അതെ മീര സുജിത്തിൻ്റെ കാമുകിയായിരുന്നു. കോളേജ് കാലം മുതൽ തുടങ്ങിയ നാലഞ്ച് വർഷത്തെ നീണ്ട പ്രണയം. കോളേജ് കാലം എന്ന് പറയുമ്പോൾ ഒരുമിച്ച് പഠിച്ചതാണ് എന്നല്ല കേട്ടോ. മീര അവൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടി ആയിരുന്നു. സ്കൂൾ മാഷ് സതീശൻ നമ്പൂതിരിയുടെ മകൾ.
അതെ അവനെപ്പോലെ അവളും നമ്പൂതിരിയായിരുന്നു. പറഞ്ഞുവരുമ്പോൾ അവൻ്റെ വകയിൽ ഒരമ്മാവൻറെ മോളായി വരും. അവൻ്റെ നാട്ടുകാരി തന്നെ. പക്ഷെ കോളേജിൽ പഠിക്കുന്ന കാലത്ത് കുടുംബത്തിലെ ഒരു കല്യാണത്തിനിടയിൽ ഒരു പരിചയവുമില്ലാത്ത ബന്ധുക്കൾക്കിടയിൽ പോസ്റ്റായി നിൽക്കുന്നതിനിടയിൽവെച്ചാണ് അവൻ തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിൻ്റെ ഇളപ്പമുള്ള അവളെ കാണുന്നതും, പരിചയപ്പെടുന്നതും .
ആ പരിചയം പിന്നെ ഇൻസ്റ്റയിലേക്കും, വാട്സാപ്പിലേക്കും വളർന്നു. പരിചയം സൗഹൃദമായി. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള അവൻ്റെ യാത്രകളിൽ കോഫി ഷോപ്പുകളും, പാർക്കുകളും. സിനിമ തിയേറ്ററുകളും അവരുടെ സൗഹൃദത്തിൻ്റെ വളർച്ചയ്ക്ക് വളമേകി. അധിക കാലം വേണ്ടി വന്നില്ല അതൊരു പ്രണയത്തിൽ എത്തി നിൽക്കാൻ.
“ഓ നീയും ഹരിയെ പോലെ തേയ്ക്കപ്പെട്ടോ?? രണ്ട് നിരാശാ കാമുകന്മാരെ താങ്ങാൻ നമ്മുടെ ഗാങ്ങിന് പറ്റില്ല കേട്ടോ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും ഹരിയെ നോക്കി. കാര്യം ബ്രേക്കപ്പ് കഴിഞ്ഞ് ഒരുവർഷത്തിലധികം കഴിഞ്ഞിരുന്നെങ്കിലും,
ഹരി എന്നോ അതിൽനിന്ന് മൂവ് ഓൺ ചെയ്തിരുന്നുവെങ്കിലും ഹരിയായിരുന്നു അവരുടെ ആസ്ഥാന “നിരാശാകാമുകൻ”. അല്ലെങ്കിലും സുജിത്തിനെ പോലെ നാലഞ്ചുവർഷം കൊണ്ടുനടക്കുന്ന കല്യാണം കഴിക്കാനുള്ള പ്രണയമൊന്നും അല്ലായിരുന്നു ഹരിയുടെ. മാത്രമല്ല എപ്പോൾ വേണമെങ്കിലും പിരിയാവുന്ന ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ച ഫുൾ സ്വതന്ത്രമായ ഒരു ഏർപ്പാടായിരുന്നു അത്.
ഹരി ഇടയ്ക്ക് നടത്താറുള്ള ഏകാന്തമായ ഫോട്ടോഗ്രാഫിക് യാത്രകളിൽ ഒരിക്കൽ പരിചയപ്പെട്ട ഒരു പെൺകുട്ടി, ഒരു നോർത്ത് ഇന്ത്യൻ മലയാളി.
