഇരിക്കുന്നത്.

 

“മീര… അവൾ… അവളെ എനിക്ക് നഷ്ടമാകും,” തൻ്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്ന കണ്ണുകൾക്ക് മുഖം കൊടുക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലി ആക്കിയ ശേഷം ഒടുവിൽ ഒരുവിധത്തിൽ സുജിത്ത് കാര്യം പറഞ്ഞൊപ്പിച്ചു.

Updated: January 12, 2026 — 2:12 am

Leave a Reply

Your email address will not be published. Required fields are marked *