ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം 7

ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും സ്വീകരിച്ച ടോണി കാറിൻ്റെ ചാവി സുജിത്തിന് നൽകിക്കൊണ്ട് മുൻസീറ്റിൽ കയറി. മീര പുറകിലും. അവരോട് പൊതുവിലുള്ള കല്യാണ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ടോണി യാത്രയിൽ മുഴുവൻ സുജിത്തിനോട് സംസാരിച്ചത് കല്യാണത്തിരക്ക് കാരണം മാറ്റിവെച്ച കാണാനുള്ള ക്ലയൻ്റ്കളെ പറ്റിയും,

പെൻ്റിംഗ് ഉള്ള ജോലികളെ പറ്റിയും ആയിരുന്നു. എങ്കിലും ഇടയ്ക്ക് തിരിഞ്ഞുനോക്കി മീര തീർത്തും അവഗണിക്കപ്പെടുന്നില്ല എന്ന് ടോണി ഉറപ്പാക്കി. സിറ്റി തിരക്കുകൾ പിന്നിട്ട് ഔട്ട് സ്‌കർട്ടിൽ ഏറെക്കുറെ തിരക്ക് തീരെ കുറഞ്ഞ ഒരു കോണിലുള്ള അവരുടെ ഹാപ്പി വില്ലയുടെ മുറ്റത്തേക്ക് കാർ ഇരമ്പിയിറങ്ങി.

മുറ്റത്ത് തന്നെ വിക്കിയും സിദ്ദുവും അവളെ സ്വീകരിക്കാൻ ഒരു നിലവിളക്കും താലവുമായി നിൽപ്പുണ്ടായിരുന്നു. “ഇവിടെ സ്ത്രീകൾ ആരും ഇല്ലാത്തതുകൊണ്ട് ഭാഭി തൽക്കാലം ഞങ്ങളെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം,” താലം കാണിച്ച് രണ്ടുപേർക്കും കുറി ഇടുമ്പോൾ സിദ്ദു പറഞ്ഞു. അവരുടെ ഈ കരുതലിൽ സന്തോഷം തോന്നിയെങ്കിലും, വിക്കി നിലവിളക്ക് കൈമാറുമ്പോൾ ചിരി പൊട്ടാതിരിക്കാൻ അവൾ പാടുപെടുകയായിരുന്നു.

അകത്ത് കയറി ബാഗെല്ലാം ഒരു മൂലയിൽ ഒതുക്കി വെച്ച ശേഷം അവൾ സിദ്ധുവിനെയും, വിക്കിയെയും, ചായ കൊണ്ടുവന്നു കൊടുത്ത ഹരിയെയും, ഫൈസലിനെയും ഒന്നുകൂടി പരിചയപ്പെട്ടു. കല്യാണത്തിനിടയ്ക്ക് പരിചയപ്പെട്ടതല്ലാതെ അവർ നാലുപേരെയും അവൾക്ക് മുൻപരിചയമില്ലായിരുന്നു. ടോണിയെ മാത്രമാണ് അവൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ. പരിചയപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ അവൾക്ക് മുറി കാണിച്ചുകൊടുത്തത് ഫൈസലാണ്.

നാല് മുറികളുള്ള ആ വീട്ടിൽ കല്യാണത്തിന് മുൻപ് മുകളിലെ മുറികളിൽ കിടന്നിരുന്നത് ഒരു മുറിയിൽ ടോണിയും മറ്റൊന്നിൽ ഫൈസലുമായിരുന്നു. മുകളിലെ മീറ്റിംഗ് റൂമിനോട് ചേർന്നുള്ള മുറിയിൽ ടോണിയും അതിന് എതിർ വശത്ത് ഫൈസലും. താഴെ ഉള്ള വലിയ മുറി വിക്കിയും സിദ്ദുവും ഹരിയും പങ്കിട്ടു. കിച്ചനോട് ചേർന്നുള്ള റൂമായിരുന്നു സുജിത്തിൻ്റെ സാമ്രാജ്യം. മീര കൂടിവരുന്നതുകൊണ്ട് അവർക്കായി ഒരു ഡബിൾ കോട്ട് കട്ടിലും, ഒരു പുതിയ ഡ്രസിങ് ടേബിളും, അലമാരയും കൂട്ടുകാർ ഒരുക്കിയിരുന്നു. അതും പോരാഞ്ഞിട്ട് ഒരു പുതിയ ബെഡ് ടേബിളും,