“അത് ശരിയാണ്. ആ സ്ഥാനം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, ” ചിരിച്ചുകൊണ്ട് ഹരി തുടർന്നു, ” അതുകൊണ്ട് എൻ്റെ മോൻ നഷ്ടമാകുന്ന കാര്യം ഒന്നും പറയാതെ അവളെ സ്വന്തമാക്കുന്ന കാര്യം പറ.”
“എന്താടാ നീ പറയുന്നത് ? നിങ്ങൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടാകാനാണ് ? വല്ലപ്പോഴും വരുന്ന സൗന്ദര്യ പിണക്കമല്ലേ, അത് നിങ്ങള് മണിക്കൂർ വെച്ച് തീർക്കുന്നതല്ലേ? അതിനിങ്ങനെ ഓവറാക്കണ്ട” ടോണി അത്ഭുതം കൂറി. കാര്യം എല്ലാവരും ഒരേ കോളേജിൽ പഠിച്ചതാണെങ്കിലും ടോണിയും സുജിത്തും തമ്മിലായിരുന്നു ആദ്യം കൂട്ടായത്.
ആ സൗഹൃദം കാരണമാണ് കോഴ്സ് കഴിഞ്ഞ് ഒരു ഗതിയും പരഗതിയുമില്ലാതെ വീട്ടിൽ കയറാൻ പറ്റാതെ കൈയിലുള്ള ഇരുപതിൽ പരം സപ്ലികൾ എഴുതിയെടുക്കാൻ നെട്ടോട്ടമോടിയിരുന്ന സുജിത്തിനെ ടോണി സ്വന്തം ചെലവിൽ പോറ്റിയതും, ഒടുവിൽ ഒരു സ്റ്റാർട്ടപ്പിൻ്റെ ഐഡിയയുമായി ഫൈസൽ ചാടി വീണപ്പോൾ സുജിത്തിനെ കൂടെ കൂട്ടിയതും.
അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാൾ നന്നായി ടോണിക്ക് സുജിത്തിനെ അറിയാമായിരുന്നു. പച്ചക്ക് പറയാൻ മടിയുള്ള അവൻ്റെ വിഷമങ്ങളും പരിഭവങ്ങളും സന്തോഷങ്ങളുമെല്ലാം രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ അവൻ പങ്കുവെക്കും. കോളേജിൽ പഠിക്കുമ്പോൾ ഇതുപോലെ ഒരു വെള്ളമടിയ്ക്കിടയിൽ വെച്ചാണ് മീരയുടെ കാര്യം അവൻ ആദ്യമായി ആരോടെങ്കിലും പറയുന്നത്, ടോണിയോട്.
അന്നുമുതൽ ടോണി അവരുടെ ബന്ധത്തിൻ്റെ ശീത താപങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട്. പലപ്പോഴും അവരുടെ ഇടയിലെ കൊച്ചു കൊച്ചു വഴക്കുകൾ തീർക്കാൻ മുമ്പിൽ നിന്നോ പിന്നിൽ നിന്നോ ഇടപെട്ടിട്ടുണ്ട്. അങ്ങനെ പിണക്കമുള്ളനാളുകളിൽ ഇങ്ങനെ ഒരു മൂഡ് ഓഫ് അവന് പതിവുള്ളതാണ്.
അപ്പോഴൊക്കെ ടോണി അവനെ പൊക്കിയെടുത്ത് ഇതുപോലെ വല്ല പബ്ബിലും കൊണ്ടുവന്ന് രണ്ടെണ്ണം അടിച്ച് കുറച്ചുനേരം ഡാൻസൊക്കെ ചെയ്ത് ഉഷാറാക്കും. പക്ഷേ അന്നൊന്നും അവൻ ഇങ്ങനെ “മീരയെ നഷ്ടപ്പെടും,” എന്നൊന്നും പറഞ്ഞ് ഇത്രയും കരഞ്ഞിട്ടില്ല.