ലാമ്പും ഒരുക്കിയിരുന്നു. ബാത്ത് റൂമിൽ പുതിയ വാട്ടർ ഹീറ്ററും ഷവരും കൂടി കണ്ടതോടെ സുജിത്തിന് തൻ്റെ കൂട്ടുകാർ തന്നോടും ഭാര്യയോടും കാണിക്കുന്ന കരുതലോർത്ത് മനം നിറഞ്ഞു. സുജിത്ത് കുളിച്ച് വേഷം മാറി വരുമ്പോഴേക്കും നേരത്തെ കുളിച്ച് വന്ന മീര ബെഡിൽ ഒരറ്റത്ത് പുതച്ച് മൂടി സീലിങ് നോക്കി മലർന്നു കിടക്കുകയായിരുന്നു.

“നീ ഇനിയും ഉറങ്ങിയില്ലേ? കണ്ടോ എൻ്റെ കൂട്ടുകാർ നമുക്കായി ഒരുക്കിയ സൗകര്യങ്ങൾ,” ബെഡിൽ അവൾക്കരികിലായി വന്നിരുന്നുകൊണ്ട് സുജിത്ത് പറഞ്ഞു.

മീര അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

“സത്യത്തിൽ നമ്മുടെ ഈ ജീവിതത്തിന് നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു,” അവൻ കിടക്കയിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു.

“അതെ, സുജിത്തേട്ടാ” മീര അവനെ നോക്കി കൊണ്ട് പറഞ്ഞു.

“സത്യമായും. ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. വേറെ ആര് ചെയ്യും ഇതൊക്കെ. ഈ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും,” സുജിത്തിൻ്റെ തൊണ്ട ഇടറി.

” സുജിത്തേട്ടാ, അതിനല്ലേ കൂട്ടുകാർ…” അവൾ സുജിത്തിൻ്റെ മാനസികാവസ്ഥ കണ്ട് പറഞ്ഞു.

“കൂട്ടുകാർ അല്ല, കുടുംബം” അവൻ തിരുത്തി.

“അതെ എൻ്റെ തെറ്റ് കുടുംബം. ഏട്ടാ, നമ്മൾ അവർ നമുക്ക് നൽകിയ ജീവിതം നന്നായി ജീവിച്ചിട്ടാണ് അവരോടുള്ള കടപ്പാട് തീർക്കേണ്ടത്..” അവൾ അവൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി. അതിൽ അവനിൽ അവനോടുള്ള സ്നേഹം മുഴുവനുമുണ്ടായിരുന്നു.

“നീ പറഞ്ഞത് ശരിയാണ്…” അത്രയും പറഞ്ഞുകൊണ്ട് സുജിത്ത് അത് പുതപ്പിനടിയിലേക്ക് കയറി. അവൾ അപ്പോഴും അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ പറഞ്ഞു, “ശരി നല്ല യാത്രാക്ഷീണം. ഞാൻ ഒന്ന് മയങ്ങട്ടെ. നീയും ഉറങ്ങിക്കോ. വൈകീട്ട് അവർ നമുക്കെന്തോ ഒരു പാർട്ടി വെച്ചിട്ടുണ്ട്. അതിന് നമ്മൾ വൈകണ്ട. ” അവൻ തിരിഞ്ഞു കിടന്നുകൊണ്ട് കണ്ണടച്ചു.

Updated: January 12, 2026 — 2:12 am

Leave a Reply

Your email address will not be published. Required fields are marked *